Knanaya Deepam

loading

പ്രത്യാശയോടെയും ദൃഢവിശ്വാസത്തോടെയും അന്ത്യയാത്ര

മനുഷ്യ ജീവിതത്തിൽ സുനിശ്ചിതമായ ഒന്നുണ്ട് മരണം. അത് എപ്പോൾ എങ്ങനെ എന്നു മാത്രം ആർക്കും നിശ്ചയമില്ല. എന്നാൽ ചിലർ തികഞ്ഞ പ്രത്യാശയോടെയും ശുഭ പ്രതീക്ഷയോടും അന്ത്യത്തെ സ്വാഗതം ചെയ്യുന്നു. മറ്റു ചിലർ പാരവശ്യത്തോടും പരിഭ്രമത്തോടും കടുത്ത നിരാശയോടെയുമായിരിക്കും. ദൈവത്തിൽ സമ്പൂർണ്ണ വിശ്വാസവും അവിടുത്തെ വാഗ്ദാനങ്ങളിൽ ഉറപ്പുള്ളവർ സമാധാനമായും പ്രസന്നതയോടും അന്ത്യം വരിക്കും. മരണത്തെ അവർ കാണുന്നത് താത്കാലികമായ ഇവിടത്തെ ഭവനത്തിൽനിന്ന് ശാശ്വതമായ സ്വന്തം ഭവനത്തിലേക്കുള്ള പ്രയാണം എന്നാണ്.

മെഡിക്കൽ ബിരുദം എടുത്തശേഷം ത്വക് രോഗത്തിൽ ഉപരിപഠനം പൂർത്തിയാക്കി. പ്രാക്ടീസ് ചെയ്യുവാൻ ആറു മാസം മാത്രം അവശേഷിക്കുന്ന അവസരത്തിൽ രോഗബാധിതനായി മൂന്നു മാസത്തിനുള്ളിൽ അന്ത്യം വരിച്ച ഒരു ഉത്തമ വിശ്വാസിയുടെ അനുഭവവും, ഒരു ഡോക്ടറായ പിതാവ് തന്നെ വിവരിക്കുന്നത് ഹൃദയ സ്പർശിയാണ്.

പെട്ടെന്നാണ് മകൻ വലിയ ക്ഷീണവും അസ്വാസ്ഥ്യവും ശ്വാസ തടസ്സവും അനുഭവപ്പെട്ടത്. പരിശോധനയിൽ ശ്വാസകോശങ്ങൾക്കും അസ്ഥികൾക്കും രോഗം കഠിനമായി ബാധിച്ചിരിക്കുന്നു എന്നു കണ്ടെത്തി. ശക്തമായ ഔഷധങ്ങൾ നൽകി. പിന്നീട് കിഡ്‌നിയും തകരാറിലായി. ചികിത്സകൾക്കൊന്നും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയായി. ഡോക്ടറായ പിതാവ് മകൻ താമസിക്കാതെ ഒരു ത്വക് രോഗ വിദഗ്ദ്ധൻ ആകുമെന്ന് സ്വപ്നം കണ്ടുകഴിയുമ്പോഴാണ് ഈ അവസ്ഥ നേരിടേണ്ടിവന്നത്. രക്തദാനം പലവട്ടം നടത്തി ഡയാലിസിസ് ആരംഭിച്ചു. പക്ഷേ നിരാശാജനകമായ അവസ്ഥ തുടർന്നു. പിതാവ് തികഞ്ഞ ദൈവവിശ്വാസിയും ആത്മീയ വീക്ഷണവും ഉള്ളവനായിരുന്നു. ആ വിശ്വാസത്തിലും അനുഭവത്തിലുമാണ് മകനേയും വളർത്തിയത്. പിതാവിനെ ധൈര്യപ്പെടുത്തുന്നതും ആശ്വാസം പകരുന്നതുമായ വാക്കുകളാണ് മകനിൽനിന്ന് കേൾക്കുവാൻ കഴിഞ്ഞത്. അവർ തമ്മിലുള്ള സംഭാഷണത്തിൽ സഹനം, വിശ്വാസം, മരണം, മരണാനന്തരാനുഭവം ഇങ്ങനെയുള്ള വിഷയങ്ങൾ കടന്നു വന്നു. ഇരുവരുടേയും ചിന്താനിലവാരം അതു വെളിപ്പെടുത്തുന്നു. പിതാവ് അനുസ്മരിക്കുന്നു. “ആ സംഭാഷണം എന്റെ ജീവിതത്തിലെ അമൂല്യ നിധിയായി ഞാൻ കരുതുന്നു.”

ആശുപത്രിയിൽ ഈ അവസ്ഥയിൽ തുടരുന്നതുകൊണ്ട് കൂടുതൽ പ്രയോജനമൊന്നുമില്ലെന്ന് ബോധ്യമായി അത്തരം അവസ്ഥയിൽ ഭവനത്തിലേക്ക് കൊണ്ടുപോകുകയാണ് വേണ്ടത്. എന്നാൽ ചില ആശുപത്രിക്കാർ അതിനു സമ്മതിക്കാതെ വായിലും മൂക്കിലും എല്ലാം കുഴലുകളും ഘടിപ്പിച്ച് കൃത്രിമ ശ്വാസോച്ഛ്വാസവും നൽകി ഇന്റൻസീവ് കെയറിൽ കാത്തുവെക്കും. ആർക്കും ഒന്നു കാണുവാൻപോലും അനുവാദമില്ല. ഏറ്റവും അടുത്ത ബന്ധുക്കൾക്ക് അന്ത്യനിമിഷത്തിൽ അടുത്തു നിൽക്കുന്നതിനോ ഒന്ന് സ്പർശിക്കുന്നതിനോ തലോടുന്നതിനോ ഒന്നും സാഹചര്യമില്ല. ജീവൻപോയി കഴിയുമ്പോൾ മാത്രം വീട്ടുകാരെ അറിയിക്കും. ആശുപത്രിയ്ക്ക് ഭീമമായ ഒരു ബിൽ വീട്ടുകാർ അടയ്ക്കേണ്ടി വരികയും ചെയ്യും. ആശുപത്രിയിൽ അധികം ഒന്നും ചെയ്യാൻ ഇല്ലെന്നു ബോധ്യമാകുമ്പോൾ, യാന്ത്രികമായി കുറെ സമയത്തേക്കു കൂടി ജീവൻ പിടിച്ച് നിർത്തുന്നതിൽ അർത്ഥമൊന്നുമില്ല.

രോഗിയായിരിക്കുന്ന മകൻ പിതാവിനോട് “ഡാഡി എനിക്ക് ഭവനത്തിൽ പോകണം” പിതാവിന്റെ മറുപടി “മോനെ നീ നിന്റെ ശാശ്വത ഭവനത്തിലേക്ക് പോകുകയാണ്. മകന്റെ നിർബന്ധ പൂർവ്വമായ ആഗ്രഹം തന്റെ ശാശ്വത ഭവനത്തിലേക്ക്, എന്റെ താല്കാലിക ഭവനത്തിൽനിന്നാണ് പോകേണ്ടത്.” പിതാവ് അതിന് സമ്മതിച്ച് അവനെ ഭവനത്തിലേക്ക് കൊണ്ടുപോയി.

പിതാവ് സാക്ഷിക്കുന്നു അവൻ കാണിച്ച ധൈര്യവും പ്രത്യാശയും പ്രസന്നതയും പുളകം അണിയിക്കുന്നതായിരുന്നു. ആ അന്ത്യഘട്ടം ധൈര്യത്തോടും പ്രത്യാശയോടെയും നേരിടുവാൻ ഞങ്ങൾക്ക് പ്രാപ്തി നൽകി. ഞാൻ അവന്റെ അടുക്കൽ അവന്റെ കൈപിടിച്ച് കസേരയിൽ ഇരിക്കുമ്പോൾ അവൻ എന്റെ ഹൃദയഭാരം അറിഞ്ഞു പറയുകയാണ് “ഞാൻ നിങ്ങളുടെ അംബാസഡർ ആയി സ്വർഗ്ഗത്തിൽ പോകുകയാണ്. അതിൽ കൂടുതൽ എന്താണ് നിങ്ങൾക്ക് ആഗ്രഹിക്കാനുള്ളത്. മറ്റൊരു ദിവസം എന്റെ ഹൃദയव्यഥയിൽനിന്ന് ഞാൻ പറഞ്ഞു എന്റെ അമൂല്യനിധി എനിക്ക് നഷ്ടമാകുകയാണല്ലോ എന്ന്. അപ്പോൾ അവന്റെ ചോദ്യം അമൂല്യനിധി എവിടെയാണ് സൂക്ഷിച്ച് വെയ്ക്കുക? ഈ നിധി സ്വർഗ്ഗത്തിൽ ആണ് സൂക്ഷിക്കുന്നത് എന്നോർക്കുക.

അവന്റെ അന്ത്യസമയമടുത്തപ്പോൾ ചോദിച്ചു “ഞാൻ അന്ത്യശ്വാസം വലിക്കുമ്പോൾ അങ്ങെന്നെ ചെയ്യണം എന്റെ കയ്യിൽ ഒരു കുരിശു തരണം. അപ്പോൾ ഞാൻ പറയും കർത്താവേ അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഭരമേൽപ്പിക്കുന്നു. ഡാഡ് എനിക്കപ്പോൾ ബോധമില്ലെങ്കിൽ എനിക്കുവേണ്ടി ഡാഡ് അതു പറയുമോ? ‘തീർച്ചയായും മോനേ’ എന്ന് പിതാവ് ഉറപ്പുനൽകി ഒരു ജനുവരി പതിനൊന്നിന് അവൻ തന്റെ ശാശ്വത ഭവനത്തിലേക്ക് യാത്രയായി.

ഹൃദയ സ്പർശിയായ ഈ സംഭവകഥ ചില സന്ദേശങ്ങൾ നമുക്ക് നൽകുന്നു.

1). മാതാപിതാക്കന്മാർ മക്കൾക്ക് പകർന്നു കൊടുക്കാനുള്ളത് സമ്പത്തോ ഭൗതിക നേട്ടങ്ങളുമാണെന്ന് ധരിക്കുന്നവരുണ്ട്. അതിൽ തെറ്റൊന്നുമില്ല. പക്ഷെ അത് മക്കൾക്ക് ഉപകരിച്ചു എന്ന് വരുകയില്ല. എന്നാൽ ആത്മീയതയും ധാർമ്മിക മൂല്യങ്ങളുമെങ്കിൽ അത് അവരുടെ ജീവിതത്തെ ധന്യമാക്കും. പ്രതിസന്ധികളെ പ്രത്യാശയോടെ നേരിടാൻ പ്രാപ്തരാക്കും.

  1. ജീവിതവും മരണവും തമ്മിൽ ബന്ധമുണ്ട്. ഉത്തമവും ആത്മീയവുമായ ജീവിതമെങ്കിൽ അന്ത്യ നിമിഷം പരിഭ്രമജനകമോ ഭയാനകമോ ആയി തോന്നുകയില്ല പ്രശാന്തമായിരിക്കും.

  2. മരണത്തെ ഭയപ്പെടേണ്ട ഒന്നല്ല എന്ന് പൗലോസ് അപ്പോസ്തോലൻ വിശ്വസിച്ചു. അദ്ദേഹം ചോദിക്കുന്നു, ഹേ മരണമേ നിന്റെ ജയമെവിടെ, ഹേ മരണമേ നിന്റെ വിഷമുള്ളെവിടെ (1.കോരി. 15:15). മരണത്തെ ലാഭമായി കാണുവാൻ സാധിക്കുന്നത് അതിനപ്പുറമുള്ള അനുഭവത്തിന്റെ ഔന്നത്യത്താലാണ് ശൂന്യതയിലേക്കോ ഒന്നുമില്ലായ്മയിലേക്കോ പോവുകയല്ല, വീടുപിരിഞ്ഞ് ക്രിസ്തുവിനോടുകൂടെയുള്ളതാണ് ക്രിസ്തീയ വിശ്വാസികളുടെ നിർണ്ണയം.

“മരംകൊണ്ട് മണ്ണ് തടുക്കും മൗനം കൊണ്ട് മനസ്സും”