ജീവിതത്തിൻ്റെ കൊടുങ്കാറ്റുകൾക്ക് മുന്നിൽ തളർന്നുപോകാതിരിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നത് ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ്. ദൈവം നമുക്ക് അനുകൂലമെങ്കിൽ നമുക്ക് പ്രതികൂലം ആര്?എന്ന തിരുവചനം ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകില്ല, എന്നല്ല, മറിച്ച് ഏതൊരു കഠിനമായ സാഹചര്യത്തിലും ദൈവം കൂടെയുണ്ടാകുമെന്ന ഉറപ്പാണ് നൽകുന്നത്. സ്വന്തം സഹോദരങ്ങളാൽ ഒറ്റപ്പെടുത്തപ്പെട്ട ജോസഫിനും, ശൗലിൻ്റെ പീഡനങ്ങൾ നേരിട്ട ദാവീദിനും ദൈവം അനുകൂലമായി നിന്നു. അവിടുത്തെ സാന്നിധ്യം കൂടെയുള്ളപ്പോൾ ഒരു അഗ്നിജ്വാലയ്ക്കും നമ്മെ ദഹിപ്പിക്കാനോ, ആഴമുള്ള വെള്ളത്തിൽ മുക്കിക്കളയാനോ സാധ്യമല്ല. വരാനിരിക്കുന്ന നിത്യതേജസ്സിനെ ധ്യാനിക്കുന്ന ഒരു വിശ്വാസിക്ക് ഈ ലോകത്തിലെ ദുരിതങ്ങൾ വെറും നിസ്സാരമായി തോന്നും. നോഹയുടെ പ്രളയകാലത്ത് സകലമനുഷ്യരും മൃഗങ്ങളും കടപുഴകി വീണപ്പോഴും ഒലിവ് വൃക്ഷം മാത്രം പ്രത്യാശയുടെ പച്ചപ്പായി തലയുയർത്തി നിന്നു. ജീവിതത്തിൽ അടിക്കടി സഹനങ്ങൾ വരുമ്പോഴും രോഗങ്ങളാലും അപവാദങ്ങളാലും ഒറ്റപ്പെടുമ്പോഴുമൊക്കെ നമ്മെ നശിക്കാതെ തളിർത്തുനിർത്തുന്നത് ദൈവത്തിൻ്റെ കരം ഒന്നു മാത്രമാണ്.
'നീ ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്.
ഞാൻ നിന്നെ സഹായിക്കും.'(യെശയ്യാവ് 41:10) എന്ന അവിടുത്തെ വാഗ്ദാനം ഓരോ തകർച്ചയിലും നമുക്ക് പ്രത്യാശയാകുന്നു. നമ്മെ കണ്ണിൻ്റെ കൃഷ്ണമണിപോലെ പരിപാലിക്കുന്ന ആ തിരുസാന്നിധ്യത്തിൻ്റെ ആഴമറിഞ്ഞതുകൊണ്ടാണ് 'അവിടുന്ന് കൂടെ പോരുന്നില്ലെങ്കിൽ ഞങ്ങളെ ഇവിടുന്ന് പുറപ്പെടുവിക്കരുത്' എന്ന് മോശെ പ്രാർത്ഥിച്ചത്. മനുഷ്യരായ നമുക്ക് പരിമിതികൾ ഉണ്ടെങ്കിലും നമ്മുടെ വലങ്കൈ പിടിച്ചു നടത്തുന്ന പരിമിതികളില്ലാത്ത ദൈവം കൂടെയുണ്ടെന്ന തിരിച്ചറിവ് പ്രതിസന്ധികളിൽ വഴുതി വീഴാതിരിക്കാൻ നമ്മെ സഹായിക്കും. ഈ ലോകത്ത് എന്തു പ്രതികൂലങ്ങൾ വന്നാലും അതിനൊന്നും നമ്മെ ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ല. ആരോഗ്യം ഉണ്ടായാലും ഇല്ലെങ്കിലും സന്തോഷത്തിലും സങ്കടത്തിലും ഏത് സാഹചര്യത്തിലും ദൈവത്തെ സ്തുതിക്കാൻ നാം തയ്യാറാകണം. കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ ആപത്തോ ഒന്നും തന്നെ ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കില്ല എന്ന് പൗലോസ് അപ്പോസ്തോലൻ ഓർമ്മിപ്പിക്കുന്നു. സാഹചര്യങ്ങൾ എത്ര പ്രക്ഷുബ്ധമായാലും ഉയരത്തിനോ ആഴത്തിനോ മറ്റൊരു സൃഷ്ടിക്കോ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ കഴിയുകയില്ല എന്ന പൂർണ്ണമായ ഉറപ്പോടെ നമുക്ക് മുമ്പോട്ട് നീങ്ങാം.