Knanaya Deepam

loading

വിശുദ്ധ മാർത്തോമ്മാശ്ലീഹായും ക്നാനായക്കാരും

നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ജൂബിലി സ്മരണിക മാർത്തോമ്മാ മാർഗ്ഗം എന്ന പ്രസിദ്ധീകരണത്തിൽ വന്ന ലേഖനം.

ബ്രാഹാമാണ് ഇസ്രായേല്യരുടെ പൂർവ്വ പിതാവ്. ഇന്നത്തെ ഇറാഖിലെ യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് മെസപ്പൊട്ടേമിയയിലെ ഊർ പട്ടണം. അവിടെയാണ് അബ്രാഹാമിന്റെ ജന്മദേശം. ദൈവം അബ്രാഹാമിന് പ്രത്യക്ഷപ്പെട്ടു. പിതൃഭവനത്തെയും ചാർച്ചക്കാരെയും വിട്ട് ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പുറപ്പെട്ടുപോവുക എന്നു കല്പിച്ചു. ദൈവം കല്പിച്ചത് അനുസരിച്ച് കനാൻ നാട്ടിൽ എത്തി. അവിടെ വാഗ്ദത്ത പുത്രനായ ഇസഹാക്ക് ജനിച്ചു. ഇസഹാക്കിന്റെ മകനായ യാക്കോബിന് 12 മക്കൾ ഉണ്ടായി. അവർക്ക് യിസ്രായേൽ എന്ന പേര് ദൈവം കല്പിച്ചു നൽകി. യാക്കോബിന്റെ മക്കളിൽ ഒരുവനായ യഹൂദയുടെ സന്തതിപരമ്പരയിൽപ്പെട്ടവരുടെ രാജ്യമാണ് യഹൂദ രാജ്യം. അവർ അഥവാ ജൂതന്മാർ എന്ന് അറിയപ്പെടുന്നു. യേശുക്രിസ്തുവിന്റെ ഗോത്രമായ യഹൂദഗോത്രത്തിൽപ്പെട്ട ഒരാളായിരുന്നു തോമ്മാശ്ലീഹാ. അദ്ദേഹത്തിന്റെ പിതാവായ ഡയോഫനിസിന്റെയും മാതാവായ റോമാവിന്റെയും ഇരട്ടക്കുട്ടികളായി തോമാശ്ലീഹായും അദായിശ്ലീഹായും ജനിച്ചു ആദ്യപേര് യഹൂദ എന്നായിരുന്നു. ഇരട്ട വിരലുകൾ നിമിത്തം ‘ദിദിമോസ്’ എന്നും ഗ്രീക്ക്/അരമായ ഭാഷകളിൽ അറിയപ്പെട്ടിരുന്നു. കർത്താവിന്റെ കുടുംബവും തോമശ്ശീഹായുടെ കുടുംബവും തമ്മിൽ അടുത്ത ബന്ധം ഉള്ളവരായിരുന്നു എന്നും തോമാശ്ലീഹായും യേശുവും തമ്മിൽ രൂപസാദൃശ്യം ഉണ്ടായിരുന്നു എന്നും സഭാ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.

യഹൂദന്മാർ യേശുവിനെതിരെ ഗൂഢാലോചന നടത്തുന്നതിനാൽ യഹൂദിയലേക്ക് പോകുന്നതിന് ശിഷ്യന്മാർ വിലക്കിയപ്പോൾ നമുക്ക് അവനോടുകൂടെ മരിക്കേണ്ടതിന് പോകാം (യോഹ.11:6) എന്നു പറഞ്ഞത് തോമശ്ശീഹാ ആയിരുന്നു. കർത്താവ് ഉയിർത്തെഴുന്നേറ്റ് ആദ്യം പ്രത്യക്ഷപ്പെടുമ്പോൾ തോമസ് അവിടെ ഉണ്ടായിരുന്നില്ല. തോമസിനു വേണ്ടി എട്ടാം ദിവസം വീണ്ടും കർത്താവ് പ്രത്യക്ഷപ്പെട്ട് വിലാപ്പുറവും കൈയും കാണിച്ചു കൊടുത്തു. കർത്താവ് സ്വർഗ്ഗാരോഹണം ചെയ്തശേഷം പരിശുദ്ധആത്മാവ് പ്രത്യക്ഷപ്പെട്ട പെന്തിക്കോസ്തു ദിവസം 3,000 പേർ സ്നാനം ഏറ്റ് സഭ ആരംഭിച്ചപ്പോൾ അവരിൽ ഭൂരിഭാഗവും യഹൂദ ഗോത്രത്തിൽപെട്ടവരായിരുന്നു. അതിനുശേഷം മറ്റ് ജാതിയിൽപ്പെട്ട വരും സ്നാനമേറ്റ് സഭയോട് ചേർന്നു എങ്കിലും സ്വജാതികൾ എന്നും അറിയപ്പെട്ടിരുന്നുവെന്ന് യഹൂദ ക്രിസ്ത്യാനികൾ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

എ.ഡി. 70 ൽ ഭൂരിപക്ഷം യഹൂദന്മാരും ജറുസലേമിൽനിന്ന് സിറിയ, ബാബിലോൺ (ഇറാഖ്) എന്നീ സ്ഥലങ്ങളിലേക്ക് പ്രയാണം ചെയ്തപ്പോൾ യഹൂദ ക്രിസ്ത്യാനികളും അവരോടൊപ്പം പല സ്ഥലങ്ങളിലേക്കും കുടിയേറിപ്പാർത്തു. ക്നായിത്തോമ്മാ ദാവീദ് വംശത്തിൽപ്പെട്ട അനുയായികളെ കൂട്ടിച്ചേർത്ത് എ.ഡി. 345-ൽ കേരളത്തിൽ എത്തി.

എ.ഡി. 52-ൽ തോമാശ്ലീഹാ കൊടുങ്ങല്ലൂർ വന്നിറങ്ങി. കേരളത്തിൽ 7 പള്ളികൾ സ്ഥാപിച്ചു. അനേകരെ സ്നാനപ്പെടുത്തി. എ.ഡി 72-ൽ മൈലാപ്പൂരിൽ കൊലപ്പെട്ടു. അവിടെ അടക്കം ചെയ്ത തിരുശേഷിപ്പുകൾ എ.ഡി. 394-ൽ ഉറഹായിലേക്ക് കൊണ്ടുപോയി മൂസലിലുള്ള കുടുംബ കല്ലറയിൽ അടക്കം ചെയ്തു. അവിടെ വിശുദ്ധ തോമാശ്ലീഹായുടെ നാമത്തിൽ പള്ളി സ്ഥാപിച്ചു. മലങ്കരയിൽ സഭ സ്ഥാപിച്ചെങ്കിലും കാലശേഷം ശരിയായ ഇടയനില്ലാതെ ശോഷിച്ചുപോയി. എ.ഡി. 339-ൽ ക്നായിത്തോമ്മാ മലബാറിൽ എത്തിയപ്പോൾ കുരിശു ധരിച്ച ചിലരെ കണ്ടു. അവർക്ക് പുരോഹിതന്മാർ ഇല്ലാത്തതിനാൽ ആരാധന ഇല്ല എന്നു മനസ്സിലാക്കി സ്വദേശത്തു തിരിച്ചെത്തി ഈ വിവരം അവിടെയുള്ള പിതാക്കന്മാരെ അറിയിച്ചു. വിവരം അറിഞ്ഞ ഉറഹായിലെ യൗസേഫ് മെത്രാൻ ഇന്ത്യയിലേക്ക് പുറപ്പെടുവാൻ തയ്യാറാവുകയും അദ്ദേഹത്തോടുകൂടി യഹൂദ ഗോത്രക്കാരായ ക്രൈസ്തവരായ 72 കുടുംബങ്ങളില്പെട്ട 400 പേർ പട്ടക്കാരോടും ശെമ്മാശന്മാരോടുകൂടി എ.ഡി. 345-ൽ കൊടുങ്ങല്ലൂരിൽ വന്നിറങ്ങുകയും ചെയ്തു. ഇവരുടെ വരവോടുകൂടി മലങ്കരസഭയ്ക്ക് ഉണർവുണ്ടായി.

ക്നായിത്തോമ്മന്റെ ശ്രമഫലമായി അന്നത്തെ നാട്ടുരാജാവായിരുന്ന ചേരമാൻ പെരുമാളിൽ നിന്നു ക്രിസ്ത്യാനികൾക്കുവേണ്ടി പല അവകാശങ്ങളും അധികാരങ്ങളും സമ്പാദിച്ചു. ഈവക അധികാരഅവകാശങ്ങൾ രേഖപ്പെടുത്തിയ ചെമ്പ് പട്ടയങ്ങൾ ക്നായിത്തോമ്മൻ ചെപ്പേട്, എന്ന് അറിയപ്പെടുന്നു. ഈ രേഖകൾ മുഖേന ക്രിസ്ത്യാനികൾക്ക് 72 പദവികൾ അനുവദിച്ചുകൊടുത്തു. പാർക്കുന്നതിനും പള്ളികൾ പണിയുന്നതിനും 264 കോൽ ഭൂമി കരമൊഴിവായി പതിച്ചു കൊടുത്തു. ക്നായിത്തോമ്മായുടെയും പരിവാരങ്ങളുടെയും ആഗമനം ഇങ്ങനെ മലബാർ ക്രിസ്ത്യാനികളുടെ മതപരവും സാമൂഹികവുമായുള്ള നില അഭിവൃദ്ധിപ്പെടുത്തി. സുറിയാനി ക്രിസ്ത്യാനികൾ എന്ന നാമധേയവും ഇതിനു ശേഷമാണ് ആവിർഭവിച്ചത്. കൊടുങ്ങല്ലൂരിൽ ക്രിസ്ത്യാനികൾ താമസിച്ചുകൊണ്ടിരുന്ന പട്ടണത്തെ മഹാദേവർ പട്ടണം എന്നു പേര് പറഞ്ഞിരുന്നു. വിദേശത്തു നിന്നു വന്ന ക്രിസ്ത്യാനികൾ രാജധാനിയുടെ തെക്കുവശത്ത് പെരിയാറിന്റെ തെക്കേക്കരയിൽ താമസിച്ചു. നാട്ടു ക്രിസ്ത്യാനികൾ വലതു ഭാഗത്തു താമസിച്ചു പോന്നു. ഒരേ വിശ്വാസവും ആരാധനാരീതികളും പരിപാലിച്ചു പോന്ന ഈ രണ്ടു കൂട്ടരും വളരെ സഹകരണത്തിൽ തന്നെ ജീവിച്ചു.

സിറിയയിൽ നിന്നുവന്ന തെക്കുംഭാഗ ക്രിസ്ത്യാനികൾ