വേഗം വരുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പ്രിയ ദീപം വായനക്കാർക്ക് സ്നേഹവന്ദനം.
കർത്താവിൽ പ്രിയരെ,
പ്രമുഖ കമ്പനികളുണ്ടാക്കുന്ന മേന്മയേറിയ സാധനങ്ങൾക്ക് വില കൊടുക്കണം. എന്നാൽ എന്താണുപോലെ തോന്നുന്നവ വെറും തുച്ഛമായ വിലയ്ക്ക് കടകളിൽ ലഭിച്ചെന്നിരിക്കാം. വിലക്കുറവ് കണ്ട് സാധനം വാങ്ങിച്ച് ഉപയോഗിക്കുമ്പോഴായിരിക്കും കാര്യം മനസ്സിലാവുക. ഇത്തരം ഇമിറ്റേഷൻ ചരക്കുകൾകൊണ്ട് ഇന്നത്തെ വിപണികൾ നിറഞ്ഞിരിക്കുന്നതുകൊണ്ട് "അനുകരണങ്ങളെ സൂക്ഷിക്കുക" എന്ന പരസ്യം ഇന്നും സർവ്വസാധാരണമായിരിക്കുന്നു.
ക്രിസ്തീയ സഭയിലും പ്രവർത്തനങ്ങളിലും ഇമിറ്റേഷൻ ചരക്കുകൾ ധാരാളമായി തള്ളിപ്പറയുക പതിവാണ്. യാഥാർത്ഥത്തിൽ മാനസാന്തരമോ, രക്ഷയുടെ അനുഭവമോ, അർപ്പണമോ ഇല്ലാതെ ചില സഥാപിത താല്പര്യങ്ങൾ നേടിയെടുക്കാൻവേണ്ടി മാത്രം ആത്മീയ ചമയുന്ന അനാത്മീ കർ അനവധിയാണ്. അച്ചന്റെ പ്രസംഗം കേട്ടാണ് ഞാൻ മാനസാന്തരപ്പെട്ടത്. അച്ചന്റെ ധ്യാനമാണ് എന്നെ സുവിശേഷ വേലയ്ക്ക് സ്വയം പ്രതിഷ്ഠിക്കാൻ പ്രചോദനം നൽകിയത്" എന്നും മറ്റും നേരിട്ട് പറയുകയും ആയിരങ്ങളുടെ മുമ്പാകെ ഉച്ചത്തിൽ സാക്ഷിക്കുകയും ചെയ്ത ശേഷം മാനസാന്തരത്തിനും പ്രതിഷ്ഠയ്ക്കും പൊരുത്തപ്പെടാത്ത വിധത്തിൽ പെരുമാറുമ്പോൾ അവരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാതിരിക്കാൻ നിവൃത്തിയില്ല. "എന്റെ സ്വരവും ശബ്ദവും കർത്താവിനാ മഹത്വത്തിനായി ഗാനങ്ങൾ ആലപിക്കാൻ പ്രതിഷ്ഠിച്ചിരിക്കുന്നു എന്ന് ആവർത്തിച്ച് സാക്ഷിച്ചു പറഞ്ഞ വ്യക്തി സുവിശേഷയോഗത്തിന് പാടിയ ഓരോ പാട്ടിനും കണക്കു പറഞ്ഞു കാശു വാങ്ങാൻ രാഷ്ട്രീയക്കാരെപ്പോലും ഉപയോഗിക്കാൻ മടിക്കുന്ന തന്ത്രങ്ങളുമായി രംഗത്തിറങ്ങുന്നത് കണ്ടിട്ടുണ്ട്. സഭാധ്യക്ഷന്മാരായി വാങ്ങിയ സ്ഥലത്ത് സ്വന്തം വീട് പണിതു താമസിക്കുന്നതും വിദേശത്തും സ്വദേശത്തും പോയി പണം സമ്പാദിച്ച് കമ്മീഷൻ എടുത്ത് ബാക്കി കൊടുക്കുന്ന സുവിശേഷകരും കേരളത്തിലുണ്ട്. സ്വാർത്ഥലാഭത്തിനുവേണ്ടി കൂറുമാറ്റവും കാലുമാറ്റവും മറ്റു തന്ത്രങ്ങളും ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കർത്താവിനെ സേവിക്കാൻ വിളിക്കപ്പെട്ടതിനാൽ ഗവൺമെന്റ് ജോലി വേണ്ടെന്നുവെച്ച് പോന്നതായും പ്രചരണമടിയോടെ ഇറങ്ങി തിരിച്ചുപോകും പ്രതീക്ഷിച്ച സ്വീകരണവും സാമ്പത്തിക സുരക്ഷിതത്വവും കിട്ടാതെ വന്നപ്പോൾ തിരിച്ചുപോയിട്ടും സ്ഥാനമാനങ്ങൾ കവർന്നെടുക്കാൻ കരുക്കൾ നീക്കുന്ന വീരന്മാരും കുറവല്ല. സ്വാർത്ഥ ലാഭത്തിനുവേണ്ടി എന്തു വേഷവും കെട്ടുവാൻ യാതൊരു മടിയുമില്ലാത്ത മിടുക്കന്മാർ എവിടെയും സുലഭമാണ്. ഇത്തരക്കാരെ ഇമിറ്റേഷൻ ചരക്കുകളായേ പരിഗണിക്കാൻ കഴിയൂ. സ്വന്തമായി ആത്മാർത്ഥതയുടെ കണികപോലുമില്ലാത്ത ഇവർക്ക് ആത്മാർത്ഥമായി ആദ്ധ്യാത്മിക രംഗങ്ങളിൽ അധ്വാനിക്കുകയും, അനേകർക്ക് പ്രയോജനപ്പെടുകയും ചെയ്ത അവരവരുടെ പ്രവർത്തനങ്ങളേയും അലങ്കോലപ്പെടുത്താനും അവഹേളിക്കാനുമാണ് ആവേശം. തന്നെപ്പോലെ അപര്യനും അധമനാണെന്നു വരുത്തിത്തീർത്ത് എന്തു കള്ളക്കഥയും കെട്ടിച്ചമയ്ക്കാനും, ഏതു കൊള്ളരുതാത്തവനോടും കൂട്ടുചേരാനും അവർ മടിക്കുന്നില്ല. ഇത്തരം സാഹചര്യങ്ങൾ ആദ്യകാലത്ത് സഭാതെരിപ്പത്തിൽ ഉണ്ടായിരുന്നു എന്നതിന് വി.പൗലോസിന്റെ ലേഖനങ്ങളിൽ ധാരാളം സൂചനകളുണ്ട്. അതുകൊണ്ട് യഥാർത്ഥ ദൈവമക്കൾ അമ്പരന്നു അന്ധാളിക്കുകയല്ല, പിന്നെയോ അപകടകാരികളായ അനുകരണങ്ങളെ സൂക്ഷിച്ചറിഞ്ഞ് അകറ്റി നിർത്തണം. കോറിന്ത്യാ ലേഖനത്തിൽ പൗലോസ് പറയുന്നു.
ഞാൻ ക്രിസ്തുവിന്റെ അനുകാരി ആയിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുമിൻ. പൗലോസ് ക്രിസ്തുവിനെ അനുകരിച്ചു. അതുപോലെ ക്രിസ്തുവിനെ നാമും അനുകരിക്കേണ്ടിയിരിക്കുന്നു. യുവതലമുറ വഴിതെറ്റാതെ ലക്ഷ്യസ്ഥാനത്തെത്തണമെങ്കിൽ ഒരു നല്ല മാതൃക വച്ചിട്ടുപോയ ക്രിസ്തുവിനെയും, അവന്റെ പിതാവായ ദൈവത്തെയും, ദൈവദാസന്മാരെയും അവരുടെ വിശ്വാസത്തെയും അനുകരിക്കുക.
ഒരുവൻ എന്നെ അനുഗമിക്കാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ എന്ന് നമ്മുടെ കർത്താവ് കൽപ്പിച്ചു. അനുസരണം ശിഷ്യത്വത്തിന്റെ അടിസ്ഥാനതത്വമത്രേ. അനുസരണമുള്ള ശിഷ്യത്വത്തിൽ നിന്നു മാത്രമേ സഭ വളരുകയുള്ളൂ. സഭയിലെ ശിഷ്യത്വത്തിന്റെ വളർച്ച സഭയിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ആശ്രയിച്ചിരിക്കുന്നു. വളർച്ച ഇല്ലാത്ത ശരീരം രോഗബാധിതമാണ്. സഭയിലെ വിവിധ അംഗങ്ങളുടെ വളർച്ചയിൽ നിന്നാണ് പൂർണ്ണ ആരോഗ്യം ഉത്ഭവിക്കുന്നത്. പൂർണ്ണ ആരോഗ്യമുള്ള സഭെയ്ക്കു മാത്രമേ സഭ എന്നുള്ള പേരിൽ പ്രവർത്തിക്കുവാൻ അർഹതയുള്ളൂ. വേദശാസ്ത്ര പണ്ഡിതനായ ബോൺഹോഫർ (Bon Hoffer) ക്രിസ്തീയ സഭയിലെ ശിഷ്യത്വത്തിന് തടസ്സമായി നിൽക്കുന്ന ശത്രുവിനെ വില കുറഞ്ഞ കൃപ (cheap grace) എന്ന പേരു നൽകിയിരിക്കുന്നു. ഇടവകകളിലും സഭയിലും കലഹങ്ങൾക്കും കുഴപ്പങ്ങൾക്കും കാരണം വില കുറഞ്ഞ കൃപ എന്ന ശത്രുവിനെ സേവിക്കുന്നവരുടെ അംഗസംഖ്യ കൂടുന്നതിലത്രേ. സഭ വിജയകരമായി പ്രവർത്തിക്കണമെങ്കിൽ അതിലെ എത്ര ശതമാനം ആളുകൾ വിലകൂടിയ കൃപ (Costy grace) അനുഭവിക്കുന്നു എന്നതിലത്രേ. യഥാർത്ഥ ശിഷ്യനായിരിക്കുന്നവരാണ് സമൂഹത്തിൽ ഉപ്പായും, വെളിച്ചമായും, സമാധാനപാലകരായും, പ്രവർത്തിക്കുന്നത്. ഒരു വിശ്വാസം, ഒരു ആത്മാവ്, ഒരു ശരീരം, ഒരു ആരാധന എന്ന അടിസ്ഥാനത്തിൽ പണിത സഭയിലെ അംഗങ്ങൾ എത്ര ദൈവഭയമുള്ളവരാണ് ദിവസവും ആരാധിക്കുന്നത്. ശിഷ്യത്വം സ്വീകരിച്ചവർ എല്ലാവരും ദൈവമക്കൾ അത്രെ. അവർ ലോക ബന്ധങ്ങളോട് എന്നന്നേക്കുമായി യാത്ര പറഞ്ഞ് തന്നെത്താൻ ത്യജിച്ച് യേശുവിന്റെ പിന്നാലെപോകും. അപ്പോൾ അവൻ ദൈവത്തിന്റെ വേലക്കാത്രേ. ദൈവത്തിന്റെ കൂട്ടുവേലക്കാരും, കർത്താവിന്റെ കൈകളിൽ സുരക്ഷിതത്വം അനുഭവിക്കുന്നവരുമത്രേ.
നമ്മുടെ സഭ ഇന്ന് ജനാധിപത്യം, പുരോഹിത്യം ഇവയുടെഅതിപ്രസരത്തിൽ യഥാർത്ഥ ദൈവവാഴ്ചയും നഷ്ടപ്പെട്ടു വെറും സംഘടനയായി അധഃപതിച്ചിരിക്കുന്നു. അതിന് ഓർത്തെഡോക്സ് യാക്കോബായ എന്ന വ്യത്യാസമില്ല. എന്നാൽ സഭ, Of God and by God for the faithful എന്ന യാഥാർത്ഥ്യം മനസ്സിലാക്കേണ്ടതാണ്. ഓർത്തെഡോക്സിനെക്കുറിച്ചുള്ള ശരിയായ ധാരണ എല്ലാവരിലും എത്തണം. അങ്ങനെ മലങ്കര സഭയിൽ ശാശ്വത സമാധാനം എത്രയും വേഗം എത്തണം അതിൽ സഭാ മേലദ്ധ്യക്ഷന്മാർ ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കണം. അല്ലെങ്കിൽ ഈ സഭാത്തർക്കം വെറും കെട്ടുകഥയാണ് എന്നു ലോകം വിലയിരുത്തും. സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാം, പ്രവർത്തിക്കാം.