Knanaya Deepam

loading

കുട്ടികളിലെ കുറ്റവാസന: ഒറ്റമൂലിയൊന്നും അന്വേഷിക്കേണ്ട!

"It's not about what you tell your children, but how you show them how to live life."

ആരോഗ്യപരമായ അന്തരീക്ഷത്തിൽ വളരുന്ന കുട്ടികളിൽ സ്വഭാവ വൈകല്യങ്ങൾ പൊതുവെ കുറവാണ്. നല്ല ഭവനങ്ങളാണ് സമൂഹത്തിന്റെ നട്ടെല്ല്. വീടല്ല ഭവനം. വീട് വാങ്ങാൻ കഴിയും, ഭവനം വാങ്ങാൻ കഴിയില്ല! ഇഷ്ടാണം കൊണ്ട് ഭവനം പണിയാം എന്ന് വിശുദ്ധ ബൈബിൾ! നല്ല മൂല്യങ്ങൾകൊണ്ടും സംസ്‌കാരംകൊണ്ടും കാഴ്ചപ്പാടുകൊണ്ടുമെല്ലാമാണ് ഭവനം രൂപപ്പെടുന്നത്. ഒരുമിച്ചുള്ള ക്വാളിറ്റി ടൈം, പ്രാർത്ഥന, ഭക്ഷണം ഒക്കെ ഭവനത്തെ പരിപോഷിപ്പിക്കും. അത്തരം അന്തരീക്ഷത്തിൽ വളർന്നുവരുന്ന കുട്ടികൾ എങ്ങനെ തെറ്റിപ്പോകാനാണ്? നല്ല മനുഷ്യനാകണം ഭവനത്തിന്റെ ലക്ഷ്യം.. നല്ല മനുഷ്യനാണ് അടിസ്ഥാനം. കുട്ടികളെ മികവും നന്മയും നിറവും ഉള്ളവരാക്കാൻ ഭവനവും സ്‌കൂളും തന്നെ മാറേണ്ടതുണ്ട്.

The greatest gifts you can give your children are the roots of responsibility and the wings of independence.

കുടുംബത്തിന്റെ പങ്ക്

"If you want your children to be intelligent, read them fairy tales. If you want them to be more intelligent, read them more fairy tales." - Albert Einstein

1. സ്നേഹവും സുരക്ഷിതത്വവും ഉള്ള ഭവനം മാതാപിതാക്കളുടെ മാനസിക വൈകാരിക ആരോഗ്യം കുട്ടികളുടെ വളർച്ചയെ ഏറ്റവും സ്വാധീനിക്കുന്ന ഘടകമാണ്. മാതാപിതാക്കൾ തമ്മിൽ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഇടപെടുന്ന വീടുകൾ കുട്ടികൾക്ക് സ്വർഗ്ഗമാണ്. കുട്ടികളെ മനസ്സിലാക്കാൻ വലിയ ശ്രമം വേണം. കുട്ടികളുടെ വളർച്ചാ ആവശ്യങ്ങൾ തിരിച്ചറിയണം. ക്ഷമയോടെ ഇടപെടണം. അവരുടെ വ്യത്യസ്തതകൾ അംഗീകരിക്കണം. അനാവശ്യമായ താരതമ്യവും മത്സരവും ഒഴിവാക്കണം. അവരോട് ക്ഷമയോടെ സംസാരിക്കണം, കാര്യങ്ങൾ പറഞ്ഞു കൊടുക്കണം. നല്ല ആശയങ്ങളും ചിന്തകളുമൊക്കെ പങ്കുവെക്കണം. സമൂഹത്തിൽ ഉന്നത മാതൃകയുള്ളവരെ പരിചയപ്പെടുത്തണം. അമിതമായ സമ്മർദ്ദവും പ്രതീക്ഷയും വിപരീത ഫലമേ നൽകുകയുള്ളൂ. കുറവുള്ള കുട്ടികളെ കൂടുതൽ ചേർത്തു നിർത്തണം. പോഷക ആഹാരം, വിശ്രമം, ശുചിത്വം, ഓടിച്ചാടിയുള്ള കളികൾ, പ്രകൃതിയുമായും സമൂഹമായും ഉള്ള ആരോഗ്യപരമായ ബന്ധം, സൗഹൃദം, ഒക്കെ ചെറിയ പ്രായത്തിലേ പ്രോത്സാഹിപ്പിക്കണം, അവർ സന്തോഷമുള്ളവരാണ് എന്ന് ഉറപ്പുവരുത്തണം!

2. നല്ല മാതൃക എന്ത് കണ്ടാണ്, അനുഭവിച്ചാണ്, ആസ്വദിച്ചാണ് കുട്ടികൾ വളർന്നുവരേണ്ടത്? മാതാപിതാക്കൾ ചിന്തിക്കുക. ടാങ്കിൽ ഉള്ളതേ ടാപ്പിൽ വരൂ! മാതാപിതാക്കളിൽ നിന്നാണ് കുട്ടികൾ ജീവിത മൂല്യങ്ങൾ, സംസ്‌കാരം, പ്രശ്നപരിഹാരം ഒക്കെ പഠിക്കുന്നത്. ഓർക്കുക! അധ്വാനിച്ച് ജീവിക്കാൻ, ലളിതമായി ജീവിക്കാൻ, മറ്റുള്ളവരെ ബഹുമാനിക്കാൻ, സഹായിക്കാൻ, പങ്കുവെക്കാൻ, കരുതാൻ ഒക്കെ കുട്ടികൾക്ക് കണ്ട് വളരാൻ അവസരം ഉണ്ടാകണം. ജീവിതത്തിലെ പ്രശ്നങ്ങൾ, വെല്ലുവിളികൾ എങ്ങനെ നേരിടണം... മനുഷ്യബന്ധങ്ങൾ വീഴ്ചകൾ എങ്ങനെ കാത്തു സൂക്ഷിക്കണം... വേദനിയിൽ നിന്നാണ് പഠിക്കേണ്ടത്. പണത്തേക്കാൾ വില ബന്ധങ്ങൾക്കുണ്ട് എന്ന് അവർ മനസ്സിലാക്കുന്നത് എങ്ങനെയാണ്? സമൂഹത്തോടും പ്രകൃതിയോടുമുള്ള നമ്മുടെ കടപ്പാട് അവർ എങ്ങനെ തിരിച്ചറിയും. സ്വന്തം സുഖത്തിനും നേട്ടങ്ങൾക്കുമപ്പുറം സഹോദരനെക്കൂടി കരുതേണ്ടതുണ്ട് എന്ന് അവർ എങ്ങനെ മനസ്സിലാക്കും. ഇവിടെയാണ് മാതൃകകൊണ്ട് നമ്മൾ ഉയർന്നു നിൽക്കാൻ ബാധ്യസ്ഥരാകുന്നത്.

3. തുറന്ന ആശയ വിനിമയം കുട്ടികൾക്ക് എന്തും തുറന്ന് പറയാൻ കഴിയുന്ന ഒരു ഭവന അന്തരീക്ഷം വളരെ പ്രധാനമാണ്. അവരെ ക്ഷമയോടെ കേൾക്കണം. തെറ്റുകൾ, വീഴ്ചകൾ, തോൽവി ഒക്കെ മനുഷ്യസഹജമാണ്.. അതിൽ നിന്ന് എന്ത് പഠിച്ചു എന്നതാണ് പ്രധാനം. അമിതമായ ശകാരം, ഉപദേശം, കുറ്റപ്പെടുത്തൽ എന്നിവ വലിയ ഗുണം ചെയ്യില്ല എന്ന് മാത്രമല്ല ചില കുട്ടികളിൽ വിപരീത ഫലം ചെയ്തേക്കാം. കുട്ടികളുടെ മാനസിക ആരോഗ്യം, വൈകാരികതലം ഒക്കെ ശ്രദ്ധിക്കണം. അമിത വാശി, ചെറിയ പ്രായത്തിലുള്ള അക്രമവാസന, കള്ളം പറയൽ, കൂറ്റം പറയൽ, ഒക്കെ ഗൗരവമായി എടുക്കണം. ചെറിയ പ്രായത്തിൽ തന്നെ അത് മാറ്റിയെടുക്കണം. മാതാപിതാക്കൾക്ക് അതിന് കഴിയുന്നില്ലെങ്കിൽ വേണ്ടിവന്നാൽ പ്രൊഫഷണൽ സഹായം തേടുക.

4. വ്യക്തമായ പരിധി - അച്ചടക്കം അനിവാര്യം 'No' പറയേണ്ടിടത്ത് നോ പറയാൻ മടിക്കരുത്. ചെറിയ പ്രായം മുതലേ കുട്ടികളിൽ ചിട്ട, ക്രമം ഒക്കെ ശീലിപ്പിക്കണം. അച്ചടക്കമാണ് ഒരു നല്ല മനുഷ്യനിലേക്കുള്ള വഴി.. അടിസ്ഥാനം ശരിയായാൽ, തെറ്റേത്, കൊള്ളേണ്ടത് ഏത്, തള്ളേണ്ടത് ഏത്... എന്ന് കുട്ടികൾ ചെറിയ പ്രായത്തിലേ അറിയണം. അവകാശങ്ങളല്ല ഉത്തരവാദിത്വമാണ് അവർ ആദ്യം പഠിക്കേണ്ടത്. വീട്ടിലെ ജോലികൾ ഒക്കെ അവരും ചെയ്തു പഠിക്കട്ടെ. പ്രയാസങ്ങളും വിഷമങ്ങളും ഒക്കെ അറിഞ്ഞു വളരട്ടെ. അവന്റെ ജീവിത സാഹചര്യങ്ങൾക്കും സാമ്പത്തിക സ്ഥിതിക്കും അനുസരിച്ച് കുട്ടികളെ വളർത്തുക. അതിന് ചേരുന്ന സ്‌കൂളും മറ്റും തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആഡംബരവും കമ്പോള സംസ്‌കാരവും കുട്ടികളെ ശീലിപ്പിക്കരുത്. ഭക്ഷണം, വേഷം, ജീവിതരീതി യൊക്കെ സംസ്‌കാര സൂചികയും കൂടിയാണ്. മറക്കാതിരിക്കാം.

കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികസനമായിരിക്കണം അത്യന്തിക ലക്ഷ്യം. കുട്ടികൾ തെറ്റ് ചെയ്താൽ അതിനുള്ള പ്രത്യാഘാതങ്ങൾ അവർ തന്നെ നേരിടണം. അനാവശ്യമായി അവരെ സപ്പോർട്ട് ചെയ്തു ചീത്തയാക്കരുത്. ചെറിയ തെറ്റുകളെ താലോലിച്ച് വലിയ കുറ്റവാളികളെ സൃഷ്ടിക്കാതിരിക്കാം!

5. കൂട്ടുകാരെ അറിയുക... ഫോണിലുള്ള പ്രവർത്തനം ശ്രദ്ധിക്കുക കുട്ടികൾ കൗമാരത്തിൽ എത്തിയാൽ സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. നല്ല സൗഹൃദങ്ങൾ അവരുടെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനമാണ്. നല്ല സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയും വേണം. എന്നാൽ മോശം സൗഹൃദങ്ങൾ കുട്ടികളെ അപകടത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ടു തന്നെ അവരുടെ ഫ്രണ്ട്സ് ആരൊക്കെയാണ്... വർത്തമാനം എന്താണ്? പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്ന് ശ്രദ്ധിക്കണം. കുട്ടികളുടെ സുഹൃത്തുക്കളെ അറിയാനും അവരുടെ കുടുംബവുമായും കഴിയുമെങ്കിൽ സൗഹൃദം സൂക്ഷിക്കാനും ശ്രമിക്കാം. ഇന്ന് കുട്ടികൾ കൂടുതൽ സമയം സോഷ്യൽ മീഡിയയിലും ഓൺലൈൻ ആയും ചിലവഴിക്കുന്നതുകൊണ്ട് വലിയ ജാഗ്രത ഈ കാര്യത്തിലും ഉണ്ടാകണം. അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ, ബന്ധങ്ങൾ ഒക്കെ അറിയണം. ഏത് കാര്യവും തുടക്കത്തിൽ പരിഹരിക്കാൻ അല്ലെങ്കിൽ കുട്ടികൾക്ക് നല്ല ഗൈഡൻസും കൗൺസിലിംഗും ഒക്കെ കൗമാര പ്രായത്തിൽ ഉറപ്പാക്കിയാൽ പല അപകടങ്ങളും ഒഴിവാക്കാൻ സാധിക്കും. ഭവനത്തിൽ നല്ല ആശയ വിനിമയമുള്ള കുട്ടികൾ കൂടുതൽ സുരക്ഷിതരാണ്.

സ്‌കൂളിന്റെ പങ്ക്

"Every child you encounter is a divine appointment."

1. സൗഹൃദപരമായ അന്തരീക്ഷം സ്‌കൂളുകൾ കുറച്ചുകൂടി child centered ആകേണ്ടതുണ്ട്. കുട്ടികളെ കണ്ടെത്താനും അവരെ കൂടുതൽ മനസ്സിലാക്കാനും രൂപപ്പെടുത്താനുമുള്ള വിദ്യാഭ്യാസത്തിൽ ഇടപെടലുണ്ടാകണം. അക്കാദമിക് കാര്യങ്ങളിൽ മാത്രമായി ഒതുങ്ങുന്ന വിദ്യാഭ്യാസം കുട്ടികളിലെ പ്രശ്നങ്ങളോ സാധ്യതകളോ പലപ്പോഴും കണ്ടെത്തുന്നില്ല. അധ്യാപകരുടെ സമഗ്രമായ പരിശീലനമാണ് ഏറ്റവും പ്രധാനം. കുട്ടികളുമായി നല്ല വൈകാരിക ബന്ധം സ്ഥാപിക്കാനും അവരെ respect ചെയ്യാനും കഴിയണം. അവരെ അടുത്തറിയുന്നതിലൂടെ മാത്രമേ അവരിലെ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയുകയുള്ളൂ. ആധുനിക കാലത്തെ കുട്ടികളുടെ പ്രശ്നങ്ങൾ വ്യത്യസ്തമാണ്.. പരിഹാരവും വ്യത്യസ്തമാകണം... അതിന് നിരന്തരവും സമഗ്രവുമായ പരിശീലനം തന്നെയാണ് പ്രധാനം. കുട്ടികളുടെ ആരോഗ്യം, സ്വഭാവം, വ്യക്തിത്വ വികസനം എല്ലാം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിനുള്ളിൽ വരണം.

2. പെരുമാറ്റപ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുക കുട്ടികളിൽ ചെറിയ പ്രായം മുതലേ പ്രശ്നങ്ങളുടെ സൂചനകൾ ശ്രദ്ധിക്കണം. അമിതമായ ദേഷ്യം, വാശി, കുറ്റവാസന, പഠന വൈകല്യം, സ്വഭാവ വ്യക്തിത്വ പ്രശ്നങ്ങൾ ഒക്കെ കണ്ടേക്കാം. പലപ്പോഴും കുട്ടികളിലെ പ്രശ്നങ്ങളുടെ വേരുകൾ മാതാപിതാക്കളിൽ തന്നെയാകും ഉണ്ടാവുക. മോശപ്പെട്ട ഭവന അന്തരീക്ഷം, മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ, കുട്ടികളെ ശ്രദ്ധിക്കാത്ത രക്ഷിതാക്കൾ, ഗ്രാൻഡ് പേരന്റ്സിന്റെ കൂടെയുള്ള ജീവിതം ഒക്കെ പ്രശ്നങ്ങൾ സങ്കീർണ്ണമാക്കാം. കുട്ടികളിൽ പ്രശ്നങ്ങൾ കണ്ടാൽ അത് രക്ഷിതാക്കളുമായി ചർച്ച ചെയ്യണം. സ്‌കൂളും രക്ഷിതാവും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുകയാണ് പ്രശ്നപരിഹാരത്തിന് ആവശ്യം. പരസ്പരം പഴിചാരലും കുറ്റപ്പെടുത്തലും പരിഹാരമല്ല.

3. എല്ലാവർക്കും സമഗ്രവും നിരന്തരവുമായ കൗൺസിലിംഗ്-ഗൈഡൻസ് ഉറപ്പാക്കുക ആധുനിക കാലത്ത് ഗൈഡൻസും കൗൺസിലിംഗും ഒഴിവാക്കി നിർത്തി വിദ്യാഭ്യാസത്തിന് നിലനിൽക്കാൻ കഴിയുകയില്ല. അധ്യാപകരോടൊപ്പം മാതാപിതാക്കളും നന്നായി പരിശീലിക്കപ്പെടണം. മാതാപിതാക്കളെ നന്നായി ഒരുക്കാതെ കുട്ടികളെ മികവുള്ളവരാക്കാൻ സാധിക്കുകയില്ല. മാതാപിതാക്കൾ പലപ്പോഴും വൈകാരികമായി മാത്രമാണ് കുട്ടികളുടെ കാര്യങ്ങളെ സമീപിക്കുന്നത്. അറിവില്ലായ്മയും വലിയ തടസ്സമാണ്. മാനസിക-ആരോഗ്യ കാര്യങ്ങളിലുള്ള അജ്ഞത ജീവിതത്തെപ്പറ്റിയും വിദ്യാഭ്യാസത്തെപ്പറ്റിയുമുള്ള കാഴ്ചപ്പാടില്ലായ്മ ഇൻ സമൂഹത്തിലെ ഏറ്റവും ഗൗരവമേറിയ വിഷയമാണ്. നിരന്തരമായ പരിശീലനം മാറ്റങ്ങൾ സൃഷ്ടിക്കും. പ്രാധാന്യമുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കലാലയങ്ങളിൽ കൂടി വരണം. മികച്ച പ്രഭാഷണങ്ങൾ, ചരിത്ര-പരിസ്ഥിതി-സാമൂഹിക അവബോധമൊക്കെ കുട്ടികൾക്ക് ലഭിക്കാൻ അവസരമൊരുക്കണം. നല്ല ബന്ധങ്ങളും സൗഹൃദങ്ങളും പരിപോഷിപ്പിക്കണം. സന്നദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണം. നല്ല മനുഷ്യനും നല്ല പൗരനുമാകു എന്നതാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.

5. കലാ-കായിക പ്രവർത്തനങ്ങളാൽ സമ്പന്നമാകണം ക്യാമ്പസ് ഓരോ കുട്ടിയും കലയോ കായികമോ ആയ പ്രവർത്തനങ്ങളിൽ ഉണ്ട് എന്ന് ഉറപ്പു വരുത്തണം. കളികൾ പ്രോത്സാഹിപ്പിക്കണം. കുട്ടികളുടെ സമഗ്ര വികസനത്തിന് കലാ-കായിക പ്രവർത്തനങ്ങൾ അനിവാര്യമാണ്. ട്യൂഷനും കോച്ചിംഗും അക്കാദമിക് സമ്മർദ്ദവും അമിതമായപ്പോൾ കുട്ടികൾക്ക് നഷ്ടപ്പെട്ടത് അവരുടെ ബാല്യവും കൗമാരവും അതിന്റെ സന്തോഷങ്ങളുമാണ്. എല്ലാവരെയും ഡോക്ടറും എൻജിനീയറുമാക്കാനുള്ള തിരക്കിൽ അവർ കുട്ടികളാണന്നുപോലും പലപ്പോഴും മറന്നുപോയി. സന്തോഷമുള്ള കുട്ടികളാണ് ലോകത്തിന് സമാധാനം വിതയ്ക്കുന്നത്. സന്തോഷമില്ലാത്ത കുട്ടികളാണ് പലപ്പോഴും വഴി തെറ്റുന്നത്..ഓർക്കുക.

"Children are like soft petals. One wrong pluck and they are damaged forever!"

രക്ഷിതാക്കളും അധ്യാപകരും ഒറ്റക്കെട്ടായി സഹകരിച്ചുള്ള പ്രവർത്തനം ഈ കാര്യങ്ങളിൽ എല്ലാം ഉറപ്പാക്കണം. ഒരു കുട്ടിയും ഒരു കുറ്റവാളിയാകാനോ മോശപ്പെട്ടവനാകാനോ ആഗ്രഹിക്കുന്നില്ല. നല്ലത് ലഭിക്കാതെ വരുമ്പോൾ മോശപ്പട്ടതിലേക്ക് കുട്ടികൾ തിരിഞ്ഞേക്കാം. അത്തരം അവസരങ്ങളും സാധ്യതകളും ഇല്ലാതാക്കാൻ അവരുടെ പരിസ്ഥിതി മികവുള്ളതാക്കാൻ രക്ഷിതാക്കളും അധ്യാപകരും സമൂഹവും കൈകോർത്താൽ ഒരു കുട്ടിപോലും നഷ്ടപ്പെട്ടുപോവുകയില്ല.

(സുനിൽ ഡി കുരുവിള. പ്രമുഖ കരിയർ, പാരന്റിംഗ് കൗൺസിലറും അധ്യാപക പരിശീലകനുമാണ്. മാനവവിഭവശേഷി രംഗത്ത് പ്രവർത്തിക്കുന്ന ഇൻസൈറ്റ് മിഷന്റെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. Email: Sunil_Kuruvilla@rediffmail.com Cell Phone Number: +91 96561444712, 9847400712. കൂടുതൽ പാരന്റിംഗ് ഗൈഡൻസ് 'Sunil Kuruvilla' എന്ന യൂട്യൂബിലും കാണാം)