Knanaya Deepam

loading

പെരുകി വരുന്ന ആത്മഹത്യകൾ- എന്തുകൊണ്ട്?

കഴിഞ്ഞ ആഴ്ച കിടങ്ങൂർ സ്വദേശികളായ, അമേരിക്കൻ പൗരത്വമുള്ള ചെറുപ്പക്കാരായ രണ്ടു പെൺകുട്ടികൾ കടലിൽ ചാടി ആത്മഹത്യ ചെയ്ത വാർത്തയറിഞ്ഞപ്പോൾ വളരെ അത്ഭുതവും, ഞെട്ടലും അനുഭവപ്പെടുവാൻ ഇട വന്നു. ഈയടുത്ത കാലം വരെ സാമ്പത്തിക ഭദ്രതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നല്ലോ ആത്മഹത്യകൾക്ക് കാരണമായി പറയപ്പെട്ടിരുന്നത്. ഇതുപോലെ തന്നെ ഏതാനും മാസങ്ങൾക്ക് മുമ്പ് എറണാകുളം സ്വദേശിയായ ഒരു പ്രശസ്ത നെഫ്രോളജിസ്റ്റ് (Nephrologist) ഉം സമാന സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത വിവരം മാധ്യമങ്ങളിലൂടെ നാമൊക്കെ അറിഞ്ഞതാണല്ലോ. മേൽപ്പറഞ്ഞവർ വിദ്യാസമ്പന്നരും, സാമ്പത്തിക ഭദ്രതയും ഉള്ളവരായിരുന്നു. ആത്മഹത്യയ്ക്ക് പ്രത്യേക കാരണങ്ങൾ ഒന്നും തന്നെ പറയുന്നില്ലെങ്കിലും രണ്ടു കൂട്ടരിലും മാനസിക സംഘർഷവും, ജീവിതത്തിൻ്റെ അർത്ഥമില്ലായ്മ എന്ന ചിന്തയും ബാധിച്ചിരുന്നതായി മനസ്സിലാക്കാം.

അതുപോലെ തന്നെ രണ്ടു കൂട്ടർക്കും മാതാപിതാക്കളും, ബന്ധുജനങ്ങളും ഉള്ളവരായിരുന്നു. ആശയ വിനിമയത്തിന് സാഹചര്യം ഉണ്ടായിട്ടും പിന്നീടെന്താണ് സംഭവിച്ചത്? ഒപ്പം തന്നെ ഈ ആത്മഹത്യകൾ രണ്ടും പെട്ടെന്നുണ്ടായ ഒരു മാനസിക സംഘർഷത്തിൽ നിന്നും ഉടലെടുത്തതല്ല മറിച്ച് വ്യക്തമായ പദ്ധതിയിട്ട് നടത്തിയ ആത്മഹത്യകളായിരുന്നു എന്ന് കൂടി മനസ്സിലാക്കാം.

ക്രിസ്തീയ പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ ഒരു വിചിന്തനം നടത്തുവാൻ ശ്രമിക്കട്ടെ. സാമ്പത്തിക ഭദ്രതയോ, മനുഷ്യരിൽ നിന്നും ലഭിക്കുന്ന സ്നേഹമോ, ലോകത്തിൻ്റെ അംഗീകാരമോ ഒന്നും തന്നെ ആരെയും പൂർണ്ണമായി തൃപ്തനാക്കുന്നില്ല എന്നുള്ളതല്ലേ സത്യം? അതായത് ഇവയെല്ലാം ലഭിച്ചാലും ഒരു ശൂന്യതാബോധം മനുഷ്യനിൽ നിലനിൽക്കുന്നു എന്ന കാര്യം നാം വിസ്മരിക്കരുത്. ഇത്തരുണത്തിൽ വി. അഗസ്തീനോസിൻ്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുള്ളതായി തോന്നുന്നു. “ദൈവമേ, നീ നിനക്കായി എന്നെ സൃഷ്ടിച്ചു. നിന്നിൽ എത്തിച്ചേരുന്നതുവരെ എൻ്റെ ആത്മാവ് അസ്വസ്ഥമായിരിക്കും.” എന്ന അദ്ദേഹത്തിൻ്റെ മൊഴിയിൽ ഇത് വ്യക്തമാക്കുന്നുണ്ട്. മനുഷ്യനിൽ ഒരു ശരീരവും (ദേഹം), മനസ്സും (ദേഹി അല്ലെങ്കിൽ soul), ആത്മാവും (spirit) ഉണ്ട്. മരണത്തോടുകൂടി ശരീരം ഇവിടെ ഉപേക്ഷിക്കപ്പെടുകയും ആത്മാവ് ദൈവത്തിൻ്റെ പക്കലേക്ക് മടങ്ങുകയും ചെയ്യുന്നു. ഈ ആത്മാവ് ദൈവത്തോട് ഒത്തു ചേരുമ്പോൾ മാത്രമേ അതിന് സ്വസ്ഥത ലഭിക്കുകയുള്ളു. ഈ അവസ്ഥയിലായ ആത്മാവ് ദൈവത്തോടു ചേർന്ന് നിത്യമായ ആനന്ദം അനുഭവിക്കുന്നു. അതുകൊണ്ടായിരിക്കുമല്ലോ മരിച്ച് യേശുവോട് ചേരുവാൻ ആണ് ആഗ്രഹിക്കുന്നത് എന്നു വി. പൗലോസ് പറയുന്നത്.

ഭൗതിക നേട്ടങ്ങളും, അംഗീകാരങ്ങളും ഒക്കെ ലഭിക്കുമ്പോൾ വ്യക്തിയുടെ മനസ്സ് സന്തോഷിക്കുന്നു എങ്കിലും, ആ അവസ്ഥയിൽ ആത്മാവിന് സ്വസ്ഥതയും, ആനന്ദവും ലഭിക്കണമെന്നില്ല. മേൽപ്പറഞ്ഞവ നഷ്ടമാകുമ്പോൾ നിരാശ കടന്നുവരികയും, ആത്മഹത്യയിലേക്ക് നയിക്കപ്പെടുവാൻ ഇടയാകുകയും ചെയ്യുന്നു. എന്നാൽ ദൈവാശ്രയവും ദൈവകൃപയുമുള്ള വ്യക്തിക്ക് ഭൗതിക നഷ്ടങ്ങൾ ഉണ്ടായാലും അവരുടെ മനസ്സിൻ്റെ സന്തോഷത്തെ ബാധിക്കുകയില്ല. മാത്രമല്ല ആത്മീയ ആനന്ദത്തിൽ നിലനിൽക്കുകയും ചെയ്യുന്നതായി കാണാം. അതായത് മാനസിക സന്തോഷത്തിന് വളരെ മുകളിലായി നിൽക്കുന്ന ഒരനുഭവമാണ് ആത്മീയ ആനന്ദം. ഇപ്രകാരമുള്ള അനേകം ആളുകളെ കണ്ടുമുട്ടുവാൻ എനിക്ക് ഇടയായിട്ടുണ്ട്. മനുഷ്യജീവിതത്തിൽ നഷ്ടങ്ങളും, കഷ്ടപ്പാടുകളും, സഹനങ്ങളുമില്ലാത്ത ആരും തന്നെയില്ലല്ലോ. സഹനങ്ങൾക്ക് പലവിധ കാരണങ്ങളുണ്ടെങ്കിലും, അത് ദൈവം അനുവദിക്കുന്നതുകൊണ്ടു മാത്രമാണല്ലോ സംഭവിക്കുന്നത്. സഹനങ്ങളെ ദൈവകരങ്ങളിലൂടെ സ്വീകരിക്കുമ്പോൾ അത് നമ്മുടെ വിശുദ്ധീകരണത്തിനും, അനുഗ്രഹത്തിനുമായി മാറുന്നു. അതിലൂടെ നമുക്ക് ധാരാളം കൃപകളും ലഭിക്കുന്നു.

“കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം നമുക്ക് നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിൻ്റെ സ്നേഹം നമ്മുടെ ഹൃദയത്തിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു” റോമർ 5:4-5. ദൈവകരങ്ങളിലൂടെ കഷ്ടതകളെ സ്വീകരിക്കുമ്പോൾ അത് സഹനശീലം (endurance) ഉളവാക്കുന്നു ഈ സഹനശീലം നമ്മിൽ വളരുമ്പോൾ നാം ആത്മധൈര്യം ഉള്ളവരായി മാറുന്നു. അങ്ങനെ നാം ദൈവത്തെ അംഗീകരിക്കുന്നവരായി മാറുന്നു. ഈ അവസ്ഥയിൽ നാം വളരുമ്പോൾ നാം പ്രത്യാശയുള്ളവരായി (Hope) മാറുന്നു. ഇത് ഒരു തുടർപ്രവർത്തനം (chain process) ആണ്. പ്രത്യാശയുള്ള വ്യക്തി ഒന്നിലും നിരാശനാകുന്നില്ല. പരിശുദ്ധാത്മാവ് വഴിയാണ് ഈ പ്രത്യാശ നമുക്ക് ലഭിക്കുന്നത്. പ്രത്യാശയുള്ള വ്യക്തിയിൽ ദൈവകൃപയും, ദൈവാശ്രയബോധവും നിലനിൽക്കുന്നു. ഈ അവസ്ഥയിൽ എത്തിച്ചേരുന്ന വ്യക്തി, അവർക്ക് എന്തു തന്നെ നഷ്ടപ്പെട്ടാലും നിരാശരാകാതെ പിടിച്ചു നിൽക്കുന്നു. ഒപ്പം തന്നെ അവർ ആത്മീയ ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ളവർ എന്തു പ്രതികൂലാവസ്ഥയിലും ആത്മഹത്യയെപ്പറ്റി ചിന്തിക്കുക പോലുമില്ല. അവർ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് തൻ്റെ ജീവിതയാത്ര പൂർത്തീകരിക്കുവാൻ ശ്രമിക്കുന്നു. ഇപ്പോൾ നാം യുഗാന്ത്യകാലഘട്ടത്തിലേക്ക് പ്രവേശിക്കുകയാണല്ലോ. ഇക്കാലത്ത് തിന്മയുടെ ശക്തികളുടെ ആധിപത്യം വളരെയധികം പ്രബലപ്പെട്ടതായി കാണാം. അതുകൊണ്ടാണ് ഇത്തരം ആത്മഹത്യകളും, കൊലപാതകങ്ങളും സർവ്വസാധാരണമായി കാണുന്നത്. അത് ഇനിയും കൂടിക്കൊണ്ടേയിരിക്കും. “നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിക്കുവിൻ. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റി നടക്കുന്നു. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് അവനെ എതിർക്കുവിൻ” (1 പത്രോ. 5:7-9). വെളിപ്പാട് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളാണല്ലോ. ഇപ്പോൾ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. “അപ്പോൾ സർപ്പം സ്ത്രീയുടെ നേരെ കോപിച്ചു. ദൈവകല്പനകൾ കാക്കുന്നവരും, യേശുവിൻ സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളിൽ ശേഷിച്ചിരുന്നവരോട് യുദ്ധം ചെയ്യുവാൻ അത് പുറപ്പെട്ടു” (വെളി. 12:17). വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട്, പ്രത്യാശയുള്ളവരായി, ഈ പ്രതികൂല കാലഘട്ടത്തെ അഭിമുഖീകരിക്കുവാനുള്ള കൃപ ലഭിക്കുന്നതിനായി, കൃപ നിറഞ്ഞവളായ ദൈവമാതാവിൻ്റെ മദ്ധ്യസ്ഥം നമുക്ക് യാചിക്കാം. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

മറ്റ് മാസങ്ങളിലെ ലേഖനങ്ങൾ