Knanaya Deepam

loading

മെത്രാപ്പോലീത്തായുടെ സന്ദേശം

പ്രാർത്ഥനയിലും, ഉപവാസത്തിലും, ആത്മസമർപ്പണത്തിലും വളർന്ന്, “ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികൾ” ആകുവാൻ വിശ്വാസിയെ പ്രേരിപ്പിക്കുന്ന അനുഗ്രഹീതമായ ഒരു വിശുദ്ധകാലമായി നമ്മുടെ ഈ വർഷത്തെ ശ്ലീഹാനോമ്പ് ആചരണം വഴി സാധിക്കട്ടെ.

വർഷത്തിൻ്റെ പാതിയിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ലഭ്യമായ ദൈവകൃപയ്ക്കായി ദൈവത്തെ സ്‌തുതിച്ച് ദൈവം നടത്തുമെന്ന പ്രത്യാശയോടെ ദൈവം ദാനമായി നൽകുന്ന ദിനങ്ങളിൽ യാത്ര ചെയ്യാം. ജൂൺ മാസത്തിൽ പരിശുദ്ധ സഭ ആചരിക്കുന്ന ശ്ലീഹാ നോമ്പ്, വിശ്വാസ ജീവിതത്തെ ആത്മീയമായി പുതുക്കുന്ന മഹത്തായ ഉപവാസദിനങ്ങളാണ്. പരിശുദ്ധ ശ്ലീഹന്മാരായ പത്രോസിന്റെ യും പൗലോസിന്റെയും പെരുന്നാളിൽ സമാപിക്കുന്ന ഈ നോമ്പ്, അപ്പസ്തോലിക സഭയുടെ ആത്മാവിനെയും ദൗത്യബോധത്തെയും വിശ്വാസികളുടെ ഹൃദയത്തിൽ പുതുക്കി സ്ഥാപിക്കുന്നു. ശ്ലീഹാ നോമ്പ് ക്രിസ്‌തുവിൻ്റെ സാക്ഷികളായി ജീവിക്കാൻ വിശ്വാസിയെ ഒരുക്കുന്ന ആത്മീയ പരിശീലന കാലമാണ്. ശ്ലീഹന്മാർ സുവിശേഷത്തിനുവേണ്ടി കഷ്‌ടതകളും പീഡനങ്ങളും മരണവും വരെ സഹിച്ചു. പത്രോസ് ദൈവകൃപയിൽ ശക്തനായ വിശ്വാസസാക്ഷിയായി മാറിയപ്പോൾ, പൗലോസ് തൻ്റെ മുഴുവൻ ജീവിതവും ക്രിസ്‌തുവിന്റെ ദൗത്യത്തിനായി സമർപ്പിച്ചു. ഈ മഹത്തായ ജീവിതസാക്ഷ്യങ്ങളെയാണ് സഭ ശ്ലീഹാ നോമ്പിലൂടെ വിശ്വാസികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അതിനാൽ ഈ നോമ്പ് വിശ്വാസജീവിതത്തിൽ ആത്മപരിശോധനയ്ക്കും ആത്മനിയന്ത്രണത്തിനും ദൈവസന്നിധിയിലേക്ക് കൂടുതൽ അടുക്കുന്നതിനും സഹായകമാകുന്നു. അതുകൊണ്ട് ശ്ലീഹാനോമ്പ് ഒരു പതിവ് ആചാരമെന്നതിലുപരി, സഭയുടെ ദൗത്യചൈതന്യം പുതുക്കുന്ന ആത്മീയ അനുഭവമാകണം. ശ്ലീഹന്മാരെപ്പോലെ ക്രിസ്തുവിനെ സ്നേഹിക്കുകയും സുവിശേഷത്തിനായി ജീവിക്കുകയും ചെയ്യാൻ ഓരോ വിശ്വാസിയെയും ഇത് ആഹ്വാനം ചെയ്യുന്നു. പ്രാർത്ഥനയിലും, ഉപവാസത്തിലും, ആത്മസമർപ്പണത്തിലും വളർന്ന്, " ക്രിസ്‌തുവിൻ്റെ ജീവിക്കുന്ന സാക്ഷികൾ" ആകുവാൻ വിശ്വാസിയെ പ്രേരിപ്പിക്കുന്ന അനുഗ്രഹീതമായ ഒരു വിശുദ്ധകാലമായി നമ്മുടെ ഈ വർഷത്തെ ശ്ലീഹാനോമ്പ് ആചരണം വഴി സാധിക്കട്ടെ.

ജൂൺ മാസം പ്രകൃതിയിലും ജീവിതത്തിലും പുതുമയുടെ സന്ദേശവുമായി എത്തുന്ന കാലഘട്ടമാണ്. മഴയുടെ ശീതളതയോടൊപ്പം പുതിയ അദ്ധ്യയന വർഷവും ആരംഭിക്കുമ്പോൾ, അത് കുട്ടികൾക്ക് പുതിയ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പഠനയാത്രയുടെയും തുടക്കമാകുന്നു.

വിദ്യാലയം വെറും പാഠപുസ്‌തകങ്ങൾ പഠിക്കുന്ന ഇടമല്ല; ശീലങ്ങളും മൂല്യങ്ങളും ഉത്തരവാദിത്വവും സ്നേഹവും സഹകരണവും അഭ്യസിക്കുന്ന ജീവിത പാഠശാലയാണ്. അതുകൊണ്ട് കുട്ടികൾ പഠനത്തിൽ ശ്രദ്ധയോടെയും അദ്ധ്യാപകരോടുള്ള ആദരവോടെയും മാതാപിതാക്കളുടെ നിർദ്ദേശങ്ങളോടുള്ള അനുസരണയോടെയും വളരേണ്ടത് അത്യാവശ്യമാണ്. സമയക്രമം പാലിക്കുക, നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക, മൊബൈൽ ഫോണിന്റെയും സമൂഹ മാധ്യമങ്ങളുടെയും അമിത ഉപയോഗം ഒഴിവാക്കുക. ദിവസേന പ്രാർത്ഥനക്കും വായനയ്ക്കും സമയം കണ്ടെത്തുക എന്നിവ കുട്ടികളുടെ ജീവിതത്തെ കൂടുതൽ ശുഭകരമാക്കും. മത്സരമല്ല, വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്ന് മനസ്സിലാക്കണം. ദൈവഭക്തിയും നല്ല സ്വഭാവവും കഠിനാദ്ധ്വാനവും ചേർന്നാൽ ഓരോ കുട്ടിക്കും സമൂഹത്തിന് പ്രകാശമാകാൻ കഴിയും. പുതിയ അധ്യയന വർഷം അറിവിൽ മാത്രമല്ല, നന്മയിലും വിശ്വാസത്തിലും മാനവികതയിലും വളരാനുള്ള അനുഗ്രഹീതമായ അവസരണമാണെന്ന ബോധ്യത്തോടെ മുന്നോട്ട് പോകാം.

മത്സരമല്ല, വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസത്തിൻ്റെ യഥാർത്ഥ ലക്ഷ്യമെന്ന് മനസ്സിലാക്കണം. ദൈവഭക്തിയും നല്ല സ്വഭാവവും കഠിനാദ്ധ്വാനവും ചേർന്നാൽ ഓരോ കുട്ടിക്കും സമൂഹത്തിന് പ്രകാശമാകാൻ കഴിയും.

കേരളത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റിരിക്കുന്ന ഈ അവസരം ജനാധിപത്യത്തിൻ്റെ പുതു പ്രതീക്ഷയുടെയും നിമിഷമാണ്. ജനങ്ങളുടെ ക്ഷേമവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും മുൻനിർത്തി പ്രവർത്തിക്കുവാൻ ദൈവം ഈ ഭരണ സംവിധാനത്തിന് ജ്ഞാനവും, ദർശനവും നൽകട്ടെയെന്ന് ആശംസിക്കുന്നു. രാഷ്ട്രീയ ഭേദങ്ങൾക്കതീതമായി ജനങ്ങളെ സേവിക്കാനുള്ള മനസ്സും, സത്യസന്ധതയും, ഉത്തരവാദിത്വബോധവും ഭരണാധികാരികൾക്കുണ്ടാകേണ്ടത് അത്യാവശ്യമാണ്. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കുന്ന കരുണയുള്ള ഭരണവും, യുവജനങ്ങൾക്കും, കർഷകർക്കും, തൊഴിലാളികൾക്കും, സ്ത്രീകൾക്കും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രത്യാശ നൽകുന്ന വികസനപരമായ തീരുമാനങ്ങളും ഈ സർക്കാരിലൂടെ നടപ്പാകട്ടെ. സമാധാനവും നീതിയും സഹോദര്യവും സംരക്ഷിക്കുന്ന ജനക്ഷേമഭരണം കേരളത്തിന് അനുഗ്രഹമാകട്ടെയെന്നു പ്രാർത്ഥിച്ചുകൊണ്ട് പുതിയ മന്ത്രിസഭയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും നേരുന്നു.

മെയ് 29, 30, 31 തീയതികളിൽ ക്നാനായ കോൺഗ്രസ് നേതൃത്വത്തിൽ നീലംപേരൂർ സെൻ്റ് ജോർജ്ജ് വലിയപള്ളിയിൽ സംഘടിപ്പിക്കപ്പെട്ട സിറിയൻ കുടിയേറ്റ വാർഷികാഘോഷങ്ങൾ ആത്മീയതയുടെയും പാരമ്പര്യം ബോധത്തിന്റെയും കൂട്ടായ്മ്‌മയുടെയും മഹത്തായ സാക്ഷ്യമായി അനുഗ്രഹകരമായി സമാപിച്ചു. ക്‌നാനായ സമൂഹത്തിൻ്റെ വിശ്വാസപാരമ്പര്യവും സാംസ്‌കാരിക തനിമയും പുതുതലമുറയ്ക്ക് പകർന്നു നൽകുവാൻ ഈ മഹാസംഗമം വലിയ പങ്കുവഹിച്ചു. ഈ മഹത്തായ പരിപാടി അത്യന്തം ക്രമീകൃതമായും ഭക്തിനിർഭരമായും സംഘടിപ്പിച്ച സംഘാടക സമിതിയെയും, ക്നാനായ കോൺഗ്രസ് ഭാരവാഹികളെയും ഹൃദയം നിറഞ്ഞ് അനുമോദിക്കുന്നു. ദിവസങ്ങളോളം അഹോരാത്രം പ്രയത്നിച്ച് ക്രമീകരണങ്ങൾ നിർവ്വഹിച്ച പ്രവർത്തകരുടെയും, ആത്മാർത്ഥമായി സഹകരിച്ച വൈദികരുടെയും, ദൈവാലയ ഭാരവാഹികളുടെയും, യുവജനങ്ങളുടെയും, വനിതാസമാജ പ്രവർത്തകരുടെയും, എല്ലാ സന്നദ്ധ സേവകരുടെയും സമർപ്പണ മനോഭാവം പ്രത്യേകം സ്‌മരിക്കപ്പെടേണ്ടതാണ്. ആഘോഷ വിജയത്തിനായി പ്രാർത്ഥനയാലും, സാന്നിദ്ധ്യത്താലും, സാമ്പത്തിക സഹായത്താലും വിവിധ രീതികളിലുള്ള പിന്തുണയാലും സഹകരിച്ച എല്ലാ വിശ്വാസികളെയും നന്ദിയോടെ ഓർക്കുന്നു. പൂർവ്വികർ വിശ്വാസത്തിലും പാരമ്പര്യത്തിലും കാത്തുസൂക്ഷിച്ച മഹത്തായ ആത്മീയ പൈതൃകം ഇന്നത്തെ തലമുറയിൽ പുതുജീവനോടെ നിലനിർത്തുവാൻ ഇത്തരം വാർഷികാഘോഷങ്ങൾ ശക്തമായ പ്രചോദനമാകുണ്. സമൂഹ ഐക്യവും, വിശ്വാസദൃഡതയും പരസ്‌പരസ്നേഹവും കൂടുതൽ വളർത്തിയ ഈ അനുഗ്രഹീത സംഗമം ക്നാനായ സമുദായ ചരിത്രത്തിൽ സ്‌മരണീയമായ ഒരു അദ്ധ്യയമായി നിലനിൽക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

കോട്ടയം വലിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന ക്നാനായ സമുദായത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്ത പുണ്യശ്ലോകനായ ഗീവർഗീസ് മോർ സേവേറിയോസ് തിരുമേനിയുടെ ഓർമ്മയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ പ്രാരംഭം ജൂൺ 10,11 തീയതികളിൽ അതീവ ഭക്തിനിർഭരമായും ആത്മീയ ഗൗരവത്തോടെയും സംഘടിപ്പിക്കപ്പെട്ടത് നായ സമൂഹത്തിന് അഭിമാനവും, ആത്മീയ പ്രചോദനവും പകരുന്ന അനുഗ്രഹീത അനുഭവമായി മാറി. ദീർഘ വീക്ഷണവും, ആത്മീയതയും, ദാനശീലവും കൊണ്ട് ക്നാനായ സമൂഹത്തിൻ്റെ വളർച്ചയ്ക്ക് അടിത്തറ പാകിയ മഹാനായ ഇടയന്റെ സ്‌മരണയെ യോഗ്യമായ രീതിയിൽ ആചരിക്കുവാൻ മുന്നിട്ടിറങ്ങിയ വലിയപള്ളി വികാരിയച്ചനും, ഭരണ സമിതിയംഗങ്ങളും, ഇടവകജനങ്ങളും പ്രത്യേക പ്രശംസയും അഭിനന്ദനവും അർഹിക്കുന്നു. തിരുമേനിയുടെ മഹത്തായ സേവനങ്ങളെയും സഭയ്ക്കും സമൂഹത്തിനും നൽകിയ ആത്മീയ നേതൃത്വത്തെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുവാൻ ഈ ആഘോഷങ്ങൾ വലിയ അവസരമായി മാറി. ഈ ഓർമ്മപെരുന്നാൾ വിജയകരമാക്കുവാൻ ആത്മാർത്ഥമായി പ്രവർത്തിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. പ്രഥമ മെത്രാപ്പോലീത്ത തിരുമേനിയുടെ വിശുദ്ധ സ്‌മരണയും, അനുഗ്രഹീത മാതൃകയും ക്നാനായ സമൂഹത്തെ ഐക്യത്തിലും വിശ്വാസത്തിലും സേവനാത്മകതയിലും കൂടുതൽ ശക്തിപ്പെടുത്തട്ടെയെന്ന് പാർത്ഥിക്കുന്നു.

കർത്ത്യ ശുശ്രൂഷയിൽ

മോർ സേവേറിയോസ് കുറിയാക്കോസ്, ക്നാനായ സമുദായ മെത്രാപ്പോലീത്ത

മറ്റ് മാസങ്ങളിലെ ലേഖനങ്ങൾ