Knanaya Deepam

loading

മൃത്യു ലോകത്തിൽനിന്ന് പരലോകത്തിലേക്ക്

ഓരോ വർഷവും ജന്മദിനം ആഘോഷിക്കുമ്പോൾ ഈ ലോകത്തിൽ ആരംഭിച്ച എൻ്റെ ജീവിതത്തിൻ്റെ സമയവും അതിൻ്റെ കൂടെ എത്ര ദിവസം കൂടെ കൂട്ടിച്ചേർക്കപ്പെട്ടു എന്നും ഓർമ്മിപ്പിക്കുന്നു. ഈ നിമിഷത്തെ വർത്തമാനകാലത്തെക്കുറിച്ചും ഈ നിമിഷം വരെയുള്ള ഭൂതകാലത്തെയും കുറിച്ചുള്ള അറിവ് എനിക്കുണ്ട്. എന്നാൽ അടുത്ത നിമിഷത്തെ എന്റെ ഭാവികാലത്തെക്കുറിച്ചുള്ളതൊന്നും അത് എപ്രകാരം ആയിരിക്കും എന്ന് ഒരിക്കലും പറയുവാൻ സാധിക്കയില്ല. അതായത് എനിക്ക് ഒരു മരണം ഉണ്ട് എന്നത് സുനിശ്ചിതം ആണ്. എന്നാൽ അത് എപ്പോൾ എന്നത് എനിക്ക് അനിശ്ചിതം ആണ്. ഒരു ജീവൻ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതു മുതൽ അവൻ്റെ മരണവും അവൻ്റെ ഒപ്പം ഉണ്ടാകും. എന്നാൽ അതിൻ്റെ അനിശ്ചിതത്വം മാത്രമേ അവൻ്റെ മുമ്പിൽ ഉള്ളു. സുനിശ്ചിതമായ മരണത്തിനുശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരം ഒരു ക്രിസ്തുമത വിശ്വാസത്തിൽ ഞാൻ പറയുമ്പോൾ: ഭൂമിയിൽ ആരംഭിച്ച സൃഷ്ടാവിനോടൊപ്പം (സ്വർഗ്ഗത്തിൽ) തുടരുന്ന നിത്യജീവിതം ആകുന്നു.

എനിക്ക് മരണം സംഭവിച്ചു കഴിഞ്ഞാൽ എല്ലാം കഴിയുന്നുവോ? എൻ്റെ നിത്യജീവിതം എന്നത് എങ്ങനെ? ഇതിന് ഉത്തരം കണ്ടുപിടിക്കലാണ് എൻ്റെ ഈ ഭൂമിയിലെ ജീവിതലക്ഷ്യം.

എനിക്ക് മരണം ഉണ്ട് എന്നതിന് സുനിശ്ചിതം ആകുന്നത് എന്റെ ശരീരം നാശം ഉള്ളത് എന്ന അറിവ് ആണ്. ഈ നാശമുള്ള ശരീരത്തോട് ചേർന്ന് പ്രവർത്തിക്കുന്ന മനസ്സ്; ശരീരത്തിലെ ഇന്ദ്രിയങ്ങളുടെ പ്രവർത്തനവും, പ്രകൃതിയെ കുറിച്ചുള്ള അറിവ് സമ്പാദിക്കുകയും ചെയ്യുന്നു. എൻ്റെ ശരീര മനസ്സുകളുടെ നിലനിൽപ്പിന് ആധാരമായ ഊർജ്ജം ആണ് ഈ ശരീര മനസ്സുകൾക്കൊപ്പം ചേർന്ന് വസിക്കുന്ന ആത്മാവ്. ഈ ആത്മാവാണ് യഥാർത്ഥമായ ഞാൻ, എൻ്റെ ശരീരത്തിൻ്റെ നാശത്തിലും ആത്മാവ് അനശ്വരം ആയിരിക്കും; എന്തുകൊണ്ടെന്നാൽ ഈ പ്രപഞ്ചത്തിൻ്റെ സൃഷ്ടാവായ ദൈവത്തിൻ്റെ അംശം ആണ് എന്നിൽ പ്രവർത്തിക്കുന്ന ആത്മാവ്. “ഉല്പത്തി രണ്ടാം അദ്ധ്യായം ഏഴാം വാക്യം യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ടു അവൻ്റെ മൂക്കിൽ ജീവശ്വാസം ഊതി. മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” മനുഷ്യൻ ഇല്ലാതെ ദൈവത്തിൻ്റെ ലോകസൃഷ്ടി പൂർത്തിയാകുന്നില്ല. അതാണ് മനുഷ്യൻ്റെയും ദൈവത്തിൻ്റെയും വേർപിരിയാനാവാത്ത ബന്ധം. മനുഷ്യന് ബോധവും വ്യക്തിത്വവും നൽകുന്ന ശരീര മനസ്സുകളോടു ചേർന്നുള്ള ഭൗതികമായ, അദൃശ്യമായ ഉണ്മയാണ് ആത്മാവ്. ആത്മാവിൻ്റെ പൂർണ്ണതയാണ് ദൈവം. അപ്പോൾ ഞാൻ ഈ നാശമുള്ള ശരീരം അല്ല, ആത്മാവ് ആണ്. ആത്മാവ് സ്വയമായി ഒരു രൂപമോ, ഭാവമോ, സാദൃശ്യമോ ഇല്ലാത്ത അരൂപി ആണ്; ശാസ്ത്രീയമായി തെളിയിക്കുന്നതിനും സാധ്യമല്ല. എനിക്ക് എൻ്റെ അനുഭവത്തിൽ എന്നിലെ ആത്മാവിനെ; വിശ്വസിക്കുന്നു എങ്കിൽ തിരിച്ചറിയുവാൻ സാധിക്കും. ഈ ആത്മാവിൻ്റെ നിത്യതയാണ് എന്റെ ഈ ജീവിതത്തിലെ പ്രവൃത്തിയുടെ പ്രതിഫലമായി, ശരീര മനസ്സുകളുടെ നാശത്തിനു ശേഷം എനിക്ക് ലഭ്യമാകുന്നത്. ആത്മാവിൻ്റെ നിത്യജീവിതത്തിൽ ഭൗതിക ജീവിതത്തിൻ്റെ കഷ്ടതകൾ ഉണ്ടാകുന്നില്ല.

ഭൗതികമായ കാര്യങ്ങൾക്കപ്പുറം, പ്രപഞ്ചവുമായോ ഒരു പരമശക്തിയുമായോ ഉള്ള ആന്തരികമായ ബന്ധം അന്വേഷിക്കലാണ് ആത്മീയത. ആത്മീയതയുടെ അന്വേഷണത്തിന് ഏതെങ്കിലും പ്രത്യേക ചട്ടക്കൂടുകളോ, ആചാരങ്ങളോ ആവശ്യം ഇല്ല. ഒരു വ്യക്തിക്ക് മതപരമായ വിശ്വാസങ്ങൾ ഇല്ലാതെയും ആത്മീയമായ ചിന്തകളും ജീവിത രീതികളും പുലർത്താൻ സാധിക്കും. പ്രപഞ്ചത്തിന്റെ സൃഷ്ടാവും പരിപാലകനും സർവ്വശക്തനും പരമോന്നതനുമായ അസ്തിത്വത്തെയാണ് പൊതുവെ ദൈവം എന്ന് വിളിക്കുന്നത്. സകല ധാർമ്മികതയുടെയും ഉത്തരവാദിയും, പരമാനന്ദവും, ആത്മീയ പൂർണ്ണതയും ആയവൻ ദൈവം. വിശ്വാസപ്രകാരം ആദിയോ അന്ത്യമോ ഇല്ലാത്ത നന്മയുടെയും കാരുണ്യത്തിൻ്റെയും പ്രകാശമായി ദൈവം കണക്കാക്കപ്പെടുന്നു. മനസ്സിൽ വരുന്ന ചിന്തയിൽ രൂപവും ഭാവവും ഉണ്ടാകും. എന്നാൽ ദൈവിക ചിന്തയിൽ രൂപവും ഭാവവും ഉണ്ടാകില്ല, വിഷയം മാത്രമേ ഉണ്ടാകുകയുള്ളു. ആത്മീയതയിൽ ഒരു വ്യക്തിയുടെ ധാർമ്മിക ബോധം ഉയരും. എന്തുകൊണ്ടെന്നാൽ, ഞാൻ ആത്മീയകൻ എന്ന ചിന്ത ഭൗതിക ലോകത്തിന്റെ ആസക്തിയിൽ നിന്നും മനസ്സിനെ മുക്തമാക്കുന്നു എന്നത് കൊണ്ട് തന്നെ.

ദൈവത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളെയും, ആത്മീയതയെയും ഒരു സംഘടിത രൂപത്തിൽ പിന്തുടരുന്നതിനെയാണ് മതം എന്ന് വിളിക്കുന്നത് പ്രാർത്ഥനകൾ, അനുഷ്ഠാനങ്ങൾ, ആത്മീയ നിയമങ്ങൾ, വിശുദ്ധ ഗ്രന്ഥങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വ്യക്തിയെ ആത്മീയതയിലേക്ക് നയിക്കുന്ന ഒരു മാധ്യമമായി മതം പ്രവർത്തിക്കുന്നു. മതത്തിന് നിയമങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും ഉണ്ട്. മതം മനുഷ്യരെ പരസ്‌പരം ബന്ധിപ്പിക്കുവാനും, ജീവിതത്തിന് അർത്ഥവും ലക്ഷ്യവും കണ്ടെത്തുന്നതിനും സഹായകരമാകുന്നു. മതത്തിന് വിശ്വാസങ്ങൾ ഉണ്ട്. പ്രാർത്ഥന, ആരാധന, ഉത്സവങ്ങൾ, തീർത്ഥാടനം തുടങ്ങിയ നന്മതിന്മകളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ, ജീവകാരുണ്യം, അഹിംസ തുടങ്ങിയ ധാർമ്മിക ഉത്തരവാദിത്തങ്ങൾ നിയമമായി മതം അനുശാസിക്കുന്നു. മതത്തിന് തനതായ നിയമങ്ങളും ഉണ്ട്. പലപ്പോഴും ഈ നിയമങ്ങൾ ആത്മീയ രക്ഷയുടെ ഫലപ്രാപ്തി എന്ന ലക്ഷ്യത്തിൽ നിന്നും ഭൗതിക ഫലപ്രാപ്തി എന്ന ലക്ഷ്യത്തിലേക്ക് മാറിപ്പോകുന്നു. എന്നത് മതവിശ്വാസത്തിന് ദോഷകരമായ പ്രവണതയായി കാണുന്നു. ഭൗതിക നേട്ടത്തിനായി ആത്മീയത ദുരുപയോഗം ചെയ്യുന്ന പ്രവണത ഇന്ന് പല മതവിശ്വാസങ്ങളിലും പ്രബലമായി കാണുന്നത് ദുഃഖകരം ആണ്. ഇത് യഥാർത്ഥ ആത്മീയതയിൽ നിന്നും വ്യത്യസ്തമായ ദൈവവിശ്വാസം ആകുന്നു. ഒരു വ്യക്തിക്ക് മതവിശ്വാസം ഇല്ലാതെയും ധാർമ്മിക ജീവിതം നയിക്കുവാൻ സാധിക്കും. എന്നാൽ ഒരു ധാർമ്മിക ജീവിതം എങ്ങനെ നയിക്കാം എന്നതിന് ചൂണ്ടുപലകയായി വർത്തിക്കുവാൻ ഒരു മതവിശ്വാസത്തിന് കഴിയുമ്പോൾ ആണ് അത് ഒരു ദൈവിക സഭ ആകുന്നത്. “ശോകം നിറയും ലോകനിവാസം വിട്ടുപിരിഞ്ഞോർക്കേകുക മോദം ശോഭനമാകും ശാശ്വതഗേഹേ”