"ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ." (റോമ. 12:2)
വേഗം വരുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പ്രിയ ദീപം വായനക്കാർക്ക് സ്നേഹവന്ദനം. കർത്താവിൽ പ്രിയരെ,
'എളിയ ജീവിതവും ഉന്നതമായ ലക്ഷ്യവും' എന്ന ആശയത്തിന് ഇന്ന് ആരും വില കൽപ്പിക്കുന്നില്ല. ഒരു കാലത്ത് ക്രിസ്ത്യാനികളും ക്രിസ്തീയ പ്രവർത്തകരും വളരെ ത്യാഗത്തോടെ പ്രവർത്തിച്ചിരുന്നു. ഈ കാഴ്ചപ്പാടൊക്കെ മാറി സുഖലോലുപ ജീവിതത്തിലേക്ക് പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ദൈവീക ബന്ധത്തിൽ വചനാടിസ്ഥാനത്തിൽ ജീവിക്കാനും പ്രവർത്തിക്കാനും വിശ്വാസികൾക്കും കർത്താവിന്റെ വേലക്കാർക്കും കഴിയണം. വിദ്യാഭ്യാസ മേഖലയിൽ നടത്തപ്പെടുന്ന കലുഷിതമായ പ്രവൃത്തികൾ എത്ര യുവാക്കളുടെയാണ് ജീവനും ഭാവിക്കും ഭീഷണിയായി തീരുന്നത്. ഇത് മനുഷ്യനന്മയെക്കുറിച്ച് പറയുന്ന ഒരു സിദ്ധാന്തത്തിലും പറയാത്ത കാര്യങ്ങളാണ്. ഇത് ലോകത്തിലെ സാമൂഹ്യവിരുദ്ധരുടെയും ഭീകരവാദികളുടെയും പ്രവർത്തനങ്ങളെയും സ്വഭാവങ്ങളെയും അനുകരിക്കുന്നതുകൊണ്ട് സംഭവിക്കുന്ന കാര്യങ്ങളാണ്. ഈ ലോകം പിശാചിന്റെ അധീനതയിലാണ് എന്ന് ഓർത്തു വേണം ലൗകിക കാര്യങ്ങളിൽ ഏർപ്പെടുവാൻ. സ്നേഹം നടിച്ച് പെൺകുട്ടികളെ വശീകരിച്ച് നശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യുന്നു. ഇത്തരം ചതിക്കുഴികളെക്കുറിച്ചുള്ള തിരിച്ചറിവില്ലാതെ എത്രയോ പേർ നശിക്കുന്നു.
ഇന്ന് ലഹരി മാഫിയ എത്ര ശക്തമെന്ന് ചിന്തിക്കേണ്ടതാണ്. ഞാനതിലൊന്നും വീഴില്ലെന്ന വാക്ക് പറഞ്ഞ് പലരും ഉപദേശങ്ങളെ തള്ളിക്കളയുന്നുണ്ട്. അങ്ങനെയുള്ളവർ വല്ലപ്പോഴും ഒഴുകിപ്പോകുന്നത് കാണാൻ കഴിയും.
ന്യൂജൻ (പുതിയ തലമുറക്കാർ) അവർക്ക് പുതുമ നിറഞ്ഞ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത് നല്ല കാര്യമാണ്. അത് സ്വന്തം ജീവന് നാശം വരുത്തുന്നതായാൽ അത് അനുകരിക്കുന്നത് അപകടമെന്ന് മനസ്സിലാക്കാനുള്ള വിവേചനശക്തി ആവശ്യമാണ്. ഇടവക കാര്യങ്ങളിൽനിന്നും ജനത്തെ പിന്തിരിപ്പിക്കുവാൻ ദൈവം കഴിഞ്ഞ കാലങ്ങളിൽ തന്റെ ദാസരിലൂടെയും വചനത്തിലൂടെയും സംസാരിച്ചപ്പോൾ അതിനെ പുച്ഛിച്ചു തള്ളുവാൻ മാത്രമേ സഭാ നേതൃത്വത്തിനും കഴിഞ്ഞുള്ളൂ. ഇന്ന് തെറ്റുകൾ തോറും, മാധ്യമങ്ങളിലൂടെയും മെത്രാന്മാർ, വൈദികർ അവഹേളിക്കപ്പെടുന്നു. വായിൽ തോന്നുന്നതൊക്കെ വിളിച്ചുപറയാൻ ലോകത്തിന്റെ മനുഷ്യർക്ക് ബുദ്ധിമുട്ടില്ല എന്നാൽ ദൈവരാജ്യത്തിന്റെ വക്താക്കളായിരിക്കേണ്ട മെത്രാന്മാർക്ക് അവരുടെ നിലയിലേക്കിറങ്ങാനും അധഃപതിക്കാനും സാധിക്കില്ല.
സഭയെ പീഡിപ്പിക്കാൻ തനിക്ക് കിട്ടിയ സന്ദർഭം സാത്താൻ ശരിക്കും വിനിയോഗിക്കുക തന്നെ ചെയ്യും. സഭാസ്ഥാപനങ്ങൾ, ആശുപത്രികളും സ്കൂളുകളും ഒക്കെ ബ്ലഡ് കമ്പനികളെപ്പോലെ സമ്പത്തിനുവേണ്ടി നിലകൊള്ളുമ്പോൾ ഒരു സാധാരണക്കാരന്റെ മനസ്സിൽ സഭാ നേതൃത്വത്തോടുള്ള സ്നേഹവും ബഹുമാനവും മരിച്ചു കഴിഞ്ഞിരുന്നു. ഇന്ന് പള്ളിപ്പെരുന്നാളുകൾപോലും ചൂഷണത്തിന്റെ വേദികളാണ്. ഉദാഹരണത്തിന് തൃശ്ശൂർ ഒരു പള്ളിയിൽ മാതാവിന്റെ തലയിൽ കിരീടം വെയ്ക്കുക എന്നൊരു ചടങ്ങുണ്ട്. കിരീടം വെയ്ക്കാൻ പണം കൊടുക്കണം. അതുപോലെ പുണ്യവാന്മാരുടെയും മാലാഖമാരുടെയും യേശുവിന്റെയും മാതാവിന്റെയും രൂപങ്ങൾ ഉണ്ടാക്കി വിൽക്കുന്നു. ഈ ഇനത്തിൽ എത്ര ആയിരം രൂപയാണ് പള്ളിക്ക് വരുമാനം. ഓരോ കാര്യത്തിനും നിശ്ചിത നിരക്കിൽ പണം കൊടുക്കണമെന്ന് പള്ളി മുറ്റം ബോർഡിൽ പരസ്യപ്പെടുത്തുന്നു. എല്ലാത്തിനും പണം കൊടുക്കണം. പണം ഉള്ളവനുവേണ്ടി എന്തും ചെയ്യും. ഇല്ലാത്തവൻ ശബ്ദിക്കരുത് ഇതാണ് ഇന്നത്തെ സ്ഥിതി. തിരുശേഷിപ്പുകൾ സ്ഥാപിച്ച് എത്രയോ പണം സമ്പാദിക്കുന്നു. മെത്രാന്മാരും വൈദികരും പണത്തിനുവേണ്ടി മാത്രമാണ് ജീവിക്കുന്നത് എന്ന് പ്രചരിപ്പിക്കുന്നു. എന്തുകൊണ്ട് സഭയിൽ നിന്ന് ജനങ്ങൾ അകന്നു പോയ്ക്കൊണ്ടിരിക്കുന്നു എന്ന സത്യം മനസ്സിലാക്കണം. എഴുപതുകളിലെ കോളേജ് സമരത്തിൽ സഭയുടെ മുഴുവനും പിൻബലം ഉണ്ടായിരുന്നു. ഇന്ന് അപ്രകാരമൊരു സമരമുണ്ടായാൽ ഒരു ന്യൂനപക്ഷം മാത്രമേ സഭയോടൊപ്പം വരികയുള്ളൂ. സഭയിലെ ഇന്നത്തെ വഴക്കുകളും കക്ഷികളും അവസാനിപ്പിച്ച് തെറ്റുതിരുത്താൻ സഭാ നേതൃത്വം തയ്യാറായില്ലെങ്കിൽ നഷ്ടം സംഭവിക്കുക വരും തലമുറക്കായിരിക്കും.
സഭ തെറ്റു തിരുത്തണം, മെത്രാന്മാരും വൈദികരും സുവിശേഷകരും കർത്താവായ യേശുവിലേക്ക് തിരികെ വരണം. ദൈവ വചനത്തിനു നിരക്കാത്ത രീതിയിൽ അന്യമതങ്ങളെ അനുകരിക്കാൻ പോയതും അവയിലെ മാലിന്യങ്ങൾ ക്രിസ്തീയ വിശ്വാസത്തിൽ കൂട്ടിച്ചേർത്തതും സഭ ആക്രമിക്കപ്പെടാൻ കാരണമാണ്. സഭയിൽ ഇന്ന് കക്ഷിപഴക്കുകൾ രൂക്ഷമായിരിക്കുകയാണ്. ഇതിലൊരു പക്ഷത്തുമില്ലാത്ത നിഷ്പക്ഷമതികൾ വളരെയാണ്. അവർ സഭയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചാൽ സഭാ നേതൃത്വം ഒറ്റപ്പെടും. സഭ തിന്മയെ തിരിച്ചറിഞ്ഞ് അതിനെ ചെറുക്കണം. ദാസന്റെ മനോഭാവത്തിലേക്ക് ഇറങ്ങിവരാനും തയ്യാറാവണം. ദൈവ വചനത്തിന് അനുസരിച്ച് ജീവിക്കാൻ ഓരോരുത്തരും തയ്യാറാകണം. സഭയെ വിശുദ്ധീകരിക്കുക. കർത്താവ് തന്റെ സർവ്വശക്തിയോടും കൂടെ കടന്നുവരും. ശത്രുക്കളെ ചിതറിക്കും. സഭ തെറ്റു തിരുത്തിയാൽ പള്ളികൾക്കും സഭാ സ്ഥാപനങ്ങൾക്കും സ്വർഗ്ഗം ഏറ്റവും വലിയ സംരക്ഷണം നൽകും. ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ. (റോമ.12:2).
എഡിറ്റോറിയലിലെ പ്രധാന ആശയങ്ങൾ (Summary)
മൂല്യച്യുതിയും സുഖലോലുപതയും: 'എളിയ ജീവിതവും ഉന്നതമായ ലക്ഷ്യവും' എന്ന പഴയകാല ക്രൈസ്തവ ത്യാഗമനോഭാവം മാറി, ഇന്നത്തെ സമൂഹം സുഖലോലുപതയിലേക്ക് വഴിമാറുന്നു.
യുവതലമുറ നേരിടുന്ന ചതിക്കുഴികൾ: വിദ്യാഭ്യാസ മേഖലയിലെ കലുഷിതമായ അന്തരീക്ഷം, സ്നേഹം നടിച്ച് പെൺകുട്ടികളെ വശീകരിച്ച് നശിപ്പിക്കുന്ന ചതിക്കുഴികൾ, ശക്തമായ ലഹരി മാഫിയ എന്നിവ പുതിയ തലമുറയ്ക്ക് വലിയ ഭീഷണിയാകുന്നു.
സഭയ്ക്കെതിരെയുള്ള വിമർശനങ്ങൾ: സഭാ സ്ഥാപനങ്ങളും ആശുപത്രികളും സ്കൂളുകളും പണത്തിനുവേണ്ടി നിലകൊള്ളുന്ന 'ബ്ലഡ് കമ്പനികൾ' പോലെയാകുമ്പോൾ സാധാരണക്കാരന് സഭയോടുള്ള ബഹുമാനം നഷ്ടപ്പെടുന്നു. പള്ളിപ്പെരുന്നാളുകൾ പോലും പണം സമ്പാദിക്കാനുള്ള ചൂഷണവേദികളായി മാറുന്നുവെന്ന വിമർശനം ഉയരുന്നു.
തിരുത്തലിനുള്ള ആഹ്വാനം: സഭയിലെ കക്ഷിവഴക്കുകൾ അവസാനിപ്പിച്ച് തെറ്റുകൾ തിരുത്താൻ സഭാനേതൃത്വം തയ്യാറാകണം. ദൈവവചനത്തിന് നിരക്കാത്ത അന്യമത അനുകരണങ്ങളും മാലിന്യങ്ങളും ക്രിസ്തീയ വിശ്വാസത്തിൽ കൂട്ടിച്ചേർത്തതാണ് സഭ ആക്രമിക്കപ്പെടാൻ കാരണം. മെത്രാന്മാരും വൈദികരും ദാസന്റെ മനോഭാവത്തിലേക്ക് തിരിച്ചുവരണം.