പ്രിയപ്പെട്ടവരെ, കേരളഹൈക്കോടതിയിൽ സമുദായത്തിനും സമുദായ മെത്രാപ്പോലീത്തായ്ക്കും എതിരെ നിലനിന്നിരുന്ന കേസിൽ ശക്തമായ വാദങ്ങൾ പൂർത്തിയാക്കി, ആർഗ്യുമെൻ്റ് നോട്ട് ഫയൽ ചെയ്യുന്നതിനുള്ള നിയമപരമായ ക്രമീകരണങ്ങൾ കൃത്യമായി ഏകോപിപ്പിച്ച ശേഷം മാന്യ സമുദായ നേതൃത്വം, നോർത്ത് അമേരിക്കൻ മലങ്കര ക്നാനായ കമ്മ്യൂണിറ്റിയുടെ (NAMKC) പ്രത്യേക ക്ഷണം സ്വീകരിച്ച്, സമുദായ മെത്രാപ്പോലീത്തായ്ക്കും, സമുദായ സെക്രട്ടറിക്കും, സമുദായട്രസ്റ്റിക്കും, ക്നാനായ കമ്മിറ്റി അംഗം ടിജു തോട്ടപ്പുറത്തിനും സംഗമത്തിൽ പങ്കെടുക്കുവാൻ സാധിച്ചു.
കെട്ടുറപ്പിന്റേയും കൂട്ടായ്മയുടെയും അവിസ്മരണീയ ഏടുകൾ നോർത്ത് അമേരിക്കൻ മലങ്കര ക്നാനായ കമ്മിറ്റിയുടെ (NAMKC) ആഭിമുഖ്യത്തിൽ പെൻസിൽ വേനിയയിൽ നടന്ന നോർത്ത് അമേരിക്കൻ ക്നാനായ മഹാസംഗമം, സമുദായ ചരിത്രത്തിൽ സുവർണ്ണ അക്ഷരങ്ങളാൽ എഴുതിച്ചേർക്കപ്പെട്ട അവിസ്മരണീയ സംഭവമായി മാറി. ജൂലൈ 23ന് ആരംഭിച്ച് നാല് ദിവസം നീണ്ടുനിന്ന ഈ മാമാങ്കത്തിൽ വിദേശത്തുനിന്നും നാട്ടിൽനിന്നുമായി ആയിരത്തോളം സമുദായാംഗങ്ങളാണ് പങ്കെടുത്തത്.
ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്താ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി സമുദായപതാക ഉയർത്തി പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായി. തുടർന്ന്, സമുദായ സെക്രട്ടറി ടി.ഒ.ഏബ്രഹാം തോട്ടത്തിൽ, സമുദായ ട്രസ്റ്റി ടി.സി. തോമസ് തോപ്പിൽ, മാനേജിംഗ് കമ്മിറ്റിയംഗം ടിജു ഏബ്രഹാം തോട്ടപ്പുറത്ത് എന്നിവർ ചേർന്ന് ഭാരതത്തിന്റെ ദേശീയ പതാകയും NAMKC പ്രസിഡന്റ് ജേക്കബ് തോമസ് ഇടവഴിക്കൽ, സെക്രട്ടറി അജയ് മാത്യു വാഴയ്ക്കൽ, ട്രസ്റ്റി മിന്നു സജി ഇരണയ്ക്കൽ എന്നിവർ ചേർന്ന് അമേരിക്കൻ ദേശീയപതാകയും വാനിലുയർത്തി. വർണ്ണശബളമായ ഘോഷയാത്രയോടെ തിരുമേനിക്കും മറ്റ് വിശിഷ്ടാതിഥികൾക്കും സമ്മേളനനഗരിയിൽ ഹൃദ്യമായ വരവേൽപ്പുനൽകി.
ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വിദേശരാജ്യങ്ങളിലേക്ക് കുടിയേറിപ്പാർത്താലും ഭാരതത്തിന്റെ മഹത്തായ സംസ്കാരവും ക്നാനായസമുദായത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും പുതിയ തലമുറകളിലേക്ക് കൈമാറാനും കാത്തുസൂക്ഷിക്കാനും നാം എപ്പോഴും ശ്രദ്ധിക്കണം എന്ന് വലിയ മെത്രാപ്പോലീത്താ തന്റെ ഉദ്ഘാടനപ്രസംഗത്തിൽ ആഹ്വാനം ചെയ്തു. തുടർന്നുനടന്ന സമ്മേളനത്തിൽ സമുദായ സെക്രട്ടറി ടി.ഒ.ഏബ്രഹാം തോട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ സമുദായ ട്രസ്റ്റി ടി.സി. തോമസ് തോപ്പിൽ, മാനേജിംഗ് കമ്മിറ്റി അംഗം ടിജു ഏബ്രഹാം തോട്ടപ്പുറത്ത്, NAMKCപ്രസിഡന്റ് തോമസ് ചാലുപ്പറമ്പിൽ, ട്രസ്റ്റി മിന്നു സജി ഇരണയ്ക്കൽ എന്നിവരും ഫാ. മർക്കോസ് എം ചാലുപ്പറമ്പിൽ, ഫാ.റെന്നി ഏബ്രഹാം കിഴക്കേതിൽ ഫാ. ഡോ.തോമസ് ഏബ്രഹാം മലേച്ചേരിൽ, ഫാ. ബിജു ആരമ്മാമുട്ടിൽ, തുടങ്ങിയ വൈദികശ്രേഷ്ഠരും ജോവാന വടക്കേൽ, റെജി ഏലിയാസ് മടുക്കുമൂട്ടിൽ, നിമിഷ പുതുച്ചിറയിൽ, എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നാലുദിവസം നീണ്ടുനിന്ന മഹാസംഗമം, സാംസ്കാരിക വൈവിധ്യങ്ങൾ കൊണ്ടും വൻ ജനപങ്കാളിത്തം കൊണ്ടും ആവേശജ്വലമായി മാറി. അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള സമുദായ അംഗങ്ങൾ തങ്ങളുടെ സാംസ്കാരിക പാരമ്പര്യവും ക്നാനായ തനിമയും വിളിച്ചോതുന്ന കലാപരിപാടികൾ വേദിയിൽ അവതരിപ്പിച്ചു. അതോടൊപ്പം സമുദായ അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് വിപുലമായ കായികമത്സരങ്ങളും സംഘടിപ്പിച്ചു. വിവിധമത്സരങ്ങളിൽ വിജയികളായവർക്ക് ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്താ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് സമ്മാനങ്ങളും ട്രോഫികളും വിതരണംചെയ്തു. അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക ആശംസാസന്ദേശം സമ്മേളനത്തിൽ വായിച്ചു. ക്നാനായ സമൂഹം അമേരിക്കൻ മണ്ണിൽ നൽകുന്ന മഹത്തായ സംഭാവനകളേയും സാംസ്കാരിക പാരമ്പര്യത്തെയും അമേരിക്കൻ പ്രസിഡന്റ് തന്റെ സന്ദേശത്തിൽ പ്രശംസിച്ചു. വേദിയിൽവെച്ച് ഈ ആശംസാ സന്ദേശം വായിച്ച വലിയ മെത്രാപ്പോലീത്താ, ഇത് ക്നാനായ സഭാചരിത്രത്തിലെ സമാനതകളില്ലാത്ത അംഗീകാരമാണെന്ന് വിശേഷിപ്പിച്ചു.
വാഷിംഗ്ടൺ ഡി.സി.വൈറ്റ്ഹൗസിലെ യു.എസ്. ഗവൺമെന്റിന്റെ സീനിയർ എക്സിക്യുട്ടീവ് സർവ്വീസ് (IFS)അംഗമായ റവ.അലക്സാണ്ടർ ജെ. കുര്യൻ സമ്മേളനത്തിൽ മുഖ്യസാന്നിധ്യമായി പങ്കെടുത്തു. ക്നാനായ സമൂഹത്തിന്റെ വളർച്ചയും പൊതുസമൂഹത്തിൽ അവർ കൈവരിച്ച ഉന്നതിയും എടുത്തുപറഞ്ഞ അദ്ദേഹത്തിന്റെ പ്രഭാഷണം മഹാസംഗമത്തിന് പുതിയൊരു ദിശാബോധം നൽകി. കൂടാതെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധിയും കൗൺസിലറുമായ എൽദോസ് പുന്നൂസ് ഐ.എഫ്.എസിന്റെ (IFS) സാന്നിധ്യവും പ്രഭാഷണവും ചടങ്ങിന് അന്താരാഷ്ട്ര തലത്തിലുള്ള പ്രൗഢി നൽകി. തുടർന്ന് നടന്ന സമ്മേളനത്തിൽ സമുദായ സെക്രട്ടറി ടി.ഒ.ഏബ്രഹാം തോട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. സമുദായ ട്രസ്റ്റി ടി.സി. തോമസ് തോപ്പിൽ, മാനേജിംഗ് കമ്മിറ്റി അംഗം ടിജു ഏബ്രഹാം തോട്ടപ്പുറത്ത്, ഫാ. മർക്കോസ് എം. ചാലുപ്പറമ്പിൽ, NAMKC പ്രസിഡന്റ് ജേക്കബ്തോമസ് ഇടവഴിക്കൽ, സെക്രട്ടറി അജയ്മാത്യു വാഴയ്ക്കൽ, ട്രസ്റ്റി മിന്നു സജി ഇരണയ്ക്കൽ എന്നിവർ സംസാരിച്ചു. പുതിയഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നിലവിലെ ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഭരണഘടനാപ്രകാരം NAMKC ബിസിനസ്സിൽ അടുത്ത നാലു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ പ്രസിഡന്റ് രാജൻ കുറിയാക്കോസ് പുന്നാട്ടുശ്ശേരിൽ, വൈസ്പ്രസിഡന്റ് തോമസ് ജോസഫ് ചെരിവുപറമ്പിൽ, സെക്രട്ടറി റെന്നി ഇരണയ്ക്കൽ, ട്രസ്റ്റി ജെസ്സി പ്രസാദ് വടവുപറമ്പിൽ, ജോ. സെക്രട്ടറി നിമിഷ നിഖിൽ പുതുച്ചിറയിൽ.
ഗവേണിംഗ് ബോർഡ് അംഗങ്ങൾ അജയ് വാഴയ്ക്കൽ, ഡയാനാമാർക്കോസ് തുമ്പുങ്കൽ, അനി മാലിക്കറുകയിൽ, കുറിയാക്കോസ് ഇടവഴിയ്ക്കൽ, ടിജു മുഴിപ്പറമ്പിൽ, ഇ.കെ.ജേക്കബ് ഇടശ്ശേരിൽ, സജി ഇരണയ്ക്കൽ, പ്രിജോ കല്ലംപറമ്പിൽ.
ഇന്ന് വിദേശ രാജ്യങ്ങളിൽ വേരുകളുറപ്പിച്ച നമ്മുടെ സമുദായാംഗങ്ങൾ അതാത് നാടുകളിൽ പ്രാർത്ഥനാലയങ്ങൾ സ്ഥാപിച്ചും വിശുദ്ധബലിയർപ്പിച്ചും വനിതാസമാജം, സൺഡേസ്കൂൾ, ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മകൾ, തുടങ്ങിയവ സജീവമായി നടത്തിയും തങ്ങളുടെ ആത്മീയ സാമൂഹിക ജീവിതം ധന്യമാക്കിക്കൊണ്ടിരിക്കുന്നു. വിദേശങ്ങളിൽ ജീവിക്കുമ്പോഴും തങ്ങളുടെ പൊക്കിൾക്കൊടി ബന്ധം ഉറങ്ങുന്ന ചിങ്ങവനം മാർ അപ്രേം സെമിനാരിയോടും ജന്മനാടിനോടും ഉള്ള ബന്ധം അവർ തെല്ലും അയവില്ലാതെ നിലനിർത്തുന്നു എന്നത് ഏവർക്കും അഭിമാനകരമായ കാര്യമാണ്. ജനാധിപത്യപരമായ ഭരണസംവിധാനവും ഓൺലൈൻ വിപ്ലവവും ക്നാനായ സമുദായത്തിന്റെ പരമോന്നത ഭരണസമിതി (Supreme Body) എന്നത് ക്നാനായ അസ്സോസിയേഷൻ ആണ്. ഓരോ വിദേശരാജ്യങ്ങളിലും പ്രവർത്തിക്കുന്ന സംഘടനകൾക്ക് ആവശ്യമായ ബൈലോകൾ (By-law) അസ്സോസിയേഷൻ പാസ്സാക്കി നൽകിയിട്ടുണ്ട്. അസ്സോസിയേഷൻ യോഗങ്ങൾ കൂടുമ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുകയും തങ്ങളുടെ അഭിപ്രായങ്ങൾ സമുദായത്തിന്റെ മുമ്പിൽ തുറന്നു പറയുകയും ചെയ്യുന്നു. എല്ലാവരുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിച്ചാണ് സമുദായത്തിന്റെ ഭരണം മുന്നോട്ട് പോകുന്നത്. ഇന്ന് സമുദായം ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ കുടക്കീഴിലാണ് പ്രവർത്തിക്കുന്നത്. ലക്ഷക്കണക്കിനുരൂപ ചിലവഴിച്ച് പ്രവാസികളായ അംഗങ്ങൾ അപ്രേം സെമിനാരിയിലെ അസ്സോസിയേഷൻ ഹാളിൽ നേരിട്ടെത്താതെ തന്നെ അതാതു രാജ്യങ്ങളിലിരുന്ന് അസ്സോസിയേഷൻ യോഗങ്ങളിൽ പങ്കെടുക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനുമുള്ള ഓൺലൈൻ സംവിധാനം നിലവിലെ മാനേജിംഗ് കമ്മിറ്റി വർഷങ്ങളായി വിജയകരമായി ഒരുക്കിയിട്ടുണ്ട്.
ലോകം മുഴുവൻ ഒരുകുടക്കീഴിൽ പ്രവർത്തിക്കുന്ന നമ്മുടെ സമുദായത്തിന്റെ തീരുമാനങ്ങൾ ലോകമെമ്പാടും വ്യാപിപ്പിക്കേണ്ടതുണ്ട്. പരമോന്നത സമിതി എടുക്കുന്ന തീരുമാനങ്ങൾ ഉൾക്കൊണ്ട് അതിനനുസരിച്ച് പ്രവർത്തിക്കേണ്ടത് ഓരോ ക്നാനായക്കാരന്റെയും കടമയാണ്. കാരണം നമ്മൾ ഒരു രക്തവും ഒരു മാംസവും ഒരു സമുദായവുമാണ്. നമുക്കുള്ളത് ഒരു സമുദായ മെത്രാപ്പോലീത്തായും മൂന്ന് സഹായ മെത്രാന്മാരും ഒരു ഭരണഘടന, ഒരു അസ്സോസ്സിയേഷൻ, അതിനുകീഴിൽ വ്യക്തമായ ബൈലോകളോടെ പ്രവർത്തിക്കുന്ന വിവിധ പോഷക സംഘടനകൾ. ഈ കൃത്യമായ നിയമങ്ങളിലൂടെയും ഭരണഘടനയിലൂടെയും സഞ്ചരിച്ചാൽ സമുദായത്തിന്റെ മുന്നോട്ടുള്ള പ്രയാണം വളരെ സുഗമവും ശക്തവുമാകും. നമ്മുടെ ഇടയിൽ യാതൊരുവിധ വിഭാഗീയതകളും കടന്നുകൂടരുത്. വിയോജിപ്പുകൾ മാറ്റിവെച്ച് ഭരണഘടനയേയും സമുദായ മെത്രാപ്പോലീത്തായേയും സമുദായ നേതൃത്വത്തെയും ബഹുമാനിച്ച് ഒറ്റക്കെട്ടായി ഒത്തൊരുമയോടെ മുന്നോട്ടുപോകാൻ എല്ലാ സമുദായ അംഗങ്ങളോടും സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
ക്നാനായ അസ്സോസിയേഷന്റെ ഭരണഘടനപ്രകാരം 2025-26 വർഷത്തെ സമുദായത്തിന്റെയും സമുദായ സ്ഥാപനങ്ങളുടെയും വാർഷിക റിപ്പോർട്ടും കണക്കുകളും പാസ്സാക്കുന്നതിനും മറ്റു പ്രധാനപ്പെട്ട അത്യാവശ്യ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി അസ്സോസിയേഷൻ യോഗം ഈ മാസം 28-ാം തീയതി ചേരുകയാണ്. യോഗം സംബന്ധിച്ച ഔദ്യോഗിക നോട്ടീസുകൾ അസ്സോസിയേഷൻ അംഗങ്ങൾക്ക് ഇതിനകം അയച്ചുകഴിഞ്ഞിട്ടുണ്ട്. എല്ലാ മാന്യ അസ്സോസിയേഷൻ അംഗങ്ങളും നിശ്ചിതസമയത്തുതന്നെ യോഗത്തിൽ പങ്കാളികളാകണമെന്ന് താല്പര്യപൂർവ്വം അഭ്യർത്ഥിക്കുന്നു.
പ്രിയ സമുദായാംഗങ്ങളെ, നമ്മുടെ സമുദായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന റാന്നി മോതിരവയൽ Mor Severios Housing Project സഹോദരൻ ഒരു പാർപ്പിടം പദ്ധതിയുടെ സന്തോഷകരമായ പുരോഗതി നിങ്ങളെ അറിയിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. പദ്ധതിയുടെ ഭാഗമായ 5 വീടുകളുടെ നിർമ്മാണം ഏതാണ്ട് പൂർത്തികരണത്തോടടുക്കുകയാണ്. കൂടാതെ, മറ്റ് നാലുവീടുകൾക്ക് കൂടി പുതിയ സ്പോൺസർമാരെ കണ്ടെത്തുവാൻ കഴിഞ്ഞു. ഈ സംരംഭത്തോട് മനസ്സറിഞ്ഞ് സഹകരിച്ചതിനും തുടർന്നും പിന്തുണ നൽകുന്നതായ എല്ലാസമുദായ സ്നേഹികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു. കുളപ്പമല എസ്റ്റേറ്റിലെ ചെങ്കൽ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമായ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സമുദായ സ്വത്തുക്കളുടെ സുതാര്യതയും സംരക്ഷണവും ഉറപ്പാക്കാൻ ഉത്തവാദിത്തപ്പെട്ട സമുദായ മാനേജിംഗ് കമ്മിറ്റി, ഈ വിഷയത്തിലെ യാഥാർത്ഥ്യം നിങ്ങൾക്കുമുമ്പിൽ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. കുളപ്പമലയിൽ ഏതാണ്ട് 10 ഏക്കറോളം സ്ഥലം വെട്ടുകല്ല് പാറയായി, ഒരു ചെടിപോലും വളരാതെ തരിശായി കിടക്കുകയാണ്. അവിടെനിന്നും കല്ല് വെട്ടിമാറ്റി അതിൽ നിന്നുണ്ടാകുന്ന വേസ്റ്റ് മണ്ണ് ഉപയോഗിച്ച് നികത്തി യാൽ ആ പത്ത് ഏക്കർ സ്ഥലം കൃഷിയോഗ്യമാക്കുവാൻ സാധിക്കും. കൂടാതെ, കല്ല് വെട്ടിമാറ്റുമ്പോൽ നല്ലൊരു തുക സമുദായത്തിന് വരുമാനമായി ലഭിക്കുകയും ചെയ്യും. സമുദായ ഭരണഘടനപ്രകാരം ക്നാനായ കമ്മിറ്റിയുടെ ചുമതലയിൽപ്പെട്ട കാര്യമായതിനാലും 2022ലെ ക്നാനായ കമ്മിറ്റിയിൽ കൃത്യമായി ചർച്ചചെയ്ത് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്നാനായ കമ്മിറ്റി നടപടികളുമായി മുന്നോട്ടു പോയത്. ഇതു സംബന്ധിച്ച് 18/ 07/2022 ൽ മലയാള ദിനപ്പത്രത്തിന്റെ കോഴിക്കോട് എഡിഷനിൽ ക്വട്ടേഷൻ ക്ഷണിച്ചുകൊണ്ട് പരസ്യം നൽകുകയുണ്ടായി. ലഭിച്ച 3 ക്വട്ടേഷനുകൾ അന്നത്തെ ക്നാനായ കമ്മിറ്റി പരിശോധിക്കുകയും ഏറ്റവും ഉയർന്ന തുക കോട്ട് ചെയ്ത ആൾക്ക് കർശനമായ നിബന്ധനകളോടെ ക്നാനായ കമ്മിറ്റിക്കു വേണ്ടി അന്നത്തെ ട്രസ്റ്റി ആയിരുന്ന ശ്രീ. ജേക്കബ് തോമസ് മറ്റയ്ക്കാട്ട് കരാർ ചെയ്തു. കല്ലുവെട്ടുന്നതിനുള്ള അനുമതി ലഭിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ കല്ലുവെട്ടുന്നതിന് ആവശ്യമായ എല്ലാ ലൈസൻസുകളും കക്ഷി കൾ സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും വാങ്ങണമെന്നും ആദ്യപടിയായി 25 സെൻ്റ് സ്ഥലം മാത്രം നൽകുമെന്നും വ്യക്തമായ വ്യവസ്ഥകളോടെയാണ് എഗ്രിമെൻ്റ് തയ്യാറാക്കിയത്. എന്നാൽ ജിയോളജി ഡിപ്പാർട്ട്മെൻ്റ് പല തവണ ഇൻസ്പെക്ഷൻ നടത്തിയെങ്കിലും കഴിഞ്ഞ 4 വർഷമായിട്ടും സർക്കാരിൽ നിന്നും കല്ലുവെട്ടുന്നതിനുള്ള യാതൊരു അനുമതിയും നാളിതുവരെ ലഭ്യമായിട്ടില്ല. വളരെ വർഷങ്ങൾക്കുമുമ്പ് അന്നത്തെ ഭരണസമിതി കുറച്ചുസ്ഥലത്ത് കല്ലുവെട്ടിയിരുന്നെങ്കിലും പ്രദേശവാസികളുടെ എതിർപ്പുമൂലം അത് നിന്നുപോവുകയായിരുന്നു. തുടർന്ന് അന്നത്തെ മാനേജിംഗ് കമ്മിറ്റി ഇത് പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതികതടസ്സങ്ങൾ കാരണം ഇതുവരെ പ്രായോഗികമാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഈ വസ്തുതകൾ മറച്ചുവെച്ച് സമുദായത്തിൽ വലിയ രീതിയിൽ അഴിമതിനടന്നു എന്ന തരത്തിൽ ചില തൽപരകക്ഷികൾ നടത്തുന്ന നുണപ്രചരണങ്ങൾ മാത്രമാണിതെന്ന് അറിയിക്കുന്നു. സമുദായ നന്മയ്ക്കായി കമ്മിറ്റി എന്ത് പ്രവർത്തനം നടത്തിയാലും അതിനെ എതിർക്കുകയും വ്യാജപ്രചരണങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളുടെ കുപ്രചരണങ്ങളെ സമുദായ അംഗങ്ങൾ തിരിച്ചറിയണമെന്ന് അപേക്ഷിക്കുന്നു. സമുദായസ്നേഹമോ അതോ തകർക്കാനുള്ള നീക്കമോ എന്ന് സ്വയം തിരിച്ചറിയണം ഈ സോഷ്യൽ മീഡിയ പോരാളികൾ. സമുദായത്തിന്റെ പുരോഗതിക്കും വളർച്ചയ്ക്കുമായി അഹോരാത്രം പ്രയത്നിക്കുന്ന കമ്മിറ്റികളേയും സമുദായ നേതൃത്വത്തേയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന വ്യാജപ്രചരണങ്ങൾ, അടുത്തകാലത്തായി നടക്കുന്നത് കാണാതിരിക്കാനാവില്ല. സമുദായത്തിന്റെ പേരും പറഞ്ഞ് നടത്തുന്ന ഇത്തരം കുപ്രചരണങ്ങൾക്ക് പിന്നിലെ യഥാർത്ഥ അജണ്ട എന്താണെന്ന് നാം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കൈതച്ചക്ക കൃഷിയുമായി ബന്ധപ്പെട്ടവിഷയങ്ങൾ, എഡേസ്സോതോട്ടം, കുളപ്പമല, തോട്ടയ്ക്കാട് കോളേജ് നിർമ്മാണം, എന്നിവയെക്കുറിച്ചൊക്കെ യാതൊരു അടിസ്ഥാനവുമില്ലാത്ത നുണകഥകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. സ്ഥാപനങ്ങൾ വരുന്നത് സമുദായത്തിന്റെ പുരോഗതിക്കോ കോളേജ് പ്രവർത്തനങ്ങൾക്കോ അല്ലെന്ന രീതിയിൽ വലിയ ദുഷ്പ്രചരണങ്ങളാണ് വ്യാജ ഐഡികളിലൂടെയും അല്ലാതെയും അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. സമുദായത്തോട് ചേർന്നു നിൽക്കുന്നവർ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങൾകൊണ്ട് സമുദായത്തിന് എന്തെങ്കിലും നന്മയാണോ ഉണ്ടാകുന്നത്? അതോ തലമുറകളായി പടുത്തുയർത്തിയ ഈ മഹത്തായ സമുദായത്തെ ഇല്ലാതാക്കാനാണോ ഈ ശ്രമങ്ങൾ? ഏറ്റവും വലിയ വൈരുദ്ധ്യം എന്തെന്നാൽ, തങ്ങൾ സമുദായത്തിന്റെയും സമുദായ മെത്രാപ്പോലീത്തായുടെയും കൂടെയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ചിലർ ഈ വിധ്വംസക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് എന്നതാണ്! സമുദായത്തെയും അതിന്റെ തലവനെയും സ്നേഹിക്കുന്നു എന്ന് പറയുകയും, അതേ സമയം തന്നെ സമുദായ സ്ഥാപനങ്ങളെയും ഭരണസംവിധാനങ്ങളെയും പരസ്യമായി അധിക്ഷേപിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ശുദ്ധവിരോധാഭാസമല്ലാതെ മറ്റെന്താണ്? ആത്മീയവും ഭൗതികവുമായ പുരോഗതിയിലേക്ക് സമുദായത്തെ നയിക്കുവാൻ ദീർഘ വീക്ഷണത്തോടെ നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെയും പദ്ധതികളെയും സംശയമുനയിൽ നിർത്തുന്നത് സമുദായ സ്നേഹമല്ല; മറിച്ച് ശത്രുക്കൾക്ക് ആയുധം പകർന്നു നൽകലാണ്. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ സംശയങ്ങളോ ഉണ്ടെങ്കിൽ അത് മാന്യമായി സമുദായ വേദികളിൽ ഉന്നയിക്കാൻ അവസരമുള്ളപ്പോൾ, പൊതുമധ്യത്തിൽ സമുദായത്തെ നാണം കെടുത്താൻ ശ്രമിക്കുന്നത് സമുദായ നന്മ ലക്ഷ്യമാക്കിയല്ലെന്ന് വ്യക്തമാണ്. വ്യാജ പ്രചരണങ്ങളുടെയും ദുഷ്ചിന്തകളുടെയും പുറകെ പോകാതെ, സമുദായത്തിന്റെ പുരോഗതിക്കായി ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. സത്യം തിരിച്ചറിയാനും സമുദായത്തെ തകർക്കാൻ ശ്രമിക്കുന്ന തിന്മയുടെ ശക്തികളെ ഒറ്റപ്പെടുത്താനും ഓരോ സമുദായ അംഗവും മുൻകൈയെടുക്കണം. സമുദായത്തിന്റെ കൂടെയാണെന്ന് നടിക്കുന്ന വ്യാജ പ്രവാചകന്മാരെ തിരിച്ചറിയുക; നമ്മുടെ സ്ഥാപനങ്ങളെയും നേതൃത്വത്തെയും സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുക. സമുദായത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വലിയ വികസന പ്രവർത്തനങ്ങളും പുതിയ പദ്ധതികളുമാണ് നാം ഏറ്റെടുത്ത് നടത്തുന്നത്. എന്നാൽ ഇവയ്ക്ക് ആവശ്യമായ സാമ്പത്തിക സ്രോതസ്സുകളുടെ പരിമിതി വലിയൊരു വെല്ലുവിളിയായി നമ്മുടെ മുന്നിലുണ്ട്. എന്നിരുന്നാലും, ഒരു രൂപ പോലും കടമെടുക്കാതെയാണ് സമുദായത്തിലെ എല്ലാ പ്രവർത്തനങ്ങളും മുന്നോട്ട് പോകുന്നത് എന്നതിൽ നമുക്ക് ഏവർക്കും അഭിമാനിക്കാം. ബാങ്ക് വായ്പകളോ ഓവർ ഡ്രാഫ്റ്റ് (Overdraft) സൗകര്യങ്ങളോ ഉപയോഗിക്കാതെ, സമ്പൂർണ്ണമായി സ്വന്തം നിലയിൽ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്ന ഒരു സമുദായം എന്ന നേട്ടം നമ്മുടെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാണ്. വായ്പകളില്ല എന്ന ആശ്വാസമുണ്ടെങ്കിലും, സാമ്പത്തിക പരിമിതികൾ മൂലം ചില പ്രോജക്റ്റുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കാത്തതിന്റെ പ്രയാസം നാം നേരിടുന്നുണ്ട്. തോട്ടയ്ക്കാട് കോളേജിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് നേരിടുന്ന ഏക തടസ്സവും ഇതുതന്നെയാണ്. ബിൽഡിംഗ് ടാക്സ്, ഫയർ ആൻഡ് റെസ്ക്യൂ ക്ലിയറൻസ്, പൊല്യൂഷൻ കൺട്രോൾ ബോർഡ് ക്ലിയറൻസ്, ലേബർ ടാക്സ് എന്നിവ അടച്ചുതീർക്കുന്നതിനും ക്ലാസ് റൂം-ഓഫീസ് ഫർണിഷിംഗ്, ലൈബ്രറി, ലാബോറട്ടറി സജ്ജീകരണം എന്നിവയ്ക്കുമായി ലക്ഷക്കണക്കിന് രൂപ ഇനിയും ആവശ്യമുണ്ട്. ഈ തടസ്സങ്ങളെല്ലാം തരണം ചെയ്ത് കോളേജിന്റെ പ്രവർത്തനം വേഗത്തിൽ ആരംഭിക്കുന്നതിനും സമുദായത്തിന്റെ ഭാവി പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുന്നതിനും നിങ്ങളുടെ ഏവരുടെയും സഹകരണവും പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു.
സ്നേഹാദരങ്ങളോടെ ടി.ഒ. ഏബ്രഹാം തോട്ടത്തിൽ (സമുദായ സെക്രട്ടറി)