2026-ലെ പാതി പിന്നിട്ട് നാം ജൂലൈയുടെ കൃപാപ്രഭയിൽ പ്രവേശിച്ചിരിക്കുകയാണ്. കടന്നുപോയ ദിനങ്ങളിലൊക്കെയും നമ്മെ കൈവിടാതെ കരുതിയ ദൈവത്തിന് ഹൃദയം നിറഞ്ഞ സ്തുതി അർപ്പിക്കാം. അവിടുത്തെ കരുണയുടെ കൈകൾ നമ്മെ നയിച്ച ഓരോ വഴിയും നന്ദിയോടെ ഓർക്കുമ്പോൾ, ജീവിതം തന്നെ ഒരു സ്തോത്രഗീതമായി മാറുന്നു.
വിശ്വാസം വാക്കുകളുടെ അലങ്കാരമല്ല, മറിച്ച് ജീവിതത്തിന്റെ സമർപ്പിത സാക്ഷ്യമാണെന്ന് മോർ തോമാശ്ലീഹാ തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ദൂരം മറികടന്ന്, പീഡനങ്ങൾ സഹിച്ച്, സ്വന്തം ജീവൻ തന്നെ സുവിശേഷത്തിന്റെ വിത്തായി സമർപ്പിച്ച അദ്ദേഹത്തിന്റെ പാത ഇന്നും സഭയുടെ ആത്മീയ തിരിച്ചറിവിന് അടിത്തറയായി നിലകൊള്ളുന്നു.
ജൂലൈ 3-ന് സഭ ഭക്തിപൂർവ്വം ആചരിച്ച വിശുദ്ധ മോർ തോമാശ്ലീഹായുടെ ഓർമ്മ, നമ്മുടെ വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാന ശിലകളിലേക്കുള്ള ആത്മീയ മടങ്ങിപ്പോക്കായിരുന്നു. ഇന്ത്യയുടെ മണ്ണിൽ സുവിശേഷത്തിന്റെ വിത്ത് വിതച്ച് ക്രിസ്തുവിന്റെ സത്യപ്രകാശം തെളിച്ച തോമാശ്ലീഹാ, "എന്റെ കർത്താവും, എന്റെ ദൈവവുമേ" എന്ന വിശ്വാസപ്രഖ്യാപനത്തിലൂടെ സംശയത്തിന്റെ മേഘങ്ങളെ കീറിമുറിച്ച് ഉറച്ച വിശ്വാസത്തിന്റെ പ്രകാശത്തിലേക്കുള്ള യാത്രയുടെ ജീവനു തുല്യമായ പ്രതീകമായി മാറുന്നു.
വിശ്വാസം വാക്കുകളുടെ അലങ്കാരമല്ല, മറിച്ച് ജീവിതത്തിന്റെ സമർപ്പിത സാക്ഷ്യമാണെന്ന് മോർ തോമാശ്ലീഹാ തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ദൂരം മറികടന്ന്, പീഡനങ്ങൾ സഹിച്ച്, സ്വന്തം ജീവൻ തന്നെ സുവിശേഷത്തിന്റെ വിത്തായി സമർപ്പിച്ച അദ്ദേഹത്തിന്റെ പാത ഇന്നും സഭയുടെ ആത്മീയ തിരിച്ചറിവിന് അടിത്തറയായി നിലകൊള്ളുന്നു. ഈ വിശുദ്ധ ഓർമ്മദിനം വ്യക്തിപരമായ വിശ്വാസത്തെ പുതുക്കാനും, കുടുംബജീവിതത്തിൽ സുവിശേഷ മൂല്യങ്ങളെ ആഴപ്പെടുത്താനും, സഭയുടെ ഏകതയും സാക്ഷ്യവും ശക്തിപ്പെടുത്താനും നമ്മെ ക്ഷണിക്കുന്നു. അവിടുത്തെ മദ്ധ്യസ്ഥതയിൽ നമ്മുടെ വിശ്വാസം കൂടുതൽ ഉറച്ചതും സജീവവുമായ സാക്ഷ്യമായി മാറട്ടെ.
നിലയ്ക്കൽ എക്യുമെനിക്കൽ പള്ളിയിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാനോ പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ കുർബ്ബാന അർപ്പിക്കുവാൻ ഇടയായത് ദൈവത്തിന്റെ പ്രത്യേക കൃപയാണ്. വിശുദ്ധന്റെ ഓർമ്മകൾ പുതുക്കപ്പെട്ട ആ പുണ്യസമയത്ത്, പ്രാർത്ഥനയുടെയും ഭക്തിയുടെയും ആത്മാവിൽ ഒരുമിച്ചുകൂടിയ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യം ഹൃദയത്തിന് ആനന്ദവും പ്രത്യാശയും പകർന്നു. ഈ പെരുന്നാളിന്റെ അനുഗ്രഹകരമായ നടത്തിപ്പിനായി ആത്മാർത്ഥമായി പ്രവർത്തിച്ച നിലയ്ക്കൽ ട്രസ്റ്റ് അംഗങ്ങൾക്കും കമ്മിറ്റി ഭാരവാഹികൾക്കും, ക്നാനായ കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ, വിവിധ ദൈവാലയങ്ങളിൽ നിന്ന് കടന്നുവന്ന് സ്നേഹപൂർവ്വം സഹകരിച്ച എല്ലാ വിശ്വാസികൾക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. പ്രത്യേകം തേവരുമുറി തോമസുകുട്ടിയോട്. എല്ലാവരുടെയും സമർപ്പിത സേവനം സഭയുടെ കൂട്ടായ്മയുടെ സൗന്ദര്യത്തിന് സാക്ഷ്യമായി മാറുന്നു. നിലയ്ക്കൽ മലനിരകളിൽ ഉയർന്ന പ്രാർത്ഥനകളും സ്തുതിഗീതങ്ങളും നമ്മുടെ വിശ്വാസജീവിതത്തെ ദിനാപ്രതി ശക്തിപ്പെടുത്തട്ടെ.