Knanaya Deepam

loading

സമുദായ വാർത്തകൾ

പ്രിയപ്പെട്ടവരെ,

2026 ഓഗസ്റ്റ് 28-ാം തീയതിയായിരുന്നു ക്നാനായ അസോസിയേഷൻ പൊതുയോഗം. അതുമായി ബന്ധപ്പെട്ട വാർത്തകളാണ് ഈ മാസത്തെ 'ക്നാനായദീപത്തിൽ' എഴുതാനുള്ളത്. കുറച്ചുനാളുകൾ ക്നാനായ സമുദായ നേതൃത്വത്തെ വളരെ ഇകഴ്ത്തി സോഷ്യൽ മീഡിയയിലൂടെ ഓരോ ദിവസവും നുണകൾ എഴുതി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനുള്ള കൃത്യമായ മറുപടി അസോസിയേഷൻ യോഗത്തിൽ നൽകുവാൻ സമുദായ നേതൃത്വത്തിന് സാധിച്ചു എന്നുള്ളത്, ഓഗസ്റ്റ് 28-ാം തീയതിയിലെ ലൈവ് ടെലികാസ്റ്റ് കണ്ട എല്ലാവർക്കും ബോധ്യമാകും. 2008 ലും 2009 ലും ഒക്കെ ക്നാനായ അസോസിയേഷൻ തീരുമാനമെടുത്തതും, ടെൻഡർ വിളിച്ച് കൂൽप्पമലയിൽ നിന്ന് വെട്ടുകല്ല് വെട്ടി വിൽപ്പന നടത്തിയതും, അന്ന് അസോസിയേഷൻ അതിന് അനുവാദം നൽകിയിരുന്നതും അതിന്റെ ബാക്കിയായി ഒരു കൊട്ടേഷൻ വിളിച്ച് 25 സെന്റ് സ്ഥലം മാത്രം കൊടുക്കുന്നതിന് 2022-ൽ കമ്മിറ്റി തീരുമാനിച്ചു. എന്നാൽ കൊടുത്തിട്ടില്ല. ഇപ്പോഴത്തെ കമ്മിറ്റി സമുദായത്തിൽ ധാരാളം വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്തു കാര്യം ചെയ്താലും അതിനെതിരെ അനാവശ്യ വിമർശനങ്ങളുമായി കുറച്ചുആളുകൾ മനപ്പൂർവ്വം തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.

പ്രിയപ്പെട്ടവരെ, ക്നാനായ സമുദായത്തിന്റെ വരവു ചെലവു കണക്കും വാർഷിക റിപ്പോർട്ടും പാസ്സാക്കുന്നതിനു വേണ്ടിയുള്ള ക്നാനായ അസോസിയേഷൻ സമ്മേളനം 2026 ആഗസ്റ്റ് മാസം 28-ാം തീയതി രാവിലെ 10.30 ന് ചിങ്ങവനം അഫ്രേം സെമിനാരിയിലെ അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. അസോസിയേഷൻ പ്രസിഡന്റ് ബഹുമാനപ്പെട്ട വി.എ. ഏബ്രഹാം ഇല്ലപ്പശ്ശേരി അച്ചന്റെ അധ്യക്ഷതയിൽ പ്രാർത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. സമ്മേളനം തുടങ്ങുന്ന രാവിലെ 10.30 ന് കോട്ടയം വൈക്കേഷൻ കോടതിയിൽനിന്നും ഒരു ഉത്തരവുമായി അഡ്വക്കേറ്റ് കമ്മീഷൻ വരികയും അദ്ദേഹം ഒരു കേസ് സെക്രട്ടറിയെ ഏൽപ്പിക്കുകയും ചെയ്തു. കേസിലെ വാദികൾ: 1. ബിനു കുരുവിള, വയസ്സ് 50, കല്ലേമ്മണ്ണിൽ 2. ജോബി ജോയി, വയസ്സ് 46 ഇളകൂറ്റൂർ, 3. അലക്സാണ്ടർ സി.എ. വയസ്സ് 62, പെരുന്തയിൽ വീട്, കവിയൂർ കേസിലെ പ്രതികൾ 1. മലങ്കര സുറിയാനി ക്നാനായ അസോസിയേഷൻ, 2. മലങ്കര സുറിയാനി ക്നാനായ അസോസിയേഷന്റെ സെക്രട്ടറി, 3. മലങ്കര സുറിയാനി ക്നാനായ സമുദായം, ലേ ട്രസ്റ്റി (അല്മായ ട്രസ്റ്റി) 4. ക്നാനായ കമ്മിറ്റി, ഹർജി (Petition) ഹർജിക്കാരന്റെ അഭിഭാഷകൻ സന്തോഷ് ഏബ്രഹാം ഫയൽ ചെയ്തത്. സത്യവാങ്മൂലത്തിൽ പറയുന്ന 2026 ഓഗസ്റ്റ് 28 ന് ചിങ്ങവനത്തെ മാർ അഫ്രേം സെമിനാരിയിൽ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള മലങ്കര സുറിയാനി ക്നാനായ അസോസിയേഷന്റെ യോഗനടപടികൾ എന്തൊക്കെയാണെന്ന് പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ. കോഴിക്കോട് ജില്ലയിലെ കൂൽപ്പമല എസ്റ്റേറ്റിലെ സമുദായത്തിന്റെ വസ്തുവിൽ നിന്ന് കരിക്കല്ല് (laterite) വെട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കോട്ടയം ജില്ലയിലെ തോട്ടയ്ക്കാട് മോർ സേവേറിയോസ് കോളേജിന്റെ നടത്തിപ്പ്, ക്നാനായ അസോസിയേഷന്റെ മാനേജിംഗ് കമ്മിറ്റിയിലെ രണ്ട് ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ് എന്നിവ മേൽപ്പറഞ്ഞ യോഗത്തിൽ ചർച്ച ചെയ്തു എടുത്തോ എന്ന് റിപ്പോർട്ട് ചെയ്യാൻ. നടപടിക്രമങ്ങൾ വീഡിയോ ഗ്രാഫ് ചെയ്യുകയും അത് പെൻഡ്രൈവിലോ മറ്റ് സമാനമായ ഇലക്ട്രോണിക് ഉപകരണത്തിലോ സമർപ്പിക്കാൻ. അസോസിയേഷന്റെ യോഗനടപടികൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു കമ്മീഷനെ നിയമിച്ചുകൊണ്ട് ഉത്തരവ് ആയിരുന്നു. കമ്മീഷൻ യോഗ നടപടികൾ തീരുന്നതുവരെയും അവിടെ സന്നിഹിതനായിരുന്നു. പിന്നീട് സമ്മേളനം തുടർന്നു. നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയ ക്നാനായ കമ്മിറ്റി അംഗം ശ്രീ. ഉതുപ്പാൻ ജോസഫ് ചിറ്റുപറമ്പിൽ (കല്ലൂശ്ശേരി), ഫാമിലി മാത്യു പയ്യനാട്ട്, ശ്രീ. പി.സി ജോക്കബ് പുളിച്ചാമൂട്ടിൽ എന്നിവരുടെ സ്മരണയ്ക്ക് മുന്നിൽ യോഗം അനുശോചനം രേഖപ്പെടുത്തുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് ബഹുമാനപ്പെട്ട സന്തോഷ് ചെറുകരത്ത് അച്ചൻ ധ്യാനപ്രസംഗം നടത്തി. അതിനുശേഷം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നു. സമുദായ സെക്രട്ടറി നോട്ടീസ് വായിച്ചുതീർത്ത തുടർന്ന്, കഴിഞ്ഞ അസോസിയേഷനുശേഷം സമുദായത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ചും, അസോസിയേഷൻ അംഗങ്ങളിൽനിന്ന് ഉയർന്നുവന്ന വിവിധ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലും, സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജ പ്രചരണങ്ങൾക്കുള്ള മറുപടിയായും സെക്രട്ടറി താഴെപ്പറയുന്ന കാര്യങ്ങൾ വിശദീകരിച്ചു. ആദ്യം, തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന എഡെസ്റ്റാ തോട്ടത്തിൽ റബ്ബർ പ്ലാന്റ് ചെയ്തതിനെക്കുറിച്ചുള്ള വിശദീകരണമാണ് നൽകിയത്. തോട്ടത്തിൽ റബ്ബർ പ്ലാന്റ് ചെയ്യുന്നതിനായി പത്രത്തിലും 'ക്നാനായ ദീപത്തിലും' നോട്ടീസ് ബോർഡിലും പരസ്യം ചെയ്ത് ടെൻഡർ വിളിച്ചിരുന്നു. ആകെ മൂന്ന് ടെൻഡറുകളാണ് ലഭിച്ചത്. അതിൽ ഒന്ന്, റബ്ബർ തൈ നട്ട് മൂന്നുവർഷം പരിപാലിക്കുന്നതിന് ഒരാൾ 350 രൂപ കോട്ട് ചെയ്തു. ക്നാനായകരായ പുത്തൻപള്ളി ഇടവക അംഗം 250 രൂപ നിരക്കും, തമിഴ്നാട്ടുകാരനായ ഒരാൾ 150 രൂപ നിരക്കും കോട്ട് ചെയ്തു. ഏറ്റവും കുറഞ്ഞ തുക കോട്ട് ചെയ്ത ആളിലാണ് ടെൻഡർ ഉറപ്പിച്ചത്. ഇത് ക്നാനായ കമ്മിറ്റി അംഗങ്ങളെല്ലാം ഒരുമിച്ച് എടുത്ത തീരുമാനമാണ്. രണ്ട് അസോസിയേഷൻ അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മുന്നോട്ടുവെച്ച ആളിനെ പോയി കണ്ടിരുന്നു. അദ്ദേഹമാണ് ആദ്യത്തെ റബ്ബർത്തൈ നട്ട് ഉദ്ഘാടനം ചെയ്തത്. ഒരു മരം നടുന്നതിന് 500 രൂപ ചിലവാകുമെന്നും, അങ്ങനെ വന്നാൽ പതിനായിരം മരം നടാൻ 50 ലക്ഷം രൂപയാകുമെന്നും അദ്ദേഹത്തിന്റെ വോയ്സ് ക്ലിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോഴത്തെ കണക്കനുസരിച്ച് സമുദായത്തിന് 15 ലക്ഷം രൂപ മാത്രമേ ചിലവാക്കുകയുള്ളൂ. അതുവഴി സമുദായത്തിന് 35 ലക്ഷം രൂപ ലാഭമുണ്ടാക്കാൻ കഴിഞ്ഞു. ഇപ്പോൾ റബ്ബർമരങ്ങൾ ഏതാണ്ട് രണ്ടാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്നുണ്ടെന്നും സെക്രട്ടറി സഭയെ അറിയിച്ചു.

രണ്ടാമത് സെക്രട്ടറി പറഞ്ഞത് കൂൽപ്പമല തോട്ടത്തെക്കുറിച്ചാണ്. കൂൽപ്പമല തോട്ടത്തിൽ 2008 ഏപ്രിൽ മാസം 23-ാം തീയതി അന്നത്തെ സമുദായ സെക്രട്ടറി കൂൽപ്പമല തോട്ടത്തിൽനിന്ന് 10 സെന്റ് സ്ഥലത്തെ വെട്ടുകല്ല് വെട്ടി വിൽക്കുന്നതിനായി കൊയിലാണ്ടി താലൂക്കിലുള്ള മൂടപ്പരമ്പിൽ ഷാജിയുമായി ഒരു എഗ്രിമെന്റ് വെച്ചിരുന്നു. ആ എഗ്രിമെന്റ് അദ്ദേഹം സഭയെ കാണിക്കുകയും ചെയ്തു. പിന്നീട് 2009-ലെ സമുദായ കണക്കിലെ ഇൻകം ആൻഡ് എക്സ്പെൻഡിച്ചറിൽ, 10 സെന്റ് സ്ഥലത്തെ കല്ലുവെട്ടി വിറ്റതിന് 52,000 രൂപ ലഭിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നതും സഭയെ കാണിച്ചു. കൂടാതെ, 2009 ഓഗസ്റ്റ് 11 ന് കൂടിയ ക്നാനായ അസോസിയേഷൻ, കൂൽപ്പമല തോട്ടത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും റാന്നി, കല്ലൂശ്ശേരി മേഖലകളിൽ ഒരിടത്ത് എൻജിനീയറിംഗ് കോളേജ്, ബി.എഡ്. കോളേജ്, ക്നാനായ സ്റ്റഡീസെന്റർ എന്നിവ ആരംഭിക്കുന്നതിനും, സ്വന്തമായി റാന്നി മേഖല ആസ്ഥാന മന്ദിരം ഉണ്ടാക്കുന്നതിനും സമുദായത്തിലെ മറ്റ് വികസന പ്രവർത്തനങ്ങൾക്കും വിനിയോഗിക്കുന്നതിനായി കൂൽപ്പമല തോട്ടത്തിലെ വെട്ടുകല്ല് വെട്ടി വിൽക്കുന്നതിന് ക്നാനായ അസോസിയേഷൻ അനുമതി കൊടുത്തതിന്റെ ഒറിജിനൽ അസോസിയേഷൻ മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത് വായിക്കുകയും ആ ബുക്ക് സഭയെ കാണിക്കുകയും ചെയ്തു. തന്നെയുമല്ല, അതേ വർഷത്തെ 2009-2010 ലെ ബഡ്ജറ്റിൽ 20-ാമത്തെ ഐറ്റമായി 77,50,000 രൂപ വരവിനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബഡ്ജറ്റ് ബുക്കും സഭയെ കാണിച്ചു. മുൻ ക്നാനായ കമ്മിറ്റിയും ക്നാനായ അസോസിയേഷനും ഇങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തതിന്റെ അടിസ്ഥാനത്തിലാണ്, 2018-2023 ലെ ക്നാനായ കമ്മിറ്റി 2022 ൽ 25 സെന്റ് സ്ഥലത്തെ കല്ല് വെട്ടി വിൽക്കുന്നതിന് തീരുമാനിച്ചത്. ഏതാണ്ട് 10 ഏക്കറോളം സ്ഥലം പൂല്ലുപോലും കിളിർക്കാതെ കാടുകയറി പാറപോലെ കിടക്കുകയാണ്. ജിയോളജിയിൽ നിന്നുമുള്ള പാസ് അവരുടെ സ്വന്തം ചിലവിൽ അവർ തന്നെ എടുക്കണം, പാസ് എടുത്തു കഴിഞ്ഞ് ആറുമാസത്തിനകം 25 സെന്റ് സ്ഥലത്തുനിന്ന് മാത്രം കല്ലുവെട്ടിയെടുക്കാൻ പാടുള്ളൂ. പത്രത്തിൽ പരസ്യം ചെയ്ത് പല കൊട്ടേഷനുകൾ വന്നതിൽ ഏറ്റവും കൂടുതൽ തുക കോട്ട് ചെയ്ത ആൾക്ക്, മുകളിൽ പറഞ്ഞ കണ്ടീഷൻ അനുസരിച്ച് 8 ലക്ഷം രൂപയ്ക്ക് 25 സെന്റ് സ്ഥലത്തെ കല്ല് വെട്ടിയെടുക്കാൻ കൊടുക്കുവാൻ തീരുമാനിച്ചു. എന്നാൽ, നാലു വർഷമായിട്ടും ജിയോളജിയിൽ നിന്നും പാസ്സ് ലഭിച്ചിട്ടില്ല, ഇനിയും കിട്ടുമോ എന്ന് സംശയവുമാണ്. ആ പ്രദേശം മുഴുവൻ നമ്മുടെ കൂടെയുള്ള ചില ആളുകൾ നടന്ന് കള്ളപ്രചരണം നടത്തുകയാണ്. പാസ്സ് കിട്ടുക എന്നത് വലിയ ദുഷ്കരമാണെന്നും സെക്രട്ടറി പറഞ്ഞു. ആ സ്ഥലം ഒരു മലപോലെയാണ്. കല്ല് വെട്ടി മാറ്റുമ്പോൾ ലഭിക്കുന്ന മണ്ണ് അവിടെയിട്ട് നികത്തിയാൽ കൃഷിക്ക് അനുയോജ്യമാക്കാം. കൂൽപ്പമലയിൽ നിന്ന് ഇപ്പോഴത്തെ കമ്മിറ്റി ഒരു കല്ലുപോലും വെട്ടിയിട്ടില്ലെന്നും കമ്മിറ്റി കല്ലുവെട്ടി വിറ്റു എന്ന് നുണപ്രചരണം നടത്തുകയാണ് എന്നും സെക്രട്ടറി അറിയിച്ചു. ഇതാണ് സത്യമെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.

തുടർന്ന് തോട്ടയ്ക്കാട് സേവേറിയോസ് കോളേജിനെക്കുറിച്ച് സെക്രട്ടറി വിശദീകരിച്ചു. കോളേജ് പണിയുന്നതിനുവേണ്ടി തന്നെയാണ് പണത്തകർ സ്ഥലം തോട്ടയ്ക്കാട് വാങ്ങിയത്. ഉമ്മൻചാണ്ടിയുടെ കാലത്ത് ഒരു ആർട്സ് കോളേജിനു വേണ്ടി കല്ലിട്ടിരുന്നുവെങ്കിലും അത് തുടങ്ങാൻ സാധിച്ചില്ല. ആ ആഗ്രഹം നിറവേറ്റുക എന്നതും ഇതിന്റെ ഒരു കാരണമായിരുന്നു. ക്നാനായ സമുദായത്തിനുവേണ്ടി സമുദായ മെത്രാപ്പോലീത്തായുടെ പേരിലാണ് സ്ഥലം വാങ്ങിയതെന്ന് വെളിപ്പെടുത്തിക്കൊണ്ട് അതിന്റെ ആധാരവും കാണിച്ചു. കോളേജിന് കെട്ടിടം പണിയുന്നതിനുവേണ്ടി മലയാള മനോരമയിലും ക്നാനായ ദീപത്തിലും പരസ്യം ചെയ്താണ് ടെൻഡർ വിളിച്ചത്. കേരളത്തിലെ പ്രമുഖരായ 11 കമ്പനികൾ ആ ടെൻഡറിനായി ഫോറം വാങ്ങിയതിൽ 7 പേർ ടെൻഡർ കൊടുത്തു. ഏറ്റവും കുറവ് ടെൻഡർ കോട്ട് ചെയ്ത കമ്പനിക്ക് വളരെ സുതാര്യമായിട്ടാണ് വർക്ക് കൊടുത്തത്. കെട്ടിടത്തിന്റെ പണി തുടങ്ങിയപ്പോൾ തന്നെ എ.ഐ. യൂണിവേഴ്സിറ്റിയിൽ നിന്ന് 3 കോഴ്സുകൾക്ക് അംഗീകാരം ലഭിച്ചുവെങ്കിലും, പഴയ കോഴ്സുകൾക്ക് കുട്ടികളെ ലഭിക്കുവാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയതിനാൽ കിട്ടിയ അനുവാദം ഉപയോഗിച്ചില്ല. പിന്നീട് നഴ്സിംഗ് കോളേജിന് അപേക്ഷ കൊടുത്തുവെങ്കിലും, കേരളത്തിലെ നിയമം അനുസരിച്ച് ആശുപത്രി ഇല്ലാത്തതിനാൽ അത് ലഭിച്ചില്ല. തുടർന്ന് ഹെൽത്ത് യൂണിവേഴ്സിറ്റിയുടെ കോഴ്സുകൾക്കായി ശ്രമിക്കുകയാണുണ്ടായത്. ഒരു രൂപപോലും ലോൺ എടുക്കാതെയാണ് കോളേജിന്റെ പണികൾ നടത്തുന്നത്. അതിന്റെ താമസം കോളേജ് പൂർത്തീകരണത്തിന് തടസ്സമാകുന്നുണ്ട്. സമുദായമെത്രാപ്പോലീത്ത ചെയർമാനായി ഒരു എജ്യൂക്കേഷൻ അഡ്വൈസറി ബോർഡ് രൂപീകരിച്ചിട്ടുണ്ട്. അതിന്റെ ബോർഡ് മെമ്പർമാർ താഴെ പറയുന്നവരാണ്. 1. ഡോ. സണ്ണി ലൂക്ക് (ശാസ്ത്രജ്ഞൻ, മെഡിക്കൽ ജനറ്റിസിസ്റ്റ്, ടിഷ്യു എൻജിനീയർ, പ്രൊഫസർ, അന്താരാഷ്ട്ര വിദ്യാഭ്യാസ വിദഗ്ദ്ധൻ). 2. ഡോ. ബാബു ജോസഫ് (മുൻ പ്രിൻസിപ്പൽ, സെന്റ് തോമസ് കോളേജ്, റാന്നി) 3. ഡോ. എബി കുരുവിള (ലൂയി സിവിൽ സർവ്വകലാശാല, ചിക്കാഗോ, യു.എസ്.എ.) 4. അഡ്വ. സന്ദീപ് ഏബ്രഹാം താമരപ്പള്ളി 5. ക്നാനായ കമ്മിറ്റിയെ പ്രതിനിധികരിച്ച് പ്രസിഡന്റ്, സെക്രട്ടറി, ട്രസ്റ്റി, ക്നാനായ കമ്മിറ്റി അംഗങ്ങളെല്ലാം ഈ ബോർഡിൽ ഗസ്റ്റ് മെമ്പർമാർ ആയിരിക്കും. ഇനിയും പ്രഗത്ഭരായ വിദ്യാഭ്യാസ വിദഗ്ദ്ധരെ ബോർഡിൽ ചേർക്കുന്നതായിരിക്കും എന്നും സെക്രട്ടറി പറഞ്ഞു. ഈ വിദഗ്ദ്ധ ബോർഡിന്റെ നിർദ്ദേശാനുസരിച്ച് മാത്രമേ കോളേജിന്റെ പ്രവർത്തനം മുന്നോട്ട് പോവുകയുള്ളൂ എന്നും, സമുദായത്തിന് ദോഷം വരുന്ന ഒരു എഗ്രിമെന്റും ആരുമായിട്ടും വെക്കുകയില്ല എന്നും, ഹെൽത്ത് യൂണിവേഴ്സിറ്റിയുമായുള്ള എഗ്രിമെന്റ് ക്നാനായ സമുദായത്തിന്റെ പേരിൽ തന്നെയായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. മന്ദിരം കവലയിൽ പണ്ട് കോളേജ് ആവശ്യത്തിന് പണിത ഒരു കെട്ടിടം വെറുതെ കിടന്നിരുന്നുവെന്നും, അവിടെ 'ക്നാനായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി' എന്ന സ്ഥാപനം തുടങ്ങിയെന്നും, കഴിഞ്ഞ വർഷം 2 ലക്ഷം രൂപ ആ സ്ഥാപനത്തിൽ നിന്നും ലാഭം ലഭിച്ചുവെന്നും സെക്രട്ടറി സഭയെ അറിയിച്ചു.

അതുപോലെ റാന്നി നെല്ലിക്കമണ്ണിൽ ഭവനരഹിതരായ ആളുകൾക്കായി 5 ഭവനങ്ങൾ പൂർത്തിയായി എന്നും, കൂടുതൽ ഭവനങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നു എന്നും, സമുദായത്തിന് കേസ് നടത്തുന്നതിനുവേണ്ടി ചെലവാകുന്ന പണത്തിൽ ഏറിയപങ്കും സംഭാവനയായി ലഭിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു. സമുദായത്തിലെ സഹായമെത്രാന്മാരുടെ വിഷയം തീർക്കുന്നതിനുവേണ്ടി പ്രയത്നിക്കുന്ന വൈദികർ അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നുണ്ട് എന്നും വൈദികരുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് സെക്രട്ടറി സംസാരിച്ചു.

പിന്നീട് അസോസിയേഷൻ നേരിട്ട് പങ്കെടുത്തവരുടെയും ഓൺലൈൻ വഴി സംബന്ധിച്ചവരുടെയും കൃത്യമായ കോറാ തിട്ടപ്പെടുത്തിയശേഷമാണ് ഔദ്യോഗിക നടപടികളിലേക്ക് കടന്നത്. കണക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സമുദായ ട്രസ്റ്റി ശ്രീ. ടി.സി. തോമസ് തോപ്പിൽ മറുപടി നൽകി. വിദേശത്തുള്ള ദേവാലയങ്ങളിലെ അഞ്ചുവരി കുടിശ്ശിക ഒറ്റത്തവണ തീർപ്പുനമനുസരിച്ച് ചെയ്ത കാര്യങ്ങളും, സമുദായത്തിലെ സഹായമെത്രാന്മാരുടെ വിഷയങ്ങളെക്കുറിച്ച് നടത്തിയ ചർച്ചകളും ബഹുമാനപ്പെട്ട രാജൻകുളമട അച്ചൻ വിശദീകരിച്ചു. എല്ലാ എഴുത്തുകളും ചോദ്യങ്ങളും 'അസോസിയേഷൻ സെക്രട്ടറി, മോർ അഫ്രേം സെമിനാരി, ചിങ്ങവനം എന്ന വിലാസത്തിൽ അയക്കണമെന്ന് നോട്ടീസിൽ ഉണ്ടായിരുന്നു' എങ്കിലും പലരും അത് പാലിച്ചിരുന്നില്ല. അവരവരുടെ ഇ-മെയിലിൽ നിന്ന് അയച്ചതും അവരവർ ഒപ്പിട്ട് അയച്ചതുമായ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു. എന്നാൽ, ഒപ്പില്ലാത്തതും സ്വന്തം ഇ-മെയിലിൽ നിന്നും അയക്കാത്തതുമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കില്ലെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു. കണക്കും റിപ്പോർട്ടും സംബന്ധിച്ച എല്ലാ ചോദ്യങ്ങൾക്കും ട്രസ്റ്റി വിശദമായ ഉത്തരം കൊടുത്തതിനുശേഷം, കണക്ക് പാസ്സാക്കുവാൻ അസോസിയേഷൻ അംഗങ്ങൾ ആവശ്യപ്പെടുകയും അതിനെ അംഗങ്ങൾ പിന്താങ്ങുകയും ചെയ്തതിന്റെ വെളിച്ചത്തിൽ 2025-2026 വർഷത്തെ കണക്കും റിപ്പോർട്ടും പാസ്സായതായി പ്രസിഡന്റ് പ്രഖ്യാപിച്ചു.

പിന്നീട് ലഞ്ച് ബ്രേക്കിനായി സഭ പിരിഞ്ഞു. ലഞ്ച് ബ്രേക്കിനുശേഷം കോമൺ ചോദ്യങ്ങൾക്ക് സമുദായ സെക്രട്ടറി റ്റി.ഒ. ഏബ്രഹാം മറുപടി പറഞ്ഞു. ശ്രീ. ടിനു തോട്ടൂപുറത്തിന്റെയും അനിൽ കിടങ്ങൂറ്റിപ്പറമ്പിലിന്റെയും ചോദ്യങ്ങൾക്ക് മറുപടി പറയാതിരുന്നതിന്റെ കാരണം സെക്രട്ടറി സഭയെ അറിയിച്ചു. കഴിഞ്ഞ അസോസിയേഷൻ സഭായ വിരുദ്ധ പ്രവർത്തനങ്ങൾ (പാരലൽ ഭരണം) നടത്തുന്നതുമായി ബന്ധപ്പെട്ട് അവരുടെ പേരിൽ നടപടി എടുക്കണമെന്ന് അഭിപ്രായം വരികയും, അതിന് അസോസിയേഷൻ അംഗീകാരം കൊടുക്കുകയും ചെയ്തു. എന്നാൽ, നടപടിയെടുക്കുന്നതിന് മുമ്പായി തന്നെ അവർ കോടതിയിൽ കേസ് കൊടുത്തു. പിന്നീട് അവരുടെ മേൽ പള്ളിക്കൂറ്റമുൾപ്പെടെയുള്ള തുടർനടപടികൾ എടുത്തുകൊണ്ടിരിക്കുകയാണ്. അവരെ അസോസിയേഷനിൽ സംബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും, ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാത്തത് കോടതി ഓർഡർ ലഭിക്കാത്തതുകൊണ്ടാണെന്ന് സെക്രട്ടറി സഭയെ അറിയിച്ചു. ശ്രീ. സജിമോൻ കിഴാതയുടെ ചോദ്യത്തിന് മറുപടി കൊടുത്തതിനുശേഷം, ക്നാനായ അസോസിയേഷനിൽ നല്ല രീതിയിൽ ട്രസ്റ്റിയും സെക്രട്ടറിയും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുന്നുണ്ടെന്നും, നല്ല രീതിയിൽ മീറ്റിംഗ് നടത്തിക്കൊണ്ടുപോകുന്നതിനെക്കുറിച്ചും പറഞ്ഞ് ശ്രീ. സജിമോൻ കിഴാത അഭിനന്ദിച്ച് സംസാരിച്ചു.

പിന്നീട് ഫിലിപ്പ് തോമസ് മാമംഗലത്തിന്റെ ചോദ്യം സോഷ്യൽ മീഡിയയുടെ സമുദായ നേതൃത്വത്തിനെതിരെ ഒരു തെളിവുമില്ലാതെ ആരോപണങ്ങൾ വരുന്നതിനെതിരെ എന്ത് നടപടി എടുക്കുമെന്നും, മറ്റ് ക്രൈസ്തവ സമൂഹത്തിന് മുമ്പിൽ തെളിവില്ലാതെ വലിയ നുണപ്രചരണങ്ങൾ നടത്തുന്നതും നല്ല രീതിയിൽ ഭരണം നടത്തുന്ന കമ്മിറ്റിയെ ഇകഴ്ത്തിക്കാണിക്കുന്നത് ശരിയല്ലെന്നും, അവർക്കെതിരെ എന്ത് നടപടി എടുക്കുമെന്നുമുള്ള ചോദ്യത്തിന് സെക്രട്ടറി മറുപടി നൽകി. തെളിവുകൾ ഇല്ലാതെ കമ്മിറ്റിയെ ഇകഴ്ത്തിക്കാണിക്കുന്നവരുടെമേൽ, അടുത്ത അസോസിയേഷൻ മുതൽ തെളിവുകൾ ഇല്ലാതെ അസോസിയേഷനിൽ അംഗങ്ങൾ പരസ്യമായി ആരോപണം ഉന്നയിച്ചാൽ കർശന നടപടി എടുക്കുമെന്ന് സെക്രട്ടറി സഭയെ അറിയിച്ചു. 2018-ൽ 8,000 രൂപ അടിസ്ഥാന ശമ്പളമുണ്ടായിരുന്ന വൈദികരുടെ ശമ്പളം 18,000 രൂപയായി ഉയർത്തിയെന്നും, വീണ്ടും കഴിഞ്ഞ അസോസിയേഷനിൽ 10% കൂടി വർദ്ധിപ്പിച്ചുവെന്നും സെക്രട്ടറി സഭയെ അറിയിച്ചു. ബോംബെ പള്ളി അസോസിയേഷൻ അംഗം സുരേഷ് വാഴയ്ക്കന്റെ ചോദ്യത്തിന് ഉത്തരമായി, എത്രയും പെട്ടെന്ന് ബോംബെ പള്ളിക്ക് വൈദികനെ നൽകുമെന്ന് സെക്രട്ടറി അറിയിച്ചു. ശ്രീ.എബ്രഹാം കെ.മാത്യുവിന്റെ ചോദ്യത്തിന് ഉത്തരമായി, കൂൽപ്പമലയിൽ ഇപ്പോൾ കരമടച്ചു കൊണ്ടിരിക്കുന്നത് 76 ഏക്കർ സ്ഥലത്തിനാണെന്നും അവിടെ നിന്ന് ഈ കമ്മിറ്റി വന്നതിനുശേഷം ഒരു സെന്റ് സ്ഥലം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും മറുപടി നൽകി. നേരത്തെ 50 സെന്റ് സ്ഥലം കൈവശവെച്ചിരുന്ന ആളുടെ കയ്യിൽ നിന്നും റീസർവ്വേ വന്നപ്പോൾ ആ 50 സെന്റ് തിരിച്ചു പിടിച്ചു. കൂടാതെ കൃഷിക്ക് അനുയോജ്യമല്ലാത്ത ഏകദേശം 10 ഏക്കർ സ്ഥലം കൂൽപ്പമലയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2012-15 ലെ കമ്മിറ്റി നെല്ലിക്കൻ തോട്ടം പണംവെയ്പായി ഒന്നരക്കോടി രൂപ എടുത്ത് സെമിനാരിയുടെ പുരയിടത്തിൽ ക്രമവിരുദ്ധമായി ഒരു സെന്റിന് 4,10,000 രൂപ നിരക്കിൽ 37 സെന്റ് സ്ഥലത്തിന് 1 കോടി 10 ലക്ഷം രൂപ അഡ്വാൻസ് കൊടുത്തു എന്നും ഒടുവിൽ 3,90,000 രൂപ വിലയ്ക്ക് 30 സെന്റ് വാങ്ങിയെന്നും സെക്രട്ടറി അറിയിച്ചു. അതിൽനിന്നും വരുമാനം വല്ലതും കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് നാളിതുവരെ ഒരു വരുമാനവും ലഭിച്ചിട്ടില്ലെന്നും 4,10,000 എന്നത് അന്യായ വിലയാണെന്നും ഇന്നവിടെ സ്ഥലത്തിന് രണ്ടരലക്ഷം രൂപപോലും വിലയില്ലെന്നും ഇത് സമുദായത്തിന് വലിയ നഷ്ടമായിപ്പോയി എന്നും സെക്രട്ടറി അറിയിച്ചു. 4,10,000 രൂപയ്ക്ക് എഗ്രിമെന്റ് രജിസ്റ്റർ ചെയ്ത് 3,90,000 രൂപയ്ക്ക് ആധാരം എഴുതിയതിനാൽ രജിസ്ട്രാർ ഓഫീസിൽനിന്നും അധികതുകയ്ക്ക് ഫൈൻ അടയ്ക്കാനുള്ള നടപടികൾ എടുത്തു വരുന്നുണ്ടെന്നും സെക്രട്ടറി അറിയിച്ചു. 506 കേസ് തീരാത്തത് വാദിയും പ്രതിയും ഒരുമിച്ച് പ്രവർത്തിക്കുന്നത് കൊണ്ടാണെന്ന് സഭയെ അറിയിച്ചു.

ബെജുമോൻ ചാക്കോയുടെ ചോദ്യത്തിന് ഉത്തരമായി, കോംഗ്രെഗേഷനുമായി ബന്ധപ്പെട്ട് വൈദികർ കൊടുത്ത കത്തുകളിൽ രണ്ടെണ്ണം കോടതിയിൽ കേസിൽ ഹാജരാക്കിയിട്ടുണ്ടെന്ന് സെക്രട്ടറി ഉത്തരം പറഞ്ഞു. സമുദായ മെത്രാപ്പോലീത്തായുടെ സസ്പെൻഷൻ എതിരായി ഒ.ടി. ജേക്കബ് എന്നയാൾ ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്ന കേസിൽ, മോഹൻ ജേക്കബ് എന്ന അഡ്വക്കേറ്റ് വാദിക്കാതെ പിന്മാറിയെന്ന് സഭയെ അറിയിച്ചു. ജേക്കബ് തോമസ് ഇടവഴിക്കലിന്റെ ചോദ്യത്തിന് ഉത്തരമായി, സമുദായ മെത്രാപ്പോലീത്തായുടെ കൽപ്പന അനുസരിക്കാതെ വിഘടിത ദേവാലയങ്ങളിൽ പോകുന്ന ആളുകൾക്കെതിരെ നടപടി എടുക്കുന്നതിന് കത്തുകൾ അയക്കുവാൻ തീരുമാനിച്ചു. ക്നാനായ അസോസിയേഷൻ പിരിച്ചുവിടണം എന്ന ആവശ്യവുമായി കോട്ടയം കോടതിയിൽ 10 ലക്ഷം രൂപ കോർട്ട് ഫീസ് അടച്ച് കേസ് കൊടുത്ത ഏബ്രഹാം വാഴയിലിനെ പ്രസംഗിക്കുവാൻ അംഗങ്ങൾ അനുവദിച്ചില്ല. ഫിലിപ്പ് സി.മാത്യുവിന്റെ ചോദ്യത്തിന് ഉത്തരമായി, സൈമൺ കോർ-എപ്പിസ്കോപ്പാ ഫണ്ട് ഇപ്പോൾ സമുദായത്തിൽ ഇല്ലെന്നും അത് തിരിച്ചുപിടിക്കാൻ നിയമപരമായി സമുദായത്തിന് സാധിക്കുന്നില്ലെന്നും ഇപ്പോൾ വൈദിക വിദ്യാർത്ഥികൾക്ക് സമുദായത്തിലെ ഓരോ വ്യക്തികളുമാണ് ഫണ്ട് നൽകുന്നതെന്നും അറിയിച്ചു. കൂടാതെ, സമുദായത്തിന്റെ തമിഴ്നാട്ടിലുള്ള എഡെസ്റ്റാ എസ്റ്റേറ്റിൽ പോകാൻ ആഗ്രഹമുള്ള അസോസിയേഷൻ അംഗങ്ങൾ സമുദായ ഓഫീസിൽ പേര് കൊടുക്കണമെന്നും സഭയെ അറിയിച്ചു. അടുത്ത അധ്യയന വർഷം മുതൽ സൺഡേ സ്കൂൾ കുട്ടികൾക്ക് പുതിയ സിലബസ് നൽകുമെന്ന് സഭയെ അറിയിച്ചു. പിന്നീയുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, തോട്ടയ്ക്കാട്ടെ കെട്ടിട നമ്പർ ലഭിച്ചിട്ടില്ലെന്നും കൈതക്കുഴിയ്ക്ക് 7 ഏക്കർ സ്ഥലം കൊടുത്തിട്ടുണ്ടെന്നും ഒരു ഏക്കറിന് 75,000 രൂപയാണ് വാങ്ങിയതെന്നും അറിയിച്ചു. ടെൻഡറുകൾ നിയമാനുസരണം മാത്രമേ കൊടുക്കുകയുള്ളൂവെന്നും, പ്രീ-ക്വാളിഫിക്കേഷൻ നോക്കുമെന്നും ഏറ്റവും കുറഞ്ഞ റേറ്റ് കോട്ട് ചെയ്ത ആളിന് മാത്രമേ ടെൻഡർ നൽകുകയുള്ളൂവെന്നും വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ പോകുന്ന വൈദികർ അവിടുത്തെ പൗരത്വം സ്വീകരിച്ചാലും ക്നാനായ സമുദായ ദേവാലയങ്ങളിൽ കുർബാന ചൊല്ലണമെങ്കിൽ ക്നാനായ സമുദായ മെത്രാപ്പോലീത്തായുടെ കൽപ്പനകളും ക്നാനായ സമുദായ ഭരണഘടനയും അനുസരിച്ച് പ്രവർത്തിക്കണം എന്ന് അസോസിയേഷൻ തീരുമാനമെടുത്തു. അസോസിയേഷനിൽ ചോദ്യം ചോദിക്കേണ്ടത് ഏതുവിധമാണെന്ന് റിപ്പോർട്ടും കണക്കും അയച്ച ബുക്കിൽ കൃത്യമായി എഴുതിയിട്ടുണ്ടെന്നും സ്വന്തം ഇമെയിലിൽ നിന്നോ അവരവരുടെ ഒപ്പോടുകൂടിയോ അയക്കുന്ന ചോദ്യങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും സെക്രട്ടറി അറിയിച്ചു. ഇതിന് വിരുദ്ധമായി ഉമക്കരത്ത് അയക്കുന്നതുപോലെ അയച്ചാൽ മറുപടി ലഭിക്കില്ല.

ജേക്കബ് തോമസ് ഇടവഴിക്കലിന്റെ ചോദ്യത്തിനും അജയ് മാത്യു വാഴയ്ക്കൻ, രാജൻ പുന്നാറ്റൂശ്ശേരി, എന്നിവരുടെ പ്രമേയങ്ങളിലും പറഞ്ഞിരിക്കുന്നത്, സിൽവാനോസ് തിരുമേനിയെ നാട്ടിലേക്ക് തിരികെ വിളിക്കണം എന്നും അദ്ദേഹത്തെ സമുദായ പ്രവർത്തനങ്ങളിൽനിന്നും മാറ്റിനിർത്തണം എന്നുമുള്ള ആവശ്യമായിരുന്നു. ഇത് വിശദമായി ചർച്ച ചെയ്യുകയും ഒടുവിൽ പ്രമേയം വോട്ടിനിടുകയും ചെയ്തു. 9 പേരുടെ എതിർപ്പോടെ പ്രമേയം പാസ്സാകുകയും സമുദായ മെത്രാപ്പോലീത്തായ്ക്ക് സമർപ്പിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. ക്നാനായ സമുദായത്തിലെ വൈദികരുടെ കുറവ് പരിഹരിക്കുന്നതിന് 65 വയസ്സിൽ താഴെയുള്ള ദൈവവിളിയുള്ള പുരുഷന്മാരെ മിഷൻ വൈദികരായി നിയമിക്കുവാൻ ക്നാനായ കമ്മിറ്റികൊണ്ടു വന്ന ഒരു പ്രമേയവും ബെഞ്ചമിൻ അസോസിയേഷൻ പാസ്സാക്കുകയും ബെഞ്ചമിനിൽ കൂടുതൽ ക്ലോസുകൾ എഴുതിച്ചേർക്കുന്നതിനോ കുറയ്ക്കുന്നതിനോ സമുദായ മെത്രാപ്പോലീത്തായും ആയിട്ടും വൈദിക കൗൺസിലുമായും ക്നാനായ കമ്മിറ്റിയുമായി ആലോചിച്ച് തീരുമാനിക്കുന്നതിന് സമുദായ മെത്രാപ്പോലീത്തായ്ക്ക് സമർപ്പിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. ക്ലീമീസ് സ്കൂൾ ബെഞ്ചമിൻ സി.ബി.എസ്.ഇ. സ്കൂളിന് അനുസൃതമായി ഭേദഗതി ചെയ്യുവാൻ തീരുമാനിച്ചു. ക്നാനായ സമുദായ പതാക ക്നാനായ കമ്മിറ്റിയുടേയും സമുദായ മെത്രാപ്പോലീത്തായുടേയും അംഗീകാരമുള്ളതാണെന്ന് സെക്രട്ടറി സഭയെ അറിയിച്ചു. 2025-26 ലെ ക്നാനായ കോൺഗ്രസ്സിന്റെ വരവ്-ചെലവ് കണക്ക് ട്രസ്റ്റിയുടെ അഭാവത്തിൽ ക്നാനായ കോൺഗ്രസ്സ് കേന്ദ്ര സെക്രട്ടറി അവതരിപ്പിക്കുകയും അസോസിയേഷൻ അത് പാസ്സാക്കുകയും ചെയ്തു. വൈകുന്നേരം 5.30 ന് പ്രാർത്ഥനയോടുകൂടി യോഗം സമാപിച്ചു. അസോസിയേഷൻ നടപടികളെക്കുറിച്ച് കൂടുതൽ വിശദമായി അറിയാൻ ആഗ്രഹിക്കുന്നവർക്ക് സമുദായത്തിന്റെ ഔദ്യോഗിക ചാനലായ MSKS മീഡിയയിൽ ലഭ്യമായ ലൈവ് വീഡിയോ കാണാവുന്നതാണ്.

ക്നാനായ സമുദായത്തിലെ വിവിധ ദേവാലയങ്ങളെ പങ്കെടുപ്പിച്ചു കല്ലൂശ്ശേരി സെന്റ് മേരീസ് വലിയപള്ളിയുടെ നേതൃത്വത്തിൽ നടത്തിയ ഇട്ടിത്തൊമ്മൻ ഫുട്ബോൾ ലീഗ് ടൂർണ്ണമെന്റിൽ വിജയികളായ ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ പുത്തൻപള്ളി ടീമിന്റെ വിജയഘോഷച്ചടങ്ങ് പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്താ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കല്ലൂശ്ശേരി സെന്റ് മേരീസ് ക്നാനായ വലിയപള്ളി വികാരി ഫാ. സന്തോഷ് ചെറുകരത്ത്, ലിനുവാരാത്ത, ഡാൻ ഏബ്രഹാം സമുദായ സെക്രട്ടറി റ്റി.ഒ. ഏബ്രഹാം തോട്ടത്തിൽ എന്നിവർ ടീമിനെ അനുമോദിച്ച് പ്രസംഗിച്ചു.

ക്നാനായ സമുദായ സെക്രട്ടറി റ്റി. ഒ. ഏബ്രഹാം തോട്ടത്തിൽ

മറ്റ് മാസങ്ങളിലെ ലേഖനങ്ങൾ