യേശുവിന്റെ വിരുന്നുമേശയിൽ പിറന്ന പുതുജീവിതം
(ലൂക്കോ. 19:1-10)
1. ആമുഖം
സഖായിയുടെ സംഭവം (ലൂക്കോ. 19:1-10) യേശു ഒരു വീട്ടിൽ സന്ദർശനം നടത്തിയതിന്റെ വിവരണം മാത്രമല്ല; ഒരു മനുഷ്യന്റെ ജീവിതത്തെ യേശുവിന്റെ സാന്നിധ്യം എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ ആഴമുള്ള ദൃശ്യമാണ് . സമൂഹം അകറ്റി നിർത്തിയ സഖായിയുടെ വിരുന്നുമേശയിൽ യേശു എത്തുമ്പോൾ, പുറന്തള്ളലിന്റെ ഇടമായിരുന്ന ആ മേശ കൃപയുടെയും സ്വീകരണത്തിന്റെയും മാനസാന്തരത്തിന്റെയും ഇടമായി മാറുന്നു . സഖായിയുടെ ജീവിതത്തിലൂടെ കൃപ, മാനസാന്തരം, രക്ഷ എന്നിവ തമ്മിലുള്ള ബന്ധം വെളിപ്പെടുന്നു . അങ്ങനെ, സഖായിയുടെ വിരുന്നുമേശ ഒരു ഭക്ഷണത്തിന്റെ മേശ മാത്രമല്ല, രക്ഷയുടെ സാക്ഷ്യമായി മാറുന്നു .
2. വേദഭാഗത്തിന്റെ ചരിത്ര പശ്ചാത്തലം
ലൂക്കോ. 19:1-10 യേശുവിന്റെ യെരുശലേമിലേക്കുള്ള യാത്രയുടെ അവസാനഘട്ടത്തിലെ പ്രധാന സംഭവമാണ് . ഒന്നാം നൂറ്റാണ്ടിലെ യഹൂദസമൂഹത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, മതപരമായ യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിലാണ് സഖായിയുടെ സംഭവത്തിന്റെ ആഴം കൂടുതൽ വ്യക്തമാകുന്നത് . യേശുവിന്റെ കാലത്ത് യെരീഹോ, പ്രധാനപ്പെട്ട ഒരു വ്യാപാരകേന്ദ്രമായിരുന്നു . റോമൻ ഭരണത്തിൻ കീഴിലായിരുന്ന യഹൂദ്യയിൽ നികുതി ശേഖരണം പ്രധാനപ്പെട്ട ഭരണനടപടിയായിരുന്നു . നികുതി പിരിവിലെ അധികാരവും അധികമായി പിരിച്ചെടുക്കാനുള്ള സാധ്യതയും സാമ്പത്തിക ചൂഷണത്തിന് ഇടയാക്കിയിരുന്നു .
ലൂക്കോസിന്റെ സാക്ഷ്യമനുസരിച്ച് സഖായി “പ്രധാന ചുങ്കക്കാരൻ” ആയിരുന്നു; അതോടൊപ്പം ധനികനുമായിരുന്നു . എന്നാൽ ഈ സമ്പത്ത് സാമൂഹിക അംഗീകാരത്തിന് പകരം അവനെ സമൂഹത്തിൽനിന്ന് അകറ്റി . ചുങ്കക്കാർ മതപരമായും സാമൂഹികമായും സംശയത്തോടെയാണ് കാണപ്പെട്ടിരുന്നത് . അതിനാൽ സഖായി സാമ്പത്തികമായി സമ്പന്നനായിരുന്നെങ്കിലും സാമൂഹ്യമായി ഒറ്റപ്പെട്ടവനും മതപരമായി അവഗണിക്കപ്പെട്ടവനുമായിരുന്നു .
ഈ പശ്ചാത്തലത്തിലാണ് സഖായിക്ക് യേശുവിനെ കാണാനുള്ള ആഗ്രഹം കൂടുതൽ അർത്ഥവത്താകുന്നത് . ജനക്കൂട്ടത്തിനിടയിൽ യേശുവിനെ കാണാൻ കഴിയാതെ വന്നപ്പോൾ അവൻ കാട്ടുത്തിത്തിമരത്തിൽ കയറി . സാമൂഹിക മാന്യതയേക്കാൾ ശക്തമായിരുന്നു യേശുവിനെ കാണാനുള്ള അവന്റെ ആഗ്രഹം . ഈ സാഹചര്യത്തിലാണ് യേശു സഖായിയെ പേരുചൊല്ലി വിളിക്കുകയും അവന്റെ വീട്ടിൽ പാർക്കുവാൻ തീരുമാനിക്കുകയും ചെയ്തത് . “അവൻ പാപിയുടെ വീട്ടിൽ പാർക്കാൻ പോയിരിക്കുന്നു” (ലൂക്കാ. 19:7) എന്ന ജനക്കൂട്ടത്തിന്റെ പിറുപിറുപ്പ് ഈ ഇടപെടലിന്റെ സാമൂഹിക ഗൗരവം വ്യക്തമാക്കുന്നു .
3. വചനവിശകലനം
സഖായി “ചുങ്കക്കാരുടെ പ്രമാണിയും ധനികനും” ആയിരുന്നു . ബാഹ്യസമ്പത്ത് ഉണ്ടായിരുന്നിട്ടും ഉള്ളിൽ ആത്മീയ ശൂന്യത നിലനിൽക്കാമെന്ന സത്യത്തിലേക്കാണ് ഈ വചനങ്ങൾ ശ്രദ്ധ ക്ഷണിക്കുന്നത് . “യേശു ആരെന്നു കാണുവാൻ അവൻ ആഗ്രഹിച്ചു” എന്ന വചനം അവന്റെ അന്വേഷണത്തിന്റെ ആഴം വ്യക്തമാക്കുന്നു . ജനക്കൂട്ടത്തിനിടയിൽ യേശുവിനെ കാണാൻ കഴിയാതെ വന്നപ്പോൾ മരത്തിൽ കയറിയത് ഈ അന്വേഷണത്തിന്റെ തീവ്രത വ്യക്തമാക്കുന്നു .
“സഖായിയേ, വേഗം ഇറങ്ങിവരിക; ഇന്ന് ഞാൻ നിന്റെ വീട്ടിൽ താങ്ങേണ്ടതുണ്ട്” എന്ന യേശുവിന്റെ വിളിയിൽ സഖായി വ്യക്തിപരമായി അറിയപ്പെടുന്നു എന്നൊരാളായി പ്രത്യക്ഷപ്പെടുന്നു . “ഇന്ന് രക്ഷയുടെ വർത്തമാന യാഥാർത്ഥ്യത്തെയും “താങ്ങേണ്ടതുണ്ട്” ദൈവീക പദ്ധതിയുമമായി ബന്ധപ്പെട്ട അനിവാര്യതയും സൂചിപ്പിക്കുന്നു . സഖായി യേശുവിനെ സന്തോഷത്തോടെ സ്വീകരിച്ചു . അതിന്റെ ഫലമായി തന്റെ സ്വത്തിന്റെ പകുതി ദരിദ്രർക്ക് നൽകുമെന്നും ആരെങ്കിലും വഞ്ചിച്ചിട്ടുണ്ടെങ്കിൽ നാല് ഇരട്ടിയായി തിരികെ നൽകുമെന്നും അവൻ പ്രഖ്യാപിച്ചു .
യഥാർത്ഥ മാനസാന്തരം ഹൃദയത്തിൽ ആരംഭിച്ചാലും ജീവിതത്തിൽ തെളിയണം . സഖായിയുടെ വാക്കുകൾ പ്രവൃത്തിയിലേക്ക് നീങ്ങുമ്പോഴാണ് യേശു “ഇന്ന് ഈ വീട്ടിൽ രക്ഷ സംഭവിച്ചു” എന്ന് പ്രഖ്യാപിക്കുന്നത് . “ഇവനും അബ്രാഹാമിന്റെ മകനാകുന്നു” എന്ന വാക്കിലൂടെ സഖായിയുടെ പുതിയ തിരിച്ചറിവും വ്യക്തമാക്കുന്നു . രക്ഷ ഇവിടെ ഒരു വാക്കിലോ വികാരത്തിലോ ഒതുങ്ങുന്നില്ല; ജീവിതത്തിൽ പ്രകടമാകുന്ന മാറ്റമായി അത് തെളിയുന്നു .
ഈ സംഭവത്തിന്റെ അർത്ഥം യേശുവിന്റെ സ്വന്തം വാക്കുകളിൽ പൂർണ്ണമാകുന്നു . “മനുഷ്യപുത്രൻ നഷ്ടപ്പെട്ടത് അന്വേഷിച്ചു രക്ഷിപ്പാൻ വന്നിരിക്കുന്നു” . സഖായിയുടെ ജീവിതത്തിൽ സംഭവിച്ചത്, മനുഷ്യപുത്രന്റെ ഈ രക്ഷാദൗത്യത്തിന്റെ വ്യക്തമായ സാക്ഷ്യമായി മാറുന്നു .
4. യേശുവിന്റെ മേശസൗഹൃദം: ദൈവരാജ്യത്തിന്റെ കൃപാപൂർണ്ണ വെളിപ്പെടുത്തൽ
“ഇന്ന് ഞാൻ നിന്റെ വീട്ടിൽ താങ്ങേണ്ടതുണ്ട്” എന്ന യേശുവിന്റെ വാക്കോടെയാണ് മേശ സൗഹൃദം ആരംഭിക്കുന്നത് . യഹൂദ സമൂഹത്തിൽ ഒരാളോടൊപ്പം ഭക്ഷണം കഴിക്കുന്നത് ബന്ധത്തിന്റെയും അംഗീകാരത്തിന്റെയും കൂട്ടായ്മയുടെയും അടയാളമായിരുന്നു . അതുകൊണ്ടുതന്നെ “അവൻ ഒരു പാപിയുടെ വീട്ടിൽ പാർക്കുവാൻ പോയി” എന്ന ജനക്കൂട്ടത്തിന്റെ പ്രതികരണം ശ്രദ്ധേയമാണ് .
സമൂഹം സൃഷ്ടിച്ച അകലം യേശു അംഗീകരിച്ചില്ല; സഖായി യേശുവിനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചതല്ല; യേശു തന്നെയാണ് അവന്റെ വീട്ടിൽ തങ്ങേണ്ടതുണ്ടെന്ന് പ്രഖ്യാപിച്ചത് . അതിനാൽ സഖായിയുടെ വീട്ടിലേക്കുള്ള യേശുവിന്റെ പ്രവേശനം ഒരു സാമൂഹിക അതിരിനെ മറിയടക്കുന്ന ഇടപെടലായി മാറുന്നു .
മേശസൗഹൃദം ഇവിടെ ഒരു സാമൂഹിക ഇടപെടലിൽ അവസാനിക്കുന്നില്ല; യേശുവിന്റെ സാന്നിധ്യത്തിൽ സഖായിയുടെ ജീവിതത്തിൽ മാനസാന്തരം പ്രകടമാകുന്നു . അതിനുശേഷമാണ് “ഇവനും അബ്രാഹാമിന്റെ മകനാകുന്നു” എന്നും “ഇന്ന് ഈ വീട്ടിൽ രക്ഷ സംഭവിച്ചു” എന്നും യേശു പ്രഖ്യാപിക്കുന്നത് . ഭക്ഷണസ്ഥലമായി തുടരാതെ ദൈവരാജ്യത്തിന്റെ കൃപ, ദൃശ്യമായി തെളിയുന്ന ഇടമായി മാറുന്നു .
5. ക്രിസ്തു വിജ്ഞാനപരമായ വെളിപ്പെടുത്തൽ
ലൂക്കാ. 19:1-10 സഖായിയുടെ ജീവിത സംഭവം മാത്രമല്ല; യേശു ആരാണ്, അവന്റെ ദൗത്യം എന്താണ് എന്നതിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട വെളിപ്പെടുത്തലാണ് . “മനുഷ്യപുത്രൻ നഷ്ടപ്പെട്ടതിനെ അന്വേഷിപ്പാനും രക്ഷിപ്പാനും വന്നിരിക്കുന്നു” എന്ന വചനത്തിൽ യേശു തന്റെ ദൗത്യം വ്യക്തമാക്കുന്നു .
ദാനിയേൽ 7:13-14 ലെ മഹത്വവും അധികാരവുമായി ബന്ധപ്പെട്ട മനുഷ്യപുത്രൻ ഇവിടെ, നഷ്ടപ്പെട്ടവനെ അന്വേഷിക്കുന്ന രക്ഷകനായി പ്രത്യക്ഷപ്പെടുന്നു . യേശുവിന്റെ മഹത്വം അകലം സൃഷ്ടിക്കുന്ന അധികാരത്തിലല്ല, നഷ്ടപ്പെട്ടവരിലേക്ക് തിരിയുന്ന രക്ഷാകരമായ ദൗത്യത്തിലാണ് .
സഖായിയുടെ സംഭവത്തിൽ മനുഷ്യപുത്രന്റെ ഈ ദൗത്യം വ്യക്തമായി കാണാം . സമൂഹം “പാപി”യായി കണക്കാക്കിയ ഒരാളെ അന്വേഷിക്കുകയും അവന്റെ വീട്ടിൽ പ്രവേശിക്കുകയും അവന്റെ ജീവിതത്തിൽ രക്ഷയുടെ മാറ്റം വെളിപ്പെടുത്തുകയും ചെയ്തുകൊണ്ട് യേശു തന്റെ ദൗത്യം പ്രവൃത്തിയിൽ പ്രകടമാക്കുന്നു . അതിനാൽ സഖായിയുടെ സംഭവം യേശുവിന്റെ വ്യക്തിത്വത്തെയും രക്ഷാദൗത്യത്തെയും വെളിപ്പെടുത്തുന്ന സുവിശേഷസാക്ഷ്യമാണ് .
6. സഭാശാസ്ത്രീയ വ്യാഖ്യാനം
സഖായിയുടെ സംഭവം ഒരു വ്യക്തിയുടെ രക്ഷാനുഭവം മാത്രമായി കാണേണ്ടതില്ല; സഭയുടെ സ്വഭാവത്തെയും ദൗത്യത്തെയും മനസ്സിലാക്കുന്നതിനുള്ള ഒരു ദൈവശാസ്ത്ര മാതൃകയായും ഇതിനെ വായിക്കാം . “മനുഷ്യപുത്രൻ നഷ്ടപ്പെട്ടതിനെ അന്വേഷിച്ചു രക്ഷിക്കുവാനായി വന്നിരിക്കുന്നു” എന്ന വചനത്തിൽ യേശുവിന്റെ ദൗത്യം വ്യക്തമാകുന്നു . ആ ദൗത്യത്തിൽ പങ്കാളികളാവുക എന്നതാണ് സഭയുടെ അടിസ്ഥാന വിളി .
അതുകൊണ്ട് സഭ അടഞ്ഞുകിടക്കുന്ന ഒരു സമൂഹമല്ല; അകന്നുപോയവരെ അന്വേഷിച്ച് അവരിലേക്ക് ചെന്നെത്തുന്ന സമൂഹമായിരിക്കണം . യേശു സഖായിയുടെ വീട്ടിൽ പ്രവേശിച്ചതുപോലെ, സഭയുടെ ആരാധനയിലും കുർബാനയിലും സഹവാസത്തിലും മനുഷ്യർ ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് ക്ഷണിക്കപ്പെടുന്നു .
സഖായിയുടെ മാനസാന്തരം ജീവിതത്തിൽ സൃഷ്ടിക്കുന്ന മാറ്റത്തിന് സാക്ഷ്യം നൽകുന്ന സമൂഹമാണ് . “ഇവനും അബ്രാഹാമിന്റെ മകൻ ആകുന്നു” എന്ന പ്രഖ്യാപനം പഴയ മുദ്രകൾക്കപ്പുറം പുതിയ തിരിച്ചറിവിലേക്കുള്ള വഴി തുറക്കുന്നു .
7. ഒരു ക്രൈസ്തവ കുടുംബ ദൃഷ്ടികോണത്തിലുള്ള വ്യാഖ്യാനം
ലൂക്കോ. 19:1-10 സഖായിയുടെ വ്യക്തിപരമായ രക്ഷയുടെ കഥയിൽ മാത്രം ഒതുങ്ങുന്നില്ല; ഒരു കുടുംബത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ആത്മീയ പരിവർത്തനത്തിന്റെ ചിത്രമായും ഇതിനെ വായിക്കാം . സഖായിയുടെ വീട്ടിൽ യേശു പ്രവേശിച്ചതോടെ സംഭവത്തിന് വഴിത്തിരിവുണ്ടാകുന്നു . “ഇന്ന് ഈ വീട്ടിൽ രക്ഷ സംഭവിച്ചു” എന്ന പ്രഖ്യാപനം അതിന്റെ കുടുംബപരമായ പ്രാധാന്യവും വ്യക്തമാക്കുന്നു .
ക്രൈസ്തവ കുടുംബത്തിന്റെ ആദ്യ ആത്മീയ പാഠശാല വീടു തന്നെയാണ് . പ്രാർത്ഥന, സ്നേഹം, ക്ഷമ, ബഹുമാനം, സത്യസന്ധത, പങ്കിടൽ എന്നിവ കുടുംബ ജീവിതത്തിലൂടെയാണ് അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നത് . സഖായിയുടെ വീട്ടിലെ മേശസൗഹൃദം കുടുംബമേശയുടെ ആത്മീയ പ്രാധാന്യത്തെയും ഓർമ്മിപ്പിക്കുന്നു . ഒരുമിച്ചുള്ള പ്രാർത്ഥനയ്ക്കും നന്ദിപറച്ചിലിനും പരസ്പരം കേൾക്കുന്നതിനും വിഷമങ്ങൾ പങ്കിടുന്നതിനും കുടുംബമേശ ഇടമാകണം .
ക്രൈസ്തവ കുടുംബത്തിന്റെ സാമ്പത്തിക തീരുമാനങ്ങളിൽ നീതിയും സത്യസന്ധതയും ദാനശീലവും പരിഗണിക്കപ്പെടണം . കുടുംബത്തിലെ സംഘർഷങ്ങൾക്കും തെറ്റിദ്ധാരണകൾക്കും നടുവിൽ ക്ഷമാപണം, തുറന്ന സംഭാഷണം, തെറ്റ് സമ്മതിക്കൽ എന്നിവ പുതിയ തുടക്കത്തിന് വഴിയൊരുക്കാം . അങ്ങനെ, ക്രിസ്തുവിന് ഇടം ലഭിക്കുന്ന വീട് ദൈവകൃപ ജീവിതത്തിൽ ദൃശ്യമാകുന്ന ഒരു “ഭവനസഭ”യായി മാറുന്നു .
8. വിശ്വാസിയുടെ ആത്മീയ മാതൃക
സഖായിയുടെ സംഭവം ഒരു വിശ്വാസിയുടെ ആത്മീയ യാത്രയെയും ഓർമ്മിപ്പിക്കുന്നു . കൗതുകം അന്വേഷണമായി വളരണം; അന്വേഷണം കൂടിക്കാഴ്ചയാകണം; കൂടിക്കാഴ്ച സ്വീകരണമായി മാറണം; സ്വീകരണം പരിവർത്തനത്തിലേക്ക് നയിക്കണം . പരിവർത്തനം ഉത്തരവാദിത്തമായി പ്രകടമാകണം . യേശുവിനെക്കുറിച്ച് അറിയാനുള്ള ആഗ്രഹം അവനെ തേടുന്ന ജീവിതമായി വളരുകയും, അവന്റെ വിളിയോട് സന്തോഷത്തോടെ പ്രതികരിക്കുകയും വേണം . അതിന്റെ ഫലമായി ജീവിതത്തിലെ മുൻഗണനകളും ബന്ധങ്ങളും തീരുമാനങ്ങളും മാറണം . വിശ്വാസം നീതിയിലും പങ്കിടലിലും സത്യസന്ധതയിലും പ്രകടമാകുമ്പോഴാണ് ആ മാറ്റം ദൃശ്യമാകുന്നത് .
9. ഉപസംഹാരം
ലൂക്കാ. 19:1-10 ലെ സഖായിയുടെ സംഭവം ഒരു വ്യക്തിയുടെ മാനസാന്തരസംഭവത്തിൽ ഒതുങ്ങു ന്നില്ല; ക്രിസ്തുവിന്റെ ദൗത്യം, ദൈവകൃപ, രക്ഷയുടെ പരിവർത്തനശക്തി, മനുഷ്യന്റെ പുനഃസ്ഥാപനം എന്നിവ ഒരുമിച്ച് വെളിപ്പെടുത്തുന്ന സുവിശേഷസാക്ഷ്യമാണ് . സമൂഹം “പാപി”യായി കണ്ട സഖായിയെ യേശു പേരെടുത്ത് വിളിച്ചു; അവന്റെ വീട്ടിൽ പ്രവേശിച്ച ക്രിസ്തുസാന്നിധ്യം അവന്റെ ജീവിതത്തിൽ മാറ്റം സൃഷ്ടിച്ചു . തള്ളപ്പെട്ടവന്റെ വീട്ടിലെ മേശ കൃപയുടെയും രക്ഷയുടെയും സാക്ഷ്യമായി മാറി .
സഖായിയുടെ സംഭവം ക്രിസ്തുവിനെ അന്വേഷിക്കുന്ന ഓരോ മനുഷ്യന്റെയും മുമ്പിലുള്ള ആത്മീയ കണ്ണാടിയാണ് . “യേശുവിനെ കണ്ടുമുട്ടിയതിനുശേഷം എന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ എന്താണ് മാറിയത്?” എന്ന ചോദ്യം അത് നമ്മോടും ഉന്നയിക്കുന്നു . നമ്മുടെ ജീവിതം തന്നെ അതിന് സാക്ഷ്യമായി മാറുമ്പോഴാണ് സഖായിയുടെ അനുഭവം നമ്മുടെ ജീവിതാനുഭവമാകുന്നത് .