Knanaya Deepam

loading

മെത്രാപ്പോലീത്തായുടെ സന്ദേശം

"ദൈവഹിതത്തിന് എന്റെ ജീവിതത്തിൽ എത്രമാത്രം സ്ഥാനമുണ്ട്?"

  • നമ്മുടെ നോമ്പ് നമ്മുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നുണ്ടോ?

  • പ്രാർത്ഥനയിൽ വളർച്ചയുണ്ടാകുന്നുണ്ടോ?

  • കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വർദ്ധിക്കുന്നുണ്ടോ?

  • ദരിദ്രരെയും രോഗികളെയും ഏകാകികളെയും വേദനിക്കൂന്നവരെയും കാണുന്ന നമ്മുടെ കണ്ണുകളിൽ കരുണ വർദ്ധിക്കുന്നുണ്ടോ?

  • നോമ്പ് അവസാനിക്കുമ്പോൾ ഭക്ഷണക്രമം പഴയപടിയാകാം. എന്നാൽ ഹൃദയം പഴയപടി ആകരുത്.


സഭയുടെ ആരാധനാക്രമത്തിലും പാരമ്പര്യത്തിലും വിശ്വാസജീവിതത്തിലും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങൾക്ക് പ്രത്യേകമായ ആത്മീയ പ്രാധാന്യമുണ്ട്. എട്ടുനോമ്പിന്റെ പുണ്യദിനങ്ങൾ, സെപ്റ്റംബർ 14 ന് ആചരിക്കുന്ന സ്ലീബാപെരുനാൾ, ഒക്ടോബർ 2-ലെ ഗാന്ധിജയന്തി, സെപ്റ്റംബർ 29, 30 തീയതികളിൽ ചിങ്ങവനം സെന്റ് ജോൺസ് ദയറായിൽ നടത്തപ്പെടുന്ന പുണ്യശ്ലോകനായ ഏബ്രഹാം മോർ ക്ലീമീസ് വലിയ മെത്രാപ്പോലീത്തായുടെ ഓർമ്മ എന്നിവ നമ്മുടെ സഭാജീവിതത്തിനും വ്യക്തിജീവിതത്തിനും സാമൂഹജീവിതത്തിനും വിലപ്പെട്ട ആത്മീയ സന്ദേശങ്ങൾ നൽകുന്ന അവസരങ്ങളാണ്.

പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് ആചരിക്കുന്ന എട്ടുനോമ്പിന്റെ ദിനങ്ങൾ അനുഗ്രഹീതമായ ആത്മീയ അവസരങ്ങളാണ്. നമ്മുടെ ജീവിതത്തെ പരിശോധിക്കാനും, തെറ്റുകളിൽനിന്ന് മാനസാന്തരപ്പെടാനും, പ്രാർത്ഥനയിൽ ആഴപ്പെടാനും, വിശുദ്ധ വചനത്തിൽ വളരാനും, മറ്റുള്ളവരോടുള്ള സ്നേഹവും കരുണയും വർദ്ധിപ്പിക്കാനും എട്ടുനോമ്പ് നമ്മെ ക്ഷണിക്കുന്നു. പരിശുദ്ധ മറിയത്തിന്റെ ജീവിതം ദൈവഹിതത്തിന് പൂർണ്ണമായി സമർപ്പിച്ച മഹത്തായ മാതൃകയാണ്. “ഇതാ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ” എന്ന അവളുടെ സമർപ്പണം നമ്മുടെ നോമ്പിന്റെ ആത്മീയ ലക്ഷ്യത്തെ വ്യക്തമാക്കുന്നു. അതുകൊണ്ട് എട്ടുനോമ്പ് ആചരിക്കുമ്പോൾ നാം നമ്മോടുതന്നെ ചോദിക്കണം. “ദൈവഹിതത്തിന് എന്റെ ജീവിതത്തിൽ എത്രമാത്രം സ്ഥാനമുണ്ട്?” നമ്മുടെ നോമ്പ് നമ്മുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നുണ്ടോ? പ്രാർത്ഥനയിൽ വളർച്ചയുണ്ടാകുന്നുണ്ടോ? കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വർദ്ധിക്കുന്നുണ്ടോ? ദരിദ്രരെയും രോഗികളെയും ഏകാകികളെയും വേദനിക്കൂന്നവരെയും കാണുന്ന നമ്മുടെ കണ്ണുകളിൽ കരുണ വർദ്ധിക്കുന്നുണ്ടോ? നോമ്പ് അവസാനിക്കുമ്പോൾ ഭക്ഷണക്രമം പഴയപടിയാകാം. എന്നാൽ ഹൃദയം പഴയപടി ആകരുത്. എട്ടുനോമ്പിന്റെ യഥാർത്ഥ ഫലം നമ്മുടെ ജീവിതത്തിലെ ആത്മീയ പരിവർത്തനമാണ്. എട്ടുനോമ്പ് നമ്മുടെ ജീവിതത്തിൽ എട്ടു ദിവസത്തെ ഒരു ആഭരണംമായി മാത്രം നിലനിൽക്കാതെ, ദൈവസന്നിധിയിൽ പുതുക്കപ്പെട്ട ജീവിതത്തിന്റെ തുടക്കമാകട്ടെ.

സെപ്റ്റംബർ 14 ന് സഭ ആചരിക്കുന്ന സ്ലീബാപെരുനാൾ ക്രിസ്തീയ വിശ്വാസത്തിന്റെ ഹൃദയത്തിലേക്ക് നമ്മെ കൊണ്ടുപോകുന്ന മഹത്തായ പെരുനാളാണ്. സ്ലീബ ക്രിസ്തുവിന്റെ സഹനത്തിന്റെയും ത്യാഗത്തിന്റെയും വിജയത്തിന്റെയും അടയാളമാണ്. ലോകത്തിന്റെ കണ്ണിൽ ക്രൂശ് പരാജയത്തിന്റെ അടയാളമായി തോന്നിയേക്കാം; എന്നാൽ ക്രിസ്തീയ വിശ്വാസത്തിൽ അത് രക്ഷയുടെയും പ്രത്യാശയുടെയും വിജയത്തിന്റെയും അടയാളമാണ്. സ്ലീബയെ ആദരിക്കുന്നതിന്റെ അർത്ഥം സ്ലീബായുടെ അടയാളം ധരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ക്രിസ്തുവിന്റെ സ്ലീബായുടെ വഴിയിൽ നടക്കുക എന്നതാണ് സ്ലീബയെ യഥാർത്ഥമായി ആദരിക്കുന്നത്. സ്വാർത്ഥതയ്ക്ക് പകരം ത്യാഗം, വിദ്വേഷത്തിന് പകരം സ്നേഹം, പ്രതികാരത്തിന് പകരം ക്ഷമ, നിരാശയ്ക്ക് പകരം പ്രത്യാശ, അധികാരമോഹത്തിന് പകരം സേവനം ഇവയാണ് സ്ലീബായുടെ ജീവിതപാഠങ്ങൾ, ക്രിസ്തുവിന്റെ സ്ലീബ നമ്മെ ഓർമ്മിപ്പിക്കുന്നത് മറ്റുള്ളവർക്കുവേണ്ടി പേജ് 3 (009 Deepam September BW final Internet-06.jpg)

സ്വയം നൽകുന്ന സ്നേഹമാണ് യഥാർത്ഥ ക്രിസ്തീയത എന്നതാണ്. നമ്മുടെ വീടുകളിലും ഇടവകകളിലും സമൂഹത്തിലും സ്ലീബായുടെ ആത്മാവ്, ത്യാഗത്തിന്റെയും ക്ഷമയുടെയും സ്നേഹത്തിന്റെയും ആത്മാവ്, വളരേണ്ടതുണ്ട്. സ്ലീബായെ നോക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ വേദനകളിലും കഷ്ടതകളിലും ദൈവസന്നിധ്യം തിരിച്ചറിയാനും, പ്രതിസന്ധികളിൽ വിശ്വാസത്തോടെ മുന്നോട്ടുപോകാനും നമുക്ക് കഴിയണം.

ഒക്ടോബർ 2 മഹാത്മാഗാന്ധിയുടെ ജന്മദിനം രാജ്യം ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഗാന്ധിജിയുടെ ജീവിതത്തിലെ സത്യനിഷ്ഠ, അഹിംസ, ലാളിത്യം, ആത്മനിയന്ത്രണം, ദരിദ്രരോടുള്ള കരുതൽ, സമൂഹത്തിലെ ദുർബലരോടുള്ള ഐക്യദാർഢ്യം തുടങ്ങിയ മൂല്യങ്ങൾ ക്രിസ്തീയ വിശ്വാസ ജീവിതത്തിലും വലിയ ചിന്തകൾ ഉണർത്തുന്നവയാണ്. ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്രത്തിൽ തന്നെ സത്യവും സ്നേഹവും ക്ഷമയും സമാധാനവും സേവനവും നിലകൊള്ളുന്നു. “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ” എന്ന ക്രിസ്തുവിന്റെ വചനവും, ശത്രുക്കളെ സ്നേഹിക്കുവാനും നമ്മെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുമുള്ള കർത്താവിന്റെ ആഹ്വാനവും നമ്മുടെ ജീവിതത്തിന് വ്യക്തമായ മാർഗ്ഗനിർദ്ദേശമാണ്. അതിനാൽ ഗാന്ധിജയന്തി ഒരു ദേശീയ അവധിദിനത്തിന്റെ കേന്ദ്രം മാത്രമായി കാണാതെ സത്യസന്ധതയുടെയും സമാധാനത്തിന്റെയും സേവനത്തിന്റെയും മൂല്യങ്ങൾ ജീവിതത്തിൽ പുനഃസ്ഥാപിക്കാനുള്ള അവസരമായി നാം കാണണം.

സെപ്റ്റംബർ 29, 30 തീയതികളിൽ ചിങ്ങവനം സെന്റ് ജോൺസ് ദയറാപ്പള്ളിയിൽ നടത്തപ്പെടുന്ന പുണ്യശ്ലോകനായ ഏബ്രഹാം മോർ ക്ലീമീസ് വലിയ മെത്രാപ്പോലീത്തായുടെ ഓർമ്മയാചരണം നമ്മുടെ സമുദായത്തിന് പ്രത്യേക പ്രാധാന്യമുള്ളതാണ്. 52 വർഷക്കാലം മലങ്കര സുറിയാനി ക്നാനായ സമുദായത്തിന്റെ മെത്രാപ്പോലീത്തയായി ശുശ്രൂഷ ചെയ്ത വന്ദ്യപിതാവിന്റെ ജീവിതവും നേതൃത്വവും നമ്മുടെ സഭാചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ്. ഒരു പിതാവിനെ അനുസ്മരിക്കുക എന്നത് അദ്ദേഹത്തിന്റെ പേരും കാലഘട്ടവും മാത്രം ഓർക്കുക എന്നതല്ല. അദ്ദേഹം സഭയ്ക്കും സമൂഹത്തിനും കൈമാറിയ ആത്മീയപൈതൃകം തിരിച്ചറിയുകയും അത് അടുത്ത തലമുറയിലേക്ക് കൈമാറുകയും ചെയ്യുക എന്നതാണ്. ദീർഘമായ ഇടയശുശ്രൂഷയിലൂടെ സഭയെയും വിശ്വാസികളെയും നയിച്ച വന്ദ്യപിതാവിന്റെ ഓർമ്മ നമ്മുടെ ഇന്നത്തെ തലമുറയ്ക്ക് ഉത്തമപങ്കാളിത്തത്തിന്റെ ഓർമ്മപ്പെടുത്തലായി മാറണം. വന്ദ്യപിതാവിന്റെ കബറിങ്കൽ ഒത്തുചേരുമ്പോൾ, നാം ഒരു പിതാവിനെ ഓർക്കുക എന്നത് മാത്രമല്ല, നമ്മുടെ സഭാപാരമ്പര്യത്തോടുള്ള ഉത്തരവാദിത്വവും പുതുക്കണം. മുൻതലമുറ വിശ്വാസത്തിനായി ചെയ്ത ത്യാഗങ്ങളെ ഓർക്കുകയും, ഇന്നത്തെ തലമുറയ്ക്ക് ആ വിശ്വാസം വിശ്വസ്തതയോടെ കൈമാറുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. പ്രത്യേകിച്ച് യുവതലമുറയ്ക്ക് സഭയുടെ ചരിത്രവും പിതാക്കന്മാരുടെ ജീവിതവും പരിചയപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വേരുകളെ മറക്കുന്ന തലമുറയ്ക്ക് ഭാവിയിൽ ഉറച്ചുനിൽക്കാൻ കഴിയുകയില്ല. അതുകൊണ്ട് ഓർമ്മയാചരണങ്ങൾ നമ്മുടെ ചരിത്രബോധത്തെയും സഭാസ്നേഹത്തെയും വിശ്വാസനിഷ്ഠയെയും ശക്തിപ്പെടുത്തുന്ന അവസരങ്ങളാകട്ടെ.

എട്ടുനോമ്പ് നമ്മെ ദൈവത്തിലേക്ക് തിരിക്കട്ടെ; സ്ലീബ നമ്മെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും വഴിയിലേക്ക് നയിക്കട്ടെ; ഗാന്ധിജയന്തി സത്യത്തിന്റെയും സമാധാനത്തിന്റെയും മൂല്യങ്ങൾ ഓർമ്മിപ്പിക്കട്ടെ; വലിയ മെത്രാപ്പോലീത്തായുടെ ഓർമ്മ വിശ്വാസപൈതൃകത്തോടുള്ള നമ്മുടെ ഉത്തരവാദിത്വം പുതുക്കട്ടെ. ആചരണങ്ങൾ ജീവിതത്തിൽ തുടർന്നുകൊണ്ടിരിക്കുന്ന ആത്മീയ അനുഭവങ്ങളാകട്ടെ. ദൈവം നൽകിയ വിശ്വാസപൈതൃകത്തെ നന്ദിയോടെ സ്വീകരിക്കുകയും, ക്രിസ്തുവിന്റെ സ്ലീബായെ ജീവിതത്തിന്റെ വഴികാട്ടിയാക്കുകയും, പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ ജീവിതം മാതൃകയാക്കുകയും ചെയ്യുവാൻ നമുക്ക് ഇടയാകട്ടെ.

കർത്തൃ ശുശ്രൂഷയിൽ,
മോർ സേവേറിയോസ് കുറിയാക്കോസ് ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത