Login with social account
or
കൃത്യമായി പറഞ്ഞാല്‍ ഒരു മാസം മുമ്പ് അയാള്‍ എന്റെ അടുക്കല്‍ വന്നതുപോലെയല്ല ഇപ്പോളയാള്‍. അന്ന് അയാള്‍ വളരെ ദുഃഖിതനും, നിരാശനും അതിലുപരി ഏറെ അസ്വസ്ഥനും ആയിരുന്നു. ഇന്ന് അയാള്‍ ആകെ മാറിയിരിക്കുന്നു വളരെ ഉന്മേഷവാനും സന്തോഷവാനും പ്രത്യാശയുമുള്ള ഒരു വ്യക്തിയായി മാറിയിരിക്കുന്നു. അയാളുടെ മാറ്റം എന്നെപ്പോലും വളരെ അമ്പരിപ്പിച്ചു. അന്നയാള്‍ വന്നത് അനേകവര്‍ഷങ്ങളായി താന്‍ ഹൃദയത്തോടു ചേര്‍ത്തുവച്ചിരുന്ന സൗഹൃദം നഷ്ടപ്പെട്ടവനായിരുന്നുവെങ്കില്‍ ഇന്നയാള്‍ക്ക് ക്രിസ്തുവെന്ന പ്രാണസഖിയെ കണ്ടെത്തിയതിലുള്ള സന്തോഷവുമായിട്ടായിരുന്നു. ഒരു മാസം മുമ്പ് അയാള്‍ ഇങ്ങനെയായിരുന്നു. ''അച്ചോ; മരിച്ചാല്‍ മതിയായിരുന്നു അതാണ് ഞാന്‍ ഏറെ ആഗ്രഹിക്കുന്നത്'' ''സോണി; മരണമാണോ എല്ലാ പ്രശ്‌നങ്ങളുടേയും അവസാന പോംവഴി'' ''ഒരിക്കലുമല്ലച്ചാ, അതെനിക്കറിയാം പക്ഷെ.....'' ''എന്തു പക്ഷെ...'' ''അച്ചനറിയാമോ, ഈ ലോകത്തില്‍ ഞാന്‍ ദൈവത്തെക്കാളുമധികം സ്‌നേഹിച്ച വ്യക്തിയാണയാള്‍ പക്ഷെ ഇപ്പോള്‍ അയാള്‍ക്ക് ചില സുരക്ഷിത മേഖലയില്‍ എത്താന്‍ കഴിഞ്ഞപ്പോള്‍ എന്നെ ഒഴിവാക്കുകയാണ്.'' ''സോണി; ആര്‍ക്ക് എന്ത് സുരക്ഷിതമുണ്ടെന്നാണ് നീ കരുതുന്നത്. നമ്മള്‍ ഇവിടെ ഒന്നിലും ഒന്നുകൊണ്ടും സുരക്ഷിതരല്ല. വലിയ ഉദ്യോഗ ത്തിലും പദവിയിലും എത്തുമ്പോഴും സാമ്പത്തിക ചുറ്റുപാടുകള്‍ ശക്തമാകുമ്പോഴും എതിരാളികള്‍ എന്നു കരുതുന്നവര്‍ ഒഴിവാകുമ്പോഴും ഒക്കെ നമ്മള്‍ വിചാരിക്കും ഇനിയും നമുക്ക് ആരുടേയും സഹായമാവശ്യമില്ല നാം സുരക്ഷിതാരാണെന്ന് പക്ഷെ ഒരു നിമിഷംകൊണ്ട് അവസാനിക്കാവുന്നതേ ഉള്ളു അതൊക്കെ.'' ''ശരിയാണച്ചോ, അച്ചനറിയാമോ, ഞാന്‍ അയാളോടു പറയാത്ത ഒരു രഹസ്യവുമില്ലായിരുന്നു. എന്റെ കുടുംബാംഗങ്ങളേയും എന്നോട് ചേര്‍ന്നുനിന്ന സ്‌നേഹിതരേയും, പ്രിയപ്പെട്ടവരേയും എല്ലാം ഞാന്‍ മറന്നു. ഞാന്‍ അയാളെ സ്‌നേഹിച്ചു. കരുതി. അയാളും എന്നോട് അങ്ങനെതന്നെയായിരുന്നു. ഞങ്ങള്‍ സംസാരിക്കാത്ത വിഷയങ്ങള്‍ ഒന്നും ഇല്ലായിരുന്നു. എല്ലാം ഞങ്ങള്‍ പങ്കു വച്ചു പക്ഷെ... ''സോണി; പിന്നെ എന്തു സംഭവിച്ചു'' ''എനിക്കറിയില്ലച്ചോ, ഒരു വര്‍ഷമായി അയാള്‍ എന്നെ എല്ലാ കാര്യത്തിലും അവഗണിക്കുകയാണ്. മുമ്പ് എന്ത് ആവശ്യങ്ങള്‍ക്കും എന്നെ വിളിക്കുമായിരുന്നു. എന്റെ അഭിപ്രായങ്ങള്‍ ചോദിക്കുമായിരുന്നു. പ്രയാസങ്ങള്‍ പങ്കു വയ്ക്കുമായിരുന്നു. പ്രാര്‍ത്ഥനയില്‍ ഞങ്ങള്‍ ഐക്യപ്പെടുമായിരുന്നു. എന്തോ ഞങ്ങള്‍ തമ്മില്‍ ഒരു പാരസ്പര്യം ഉണ്ടായിരുന്നു. അതുകൊണ്ട് എന്റെ ലോകം അയാള്‍ മാത്രമായിരുന്നു അയാളുടെ ലോകം ഞാനും'' ''സോണി; ഒരു മരം ഒരു കാട് മറയ്ക്കുമെന്നു പറഞ്ഞു കേട്ടിട്ടില്ലേ? അതുപോലെയായി നിനക്ക് അയാള്‍'' ''അച്ചന്‍ പഞ്ഞതു ശരിയാണച്ചോ, ജീവിതത്തില്‍ ഒരു നിഴല്‍പോലെ അയാളെന്റെകൂടെയുണ്ടായിരുന്നു. ഒരു നിമിഷംപോലും എന്റെ മനസ്സില്‍ നിന്നും മറയാതെ. പക്ഷേ ഇപ്പോള്‍ എന്താണ് അയാള്‍ എന്നില്‍നിന്നും അകലാന്‍ കാരണമെന്ന് എനിക്കു മനസ്സിലാകുന്നില്ല.'' ''അതെന്താണ് സോണി'' ''അച്ചാ; ഏതാനും മാസങ്ങളായി അയാള്‍ക്ക് ജോലിയില്‍ ചില പുതിയ പുതിയ പ്രോജക്ടുകളും അതനുസരിച്ച് ശമ്പളവര്‍ദ്ധനയും അലവന്‍സുകളും ലഭിച്ചിട്ടുണ്ട്. ആയതുകൊണ്ട് ഏല്പിച്ചതും ഏല്പിക്കാത്തതുമായ സകല ഉത്തരവാദിത്വങ്ങളും എടുത്ത് തലയില്‍ വച്ചിരിക്കുകയാണ്. അയാളുടെ വിചാരം അയാളവിടെയില്ലെങ്കില്‍ ആ പ്രസ്ഥാനം തന്നെ ഇല്ലാതാകുമെന്നാണ് അതിന് രാത്രിയെന്നോ പകലെന്നോ പൊതു അവധി ദിവസമെന്നോ, ഞായറാഴ്ചയെന്നോ, ഹര്‍ത്താലെന്നോ വ്യത്യാസമില്ലാതെ പണിയെടുക്കുകയാണ.് ഒരുവക ഭ്രാന്തു പിടിച്ച ഓട്ടം''. ''സോണി ചില മനുഷ്യരങ്ങനെയാ, പണമെന്ന ഭ്രാന്ത് തലയില്‍ കയറിയാല്‍ പിന്നെ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയുകയില്ലെന്ന് മാത്രമല്ല വ്യക്തി ബന്ധങ്ങള്‍ക്കോ സ്‌നേഹത്തിനോ ഒന്നും അവര്‍യാതൊരു വിലയും കല്പിക്കുകയില്ല. അവര്‍ പേ പിടിച്ചനായെപ്പോലെ ഓടിക്കൊണ്ടിരിക്കും''. ''അച്ചോ, പുതിതായി ആ സ്ഥാപനത്തില്‍ വന്ന മേലധികാരി അയാളെ അല്പം അങ്ങ് പൊക്കി. അതുകൂടെയായപ്പോള്‍ പിന്നെ ഓഫീസുംകൂടെ കെട്ടിവലിച്ചോണ്ട് വീട്ടിലോട്ടു പോരും. രോഗവും, ക്ഷീണവും ഒന്നും അയാള്‍ക്കിന്ന് ഒരു വിഷയമേ അല്ല. താന്‍ ഇങ്ങനെ വെപ്രാളം പിടിച്ച് ഇതൊക്കെ ചെയ്തില്ലെങ്കില്‍ തന്റെ സ്ഥാനം മറ്റുള്ളവര്‍ തട്ടിയെടുക്കുമോ എന്ന ഭയം കൂടിയുണ്ട് ഇപ്പോളയാള്‍ക്ക്. ''സോണി; നിനക്കറിയാമോ, മനുഷ്യന്റെ ഈ പരക്കം പാച്ചിലെല്ലാം ആറടി മണ്ണിനുവേണ്ടിയാണ്.'' ''പക്ഷെ അങ്ങനെ വിചാരമുള്ളവര്‍ ആരെങ്കിലും ഉണ്ടോ അച്ചാ''. ''വളരെ കുറവാണ് സോണി. അധികമാളുകളും എന്തെക്കെയോ നേടാന്‍ വേണ്ടി ഇടംവലം നോക്കാതെ ഓടുകയാണ്. കെ.എസ്.ആര്‍.റ്റി.സി. രാത്രിയില്‍ മാത്രം സര്‍വ്വീസ് നടത്തുന്ന മിന്നല്‍ ബസ്‌പോലെ. അത് ഓടുകയാണ്; തന്റെ കൂടെ അതേ പാതയില്‍ കൂടി കടന്നുപോകുന്ന മറ്റു വാഹനങ്ങളൊന്നും അവന്‍ ശ്രദ്ധിക്കുന്നതേയില്ല, വിശ്രമം എടുക്കാതെയുള്ള ഈ ഓട്ടത്തില്‍ തന്റെ തന്നെ ഡിപ്പോയിലും ഡിപ്പാര്‍ട്ടുമെന്റിലുമുള്ള ഒത്തിരി ഒത്തിരി ശകടങ്ങള്‍ വേറെയുണ്ട്. അവയൊക്കെ പണ്ട് ഇതുപോലെ മിന്നാലായും സൂപ്പര്‍ഡീലക്‌സായും, സൂപ്പര്‍ ഫാസ്റ്റായും ഒക്കെ ഓടിയിട്ടുള്ളവരാണ് അവരും ഓടിക്കൊണ്ടേയിരുന്നു; ആരേയും ശ്രദ്ധിക്കാതെ എന്നാല്‍ ഇന്നിപ്പോളാകട്ടെ അവരെയും കാര്യമായും ആരും ശ്രദ്ധിക്കാതെ പോകുന്നു'' മഹാനായ ഇംഗ്ലീഷ് സാഹിത്യകാരന്‍ കൗണ്ട് ലിയോ ടോള്‍സ്റ്റോയി എഴുതിയ ഒരു ചെറു കഥയുണ്ട് 'ആറടി മണ്ണിന്റെ ജന്മി'' ഒരു തുണ്ടു ഭൂമിപോലും സ്വന്തമായി ഇല്ലാതിരുന്നവന്‍ അല്പം കിടപ്പാടത്തിനുവേണ്ടി രാജാവിനോട് അത് യാചിക്കുകയാണ്. ദാനശീലനായ രാജാവാകട്ടെ അയാളോടു പറഞ്ഞു ''സൂര്യന്‍ ഉദിക്കുന്ന സമയത്ത് നിന്റെ യാത്ര ആരംഭിച്ചുകൊള്ളുക നീ താണ്ടുന്ന ദൂരമത്രയും സ്ഥലം നിന്റെതാണ് പക്ഷെ സൂര്യനസ്തമിക്കുന്നതിനു മുമ്പായി നീ യാത്രയാരംഭിച്ച സ്ഥലത്ത് മടങ്ങിയെത്തണം. അയാള്‍ നടന്നു പിന്നെ വേഗത്തില്‍. പിന്നെ ഓടി; വേഗത്തില്‍ ഒറ്റ ലക്ഷ്യമേ ഉള്ളു അയാള്‍ക്ക് മുമ്പില്‍ പരമാവധി നേടുക.വഴിയില്‍ അനേകരെ കണ്ടുമുട്ടി. സ്‌നേഹിച്ചവരെ, കരുതിയവരെ, ഒരു സമയത്ത് കൂടെ നിന്നവരെ, കൂടെപിറപ്പുകളെ, കൈപിടിച്ചുയര്‍ത്തിയവരെ, കണ്ണീരൊപ്പിയവരെ, ചില സമയങ്ങളിലെങ്കിലും അഭയം നല്‍കിയവരെ, പക്ഷെ എല്ലാം അയാള്‍ മറന്നു. ഒന്നിനുവേണ്ടി വിശ്രമമില്ലാതെ ഓടി. പക്ഷെ മടങ്ങിയെത്തി മരിച്ചു വീഴുകയാണ്. രാജാവ് മന്ത്രിയോട് ചോദിച്ചു ''ഇയാള്‍ക്ക് എത്ര ഭൂമി നല്‍കണം?'' മന്ത്രി പറഞ്ഞുപോലും ആറടി മണ്ണ്; അത് ധാരാളം മതിയാകും.'' ആദ്യം സോണി എന്നെ കാണുവാന്‍ വന്നപ്പോള്‍ പറഞ്ഞ ചില വാക്കുകള്‍ ഒന്നു കൂടി ആവര്‍ത്തിച്ചു. സോണി ഒറ്റയ്ക്ക് ഓടി ആരും ഇന്നുവരെ ജയിച്ചിട്ടില്ല ചിലരൊക്കെ തോറ്റുതന്നും, ചവിട്ടിക്കയറുവാന്‍ മുതുക് കുനിച്ചുതന്നും തോള്‍ ഉയര്‍ത്തിതന്നതുകൊണ്ടും വഴിമാറി തന്നതുകൊ ണ്ടുമൊക്കെയാണ് നമ്മളൊക്കെ ഇപ്പോള്‍ എന്തൊക്കെയോ ആയിരിക്കുന്നത്. പലരും കാരണങ്ങള്‍ പറഞ്ഞും പറയാതെയും നമ്മെ വിട്ടു പോകുന്നു. വന്ന വഴികള്‍ മറന്നവരും പിറകോട്ടു നോക്കുവാന്‍ മടിയുള്ളവരും മനുഷ്യത്വമില്ലാത്തവര്‍തന്നെയാണ.് പക്ഷെ കാലം തെളിയിക്കാത്ത യാഥാര്‍ത്ഥ്യമൊന്നുമില്ല. പ്രിയമെന്നു കരുതിയവയും പ്രിയപ്പെട്ടവരും ഒക്കെ നഷ്ടമാകുമ്പോള്‍ ദുഃഖമുണ്ടാകും അവരൊന്നും തുടക്കം മുതലേ ഉണ്ടായിരുന്നവരല്ലല്ലോ. ഇടയ്ക്ക് കണ്ടു മുട്ടിയവര്‍, മറ്റൊരു ഇടവേളയില്‍ അവരൊക്കെ മറ്റാരുടെയോ സ്വന്തമായി. ജീവിതത്തില്‍ എത്രയോ സൗഹൃദങ്ങള്‍ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകാം. അവയെല്ലാം ചില സമയങ്ങളില്‍ നമ്മുടെ ഹൃദയബന്ധങ്ങള്‍ തന്നെയായിരുന്നു. ഒരു കാലത്ത് അവരുടെ മേല്‍ നമുക്ക് അവകാശമുണ്ടെന്ന് വിചാരിച്ചു. എന്നാല്‍ നമ്മെക്കാള്‍ അവകാശപ്പെട്ടവര്‍ വന്നപ്പോള്‍ നാം ഒഴിഞ്ഞുകൊടുക്കുന്നു അത്രമാത്രം. എല്ലാം മറന്ന് നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്നവരോട് ഒരു വാക്കു കൂടി. നിങ്ങളുടെ മുമ്പിലും പെട്ടെന്ന് ഒരു ദിവസം ദൈവത്തിന്റെ ആ ചുവന്ന സിഗ്നല്‍ തെളിയും അപ്പോള്‍ ഓട്ടം നിര്‍ത്താതെ തരമില്ല... പേടിക്കേണ്ട ദേ, നിങ്ങളില്ലെങ്കിലും ഭൂമിക്ക് ഒരു മാറ്റവും സംഭവിക്കില്ല. എല്ലാ കാര്യങ്ങളും പഴയതുപോലെതന്നെ തുടരുന്നുണ്ട്. അതെ ഇവിടെ നമ്മളാരും നിങ്ങളാരും ഒരു അനിവാര്യതയല്ല. എന്നാല്‍ അവസാനം അവന്റെ ചോദ്യത്തിനുള്ള ഉത്തരം നിനക്ക് നല്‍കാന്‍ കഴിയുമോ? നിന്റെ സഹോദരന്‍/സ്‌നേഹിതന്‍ എവിടെ?... പ്രിയ വായനക്കാരെ, കഴിഞ്ഞ ഏഴര വര്‍ഷത്തിലധികമായി ക്‌നാനായ ദീപത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന കുടുംബചിന്തകള്‍ എന്ന പംക്തിക്ക് നിങ്ങള്‍ നല്‍കിയ നിര്‍ലോഭമായ പ്രോത്സാഹനത്തിനും ക്രിയാത്മകമായ വിമര്‍ശനത്തിനും നന്ദി അറിയിക്കട്ടെ. കുടുംബചിന്തകള്‍ എന്ന പംക്തി നമ്മുടെ കുടുംബങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നവയുടെ പരിച്ഛേദം ആയിരുന്നു. അടുത്ത ലക്കം മുതല്‍ ടി.പംക്തി. 'നേര്‍ക്കാഴ്ച്ച' എന്ന പേരില്‍ തുടരുന്നതാണ്. ആനുകാലിക രാഷ്ട്രീയ, സാമൂഹിക, കുടുംബ പശ്ചാത്തലങ്ങളായിരിക്കും പ്രതിപാദ്യ വിഷയങ്ങള്‍ നിങ്ങളുടെ പ്രോത്സാഹനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു. ഫാ. എ.പി. ജേക്കബ് ആഞ്ഞിലിമൂട്ടില്‍
വളര്ച്ചയും വികസനവും ഇന്ന് നമുക്ക് ആവശ്യമുണ്ട്. അതിന് വേണ്ടിയാണ് നമ്മുടെ Editorial Message
അന്ത:ഛിദ്രംകൊണ്ടും, വ്യവഹാരങ്ങള്കൊ ണ്ടും ക്ഷീണിച്ചു തളര്ന്നിരിക്കുന് Editorial Message
വിശ്വാസത്തില് സ്ഥിരതയുള്ളവരായി സഭയില് ഉറച്ചു നില്ക്കുക Editorial Message
കാലചക്രം ഒരിക്കല്കൂടെ തിരിഞ്ഞു. ഒരു വര്ഷംകൂടെ ക്രിസ്തുമസ്സ് ആഘോഷിക്കു Editorial Message
കര്ത്താവില് പ്രിയരെ കര്ത്താവിന്റെ ശരീരമാകുന്ന സഭയില് ദൈവം തന്റെ ശ Editorial Message