Index

വചനാമൃതം

യല്‍ദോയ്ക്കുമുമ്പുള്ള ഞായര്‍ (23-12 2018)
ക്രിസ്തുവിന്റെ മനുഷ്യവതാര രഹസ്യം സുവിശേഷം നമുക്ക് വെളിപ്പെടുത്തുമ്പോള്‍ അവന്റെ ദൈവത്വവും മനുഷ്യത്വവും സുവ്യക്തമായി പഠിപ്പിക്കുന്നുണ്ട്. തന്റെ അമാനുഷിക ജനനത്തെക്കുറിച്ച് വി. മത്തായി എഴുതുമ്പോള്‍ യൗസേഫിന്റെ ബന്ധത്തില്‍ അബ്രഹാമില്‍ ആരംഭിച്ച് ക്രിസ്തുവിനെ ഇസ്രായേലിന്റെ പ്രതീക്ഷയായ മ്ശിഹായാണെന്നു വ്യക്തമാക്കുമ്പോള്‍ വി. ലൂക്കോസാവട്ടെ താന്‍ നേരിട്ട് മറിയാമില്‍ നിന്നും ജനിച്ചിരിക്കുന്നു എന്നു തോന്നുമാറ് മറിയയുടെ ബന്ധത്തില്‍ ആദാംവരെയുള്ള വംശാവലി വിവരിച്ചുകൊണ്ട് ക്രിസ്തുവിനെ പുതിയ ആദാമായി ചിത്രീകരിക്കുന്നു. യുഗങ്ങളുടെ പ്രതീക്ഷയായ ക്രിസ്തുവില്‍ ഒരു പുതിയ യുഗം ആരംഭിച്ചു. ആ യുഗത്തിന്റെ സന്താനങ്ങളാണ് നാം എല്ലാവരും. യോഹന്നാന്‍ യാതൊരു മനുഷ്യബന്ധവും ചൂണ്ടികാണിക്കാതെ ദൈവീക ബന്ധത്തില്‍ യേശു ദൈവപുത്രന്‍ എന്ന് തെളിയിച്ചിരിക്കുന്നു. ആദിയിയില്‍ വചനം ഉണ്ടായിരുന്നു. ആ വചനം ജഡമായിതീര്‍ന്നു. കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സായി കണ്ടു എന്ന് സാക്ഷിക്കുന്നു.

വി. മത്തായി നല്‍കുന്ന വംശാവലിയില്‍ പ്രതിപാദിച്ചിരുന്ന അഞ്ചു സ്ത്രീകളില്‍ കര്‍ത്താവിന്റെ അമ്മ മറിയം സര്‍വ്വഥ ആദരീണയയാണ്. മറ്റ് സ്ത്രീകള്‍ പാപക്കറകളാല്‍ വിശുദ്ധി നഷ്ടപ്പെട്ടവരും വിജാതിയരും ആകുന്നു.

1) താമാര്‍ അവളുടെ ഭര്‍ത്താവായ ഏര്‍ മരിച്ചു പോയപ്പോള്‍ സഹോദരന്മാരെകൊണ്ട് വിവാഹം കഴിപ്പിക്കുന്നതിന് ഓനാന്‍ വിസമ്മതിച്ചു. തന്റെ അമ്മായിയപ്പനായ യഹൂദയെ കബളിപ്പിച്ച് അവനില്‍നിന്നും പേരസ്സിനെ പ്രസവിച്ചു.

2) രാഹാബ് എന്ന വേശ്യ അത്യുന്നതനായ ദൈവത്തിന്റെ ഭൃത്യന്മാര്‍ക്ക് അഭയം നല്‍കിയതിനാല്‍ രാഹാബിനേയും കുടുംബത്തേയും യോശുവ രക്ഷിച്ചു. രക്ഷപ്പെട്ടതിനുശേഷം ഒരു എബ്രായനെ വിവാഹം ചെയ്തു. ബോവാസിനെ ജനിപ്പിച്ചു.

3.പുറജാതിക്കാരി രൂത്ത് - വിധവയായിതീര്‍ന്നശേഷം തന്റെ അമ്മായി അമ്മയെ ശുശ്രൂഷിച്ച് ബേത്‌ലഹേമില്‍ ചെന്നു ബോവാസിന്റെ ഭാര്യാപദം അലങ്കരിച്ചു.

4) ബേത്ത്‌ശേബാ- ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ തന്റെ വ്യഭിചാരത്താല്‍ ദാവീദില്‍നിന്നും ഗര്‍ഭം ധരിക്കുകയും അതു നിമിത്തം ഭര്‍ത്താവ് കൊല്ലപ്പെടുകയും ചെയ്ത സ്ത്രീയാണ്.

നമ്മുടെ കര്‍ത്താവ് പാപികളെ സ്‌നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്യുന്നവനും, സ്ത്രീ പുരുഷഭേദമെന്യേ സര്‍വ്വജനതകളുടെയും രക്ഷിതാവായ മ്ശിഹായാണെന്നും യേശുക്രിസ്തുവിന്റെ വംശാവലി വ്യക്തമാകുന്നു. ഏതു ഭയങ്കര പാപിക്കും ക്ഷമ നല്‍കി പുത്രീപുത്രന്മാരാക്കുന്നു. കര്‍ത്താവിന്റെ തൃപ്പാദത്തില്‍ നമുക്ക് സമര്‍പ്പിക്കാം.

യല്‍ദോ (ക്രിസ്തുമസ്സ്)
മ്ശിഹാ ഭൂജാതനായി. പരക്കെ സന്തോഷമായിരിക്കുന്നു പ്രപഞ്ചത്തിനാകമാനം എന്തോ ഒരു വ്യതിയാനം സംഭവിച്ചിരിക്കുന്നു. സംഭവം എന്താണെന്ന് ആരും പറയാതെ എങ്ങനെ അറിയും. ഈ വാര്‍ത്ത ആദ്യമായി ലോകത്തോടു പ്രഖ്യാപിക്കുന്നത് ദൂതന്മാരാണ്. കേള്‍ക്കുന്നവര്‍ ആട്ടിടയരും. ലോകത്തിന്റെ രക്ഷകനായ മ്ശിഹായേക്കുറിച്ച് ആദ്യം കേള്‍ക്കുവാന്‍ ആട്ടിടയന്മാര്‍ക്ക് ഭാഗ്യം ലഭിച്ചു. ഹെരോദാരാജാക്കന്മാര്‍ ഉറങ്ങി കിടക്കുമ്പോള്‍, വിദ്യാസമ്പന്നരും, രാഷ്ട്രത്തലവന്മാരും ഉറങ്ങി കിടക്കുമ്പോള്‍, മതപണ്ഡിതന്മാരും, ശാസ്ത്രിമാരും പരീശന്മാരും ഉറങ്ങിക്കിടക്കുമ്പോള്‍, ആ രാത്രിയുടെ ഏകാന്തതയില്‍ സ്വര്‍ഗ്ഗീയ ദൂതന്മാരുടെ ശബ്ദം കേള്‍ക്കുവാന്‍ ആട്ടിടയന്മാര്‍ക്ക് ഭാഗ്യം ലഭിച്ചു. രാപ്പകലെന്നില്ലാതെ ജീവിതാദ്ധ്വാനത്തിലേര്‍പ്പെട്ടിരിക്കുന്ന, ജീവിതമേ ഒരു പഴഞ്ചന്‍ എന്നും സ്വയം വിധിയെഴുതിത്തള്ളി ജീവിത നൈരാശ്യത്തില്‍ കുടുങ്ങിയ ഇടയന്മാര്‍ തങ്ങളുടെ ജീവിതത്തിലെ അസ്വസ്ഥതകളുടെ നടുവില്‍ കേട്ടതോ സ്വസ്ഥതയുടെ ശബ്ദം ആയിരുന്നു. അവരുടെ ദുഃഖങ്ങളുടെ നടുവില്‍ ആശ്വാസത്തിന്റെ ശബ്ദം അവര്‍ കേട്ടു. ഇതാണ് ദൈവശബ്ദത്തിനുള്ള പ്രത്യേകത.

ഈ ആട്ടിടന്മാര്‍ക്ക് ഒരു വെളിപ്പാടും ഒരു ദര്‍ശനവും ലഭിച്ചു. ഈ നൂറ്റാണ്ടില്‍ നമുക്കും ഇവ രണ്ടും ലഭിച്ചിരുന്നുവെങ്കില്‍ കൊള്ളാമായിരുന്നു. സര്‍വ്വ ജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം ഇതായിരുന്നു. ആ കാലത്ത് യഹൂദന്മാര്‍ പ്രതീക്ഷിച്ചിരുന്നത് ദൈവത്തിന്റെ രക്ഷ യഹൂദന്മാര്‍ക്ക് മാത്രം എന്നാണ്. എന്നാല്‍ അതിനേക്കാള്‍ ശ്രേഷ്ഠമായ ഒരു വെളിപാട് ആട്ടിടയന്മാര്‍ക്ക് ലഭിച്ചു. അമിതമായ മത ഭക്തിയും സംഘടനാ സ്പിരിറ്റും വര്‍ദ്ധിച്ചതോടെ ഈ കാലഘട്ടത്തില്‍ അനേകര്‍ക്ക് ഈ വെളിപാട് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഞങ്ങള്‍ മാത്രമേ സ്വര്‍ഗ്ഗത്തില്‍ പോവുകയുള്ളു. എന്റെ ഉപദേശം മാത്രമാണ് ശരി ഇതാണ് വെളിപാട് നഷ്ടപ്പെട്ടവരുടെ ചിന്ത. നിങ്ങളുടെ അയല്‍പക്കത്തെ ഹൈന്ദവനും, മുസല്‍മാനും ബുദ്ധമതക്കാരനും കൂടെയുള്ളതാണ് ഈ മഹാ സന്തോഷം. യേശു അവരേയും സ്‌നേഹിക്കുന്നു. അവരോടും നാം സുവിശേഷം പറയേണ്ടിയിരിക്കുന്നു. ആട്ടിടയര്‍ക്ക് ആരാധനയെ സംബന്ധിച്ച് ദര്‍ശനം ഉണ്ടായി. ഇതിനുമുമ്പ് ആരാധന നഷ്ടപ്പെട്ടിരുന്നുവല്ലോ. എന്നാല്‍ ദൂതന്മാര്‍ ദൈവത്തെ ആരാധിക്കുന്നതിലൂടെ ആരാധന എന്ത്, എങ്ങനെ എന്ന് ദൈവം അവരെ പഠിപ്പിച്ചു. ഇന്നും ദൈവജനത്തിന് ആരാധനയെക്കുറിച്ച് പ്രത്യേകിച്ച് ദര്‍ശനം ലഭിക്കേണ്ടിയിരിക്കുന്നു. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം ഇതാണ് ആരാധന. യേശുക്രിസ്തുവിന്റെ വില്‍പത്രം എന്നാണ് സമാധാനത്തെക്കുറിച്ച് പണ്ഡിതര്‍ പറയുന്നത്. ഇവര്‍ക്ക് ലഭിച്ച ദര്‍ശനം എത്ര ശ്രേഷ്ഠകരം.

ആട്ടിടയന്‍ തങ്ങളുടെ ലക്ഷ്യം തെറ്റാതെ സന്തോഷ ത്തോടെ ചെന്ന് ആരാധിച്ചു മടങ്ങി പ്പോയി. നമുക്കും യേശുവിനെ കണ്ട് ആരാധിച്ച് സമാധാനത്തോടെ ജീവിക്കുവാന്‍ കൃപ ലഭിക്കട്ടെ. ക്രിസ്തുമസിന്റെ മംഗളങ്ങള്‍ നേരുന്നു.

യല്‍ദോയ്ക്കു ശേഷം 1-ാം ഞായര്‍ (30-12-18) ജ്ഞാനത്തിലും ദൈവകൃപയിലുമുള്ള വളര്‍ച്ച
സോക്രട്ടീസ് തത്വജ്ഞാനത്തെ സ്വര്‍ഗ്ഗത്തില്‍നിന്ന് ഭൂമിയിലേക്ക് കൊണ്ടുവന്നു എന്നു പറയപ്പെടുന്നു. പദാര്‍ത്ഥ പരിണാമത്തെയും പ്രപഞ്ചോല്പത്തിയെയും കുറിച്ച് ആലോചിച്ച് തല പുകയുന്നതിനു പകരം രാജ്യത്തിന്റെ ഉത്തമ പൗരന്മാരെ അതിലേയ്ക്ക് പ്രതിദിന ജീവിതത്തില്‍ ഉത്തമരായിരിപ്പാനാണ് അന്യജാതിജനങ്ങളെ പഠിപ്പിച്ചത് പ്രായോഗിക തലത്തില്‍ ജീവിതം വിജയകരമാക്കുന്നതിന് ജ്ഞാനം ആവശ്യമാണ്. യഹോവ ഭക്തിയാണ് ജ്ഞാനത്തിന്റെ ഉന്നതിക്കുള്ള വഴിയും ഭക്തിയാണ്. ഭക്തികൊണ്ട് മനഃശാന്തി ഉണ്ടാവുകയും അന്യരോട് അസൂയ ഉണ്ടാകാതിരിക്കുകയും വേണം. ശാന്തമനസ്സ് ദേഹത്തിനു ജീവന്‍. അസൂയയോ അസ്ഥികള്‍ക്ക് ദ്രവത്വം എന്നാണ് ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോന്‍ പറയുന്നത് (സദൃ.14:30).

ഉപദ്രവിച്ചവരെ എത്ര നാളുകള്‍ കഴിഞ്ഞാലും ഓര്‍മ്മയില്‍വച്ചു പ്രതികാരം ചെയ്യുന്ന മൂര്‍ഖന്‍പാമ്പിന്‍ പകയും ആനപ്പകയും പ്രസിദ്ധങ്ങളാണ്.

അറബികളോടു അമേരിക്ക കാട്ടിയിട്ടുള്ള ക്രൂരതയുടെ പക മനസ്സില്‍ വളര്‍ത്തി സ്വന്ത ജീവന്‍പോ ലും പണയം വച്ച് അമേരിക്കയുടെ അഭിമാനസ്തംഭങ്ങള്‍ തകര്‍ക്കുകയും ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. പക വളരെക്കാലം വച്ചുകൊണ്ടിരിക്കുന്നതാണ് പൗരുഷമെന്നു കരുതിയ കാലങ്ങളുണ്ട്. എന്നാല്‍ മനുഷ്യനെ മൃഗത്തില്‍നിന്നും വ്യത്യാസപ്പെടുത്തുന്നത് പ്രതികാരം നടത്താനുള്ള സാമര്‍ത്ഥ്യമല്ല നേരെ മറിച്ച് ഉപദ്രവം ഏല്‍ക്കാനും ക്ഷമിക്കാനുമുള്ള കഴിവാണെന്നാണ് മഹാന്മാരുടെ സാക്ഷ്യം. ബുദ്ധന്റെയും ക്രിസ്തുവിന്റെയും അഹിംസാ ദര്‍ശനത്തില്‍ മാത്രമല്ല, സാമ്രാജ്യം പിടിച്ചടക്കുന്നതിനു ലക്ഷോപലക്ഷം ജനങ്ങളെ ചുട്ടെരിച്ച നെപ്പോളിയന്റെ മഹാമനസ്‌ക്കതയും അതായിരുന്നു.

(എന്റെ ആയുസ്സില്‍ ഒരിക്കലെങ്കിലും എന്നെ ഉപദ്രവിച്ചവരോട് വ്യക്തി വൈരാഗ്യം വെച്ചുകൊണ്ടു ഞാന്‍ പെരുമാറിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.) അദ്ദേഹത്തേക്കാള്‍ അധമന്മാരായ ആളുകളായി നാം തീരരുത്.

കോപംകൊണ്ട് ക്ഷോഭിച്ചിളകിമറിയാതെ ശാന്തമായിരിക്കുന്ന മനസ്സ് ശരീരത്തിനു ജീവനും ഓജസ്സും ആരോഗ്യവും സൗന്ദര്യവും നല്‍കുമെന്നും അസൂയ കലുഷിതമായ മനസ്സാകട്ടെ അസ്ഥികളെ ദ്രവിപ്പിക്കുകയും ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യും. കോപത്താലുണ്ടാകുന്ന രക്ത പ്രവാഹം കൊണ്ടു കണ്ണു ചുവക്കുകമാത്രമല്ല കണ്ണു കാണാന്‍ പാടില്ലാതാകുന്നവരും ഉണ്ട്. അതിന് കോപാന്ധത എന്നു പറയുന്നു. സുഗമമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു യന്ത്രത്തില്‍ കല്ലും മണ്ണും വാരിയിടുന്നതുകൊണ്ട് അതിനു കേടുവരുന്നതുപോലെ ദുര്‍വികാരങ്ങളാല്‍ ശരീത്തിനു മുഴുവനായി തകരാറു വരുത്തുന്നു.

എന്നാല്‍ ദൈവഭക്തിയും ദൈവീക സ്‌നേഹവും നിറഞ്ഞ ഹൃദയമാകട്ടെ ശാന്തിയുടെ യും സൗഖ്യത്തിന്റെയും ഉറവിടമാകുന്നു. ഹൃദയശാന്തി ശരിരത്തെ ജീവനും ചൈതന്യവുംകൊണ്ട് നിറക്കുന്നു. ദൈവഭക്തി ഹൃദയശാന്തിയും ദേഹകാന്തിയും നല്‍കുന്ന പോഷകാഹാരമാണ്. അതുകൊണ്ടാണ് നിങ്ങള്‍ അറിയാത്ത ആഹാരം എനിക്കുണ്ട് എന്ന് യേശു പറഞ്ഞത്.

മനുഷ്യന്റെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരവും ശരീരാത്മ ദേഹികളുടെ സൗഖ്യവും നല്‍കുന്ന ദിവ്യ ഔഷധമാണ് ക്രിസ്തു യേശുവില്‍ വെളിപ്പെട്ട നിസ്വാര്‍ത്ഥ സ്‌നേഹം. ആ സ്‌നേഹം ഉള്ളവരായി ആരോഗ്യമുള്ളവരായി നമുക്ക് ജീവിക്കാം എല്ലാവര്‍ക്കും പുതുവത്സര മംഗളങ്ങള്‍ നീണാള്‍ നേരുന്നു.

ദനഹ 2019 ജനുവരി 6
നമ്മുടെ കര്‍ത്താവ് യോഹന്നാനില്‍നിന്നും സ്‌നാനം ഏല്‍ക്കുന്ന ദിവസമാണ് ദനഹാ പെരുന്നാള്‍. ഈ ദിവസത്തിന്റെ ദൂത് മാനസാന്തരപ്പെടുക എന്നുള്ളതാണ്. ക്രിസ്തുവിനോടു ചേരുന്ന ഏതൊരു വ്യക്തിക്കും പാപമോചനം ആദ്യം വി. മാമോദീസായില്‍നിന്നും പിന്നീട് സത്യ അനുതാപത്തോടുകൂടിയ കുമ്പസാരത്തിലും ലഭിക്കുന്നു.

നമ്മുടെ ഇടയിലുള്ള പലരും കരുതുന്നത് താഴ്ന്ന വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കോ, അക്രൈസ്തവര്‍ക്കോ മാത്രം ആവശ്യമുള്ളതാണ് മാനസാന്തരം എന്നാണ്. എന്നാല്‍ നമ്മുടെ സഭയിലെ പ്രധാനപ്പെട്ടവര്‍ക്ക് ഇത് ഒട്ടുമേ ആവശ്യമില്ല എന്നാണ്. മാനസാന്തരം എന്ന ആശയത്തോട് അതൃപ്തി മനുഷ്യര്‍ക്ക് വളര്‍ന്നുവരുന്നതിന്റെ കാരണങ്ങള്‍ പഠിക്കുമ്പോള്‍ ഒന്നാമതായി മാനസാന്തരത്തില്‍ ഒരു വിശ്വാസവും ഇല്ലാ എന്നുള്ളത്. രണ്ടാമതായി വഴിപിഴച്ച സുവിശേഷവേലരീതികള്‍ കാരണം സഭാപരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതുകൊണ്ടാണ്. അതുകൊണ്ട് മനുഷ്യര്‍ക്ക് മാനസാന്തരത്തോട് താല്പര്യം ഉണ്ടാകണമെങ്കില്‍ നമ്മുടെ ധാരണ യഥാര്‍ത്ഥ വേദ പുസ്തകാടിസ്ഥാനത്തില്‍ ആയിരിക്കണമെങ്കില്‍ രണ്ടു സത്യങ്ങള്‍ ചേര്‍ത്തു പിടിക്കണം. (2.കോരി. 5:18-21-റോമ.5:11)

ഒന്നാമത് ദൈവം ക്രിസ്തുവില്‍ ലോകത്തെ തന്നോടു നിരപ്പിക്കുകയായിരുന്നു. രണ്ടാമത് നിരപ്പു പ്രാപിക്കണമെങ്കില്‍ നാം തന്നെ ക്രിസ്തുവില്‍ ആയിരിക്കണം. വിശ്വാസ യാത്രയുടെ ആരംഭത്തില്‍ പ്രത്യേകിച്ചും മാനസാന്തരവും വിശ്വാസവും ആവശ്യമാണെന്നു സംശയലേശമെന്യേ പറയാം. നമ്മുടെ ഭയങ്കരമായ പാപാവസ്ഥയെക്കുറിച്ചും തെറ്റുകളെക്കുറിച്ചും നിസ്സഹായവസ്ഥയെക്കുറിച്ചും ഉള്ള അനുതാപം. തുടര്‍ന്ന് നമ്മുടെ ഉള്ളില്‍ തന്നെയെന്ന് നമ്മുടെ കര്‍ത്താവ് പറഞ്ഞ ദൈവരാജ്യം നാം വിശ്വാസത്താല്‍ സ്വീകരിക്കണം. പരിശുദ്ധാത്മാവില്‍ സന്തോഷവും സമാധാനവും നീതിയുമായ ദൈവരാജ്യം നാം പ്രാപിക്കണം. നമ്മുടെ ക്രിസ്തീയ വളര്‍ച്ചയുടെ ഓരോ വികാസദശയിലും ആവശ്യമായ നമ്മുടെ മുമ്പില്‍ വച്ചിരിക്കുന്ന ഓട്ടം ഓടാന്‍ സഹായിക്കുന്ന മാനസാന്തരം ആവശ്യമാണ്. വിശ്വാസം മൂലം മാനസാന്തരംമൂലം ഭക്തിപരമായ ജീവിതം ഇവ ഒരിക്കലും തമ്മില്‍ വേര്‍പിരിയുന്നതല്ല. എല്ലാവരും മാനസാന്തരപ്പെടണം എന്ന് ദൈവം കല്പിക്കുന്നു. പാപത്തില്‍നിന്ന് വിശുദ്ധിയിലേക്കുള്ള മനസ്സിന്റെ ആന്തരീകമായ ഒരു രൂപാന്തരമാണ് മാനസാന്തരം. ഉദാ. മഗ്ദലന മറിയത്തിന്റെ മാനസാന്തരം.

ആത്മാവിന്റെയും ജഡത്തിന്റെയും എല്ലാ അശുദ്ധിയില്‍നിന്നും നിന്നെ ശുദ്ധമാക്കുവാന്‍ യേശുവിനു കഴിയും. നിന്നെ സ്‌നേഹിച്ചു നിനക്കുവേണ്ടി തന്നത്താന്‍ നല്‍കിയ, നിന്റെ പാപങ്ങളെയെല്ലാം സ്വന്ത ശരീരത്തില്‍ വഹിച്ചുകൊണ്ട് കുരിശില്‍ കയറിയ നിന്റെ എല്ലാ കുറ്റങ്ങളില്‍നിന്നും തിരുരക്തത്താല്‍ നിന്നെ തുടര്‍ച്ചയായി രക്ഷിച്ചു കൊണ്ടിരിക്കുന്ന യേശുക്രിസ്തുവില്‍ നമുക്ക് വിശ്വസിക്കാം.

ദനഹായ്ക്കുശേഷം 1-ാം ഞായര്‍ (13-01-2019)
ലോകസംഭവങ്ങളിലേക്ക് കണ്ണ് ഓടിച്ചാല്‍ അനിശ്ചിതത്വവും അന്ധാളിപ്പുമാണുളവാകുന്നത്. പ്രകൃതിക്ഷോഭങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും കഴിഞ്ഞ വര്‍ഷത്തില്‍ ലോക ജനതയെ നടുക്കുകയുണ്ടായി. എന്നാല്‍ അതിന്റെ നടുവില്‍ കര്‍ത്താവ് നമ്മെ കാത്തു സൂക്ഷിച്ചു നടത്തിയ വഴികള്‍ ഓര്‍മ്മിക്കുമ്പോള്‍ ഇത്രത്തോളം യഹോവ സഹായിച്ചു എന്ന് നന്ദിയോടും സ്‌തോത്രത്തോടും നാം ഓരോരുത്തരും പറയേണ്ടതാണ്.

ഏതു സമയത്തും എന്തും സംഭവിക്കാവുന്ന പൊട്ടിത്തെറിയുടെയും പിരിമുറുക്കത്തിന്റെയും അന്തരീക്ഷമാണ് എല്ലാ രംഗങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നമുക്ക് ആരിലാശ്രയിക്കാന്‍ കഴിയും യെശയ്യാപ്രവാചകനിലൂടെ യിസ്രായേലിനു ദൈവം വാഗ്ദത്വം നല്‍കുകയാണ്. യെശയ്യാ 49:10. കരുണയുള്ളവന്‍ നിങ്ങളെ വഴി നടത്തും.

കണ്ണില്‍ ചോരയില്ലാതെ സംസാരിക്കുകയും വേദനിപ്പിക്കുകയും ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്ന മനുഷ്യരുള്ള ഈ ലോകത്ത് ലക്ഷക്കണക്കിനു മനുഷ്യമക്കള്‍ കരുണയ്ക്കായി ദാഹിക്കുകയാണ്. തൊഴില്‍ മേഖല, വിദ്യാഭ്യാസ മേഖല, അദ്ധ്യാത്മിക മേഖല രാഷ്ട്രീയ മേഖല എവിടെയാണ് കരുണയുടെ അനുഭവം ലഭിക്കുന്നത്. എല്ലായിടത്തും ക്രൂരതയുടെ മുഖമാണ്. എന്നാല്‍ കരുണയും മനസ്സലിവുള്ള ഒരു കര്‍ത്താവ് നമുക്ക് ഉണ്ടെന്നുള്ളത് ആശ്വാസപ്രദമാണ്. ജീവിത യാത്രയില്‍ കടഭാരത്താലും മറ്റു പ്രശ്‌നങ്ങളെല്ലാം വീര്‍പ്പു മുട്ടുന്നവരുണ്ട്. അങ്ങനെയുള്ളവരെയും വഴി കാണിച്ചുകൊടുക്കുകയും അതില്‍ നടത്തുകയും ചെയ്യുന്ന കാരുണ്യവാനാണ് നമ്മുടെ കര്‍ത്താവ്. യിസ്രായേല്‍ ചെങ്കടല്‍ കണ്ട് വഴി മുട്ടി നില്‍ക്കുമ്പോള്‍ അതിന്റെ നടുവില്‍ വഴിയുണ്ടാക്കിയ കര്‍ത്താവ് ഇന്നും ജീവിക്കുന്നു. ആഹാരം, വസ്ത്രം, പാര്‍പ്പിടം ഇവ നല്‍കി നന്മകളാല്‍ പോഷിപ്പിക്കുന്നവനാണ് നമ്മുടെ കരുണയുള്ള കര്‍ത്താവ് ഭയപ്പെടുകയും ഭാരപ്പെടുകയും വേണ്ട അവന്‍ നടത്തും.

റോയി മാത്യു കോര്‍-എപ്പിസ്‌ക്കോപ്പ മുളമൂട്ടില്‍

Image