ഒരു കാലത്ത് ദൈവത്തെ അന്വേഷിച്ച മനുഷ്യൻ... ഇന്ന് Google-ൽ എല്ലാം അന്വേഷിക്കുന്നു!
രാവിലെ അലാറം മുഴങ്ങുന്നതിനുമുൻപേ നമ്മുടെ കൈ ഫോൺ തേടും. കണ്ണ് പൂർണ്ണമായി തുറന്നിട്ടില്ല.. പക്ഷെ ഫോൺ തുറന്നുകഴിഞ്ഞു.
"Good Morning" മെസ്സേജുകൾ വന്നോ? WhatsApp-ൽ ആരൊക്കെ Online?
Facebook-ൽ എന്താണ് പുതിയ വിശേഷം? Instagram-ൽ ആരൊക്കെ എന്തൊക്കെ പോസ്റ്റ് ചെയ്തു? YouTube-ൽ ഇന്നലെ കണ്ട വീഡിയോയ്ക്ക് അടുത്തഭാഗം വന്നോ? ഇതെല്ലാം പരിശോധിച്ചശേഷം മാത്രമാണ് പലരുടെയും ദിവസം ആരംഭിക്കുന്നത്. ഒരു കാലത്ത് രാവിലെ എഴുന്നേറ്റാൽ കർത്താവേ നന്ദി എന്നായിരുന്നു ആദ്യവാക്ക്. ഇന്ന് ചിലപ്പോൾ
"Wi-Fi connected"
എന്താണ് ആദ്യത്തെ സന്തോഷവാർത്ത. നമ്മുടെ ജീവിതത്തിൽ ടെക്നോളജി വളരെയധികം സഹായിക്കുന്നു. അതിൽ തെറ്റൊന്നുമില്ല. പ്രശ്നം ടെക്നോളജി ഉപയോഗിക്കുന്നതിലല്ല; ടെക്നോളജി നമ്മുടെ ജീവിതത്തിൽ ഏത് സ്ഥാനത്താണ് ഇരിക്കുന്നത് എന്നതാണ്. ഫോൺ നമ്മുടെ കയ്യിൽ ആയിരിക്കണം .. പക്ഷെ ദൈവം നമ്മുടെ ഹൃദയത്തിൽ ആയിരിക്കണം.
എല്ലാവരും Online... പക്ഷെ ദൈവത്തോട് Available ആണോ? ഒരു കുടുംബത്തിന്റെ പ്രഭാതം നമുക്ക് ഒന്നു നോക്കാം.
അപ്പൻ മൊബൈലിൽ വാർത്തവായിക്കുന്നു.
അമ്മ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ വന്ന മെസ്സേജുകൾ പരിശോധിക്കുന്നു.
മകൻ YouTube-ൽ Shorts കാണുന്നു.
മകൾ Instagram-ൽ Reels കാണുന്നു.
അപ്പൂപ്പൻപോലും വാട്ട്സ് ആപ്പിൽ ഗുഡ്മോർണിംഗ് പൂക്കൾ അയക്കുന്ന തിരക്കിലാണ്.
വീട്ടിലുള്ള എല്ലാവരുടെയും സ്റ്റാറ്റസ്: Online.
അമ്മ വിളിക്കുന്നു. എല്ലാവരും വാ... നമുക്ക് കുടുംബപ്രാർത്ഥന നടത്താം. അപ്പൻ : ഒരുമിനിറ്റ്. മകൻ : ഈ വീഡിയോ തീരട്ടെ. മകൾ : ഞാൻ വരാം. അപ്പൂപ്പൻ : ആദ്യം ഈ മെസ്സേജ് ഫോർവേഡ് ചെയ്യണം.
അങ്ങനെ അഞ്ചുമിനിറ്റുകഴിഞ്ഞു. പത്തുമിനിറ്റുകഴിഞ്ഞു. അവസാനം കുടുംബപ്രാർത്ഥന തുടങ്ങി. അപ്പോഴാണ് ഒരാളുടെ ഫോൺ വൈബ്രേറ്റ് ചെയ്തത്. പ്രാർത്ഥനനിർത്തി എല്ലാവരും ഫോണിലേക്ക് നോക്കി. ദൈവം വിളിച്ചപ്പോൾ ഒരു മിനിറ്റ് പറഞ്ഞ നമ്മൾ WhatsApp വിളിച്ചപ്പോൾ ഉടനെ Answer ചെയ്യുന്നു.
ഇതാണ് നമ്മുടെ കാലത്തിന്റെ ചെറിയൊരു വിരോധാഭാസം. പക്ഷെ ഇവിടെ വലിയൊരു ചോദ്യം നമ്മോടുതന്നെ ചോദിക്കാം.
"ഞാൻ ദൈവത്തോട് എത്രസമയം സംസാരിക്കുന്നു."
ദൈവവുമായി ബന്ധം നിലനിർത്താൻ വലിയ കാര്യങ്ങൾ ആവശ്യമില്ല. രാവിലെ എഴുന്നേറ്റ് ഒരു ചെറിയ: കർത്താവേ, ഇന്നത്തെ ദിവസം എന്നോടൊപ്പം നടക്കേണമേ.
എന്ന് പറയുന്നതിൽ നിന്ന് തുടങ്ങാം. ഭക്ഷണത്തിനുമുമ്പുള്ള ഒരു നന്ദി. യാത്രതുടങ്ങുന്നതിനുമുമ്പുള്ള ഒരു ചെറിയ പ്രാർത്ഥന. ഒരു ബുദ്ധിമുട്ട് വരുമ്പോൾ കർത്താവേ, എനിക്ക് വഴികാണിച്ചു തരേണമേ എന്ന് പറയുന്ന ഒരു നിമിഷം. രാത്രി ഉറങ്ങുന്നതിനുമുമ്പ്, ഇന്ന് വരെ എന്നെ കാത്തതിനു നന്ദി.
എന്നു പറയുന്ന ഒരു വാക്ക്, ഇവയാണ് ദൈവബന്ധത്തിന്റെ ചെറിയ വിത്തുകൾ. ദൈവം നമ്മുടെ എമർജൻസി കോൺടാക്റ്റ് മാത്രമാകരുത്. നമ്മുടെ ഫോണിൽ എമർജൻസി കോൺടാക്റ്റ് ഉണ്ടാകും. പ്രശ്നമുണ്ടായാൽ മാത്രം വിളിക്കുന്ന ചില ആളുകളും ജീവിതത്തിലുണ്ട്. ചിലപ്പോൾ ദൈവത്തെയും നമ്മൾ അങ്ങനെ തന്നെയാണ് കാണുന്നത്.
ജോലികിട്ടുന്നില്ലേ? കർത്താവേ
പണം കുറവാണോ? കർത്താവേ
രോഗം വന്നോ? ദൈവമേ
വിസ പ്രശ്നമുണ്ടോ? കർത്താവേ, ഇത്, ഒന്നു ശരിയാക്കേണമേ!
എക്സാം ആണോ? കർത്താവേ ഇത്തവണ മാത്രം രക്ഷിക്കണേ!
എക്സാം കഴിഞ്ഞാൽ? Thank you God
അടുത്ത ദിവസം വീണ്ടും പഴയ ജീവിതം
ദൈവം നമ്മുടെ എമർജൻസി സർവീസ് മാത്രമല്ല. അവിടുന്ന് നമ്മുടെ എവരിഡേ കമ്പാനിയൻ ആണ്. നമ്മുടെ സന്തോഷത്തിലും ദൈവം വേണം. നമ്മുടെ ദുഃഖങ്ങളിലും ദൈവം വേണം. വിജയത്തിലും ദൈവം വേണം. പരാജയത്തിലും ദൈവം വേണം. നമ്മൾ ഒറ്റയ്ക്കായിരിക്കുമ്പോഴും ദൈവം നമ്മോടൊപ്പമുണ്ട്. കാരണം ദൈവവുമായുള്ള ബന്ധം എന്നത് പ്രശ്നങ്ങൾ വരുമ്പോൾ മാത്രം സഹായം ചോദിക്കുന്ന ബന്ധമല്ല.
നമ്മുടെ ജീവിതം തന്നെ അവിടുത്തെ കൈകളിൽ ഏൽപ്പിക്കുന്ന ബന്ധമാണ്.
ദൈവവുമായി ബന്ധമുള്ളപ്പോൾ എന്താണ് മാറുന്നത്? ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പറയുന്നത് മാത്രം പോരാ; ദൈവത്തെ അറിയുക, ദൈവത്തോട് സംസാരിക്കുക, ദൈവത്തിൽ ആശ്രയിക്കുക, ദൈവത്തിന്റെ സ്നേഹം അനുഭവിക്കുക, അതാണ് ബന്ധം.
ഒരു സുഹൃത്തിനോട് നമ്മൾ ദിവസങ്ങളോളം സംസാരിക്കാതിരുന്നാൽ ബന്ധം എങ്ങനെ മാറും? അതുപോലെ തന്നെയാണ് ദൈവബന്ധവും. പ്രാർത്ഥനയില്ലെങ്കിൽ ബന്ധം ദുർബലമാകും. വചനമില്ലെങ്കിൽ ദൈവത്തിന്റെ ശബ്ദം കേൾക്കാൻ ബുദ്ധിമുട്ടാകും. നന്ദിയില്ലെങ്കിൽ അനുഗ്രഹങ്ങൾ കാണാതെപോകും. ക്ഷമയില്ലെങ്കിൽ ഹൃദയം ഭാരപ്പെടും. സ്നേഹമില്ലെങ്കിൽ വിശ്വാസം വെറും വാക്കായി മാറും. പക്ഷെ ദൈവത്തോട് അടുത്തുനിൽക്കുമ്പോൾ നമ്മുടെ ഉള്ളിൽ ചിലമാറ്റങ്ങൾ സംഭവിക്കും. പ്രശ്നങ്ങൾ മാറണമെന്നില്ല, പക്ഷെ പ്രശ്നങ്ങളെ നേരിടുന്ന നമ്മുടെ ശക്തിമാറും.
കണ്ണുനീർ ഇല്ലാതാകണമെന്നില്ല, പക്ഷെ കണ്ണുനീരിൽ നമ്മോടൊപ്പം നിൽക്കുന്ന ഒരാൾ ഉണ്ടാകും.
ചോദ്യങ്ങൾക്ക് ഉടൻ ഉത്തരം ലഭിക്കില്ല. ഇതാണ് ദൈവബന്ധത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം.
Google ന് എല്ലാം അറിയാം. പക്ഷെ എന്റെ ഹൃദയം അറിയുമോ? ഇന്ന് എന്തെങ്കിലും സംശയം വന്നാൽ നമ്മൾ ആരെയാണ് ആദ്യം സമീപിക്കുന്നത്.
Google.. എങ്ങനെ പാചകം ചെയ്യാം?
Google.. കാർ എങ്ങനെ ശരിയാക്കാം?
Google.. വിസ എങ്ങനെ എടുക്കാം?
Google.. ഈ ഞായറാഴ്ച മഴ പെയ്യുമോ?
Google.. എനിക്ക്, ചിലപ്പോൾ...
എന്റെ ഭാര്യ എന്നോട് ദേഷ്യപ്പെട്ടത് എന്തുകൊണ്ട്?
എന്നുവരെയും ഗൂഗിളിനോടു ചോദിച്ചേക്കാം. പക്ഷെ ജീവിതത്തിലെ ചില ചോദ്യങ്ങൾക്ക് ഗൂഗിൾ ഉത്തരം നൽകില്ല.
എനിക്ക് എന്തിനാണ് ഈ ജീവിതം?
എന്റെ വേദനയ്ക്ക് അർത്ഥമെന്താണ്?
എനിക്ക് ക്ഷമിക്കാൻ എങ്ങനെ കഴിയും?
ഞാൻ പരാജയപ്പെട്ടാൽ വീണ്ടും എങ്ങനെ എഴുന്നേൽക്കും. എനിക്ക് സമാധാനം എവിടെക്കിട്ടും.
ഇവിടെ നമുക്ക് വേണ്ടത് സേർച്ച് എൻജിൻ അല്ല. ഒരു സേവിയർ ആണ്. പ്രാർത്ഥനയിൽ നാം ദൈവത്തോട് സംസാരിക്കുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ മാത്രം പറയുന്നില്ല. നമ്മുടെ ഹൃദയം അവിടുത്തെ മുമ്പിൽ തുറക്കുകയാണ്. ചിലപ്പോൾ പ്രാർത്ഥനയുടെ അവസാനം പ്രശ്നം മാറിയിട്ടില്ല. പക്ഷെ പ്രശ്നത്തെക്കുറിച്ചുള്ള നമ്മുടെ മനോഭാവം മാറിയിരിക്കും. അതുതന്നെ ദൈവത്തിന്റെ പ്രവർത്തനമായിരിക്കാം.
ആത്മാവിന്റെ ബാറ്ററി എത്ര ശതമാനം?
ഫോണിന്റെ Battery 20% ആയി എന്ന് കണ്ടാൽ നമ്മൾ charger അന്വേഷിക്കും. 10% ആയാൽ വിഷമം. 5% ആയാൽ അടിയന്തരാവസ്ഥ.
ചാർജർ എവിടെ?
കാറിൽ ചാർജർ.
വീട്ടിൽ ചാർജർ.
ഓഫീസിൽ ചാർജർ.
യാത്രയ്ക്ക് പവർബാങ്ക്.
ഫോണിന്റെ ബാറ്ററി തീരാതിരിക്കാൻ ഇത്രയും ശ്രദ്ധ. പക്ഷെ നമ്മുടെ ആത്മീയ ബാറ്ററി എത്ര ശതമാനമാണ്?
പ്രാർത്ഥന കുറയുന്നു,
വിശുദ്ധ കുർബാനയോടുള്ള താല്പര്യം കുറയുന്നു,
ബൈബിൾ വായന കുറയുന്നു,
സ്നേഹം കുറയുന്നു,
സമാധാനം കുറയുന്നു. എങ്കിലും നമ്മൾ ചോദിക്കുന്നില്ല.
എന്റെ ആത്മാവിന്റെ ബാറ്ററി എത്രയാണ്? ഒരു പക്ഷെ അത് 1% ആയിരിക്കാം. അപ്പോൾ വേണ്ടത് പുതിയൊരു ഫോൺ അല്ല. ഒരു സ്പിരിച്വൽ റീചാർജ് ആണ്.
അതിനുള്ള ചാർജർ ? പ്രാർത്ഥന.
അതിനുള്ള പവർ? ദൈവവചനം.
അതിനുള്ള നെറ്റ് വർക്ക്? ദൈവത്തോടുള്ള ബന്ധം.
(തുടരും)