വേഗം വരുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പ്രിയ ദീപം വായനക്കാർക്ക് സ്നേഹവന്ദനം. ലോകം മുഴുവനിലും സമാധാനരഹിതമായ അന്തരീക്ഷം നിലനിൽക്കുമ്പോൾ തന്നെ സമാധാന പ്രഭുവായ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിൽ അസമാധാനം നിലനിൽക്കുകയാണ്. ഈ അന്തരീക്ഷത്തിന് മാറ്റം ഉണ്ടാകണമെങ്കിൽ ജനത്തിന് മാനസാന്തരം ഉണ്ടാകണം. സമാധാനപ്രഭുവായ ക്രിസ്തുനാഥൻ ഒരു മനുഷ്യന്റെ മനസ്സിലുരുവാകുമ്പോൾ അവൻ യുദ്ധവിരുദ്ധനാകുന്നു, സമാധാനകാംക്ഷിയാകുന്നു. വാസ്തവത്തിൽ സമാധാനപ്രഭുവായ ക്രിസ്തുനാഥനെ ഉപേക്ഷിച്ചുകൊണ്ടാണ് നമ്മൾ സമാധാനം ആചരിക്കുന്നതെങ്കിൽ എല്ലാം വ്യർത്ഥമാണ്. ഒരു കയ്യിൽ കഠാരയും മറുകൈകൊണ്ട് നിങ്ങൾക്ക് സമാധാനമെന്നും പുലമ്പുന്നത്കൊണ്ട് ഉള്ള സമാധാനം കൂടി നഷ്ടപ്പെടുകയാണെന്ന് ഈ മെത്രാച്ചന്മാരും വന്ദ്യപുരോഹിതരും ചിന്തിക്കുന്നുണ്ടോ. സഭയ്ക്ക് ഭരണസംവിധാനം ഒരുക്കിത്തന്ന മുളന്തുരുത്തി സുന്നഹദോസിന്റെ ജൂബിലിവർഷത്തിൽ സഭാമക്കൾ ക്രിസ്തുവിനെ ദർശിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്.
തത്വമോ പ്രമാണമോ ഇല്ലാത്ത വഴക്കുകൾ ഇന്ന് ഓരോ ഇടവകകളിലും വർദ്ധിച്ചു വരുന്നുണ്ട്. ദശാബ്ദങ്ങളായി വഴക്കുമാത്രം ജീവന്റെ ലക്ഷണമായി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ഇടവകകൾ ഇന്ന് വർദ്ധിച്ചു വരുകയാണ്. നമ്മുടെ സഭയിലെ പള്ളികളിൽ പഴയശീലങ്ങളിൽ തഴമ്പിച്ചവർക്ക് ഇന്നും വഴക്കില്ലെങ്കിൽ ജീവിതം വ്യർത്ഥമാണെന്ന് തോന്നാം. എന്തെങ്കിലും തത്വമോ പ്രമാണമോ അടങ്ങിയിട്ടുള്ള യാതൊരുവഴക്കും ക്നാനായ സമുദായത്തിൽ വന്നിട്ടില്ല എന്നത് സത്യമാണ്. മിക്ക വഴക്കുകളുടെയും പിന്നിൽ തത്വങ്ങളും പ്രമാണങ്ങളുമല്ല ഉണ്ടായിരിക്കുക. വ്യക്തിപരമോ കുടുംബപരമോ ആയ വാശിയും വൈരാഗ്യവും അതൃപ്തിയും അനുസരിച്ചു വഴക്കുകൾ ഉണ്ടാകും. പിന്നീടാണവയുടെ തത്വങ്ങളും പ്രമാണങ്ങളും ആധാരമാക്കി കൊണ്ടുവരുവാൻ ശ്രമിക്കുന്നത്. 125 വർഷത്തിലധികം നീണ്ടുനിന്ന മലങ്കര സുറിയാനി സഭയിലെ വ്യവഹാരങ്ങൾ അതിന് ഒരു ഉദാഹരണമാണ്. കേസുകൾ ആരംഭിക്കുന്നതിന് മുൻപുതന്നെ വ്യക്തിപരമായ നീരസങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. നീരസത്തിനുണ്ടായ കാരണങ്ങൾ സഭാപരമോ വിശ്വാസപരമോ ആയിരുന്നില്ല. പക്ഷെ ക്രമേണ വഴക്കുകൾ വർദ്ധിച്ചപ്പോൾ തത്വങ്ങളും പ്രമാണങ്ങളും അവയിൽ സ്ഥാനം പിടിച്ചു. ആദ്യകാലഘട്ടത്തിൽ കൂദാശകളും പട്ടത്വവും അവയുടെ സാധുതയും ഒന്നും തർക്ക വിഷയമായിരുന്നില്ല. എന്നാൽ ഇപ്പോൾ ആ വിഷയങ്ങളിൽ എത്തിച്ചേർന്നതുപോലെ സമുദായത്തിലെ വ്യക്തിഗതമായ കക്ഷി വഴക്കുകൾ വർദ്ധിച്ചു നീളുംതോറും പിന്നീട് തീർപ്പാക്കാൻ സാധിക്കാത്ത നിലയിലേക്ക് തള്ളപ്പെടും. അതു നിമിത്തം അനേകർ സഭാവിശ്വാസത്തിൽ നിന്നും അകന്നുപോകും.
സമ്പന്നതയുടെ മടിത്തട്ടിൽ കഴിയുന്ന വിദേശീയരിൽ കണ്ടുവരുന്ന ധാർമ്മിക-സന്മാർഗ്ഗിക രംഗത്തെ അധഃപതനം നമ്മുടെ ഇടയിൽ ഒരു യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. പാശ്ചാത്യ-സമ്പന്നത പാശ്ചാത്യരിൽ വിതച്ച കേടുകൾ ഈയിടെയായി നമ്മുടെ സമ്പന്ന വർഗ്ഗത്തിനിടയിലും അനല്പമായി കണ്ടുവരുന്നുണ്ടെന്നുള്ളത് വിസ്മരിച്ചുകൂടാ. നമ്മുടെ ഒത്തുകല്യാണം, മൈലാഞ്ചി, ചന്തം ചാർത്തൽ, എന്നീ ചടങ്ങുകൾക്കുശേഷം അതേ സ്റ്റേജിൽ കാണിക്കുന്ന വികൃതികൾ അധഃപതനത്തിന്റെ ലക്ഷണാമല്ലേ. തിന്നുവാനും കുടിക്കുവാനും രമിക്കുവാനും നൃത്തംചെയ്യുവാനും സങ്കേതങ്ങൾ തേടുന്നവരുടേയും സങ്കേതങ്ങൾ ഒരുക്കുന്നവരുടേയും കഥകൾ നിർഭാഗ്യവശാൽ ഇവിടെയും വർദ്ധിച്ചു വരികയാണ്. ഡേറ്റിംഗും ഫ്രീലൗവും ലിവിംഗ് ടുഗെദറും (Living together) അവയുടെ പേരിലറിയപ്പെടുന്ന അവിഹിതവേഴ്ചകളും ഇവിടെ ആരംഭിച്ചിരിക്കുന്നു. അതിന്റെ പാളിച്ചകളും കെടുതികളും ഇവിടുത്തെ പല സമ്പന്നകുടുംബങ്ങളിലും സംഭവിക്കുന്നുണ്ട്. കേരളത്തിലേയും കർണ്ണാടകത്തിലേയും പല പട്ടണങ്ങളിലും അത്തരക്കാരെ മാടി വിളിക്കുന്ന നിരവധി സങ്കേതങ്ങൾ ഉയർന്നുകഴിഞ്ഞു. നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഏതുവിഭവവും ലഭിക്കുന്ന റെസ്റ്റോറന്റുകൾ വർദ്ധിച്ചുവരുന്നു. പലഭവനങ്ങളിലും പരമ്പരാഗതഭക്ഷണങ്ങൾ ഉണ്ടാക്കുന്നില്ല. ഇതുനിമിത്തമായി യുവാക്കളുടെ ഇടയിൽ ദൈവവിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതു ഗൗരവതരമായി എടുത്തുകൊണ്ട് ലോകപ്രകാരമുള്ള ചിന്താഗതിയിൽനിന്നും ജനങ്ങളെ പിന്തിരിപ്പിക്കുവാനുള്ള ഉത്തരവാദിത്വം വിസ്മരിച്ചുകൊണ്ട് കേസുകളും വഴക്കുകളും ഉപേക്ഷിച്ച് യഥാർത്ഥമായി മാനസാന്തരപ്പെട്ട് ജീവിക്കുവാനുള്ള മാർഗ്ഗങ്ങൾ തുടങ്ങാം. പുതിയ തലമുറക്കാർ (ന്യൂജൻ) അവർക്ക് പുതുമനിറഞ്ഞ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത് നല്ല കാര്യമാണ്. അത് സ്വന്തം ജീവനും സ്വത്തുക്കൾക്കും നാശം വരുത്തുന്നതായാൽ അത് അനുകരിക്കുന്നത് അപകടമെന്ന് മനസ്സിലാക്കാനള്ള വിവേചനശക്തി ആവശ്യമാണ്. മാതാപിതാക്കളുടേയും ഗുരുജനങ്ങളുടേയും ദൈവീക ശുശ്രൂഷകരുടേയും വാക്കുകൾ ജീവിതത്തിൽ മുറുകെപ്പിടിച്ച് ജീവിക്കുന്നത് വിജയകരവും അനുഗ്രഹകരവുമായ ജീവിതത്തിന് അനിവാര്യമാണ്. ജീവന്റെ വിലയും ജീവിതവും ഒരേയൊരു ആയുസ്സും കണക്കിലെടുത്താൽ ലോകത്തോട് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ (റോമർ 12:2). എന്ന് നിങ്ങളുടെ പ്രിയ റോയി അച്ചൻ