അവധികഴിഞ്ഞ് പുതിയ ഒരു അദ്ധ്യയന വർഷം ആരംഭിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം - അദ്ധ്യാപനം - പാരന്റിങ്ങ് ഒക്കെ ഒന്നുകൂടി ആഴത്തിൽ ചിന്തിക്കാൻ ഇത് നല്ലൊരു മുഹൂർത്തമാണെന്നു കരുതുന്നു.
കുട്ടികളുടെ പഠന - ജീവിത മികവ് വർദ്ധിപ്പിക്കുന്നതിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലതാണ്. ഇന്ന് മിക്ക മാതാപിതാക്കളും കുട്ടികളുടെ മാർക്കും ഗ്രേഡും റാങ്കും മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. കുട്ടികളെ സ്കൂൾ നോക്കിക്കൊള്ളും എന്ന് ചിന്തിക്കുന്നവരും കുറവല്ല. എന്നാൽ നല്ല വിദ്യാഭ്യാസം വീടുകളിൽ ആണ് ആരംഭിക്കേണ്ടത്.
മൂന്നു വയസ്സിലേ സ്കൂളിൽ ചേർത്ത് എല്ലാവരേം പണക്കാരാക്കാനുള്ള പരിപാടിയാണ് ഇന്ന് മികവിന്റേയും വിദ്യാഭ്യാസം എന്ന പേരിൽ നടക്കുന്നത്. പറ്റുമെങ്കിൽ LKG യിൽ തന്നെ ട്യൂഷനും തുടങ്ങും. ഇത് കുട്ടികളുടെ സുസ്ഥിര ഭാവി ഉറപ്പുവരുത്താൻ സഹായിക്കുകയില്ല. അവരുടെ ശാരീരിക ആരോഗ്യം, മാനസികനില, വൈകാരിക ബുദ്ധിശക്തി, സ്വഭാവം ഒക്കെ ശ്രദ്ധിക്കേണ്ടതുണ്ട്.
കുഞ്ഞുങ്ങൾക്ക് സന്തോഷകരമായും സമഗ്രമായും വളർന്നു വരാൻ സഹായകരമായ ഒരു ഭവന അന്തരീക്ഷം വളരെ പ്രധാനമാണ്. മാതാപിതാക്കൾ തമ്മിലുള്ള വഴക്ക്, മദ്യപാനം, മാനസിക പ്രശ്നങ്ങൾ ഒക്കെ കുട്ടികളെ പ്രതികൂലമായി ബാധിക്കും.
പോഷക സമൃദ്ധമായ ഭക്ഷണം കുട്ടികളുടെ വളർച്ചയ്ക്ക് അതിപ്രധാനം! നല്ല ആഹാരം നല്ല സംസ്കാരം കൂടിയാണ്, ഓർക്കുക! ഒരു നേരമെങ്കിലും വീട്ടിലുള്ള എല്ലാവരും കൂടി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് കുട്ടികൾക്ക് വലിയ ഗുണം ചെയ്യും. ഭക്ഷണ സമയത്തു പഠന വിഷയങ്ങളൊന്നും ചർച്ചയ്ക്ക് കൊണ്ടുവരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കുട്ടികളെ ചെറിയ പ്രായത്തിലെ ശുചിത്വവും മറ്റും ശീലിപ്പിക്കാം. കുട്ടികൾ നന്നായി ഉറങ്ങേണ്ടത് അവരുടെ സമഗ്ര വളർച്ചയ്ക്ക് അനിവാര്യമാണ്. കുട്ടികളുടെ ബുദ്ധി വളർച്ച ആറ്-എട്ട് വയസ്സുവരെയാണ് പ്രധാനമായും നടക്കുന്നത്. ഈ പ്രായത്തിൽ അവരെ നന്നായി കരുതിയാൽ അവരുടെ ഭാവിജീവിതം നന്നാവും. കുട്ടികളുടെ വൈകാരിക പ്രതിഫലനങ്ങൾ ശ്രദ്ധിക്കണം മനോവ്യാപാരങ്ങൾ അറിയണം, അവരെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കണം. മാനസിക ആരോഗ്യവും കൂടുതൽ പരിപോഷിപ്പിക്കണം. കുട്ടികൾ നന്നായി ഓടിപ്പാടി സമപ്രായക്കാരാടൊത്തു കളിക്കണം. കളികൾ ശാരീരിക ആരോഗ്യത്തിനു മാത്രമല്ല വൈകാരിക - മാനസിക ആരോഗ്യത്തിനും വളരെ ആവശ്യമാണ്. കൂട്ടുകൂടാനും വഴക്കുകൂടാനും വീഴാനും തോൽക്കാനും തർക്കിക്കാനും ഒക്കെ വേറെ എവിടെയാണ് അവസരം കിട്ടുക?
സ്കൂൾ വിട്ടുവരുന്ന കുട്ടികളെ ട്യൂഷൻ സെന്ററിൽ വെച്ച് പുഴുങ്ങി ഉണക്കി കളയരുത്. അവർ ഓടിപ്പാടി കളിക്കട്ടെ! കുട്ടികൾ ഹാപ്പിയാണെന്നും active ആണെന്നും കുട്ടിക്കാലത്തേ ഉറപ്പാക്കാം. കളിക്കാത്ത കുട്ടികളിൽ developmental delay ഉണ്ടാകുന്നതായി പഠനങ്ങൾ!
അവരുടെ കഴിവുകളും അഭിരുചിയും ഒക്കെ ചെറിയ പ്രായത്തിലേ കണ്ടെത്താം-പ്രോത്സാഹിപ്പിക്കാം. മാതാപിതാക്കളുടെ സ്വപ്നങ്ങൾ അവരുടെ മേൽവച്ച് കെട്ടാതിരിക്കാം! അവരെ ആരോടും compare ചെയ്യാതിരിക്കാം. അവർ ഓരോരുത്തരും different ആണ്. ഫോട്ടോക്കോപ്പി ആക്കാൻ ശ്രമിക്കാതിരിക്കാം!
പ്രത്യേകിച്ച് ഒരു മേഖലയിലും ഇനി തൊഴിൽ അവസരങ്ങൾ അമിതമായി ഇല്ല. അവനവൻ കഴിവുള്ള മേഖലയിൽ പോയില്ലെങ്കിൽ തോൽവിയായിരിക്കും ഫലം!
സാമൂഹികബോധം, സംസ്കാരം, ചരിത്രബോധം, പരിസ്ഥിതി ബോധം ഒക്കെ ഒരു നല്ല വ്യക്തിത്വത്തിന്റെ അടയാളമാണ്. ഇതൊക്കെ പരിപോഷിപ്പിക്കാൻ സ്കൂളിൽ സമയമില്ല മാതാപിതാക്കൾക്ക് കാഴ്ചപ്പാടില്ല.
അനാവശ്യ മത്സരതൃഷ്ണ അവരിൽ വളർത്താതിരിക്കാം. അവർ ആദ്യം സ്നേഹിക്കാനും കരുതാനും വിട്ടുകൊടുക്കാനും പഠിക്കട്ടെ. തോൽക്കാനും പഠിക്കേണ്ടതുണ്ട്. അമിത വാശിയും നിർബന്ധവും ഒന്നും സാധിച്ചുകൊടുക്കേണ്ടതില്ല. വിനയവും എളിമയും ശീലിപ്പിക്കാം.
ഉപദേശമല്ല സ്വയം മാതൃകയാവുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.
ബഹുമാനിക്കാനും സ്നേഹിക്കാനും കരുതാനും ഒക്കെ അവർ പഠിക്കുന്നത് ഭവന അന്തരീക്ഷത്തിൽ നിന്ന് തന്നെ യാണ്. അതിനുള്ള ധാരാളം മുഹൂർത്തങ്ങൾ കുഞ്ഞുങ്ങൾക്കായി സൃഷ്ടിക്കാം.
കുട്ടികൾക്കായി മാതാപിതാക്കൾ നൽകേണ്ട ഏറ്റവും വലിയ സമ്മാനം സമയമാണ്. ഗുണമേന്മയുള്ള സമയം. കാഴ്ചപ്പാടും ആശയങ്ങൾ പങ്കുവെക്കാനും വിജ്ഞാനം നൽകാനും ലക്ഷ്യബോധം സൃഷ്ടിക്കാനും പഠന താല്പര്യം വർദ്ധിപ്പിക്കാനും ഒക്കെ സമയം ഉപയോഗപ്പെടുത്താം. കെട്ടിപ്പിടിക്കാനും ഉമ്മകൊടുക്കാനും അവരോടൊത്തു കളിക്കാനും തമാശ പങ്കിടാനും ഒന്നും ഒട്ടും പിശുക്കുകാട്ടേണ്ട.
ഒരുമിച്ചുള്ള ഭക്ഷണം. പ്രവർത്തനങ്ങൾ. പ്രാർത്ഥന, സന്തോഷങ്ങൾ. യാത്രകൾ, പരിഭവങ്ങൾ, കളികൾ, കുറുമ്പുകൾ, പിണക്കങ്ങൾ, ജയങ്ങൾ, തോൽവികൾ, വീഴ്ചകൾ... ബന്ധങ്ങൾ, ആഘോഷങ്ങൾ, സംഭവങ്ങൾ ഒക്കെ ഓർമ്മകളുടെ ആഴം കൂട്ടും...
അനുഭവങ്ങൾ ആണ് ജീവിതത്തിനു ഗൃഹാതുരത്വം നൽകുന്നത്. Invest in their memories!
കുട്ടികളുടെ കാര്യത്തിൽ അമിതമായി ധൃതികൂട്ടരുത്. അമിത പ്രതീക്ഷ വളരെ അപകടം. കുട്ടികളുടെ താളവും തലവും മനസ്സിലാക്കുക. അവരെ പ്രോത്സാഹിപ്പിക്കുക. അവരെ അംഗീകരിക്കാനും support ചെയ്യാനും മറക്കേണ്ട. മിടുക്കു കുറവുള്ള കുട്ടികളെ കൂടുതൽ കരുതുകയും സ്നേഹിക്കുകയും വേണം. കൂടെയുണ്ട് എന്നുള്ള വിശ്വാസം അവരിൽ സൃഷ്ടിക്കണം. ആത്മവിശ്വാസം നൽകി അവരെ മെച്ചപ്പെടുത്താം. ചെറിയ പ്രായത്തിലേ അവരിൽ ഹൈ confidence വളർത്തണം. അവരെ എന്തിനെല്ലാം കൊള്ളാമെന്നും, അവരുടെ ശക്തിയും മികവും എവിടെയാണെന്നും അവരെ ബോധ്യപ്പെടുത്തണം! കുറവുകളെ ഒരുപാട് project ചെയ്യേണ്ട. സന്തോഷമുള്ള ബാല്യവും, ആത്മവിശ്വാസമുള്ള കൗമാരവും അവരിൽ ഉറപ്പാക്കുക. അവരെ കണ്ടെത്താൻ (discover) അവരെ സഹായിക്കുക.
കൗൺസിലിംഗും മാർഗനിർദ്ദേശവും ഒക്കെ സമയത്തു നൽകാം. സ്കൂളിലും ആരാധനാലയങ്ങളിലും ഒക്കെ ഇത് ഉറപ്പുവരുത്താം. കുടുംബമായിത്തന്നെ guidance ഒക്കെ എടുക്കുന്നത് വലിയ ഗുണം ചെയ്യും. നല്ല ഗൈഡൻസും കൗൺസിലിംഗും രാജ്യനിർമ്മാണ പ്രവർത്തനം തന്നെയാണത്!
വിദ്യാഭ്യാസം വെറും സാക്ഷരതയല്ല. അത് വെറും എഴുത്തും വായനയും ശാസ്ത്രവും കണക്കും മാത്രമല്ല. അതൊരു വ്യക്തിയുടെ സാംസ്കാരിക രൂപാന്തരമാകണം. നല്ല നൈപുണ്യവും മനോഭാവവും സ്വഭാവവും അടക്കവും നല്ല വിദ്യാഭ്യാസം ഉറപ്പാക്കും. ഉയർന്ന മൂല്യങ്ങളും ലക്ഷ്യവും നല്ല വിദ്യാഭ്യാസം അവരിൽ ഉറപ്പിക്കും!
കൗമാരത്തിൽ തെറ്റിലും മോശപ്പെട്ട വഴിയിലും ഒക്കെ കുട്ടികൾ വീണുപോകുന്നതിനു പ്രധാനമായി മൂന്നു കാര്യങ്ങൾ ഉണ്ട്. ഒന്ന്, സന്തോഷമില്ലായ്മ. കുട്ടികൾ happy അല്ലെങ്കിൽ അതിന്റെ കാരണങ്ങൾ കണ്ടെത്തണം-പരിഹരിക്കണം. രണ്ട്, നല്ല ബന്ധങ്ങളുടെ/സൗഹൃദങ്ങളുടെ അഭാവം. Always encourage good friendship. മൂന്ന്, ഭവനങ്ങളിൽ കിട്ടാതെപോകുന്ന respect ഉം അംഗീകാരവും.
കുഞ്ഞുങ്ങൾക്കായി നല്ല അദ്ധ്യാപകരെ കണ്ടെത്താം. അവരെ തിരുത്താനും ക്രമീകരിക്കാനും മോട്ടിവേറ്റ് ചെയ്യാനും ഒക്കെ കഴിയുന്നവർ കുട്ടികളുടെ കണ്ണുകളിൽ അവർക്കുള്ള സിലബസ് കണ്ടെത്താൻ കഴിയുന്നവർ ഒരു ഭാഗ്യമാണ്!!! അങ്ങനെയുള്ളവരെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ബഹുമാനിക്കാനും സമൂഹത്തിനും കഴിയണം. സിലബസ് മാത്രം പഠിപ്പിച്ചു തീർക്കുന്ന അദ്ധ്യാപകരെ അല്ല കാലം ആവശ്യപ്പെടുന്നത്, കുട്ടികളെ പഠിക്കാനും കൂടി കഴിയുന്ന അധ്യാപകരെയാണ് ആവശ്യം. അദ്ധ്യാപകരുടെ മാനസിക-വൈകാരിക ആരോഗ്യം, മൂല്യബോധം, മാതൃക ഒക്കെ വളരെ പ്രധാനം! അദ്ധ്യാപകരുടെ വ്യക്തിത്വമികവും കുട്ടികളുടെ പഠന താല്പര്യവും തമ്മിൽ വലിയ ബന്ധമുണ്ട്. മറ്റൊരു പണിയും കിട്ടാത്ത വർക്ക് വിശ്രമിക്കാനുള്ള ഇടമല്ല അദ്ധ്യാപനം എന്ന് സാരം! അദ്ധ്യാപകർക്ക് നിരന്തരവും സമഗ്രവുമായ വ്യക്തിത്വ-നേതൃത്വ പരിശീലനം ഉറപ്പുവരുത്തേണ്ടതും ഈ കാലഘട്ടത്തിൽ അനിവാര്യം!
സ്കൂളുകൾ കൂടുതലായി മാനസിക വൈകാരിക പ്രശ്നങ്ങളുടെ യുദ്ധഭൂമിയായി മാറുകയാണോ?
മാതാപിതാക്കളെ educate ചെയ്യുന്ന ജോലി സ്കൂളുകൾ തന്നെ ഏറ്റെടുത്തേ മതിയാകൂ. ഓരോ പ്രായത്തിലും ഉള്ള കുട്ടികളെ സമഗ്രമായി വളർത്തുന്നതിനും വേണ്ട അന്തരീക്ഷം ഒരുക്കുന്നതിനും കുട്ടികളുടെ വളർച്ചാ ആവശ്യങ്ങൾ - വൈകല്യങ്ങൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും നല്ല ഗൈഡൻസും കൗൺസിലിംഗും കൂടിയേതീരൂ.
കുട്ടികൾങ്ങൾക്ക് പ്രത്യേകിച്ച് 9-ാം ക്ലാസ്സുമുതൽ ഉള്ളവർക്ക് career മാർഗനിർദ്ദേശങ്ങൾ നൽകേണ്ട ആവശ്യമുണ്ട്. അവനവൻ ആരാണ് എന്ന് തിരിച്ചറിയുന്നതിനും ആരാവണം ... അതിലേക്കുള്ള വഴിയെന്ത്... എവിടെ പഠിക്കണം... develop ചെയ്യേണ്ട സ്കിൽസ് എന്തെല്ലാം...
തുടങ്ങി ധാരാളം കാര്യങ്ങൾ കുട്ടികളും മാതാപിതാക്കളും മനസ്സിലാക്കേണ്ടതുണ്ട്.
കൂടാതെ ശരിയായ career അവബോധം കുട്ടികളുടെ പഠനവും ജീവിതത്തോടുള്ള സമീപനവും മെച്ചപ്പെടുത്തും. ഡിഗ്രികൾ മാത്രം പോരാ, ഉയർന്ന മനോഭാവവും നൈപുണ്യവും തിരിച്ചറിവും കൂടി ഒന്നിച്ചു ചേരുമ്പോഴാണ് സാധ്യതകൾ പിറക്കുന്നത്.
സ്നേഹം! ആശംസകൾ!!!
(സുനിൽ ഡി കുരുവിള പ്രമുഖ കരിയർ, പാരന്റിങ്ങ് കൗൺസിലറും അധ്യാപക പരിശീലകനുമാണ്. മാനവ വിഭവശേഷി രംഗത്ത് പ്രവർത്തിക്കുന്ന ഇൻസൈറ്റ് മിഷന്റെ സ്ഥാപകൻ കൂടിയാണ്.
Email: Sunil_kuruvilla@rediffmail.com.
സെൽഫോൺ നമ്പർ +91 9656144712 / 9847400712.
കൂടുതൽ parenting guidance Sunil Kuruvilla എന്ന യൂട്യൂബിലും കാണാം)