ഈ വർഷത്തിന്റെ ദുരിഭാഗം ദിനങ്ങളും നമ്മെ വിട്ടുപോയിരിക്കുന്നു. വിശുദ്ധന്മാരെ അനുസ്മരിക്കാനും, സഭയുടെ പാരമ്പര്യം പുതുതലമുറയിലേക്ക് കൈമാറാനും, നമ്മുടെ കുഞ്ഞുങ്ങളുടെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്താനും നിരവധി അവസരങ്ങളാണ് തുടർന്നുള്ള ഏതാനും ദിനങ്ങളും നമുക്ക് നൽകുന്ന ആഹ്വാനം.
നവംബർ മാസത്തിലെ ആദ്യ ഞായറാഴ്ച നവംബർ 1-ന് കൂദോശ് ഈത്തോനോ ആയന്ത്രാഴ്ചയോടൊപ്പമാണ് നമ്മുടെ സഭയുടെ ആരാധനാവർഷത്തിന് തുടക്കം കുറിക്കുന്നത്. ‘കൂദോശ് ഈത്തോനോ’ എന്നതിന്റെ അർത്ഥം ‘സഭയുടെ വിശുദ്ധീകരണം’ എന്നാണ്. അതുകൊണ്ടുതന്നെ ഇത് ആരാധനാവർഷത്തിന്റെ ആരംഭം മാത്രമല്ല; സഭാമക്കളായ ഓരോരുത്തരും ദൈവസന്നിധിയിൽ സ്വയം പുതുക്കപ്പെടാനും വിശുദ്ധീകരിക്കപ്പെടാനും സഭ നൽകുന്ന ആഹ്വാനം കൂടിയാണ്. സഭയുടെ വിശുദ്ധീകരണം എന്നു പറയുമ്പോൾ സഭാമക്കളായ നമ്മുടെ ജീവിതം വിശുദ്ധീകരിക്കപ്പെടണം എന്നതാണ് ഈ ദിനത്തിന്റെ ആഴത്തിലുള്ള സന്ദേശം. “നിങ്ങളെ വിളിച്ച വിശുദ്ധൻ ഒത്തവണ്ണം അനുസരണമുള്ള മക്കളെല്ലാം എല്ലാ നടപ്പിലും വിശുദ്ധരാകുവിൻ” (1. പത്രോസ് 11:15) എന്ന വചനം ഈ ദിനത്തിന്റെ ആരാധന സന്ദേശത്തെ വ്യക്തമാക്കുന്നു. ഓരോ ആരാധനാവർഷവും ക്രിസ്തുവിന്റെ രക്ഷാകരമായ ജീവിതവും ശുശ്രൂഷയും നമുക്ക് വീണ്ടും അനുഭവിക്കാനുള്ള അവസരമാണ്. ആരാധനാവർഷം പുതുത്താകുമ്പോൾ നമ്മുടെ വിശ്വാസജീവിതവും പുതുതാകണം. അതുകൊണ്ട് കൂദോശ് ഈത്തോനോയിൽ നാം ഓരോരുത്തരും സ്വയം ചോദിക്കണം. “ഈ പുതിയ ആരാധനാവർഷത്തിൽ എന്റെ ജീവിതത്തിൽ എന്താണ് വിശുദ്ധീകരിക്കപ്പെടേണ്ടത്?” ഈ ദിനത്തിലെ ശുശ്രൂഷകളിൽ ആത്മാർത്ഥമായി പങ്കെടുത്തു, പുതിയ ആരാധനാവർഷം വിശ്വാസത്തിന്റെ പുതുക്കത്തോടും വിശുദ്ധീകരണത്തിന്റെ തീരുമാനത്തോടും കൂടി ആരംഭിക്കുവാൻ എല്ലാവർക്കും സാധിക്കട്ടെ.
കൂദോശ് ഈത്തോനോ നമ്മോട് ഒന്നിക്കുന്ന ഈ ആഹ്വാനത്തിന് ഒരു ജീവിക്കുന്ന സാക്ഷ്യമായി നവംബർ 2-ന് നാം പരിശുദ്ധ പറമല തിരുമേനിയുടെ പെരുന്നാൾ ആചരിക്കും. വിശുദ്ധി ഒരു ആശയം മാത്രമല്ല; അത് ജീവിതത്തിൽ പ്രകടമാകേണ്ട യഥാർത്ഥപ്രമാണമാണ്. പരിശുദ്ധ പറമല തിരുമേനിയുടെ ജീവിതം പ്രാർത്ഥനയിലും സ്നേഹത്തോട് കരുണയിലും തുഗത്തിലും സേവനത്തിലും ക്രിസ്തുവിനെ സാക്ഷീകരിച്ച ജീവിതമായിരുന്നു. അദ്ദേഹത്തിന്റെ പെരുന്നാൾ ആചരിക്കുമ്പോൾ നാം ഒരു വിശുദ്ധ പിതാവിനെ ഓർക്കുക മാത്രമല്ല, വിശുദ്ധിയിലേക്കുള്ള നമ്മുടെ സ്വന്തം വിളി വീണ്ടും കേൾക്കുകയും ചെയ്യുന്നു. “നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുമ്പിൽ പ്രകാശിക്കട്ടെ” (മത്താ. 5:16) എന്ന കർത്താവിന്റെ വാക്ക് ഓരോ വിശ്വാസിയുടെയും ജീവിതത്തിനുള്ള വിളിയാണ്. പെരുന്നാൾ നമ്മുടെ ആരാധനയെ ഉണർത്തുകയും, ആ ആരാധന നമ്മുടെ ജീവിതത്തെ നവീകരിക്കുകയും ചെയ്യട്ടെ. പെരുന്നാൾ പള്ളിയിൽ അവസാനിക്കാതെ നമ്മുടെ കുടുംബങ്ങളിലേക്കും, സമൂഹത്തിലേക്കും, ജീവിതത്തിലേക്കും കടന്നുവരട്ടെ. പരിശുദ്ധന്റെ പെരുന്നാളിന്റെ എല്ലാ അനുഗ്രഹങ്ങളും എല്ലാവർക്കും ആശംസിക്കുന്നു.
നവംബർ 14 ശിശുദിനമാണ്. ഈ ദിനം നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ച് സഭയായി, ഗൗരവമായി ചിന്തിക്കാനുള്ള അവസരമാണ്. പ്രത്യേകിച്ച് നമ്മുടെ സൺഡേസ്കൂൾ സമൂഹം നടത്തുന്ന ശുശ്രൂഷയുടെ പ്രാധാന്യം ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. യേശു പറഞ്ഞു: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്കുവിൻ; അവരെ തടയരുത്”
(മർക്കോ. 10:14) . കുട്ടികൾ സഭയുടെ നാളെയല്ല; അവർ ഇന്നത്തെ സഭയുടെ ഭാഗമാണ് . അവരുടെ ഹൃദയങ്ങളിൽ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ വിത്തുകൾ നാം ഇന്ന് വിതയ്ക്കുകയാണ് . സൺഡേസ്കൂളിൽ കുട്ടികൾ വചനം കേൾക്കുകയും, പഠിക്കുകയും മാത്രമല്ല, പ്രാർത്ഥിക്കാനും, വിശുദ്ധ കുർബ്ബാനയുടെ ആത്മീയത മനസ്സിലാക്കാനും, സഭയെ സ്നേഹിക്കാനും, മറ്റുള്ളവരെ സേവിക്കാനും, ക്രിസ്തീയ ജീവിതം പ്രാവർത്തികമാക്കാനും പഠിക്കുന്ന ഇടമാകണം . ഈ ഉദ്യമത്തിൽ മാതാപിതാക്കൾക്കും വലിയ ഉത്തരവാദിത്വമുണ്ട് . കുട്ടികളെ സൺഡേ സ്കൂളിലേക്ക് അയയ്ക്കുന്നതുകൊണ്ട് മാത്രം നമ്മുടെ കടമ അവസാനിക്കുന്നില്ല . ഭവനം തന്നെ കുട്ടിയുടെ ആദ്യത്തെ സൺഡേസ്കൂൾ ആകണം; മാതാപിതാക്കളുടെ ജീവിതം കുട്ടിയുടെ ആദ്യത്തെ വിശ്വാസപാഠപുസ്തകവുമാകണം . നമ്മുടെ കുട്ടികളുടെ വിശ്വാസപരിശീലനത്തിനായി പ്രവർത്തിക്കുന്ന എല്ലാ സൺഡേസ്കൂൾ അധ്യാപകർക്കും, ഭാരവാഹികൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നു . അവരുടെ ശുശ്രൂഷയെ സഭ വിലമതിക്കുകയും ചെയ്യുന്നു .
സെപ്റ്റംബർ 29, 30 തീയതികളിൽ ചിങ്ങവനം ദയറാ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പുണ്യശ്ലോകനായ ഏബ്രഹാം മോർ ക്ലിമീസ് വലിയ മെത്രാപ്പോലീത്തായുടെ 24-ാം മത് ശ്രാദ്ധപ്പെരുന്നാൾ ഏറ്റവും അനുഗ്രഹകരമായി കൊണ്ടാടുവാൻ സാധിച്ചതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു . നമ്മുടെ മുൻഗാമികളായ പുണ്യപിതാക്കന്മാരുടെ ജീവിതം ഓർക്കുമ്പോൾ, അവർ കൈമാറിയ വിശ്വാസത്തിന്റെ ഉത്തരവാദിത്വം നമ്മളും ഏറ്റെടുക്കേണ്ടതുണ്ട് . “നിങ്ങളോട് ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊള്ളുവിൻ; അവരുടെ ജീവാവസാനം ഓർത്ത് അവരുടെ വിശ്വാസം അനുകരിപ്പിൻ” (എബ്രാ. 13:7) . ഈ ശ്രാദ്ധപ്പെരുന്നാൾ നമ്മുടെ വിശ്വാസ പാരമ്പര്യത്തെ പുതുക്കി സ്വീകരിക്കുന്ന ഒരു ആത്മീയ അവസരമായി മാറിയല്ലോ . ഈ പെരുന്നാളിന്റെ അനുഗ്രഹത്തിനായി പ്രവർത്തിച്ച ഇടവകയുടെ വികാരി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, സംഘാടകർ, വിശ്വാസികൾ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു .
കഴിഞ്ഞ ദിവസങ്ങളിൽ ഓസ്ട്രേലിയയിലെ Adelaide സെന്റ് മേരീസ് ക്നാനായ ഇടവകയിലും, ന്യൂസിലാൻഡിലെ Auckland സെന്റ് മേരീസ് ക്നാനായ ഇടവകയുടെ പത്താമത് പെരുന്നാളിലും, വാർഷിക സമ്മേളനത്തിലും പങ്കെടുക്കുവാൻ സാധിച്ചത് ഏറെ സന്തോഷകരമായ അനുഭവമായിരുന്നു . ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ ജീവിച്ചാലും ക്രിസ്തുവിലുള്ള വിശ്വാസവും, നമ്മുടെ തനതായ പാരമ്പര്യവും, ആചാരങ്ങളും നമ്മെ ഒരേ കുടുംബമായി നിലനിർത്തുന്നു . നമ്മുടെ ക്നാനായ മക്കൾ കുടിയേറിയ രാജ്യങ്ങളിലും, പുതിയ സാഹചര്യങ്ങളിലും നമ്മുടെ വിശ്വാസവും, ആരാധനാപാരമ്പര്യവും, കുടുംബ ബന്ധങ്ങളും അടുത്ത തലമുറയിലേക്ക് കൈമാറാൻ നടത്തുന്ന പരിശ്രമം സന്തോഷകരമാണ് . സമുദായ മെത്രാപ്പോലീത്താ എന്ന നിലയിൽ എന്നെ അവിടെ സ്നേഹപൂർവ്വം സ്വീകരിക്കുകയും, പരിപാടികൾ മനോഹരമായി ക്രമീകരിക്കുകയും ചെയ്ത വികാരിമാർക്കും, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്കും, വിവിധ സംഘടനകളുടെ ഭാരവാഹികൾക്കും, എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു .
നമ്മുടെ ജീവിതത്തിലെ തുടർന്നുള്ള ദിനങ്ങൾ നമ്മെ ഒരേ ആത്മീയ സന്ദേശത്തിലേക്കാണ് നയിക്കുന്നത് . വിശുദ്ധീകരിക്കപ്പെടുക, വിശ്വാസത്തിൽ വളരുക, ക്രിസ്തുവിനെ ജീവിതത്തിൽ സാക്ഷീകരിക്കുക എന്നതിലേക്ക് തന്നെ . യേശു പറഞ്ഞു: “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു” (മത്താ. 5:13) . ഉപ്പിന്റെ മൂല്യം അത് സ്വയം വേറിട്ടുനിൽക്കുന്നതിലല്ല; അത് ചേരുന്നിടത്ത് രുചിയും, മാറ്റവും സൃഷ്ടിക്കുന്നതിലാണ് . അതുപോലെ, ക്രിസ്തുവിനെ സ്വീകരിച്ച നമ്മുടെ ജീവിതവും, കുടുംബത്തിലും, സഭയിലും, സമൂഹത്തിലും, സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, കരുണയുടെയും, സത്യത്തിന്റെയും, പ്രത്യാശയുടെയും സാന്നിധ്യമായി മാറണം .
കൂദോശ് ഈത്തോനോ നമ്മെ വിശുദ്ധീകരണത്തിലേക്ക് വിളിക്കട്ടെ; നമ്മുടെ കുഞ്ഞുങ്ങൾ വിശ്വാസത്തിൽ വളരട്ടെ; നമ്മുടെ പിതാക്കന്മാർ കൈമാറിയ വിശ്വാസപാരമ്പര്യം അടുത്ത തലമുറയിലേക്ക് സുരക്ഷിതമായി കൈമാറപ്പെടട്ടെ; ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നമ്മുടെ ഇടവകകൾ ഒരേ വിശ്വാസകുടുംബമായി വളരട്ടെ .
നമ്മുടെ ജീവിതം ക്രിസ്തുവിന്റെ സ്നേഹത്തിന്റെ രുചി പകരുന്ന ഉപ്പായും, ക്രിസ്തുവിന്റെ വെളിച്ചം പ്രതിഫലിപ്പിക്കുന്ന സാക്ഷ്യമായും മാറട്ടെ .
കർത്താവു ശുശ്രൂഷയിൽ
മോർ സേവേറിയോസ് കുറിയാക്കോസ്
ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്താ