ദൈവത്തെ സ്നേഹിക്കുന്നത് എന്തിനാണ്?
ഇവിടെ ഒരു ചോദ്യം നമുക്ക് സ്വയം ചോദിക്കാം . ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ട് എനിക്ക് എന്തു ലഭിക്കും? ദൈവത്തെ സ്നേഹിക്കുന്നത് ഒരു ബിസിനസ്സ് ഡീൽ അല്ല .
“ഞാൻ പ്രാർത്ഥിക്കും .
ദൈവം എനിക്ക് ഇത് തരണം .
ഞാൻ കുർബാനയിൽ പോകും .
ദൈവം എന്റെ പ്രശ്നം തീർക്കണം .
ഞാൻ നേർച്ച കഴിക്കും .
എനിക്ക് വേണ്ടത് ലഭക്കണം.”
അങ്ങനെയല്ല ക്രിസ്തീയ വിശ്വാസം . നാം ദൈവത്തെ സ്നേഹിക്കുന്നത് അവിടുന്ന് നമ്മുടെ ജീവിതത്തിൽ ഉണ്ടെന്ന ബോധം തന്നെ വലിയ ആശ്വാസമാണ് . ലോകം നമ്മെ ഉപേക്ഷിച്ചാലും, ദൈവം എന്നോടൊപ്പമുണ്ട് എന്ന് പറയാൻ കഴിയുന്ന വിശ്വാസം .
മറ്റുള്ളവർ നമ്മുടെ കഴിവ് മാത്രം നോക്കുമ്പോൾ ദൈവം നമ്മുടെ ഹൃദയം നോക്കുന്നു . മറ്റുള്ളവർ നമ്മുടെ തെറ്റുകൾ ഓർമ്മിപ്പിക്കുമ്പോൾ ദൈവം നമ്മെ തിരികെ വരാൻ വിളിക്കുന്നു .
നമ്മൾ വീഴുമ്പോൾ, എഴുന്നേൽക്കൂ, ഞാൻ നിന്നോടൊപ്പമുണ്ട് എന്ന് പറയുന്ന സ്നേഹമാണ് ദൈവത്തിന്റെ സ്നേഹം .
ദൈവബന്ധം കുടുംബബന്ധങ്ങളെയും മാറ്റും.
ദൈവത്തോട് അടുത്തുനിൽക്കുന്ന ഒരു മനുഷ്യൻ മറ്റുള്ളവരോടും കൂടുതൽ സ്നേഹത്തോടെ പെരുമാറാൻ പഠിക്കുന്നു .
പ്രാർത്ഥന നമ്മെ നല്ല മനുഷ്യരാക്കണം .
ബൈബിൾ വായിക്കുന്നത് നമ്മുടെ അറിവ് മാത്രം കൂട്ടാനല്ല; നമ്മുടെ ഹൃദയം മാറ്റാനാണ്.
ഞായറാഴ്ച പള്ളിയിൽ പോയി,
കർത്താവേ, സമാധാനം തരേണമേ എന്ന് പ്രാർത്ഥിച്ചിട്ട് വീട്ടിലെത്തിയ ഉടൻ ഭാര്യയോട് “നീ എന്തിനാണ് ഇങ്ങനെ ചെയ്തത് ” എന്ന് വഴക്കിടുകയാണെങ്കിൽ നമ്മുടെ പ്രയർ സിഗ്നൽ എവിടെയോ വീക്ക് ആണ് . കുർബാനയിൽ സമാധാനം സ്വീകരിച്ച് വീട്ടിലെത്തിയപ്പോൾ സഹോദരനോട് വർഷങ്ങളായി സംസാരിക്കാതെ ഇരിക്കുകയാണെങ്കിൽ നമ്മുടെ വിശ്വാസം ജീവിതത്തിലേക്ക് ഡൗൺലോഡ് ആയിട്ടില്ല.
ദൈവത്തെ സ്നേഹിക്കുന്നത് മറ്റുള്ളവരെ സ്നേഹിക്കുന്നതിലൂടെയാണ് തെളിയുന്നത് .
ക്ഷമിക്കാൻ കഴിയാത്തപ്പോൾ ക്ഷമിക്കാൻ ശ്രമിക്കുക .
ഒറ്റപ്പെട്ട ഒരാളെ അന്വേഷിക്കുക .
വിഷമിക്കുന്ന ഒരാളോട് സംസാരിക്കുക .
സഹായം ആവശ്യമുള്ള ഒരാളുടെ കൈ പിടിക്കുക . നന്ദി പറയുക, ക്ഷമിക്കണം എന്ന് പറയാൻ പഠിക്കുക .
ഇവയെല്ലാം ദൈവബന്ധത്തിന്റെ ഫലങ്ങളാണ് .
ഗൂഗിൾ മാപ്പ് വഴി എല്ലായിടത്തും പോകാം . പക്ഷെ ജീവിതത്തിന്റെ വഴി?
ഗൂഗിൾ മാപ്പ് നമ്മോട് എല്ലാം പറയും .
ടേൺ ലെഫ്റ്റ്,
ടേൺ റൈറ്റ്,
കണ്ടിന്യൂ സ്ട്രെയിറ്റ്,
പക്ഷെ ജീവിതത്തിന്റെ വഴിയിൽ മാപ്പ് പലപ്പോഴും മിണ്ടില്ല .
ഏത് ജോലി തിരഞ്ഞെടുക്കണം?
ഏത് തീരുമാനം എടുക്കണം?
ആരെയാണ് വിശ്വസിക്കേണ്ടത്?
എപ്പോൾ സംസാരിക്കണം?
എപ്പോൾ ക്ഷമിക്കണം?
എപ്പോൾ വിട്ടുകൊടുക്കണം?
ഇവിടെ നമുക്ക് വേണ്ടത് ഒരു മാപ്പ് മാത്രമല്ല, ഒരു വഴി കാട്ടിയാണ്.
ക്രിസ്തുപറഞ്ഞു: ഞാനാണ് വഴി .
ലോകം പറയുന്നത്: നിനക്ക് ഇഷ്ടമുള്ളത് ചെയ്യൂ .
ക്രിസ്തു പറയുന്നത്: എന്നെ അനുഗമിക്കൂ .
ലോകം പറയുന്നത്: നിന്നെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കൂ .
ക്രിസ്തു പഠിപ്പിക്കുന്നത്: ശത്രുക്കളെയും സ്നേഹിക്കൂ .
ലോകം പറയുന്നത്: നിനക്കുള്ളത് നിനക്കായി സൂക്ഷിക്കൂ .
ക്രിസ്തു പഠിപ്പിക്കുന്നത്: പങ്കുവെക്കൂ . ഇതാണ് ക്രിസ്തീയ ജീവിതത്തിന്റെ സൗന്ദര്യം .
വാട്സ് ആപ്പിൽ ലാസ്റ്റ് സീൻ...? ദൈവത്തിന്റെ മുമ്പിൽ വാട്സ് ആപ്പിൽ ഒരാളുടെ ലാസ്റ്റ് സീൻ നോക്കാൻ നമ്മൾക്ക് വലിയ കൗതുകമാണ് .
എപ്പോൾ ഓൺലൈൻ ആയിരുന്നു?
എന്റെ മെസ്സേജ് കണ്ടിട്ടും റിപ്ലൈ ചെയ്തില്ലല്ലോ .
പക്ഷെ ഒരിക്കൽ നമുക്ക് തന്നെ ചോദിക്കാം .
ദൈവത്തിന്റെ മുമ്പിൽ എന്റെ ലാസ്റ്റ് സീൻ എപ്പോഴായിരുന്നു?
അവസാനമായി ഞാൻ ഹൃദയത്തോടെ പ്രാർത്ഥിച്ചത് എപ്പോഴാണ്?
അവസാനമായി ബൈബിൾ തുറന്നത് എപ്പോഴാണ്?
അവസാനമായി കുടുംബത്തോടൊപ്പം പ്രാർത്ഥിച്ചത് എപ്പോഴാണ്?
അവസാനമായി ഒരാളോട് പ്രതിഫലമില്ലാതെ നന്മ ചെയ്തത് എപ്പോഴാണ്? അവസാനമായി, കർത്താവേ, എനിക്ക് എല്ലാ തന്നതിന് നന്ദി . എന്ന് പറഞ്ഞത് എപ്പോഴാണ്?
ദൈവത്തിന് നമ്മുടെ വാട്സ്ആപ്പ് ലാസ്റ്റ് സീൻ ആവശ്യമില്ല .
നമ്മുടെ ഹൃദയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് അവിടുന്ന് നോക്കുന്നത് .
ഒരു ചെറിയ സ്പിരിച്വൽ സെറ്റിംഗ്സ് മാറ്റിയാൽ മതി, നമ്മുടെ ഫോണിൽ പല സെറ്റിംഗ്സും ഉണ്ട് .
Brightness, Volume, Privacy, Notifications, Battery saver, Do not disturb .
ഇതുപോലെ നമ്മുടെ ജീവിതത്തിലും ചില സെറ്റിംഗ്സ് വേണം .
Anger – കുറയ്ക്കുക
pride – കുറയ്ക്കുക
Jealousy – off ചെയ്യുക
Forgiveness – ON ചെയ്യുക
Love – Always on
prayer – Daily reminder
Bible reading – Morning notification
Helping others – No Limit
gratitude – Always enabled
ഒരു പക്ഷെ ഇതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ് വെയർ അപ്ഡേറ്റ് . ദൈവത്തോടുള്ള കണക്ഷൻ ശക്തമാക്കാൻ എന്തു ചെയ്യാം? വലിയ തീരുമാനങ്ങൾ ഒന്നും വേണ്ട . എന്നാൽ ചെറിയ ചില കാര്യങ്ങൾ തുടങ്ങാം . രാവിലെ ഫോൺ നോക്കുന്നതിനുമുമ്പ് ഒരു മിനിറ്റ് ദൈവത്തെ നോക്കാം . ദിവസവും കുറച്ചു സമയം ബൈബിൾ വായിക്കാം . കുടുംബമായി ആഴ്ചയിൽ ഒരിക്കലെങ്കിലും, കഴിയുന്ന ദിവസങ്ങളിൽ ഒരുമിച്ച് പ്രാർത്ഥിക്കാം . വിശുദ്ധകുർബ്ബാനയെ ഒരു റൂട്ടീൻ ആയി കാണാതെ ഒരു കൂടിക്കാഴ്ചയായി കാണാം . പ്രശ്നം വരുമ്പോൾ മാത്രമല്ല, സന്തോഷമുള്ളപ്പോഴും ദൈവത്തിന് നന്ദി പറയാം . മറ്റുള്ളവരോട് ദേഷ്യം തോന്നുമ്പോൾ ഉടൻ മറുപടി നൽകുന്നതിന് മുമ്പ് ഒരു ചെറിയ പ്രാർത്ഥന നടത്താം . ദൈവത്തോട് പറയാം .
‘കർത്താവേ ഞാൻ ശരിയാക്കണം’ എന്റെ സാഹചര്യങ്ങൾ മാത്രം ശരിയാക്കണമെന്നല്ല . അതാണ് വലിയ മാറ്റത്തിന്റെ തുടക്കം . ഒടുവിൽ ഒരു ചെറിയ ചോദ്യം . നമ്മുടെ ഫോൺ ദിവസവും പലതവണ ചാർജ്ജു ചെയ്യുന്നു . വീട്ടിലെ വൈഫൈ ബിൽ കൃത്യമായി അടയ്ക്കുന്നു . മൊബൈൽ ഡാറ്റ തീർന്നാൽ ഉടൻ ടോപ് അപ്പ് ചെയ്യുന്നു . പക്ഷെ ആത്മീയ ജീവിതത്തിൽ ഡാറ്റ തീർന്നു എന്ന് കാണിക്കുന്ന നോട്ടിഫിക്കേഷൻ വന്നാൽ നമ്മൾ ശ്രദ്ധിക്കാറുണ്ടോ? പുതിയ ഫോൺ വാങ്ങിയാൽ ജീവിതം സന്തോഷകരമാകുമോ? പുതിയ കാർ വാങ്ങിയാൽ സമാധാനം കിട്ടുമോ? കൂടുതൽ പണം കിട്ടിയാൽ എല്ലാ വിഷമങ്ങളും അവസാനിക്കുമോ? കൂടുതൽ ഫോളോവേഴ്സ് കിട്ടിയാൽ ഏകാന്തത മാറുമോ? ഒരു പക്ഷെ ചില കാര്യങ്ങൾ ജീവിതം എളുപ്പമാക്കും . പക്ഷെ ഹൃദയത്തിന് സമാധാനം നൽകാൻ അവയ്ക്ക് എല്ലായ്പ്പോഴും കഴിയണമെന്നില്ല . കാരണം മനുഷ്യന് ഭക്ഷണം മാത്രം വേണ്ട . പണം മാത്രം വേണ്ട . സൗകര്യങ്ങൾ മാത്രം വേണ്ട .
അവന് സ്നേഹം വേണം
അവന് പ്രതീക്ഷ വേണം
അവന് സമാധാനം വേണം
അവന് ദൈവം വേണം
നമ്മൾ നഷ്ടപ്പെടുത്തിയിരിക്കുന്നത് ഒരു കണക്ഷൻ മാത്രമല്ല, കണക്ഷൻ വിത്ത് ഗോഡ് ആണ് . വൈഫൈ സിഗ്നൽ ശക്തമായിരിക്കാം . മൊബൈൽ സിഗ്നൽ ഫുൾ ആയിരിക്കാം . സോഷ്യൽ മീഡിയ ഫോളോവേഴ്സ് ആയിരക്കണക്കിന് ഉണ്ടായിരിക്കാം . കോൺടാക്റ്റ്സ് നൂറുകണക്കിന് ഉണ്ടായിരിക്കാം . പക്ഷെ...
ദൈവത്തോടുള്ള കണക്ഷൻ വീക്ക് ആണെങ്കിൽ ജീവിതത്തിൽ എന്തോ കുറവുണ്ട് .
അതിനാൽ ഇന്ന് ഒരു ചെറിയ തീരുമാനം എടുക്കാം . ഫോൺ ചാർജ്ജ് ചെയ്യുമ്പോൾ നമ്മുടെ ആത്മാവിനെയും റീചാർജ്ജ് ചെയ്യാം . ഇന്റർനെറ്റ് തുറക്കുമ്പോൾ ഒരിക്കൽ ബൈബിൾ തുറക്കാം .
വാട്സ് ആപ്പ് മെസ്സേജ് അയക്കുമ്പോൾ ഒരാൾക്കെങ്കിലും സ്നേഹത്തിന്റെ ഒരു വാക്ക് പറയാം . പ്രശ്നം വരുമ്പോൾ ഗൂഗിളിൽ മാത്രം അന്വേഷിക്കാതെ ഒരു നിമിഷം ദൈവത്തോട് ചോദിക്കാം . ഒറ്റപ്പെട്ടിരിക്കുമ്പോൾ സോഷ്യൽ മീഡിയ തുറക്കുന്നതിനുമുമ്പ് പ്രാർത്ഥനയിൽ ദൈവസാന്നിധ്യം അന്വേഷിക്കാം . കാരണം...
Wi-Fi Full Signal ആയിരിക്കട്ടെ
Mobile Battery Full ആയിരിക്കട്ടെ
Social Media Status Online ആയിരിക്കട്ടെ
Contacts Full ആയിരിക്കട്ടെ
പക്ഷെ ഏറ്റവും പ്രധാനപ്പെട്ടത് Heaven-ലേക്കുള്ള Connections ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ .
ജീവിതത്തിന്റെ അവസാന നിമിഷത്തിലും നമുക്ക് പറയാൻ കഴിയട്ടെ ‘കർത്താവേ, ഞാൻ നിന്നെ അന്വേഷിച്ചു . നീ എന്നെ കൈവിട്ടില്ല’ നമ്മുടെ ജീവിതത്തിൽ പല കണക്ഷൻസ് ഉണ്ടാകാം . കുടുംബബന്ധങ്ങൾ, സൗഹൃദങ്ങൾ, ജോലിബന്ധങ്ങൾ, സാമൂഹികബന്ധങ്ങൾ, ഡിജിറ്റൽ ബന്ധങ്ങൾ പക്ഷെ ഇവയെല്ലാം നിലനിർത്താനും മനോഹരമാക്കാനും സഹായിക്കുന്ന ഏറ്റവും ആഴമുള്ള ബന്ധം ദൈവവുമായുള്ള ബന്ധമാണ് . അതിനാൽ ഇന്നത്തെ നമ്മുടെ പ്രാർത്ഥന ഒരു വാക്കിൽ
“കർത്താവേ ഞങ്ങളുടെ ഹൃദയത്തിന്റെ Wi-Fi ഒരിക്കലും Disconnect ആകരുതേ!” ആമേൻ .