പ്രിയപ്പെട്ടവരെ,
ഓതറ നസ്രേത്ത് കോളേജ് ഓഫ് ഫാർമസിയിലെ 2026-ലെ ബിരുദദാന ചടങ്ങ് (Graduation Ceremony 2026) കോളേജ് കാമ്പസിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്തയും നസ്രേത്ത് കോളേജ് ഓഫ് ഫാർമസി പ്രസിഡന്റുമായ ആർച്ച്ബിഷപ്പ് കുര്യാക്കോസ് മോർ സേവേറിയോസ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും മുൻ ഇന്ത്യൻ നയതന്ത്രജ്ഞനും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ മേധാവിയുമായ റ്റി.പി. ശ്രീനിവാസൻ (IFS) മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. മാനേജർ ഇ.കെ. സണ്ണി ഇടത്തോടിയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് ക്നാനായ സമുദായ സെക്രട്ടറി റ്റി.ഒ. ഏബ്രഹാം തോട്ടത്തിൽ അവാർഡ് ദാനം നിർവ്വഹിച്ചു. കോളേജ് സെക്രട്ടറി പി.എ. ഏബ്രഹാം കുഴികണ്ടത്തിൽ, അസ്സോസിയേഷൻ പ്രസിഡന്റ് ഫാ. വി.എ. ഏബ്രഹാം ഇലവുംപറയിൽ, വൈദികട്രസ്റ്റി ഫാ.എ.എം.സി. സക്കറിയ മധുരക്കോട്ട്, നസ്രേത്ത് ആശ്രമം സെക്രട്ടറി റ്റി. കെ. കുര്യൻ, ഗവേണിംഗ് ബോർഡ് അംഗം ബഞ്ചമിൻ ചാക്കോ പുലയത്തുനിതൽ, പി.കെ. കുര്യൻ പട്ടമ്പാലം, ടോണി കുര്യാക്കോസ് അട്ടുപുറത്തിൽ, പ്രൊഫ. ബേബി ഏബ്രഹാം പുളിക്കാലിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. എൽസി ഏബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് അസ്സോസിയേറ്റ് പ്രൊഫ. ഡോ. ജയകുമാർ കെ.എസ്. വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും, ചടങ്ങിൽ വെച്ച് ബിരുദ സർട്ടിഫിക്കറ്റുകളും വിഷ്ണു സുകുമാരൻ മെമ്മോറിയൽ ക്യാഷ് അവാർഡും വിതരണം ചെയ്യുകയും ചെയ്തു. പ്രൊഫസറും എച്ച്. ഓ. ഡി. യുമായ ഡോ. ജിжу വി. നന്ദി പ്രകാശിപ്പിച്ച ചടങ്ങുകൾ കോളേജ് കൊയറിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച് ദേശീയ ഗാനത്തോടെ സമാപിച്ചു.
ക്നാനായ സമുദായത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ഗീവർഗീസ് മോർ സേവേറിയോസ് തിരുമേനിയുടെ 99-ാമത് ശ്രാദ്ധപെരുന്നാൾ അനുസ്മരണ സമ്മേളനവും ചരമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും തിരുമേനി കബറടങ്ങിയിരിക്കുന്ന കോട്ടയം വലിയ പള്ളിയിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മോർ സേവേറിയോസ് ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വലിയ പള്ളി വികാരി റവ. ഫാ. നോബിൻ തോമസ് ഇളകൂറ്റൂർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, കേരള സംസ്ഥാന മുൻ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തുകയും 'ഗീവർഗീസ് മോർ സേവേറിയോസ് മെറിറ്റ് അവാർഡ്' വിതരണം ചെയ്യുകയും ചെയ്തു.
ചരമ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുള്ള ക്വിസ് മത്സരവും മുതിർന്ന പൗരന്മാർക്കായുള്ള മോട്ടിവേഷൻ ക്ലാസും ഉണ്ടായിരുന്നു.
നിലയ്ക്കൽ സെന്റ് തോമസ് ദൈവാലയ സമ്മേളനം
നിലയ്ക്കൽ സെന്റ് തോമസ് ദൈവാലയത്തിൽ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാനോ പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനവും 'ജനകീയ കൂട്ടായ്മയിൽ ജനവാസ കേന്ദ്രങ്ങളിലെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം' എന്ന വിഷയത്തിലുള്ള ചർച്ചയും ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മോർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. കോന്നി എം.എൽ.എ. അഡ്വ. കെ.യു. ജനീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. பழകുളം മധു മുഖ്യാതിഥിയായിരുന്നു. സമുദായ സെക്രട്ടറി റ്റി.ഒ. ഏബ്രഹാം തോട്ടത്തിൽ, വെരി. റവ. ജോൺസൺ കല്ലിട്ടതിൽ കോർ -എപ്പിസ്കോപ്പാ, നിലയ്ക്കൽ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഫാ. ഷൈജു മാത്യു OIC എന്നിവർ പ്രസംഗിച്ചു. നിലയ്ക്കൽ ട്രസ്റ്റ് അംഗങ്ങളായ തോമസുകുട്ടി തേവരുമുറിയിൽ, മനേഷ് കണ്ണന്താനം, ക്നാനായ കമ്മിറ്റി അംഗങ്ങളായ സാബു കണ്ണാടിപ്പുഴ, സജി താന്നിക്കൽ, ലിനു വരാന്തറ, റാന്നി ഫോറസ്റ്റ് റെഞ്ച് ഓഫീസർ ജയൻ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
സമുദായത്തിലെ കേസിന്റെ തുടക്കം
സമുദായ മെത്രാപ്പോലീത്ത, കാനഡയിൽനിന്നും തിരികെ വന്ന സമുദായത്തിലെ ഒരു വൈദികനെ സ്ഥലം മാറ്റിയതിനെതിരെ റാന്നിയിലെ സഹായ മെത്രാച്ചൻ പാത്രിയർക്കീസ് ബാവായ്ക്ക് നൽകിയ ഒരു പരാതിയുടെ (പെറ്റീഷൻ) അടിസ്ഥാനത്തിലാണ് ക്നാനായ സമുദായ മെത്രാപ്പോലീത്തായുടെ രണ്ട് സ്ഥാനങ്ങൾ നീക്കിയത്. അതുപോലെ തന്നെ, ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവാ മാർ അപ്രേം സെമിനാരി സന്ദർശിച്ചു എന്ന തികച്ചും ബാലിശമായ മറ്റൊരു കാരണം മുൻനിർത്തി 2024 മെയ് മാസം 17-ാം തീയതി ക്നാനായ സമുദായ മെത്രാപ്പോലീത്തായെ പരി. പാത്രിയർക്കീസ് ബാവാ അകാരണമായി സസ്പെൻഡ് ചെയ്യുകയും മേയ് മാസം 18-ാം തീയതി കോട്ടയം മുൻസിഫ് കോടതി ആ കല്പന സ്റ്റേ ചെയ്യുകയും ഇതു സംബന്ധിച്ച് കോട്ടയം മുൻസിഫ് കോടതിയിൽ വളരെ നാളുകളിലെ കേസ് നടപടികൾക്കുശേഷം താൽക്കാലിക സ്റ്റേ തീർപ്പ് കൽപ്പിച്ച് വിധി ഉണ്ടാകുകയും ആയതിന് പാത്രിയർക്കീസ് ബാവാ ജില്ലാ കോടതിയിൽ അപ്പീൽ കൊടുക്കുകയും അവിടെയും മാസങ്ങൾ എടുത്ത വാദത്തിനുശേഷം മുൻസിഫ് കോടതിയുടെ വിധി ജില്ലാകോടതി സ്ഥിരപ്പെടുത്തുകയും ചെയ്തു.
വീണ്ടും പാത്രിയർക്കീസ് ബാവാ ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കുകയും അവിടെ ദീർഘമായ വാദത്തിനുശേഷം താഴത്തെ രണ്ട് കോടതികളുടെയും വിധികൾ ബഹു. കേരള ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. കേരള ഹൈക്കോടതി ഉത്തരവ് ശരിവച്ച കേസ് പിന്നീട് സഹായ മെത്രാന്മാർ സുപ്രീംകോടതിയിലേക്ക് കൊണ്ടുപോകുകയും, സുപ്രീംകോടതി ഇടക്കാല സ്റ്റേ നിലനിർത്തിക്കൊണ്ട് തന്നെ കേസ് പുനഃപരിശോധനയ്ക്കായി വീണ്ടും കേരള ഹൈക്കോടതിയിലേക്ക് റിമാൻഡ് ചെയ്യുകയും (തിരിച്ചയക്കുകയും) ചെയ്തിരിക്കുകയാണ്. നിലവിൽ ഈ വിഷയത്തിന്മേലുള്ള അന്തിമ വാദപ്രതിവാദങ്ങൾ കേരള ഹൈക്കോടതിയിൽ നടന്നു വരികയാണ്. കേസിൽ കൂടി സമുദായത്തിന് ദോഷം വരാതിരിക്കുവാൻ എല്ലാവരും പ്രാർത്ഥിക്കണം.
സമാധാനശ്രമം
ക്നാനായ സമുദായത്തിലെ സഹായ മെത്രാന്മാർക്ക് അധികാരങ്ങൾ നിശ്ചയിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി യാക്കോബായ സഭയുടെ കാതോലിക്കാ ബാവായുമായി സമുദായ നേതൃത്വം കൂടി കാഴ്ച നടത്തിയെങ്കിലും അത് ഫലപ്രദമായില്ല എന്നത് ഖേദകരമാണ്. അതിലുപരി, പരിശുദ്ധ പാത്രിയർക്കീസ് ബാവാ മണന്തറിക്കലിൽ എത്തി 10 ദിവസത്തോളം താമസിച്ചിട്ടും സമുദായ മെത്രാപ്പോലീത്തായെ കാണുവാൻ പോലും ആഗ്രഹം പ്രകടിപ്പിച്ചില്ല എന്ന വസ്തുതയും ഏറെ ശ്രദ്ധേയമാണ്. സമുദായ മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ സമാധാനപരമായ ഒരു അനുരഞ്ജനത്തിനായി 10 വൈദികരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ആദ്യന്തര രേഖകൾ സഹായ മെത്രാന്മാർ നിലവിൽ കേരള ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസിൽ ഹാജരാക്കുകയാണ് ചെയ്തത്. ഇത് അങ്ങേയറ്റം തെറ്റായ ഒരു നടപടിയാണ്. അവർക്ക് പ്രശ്ന പരിഹാരത്തിനോ അനുരഞ്ജനത്തിനോ യാതൊരുവിധ താല്പര്യവുമില്ല എന്നുവേണം ഇതിലൂടെ മനസ്സിലാക്കുവാൻ.
സമുദായ ഭരണഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളും, സമുദായ മെത്രാപ്പോലീത്തായ്ക്കെതിരെ ഏർപ്പെടുത്തിയ സസ്പെൻഷനും, നിലവിൽ സമുദായത്തിന് എതിരെ കൊടുത്തിരിക്കുന്ന മുഴുവൻ കേസ്സുകളും പൂർണ്ണമായി പിൻവലിക്കാതെ ഇത്തരം ചർച്ചകൾ ഒന്നിനും ഒരു പരിഹാരമാകില്ല എന്ന് വ്യക്തമാക്കുന്നു. ക്നാനായ സമുദായ മെത്രാപ്പോലീത്ത ശാഖകൾ പിരിച്ചുവിട്ടതായി കല്പനയും വളരെ നേരത്തെ തന്നെ ഇറക്കിക്കഴിഞ്ഞു. ഇനിയും ശാഖകൾ പുനഃസ്ഥാപിക്കണമെങ്കിൽ അസ്സോസിയേഷനിൽ മുന്നിൽ രണ്ടു ഭൂരിപക്ഷത്തോടുകൂടി വേണം പുനഃസ്ഥാപിക്കുവാൻ. അങ്ങനെ ധാരാളം കടമ്പകൾ കടക്കേണ്ടത് ആയിട്ടുണ്ട്. ചർച്ചകൾക്ക് എതിരാണ് ക്നാനായ കമ്മിറ്റി എന്ന് വരുത്തിതീർക്കുന്നതിനുവേണ്ടി ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. ചർച്ചകൾ എല്ലാം ആരംഭിച്ചതും ഇതിനുവേണ്ടി പ്രയത്നിച്ചതും ക്നാനായ കമ്മിറ്റി തന്നെയാണ്. ക്നാനായ ഭരണഘടനയുടെ ഉള്ളിൽ നിന്നുകൊണ്ട് സഹായമെത്രാന്മാർക്ക് അസ്സോസിയേഷൻ തീരുമാനിക്കുന്ന അധികാര അവകാശങ്ങൾ കൊടുക്കുവാൻ ഞങ്ങൾ തയ്യാറാണ്. അല്ലാതെ ഞങ്ങൾക്ക് മാത്രമായി ഒരു കാര്യവും ചെയ്യുവാൻ ഭരണഘടന പ്രകാരം അനുവാദമില്ല എന്നുള്ള കാര്യം എല്ലാവരെയും അറിയിക്കുന്നു.
സേവേറിയോസ് ഹൗസിംഗ് പ്രോജക്ട്
പ്രിയപ്പെട്ടവരേ, സേവേറിയോസ് ഹൗസിംഗ് പ്രോജക്ടിലെ രണ്ട് ഭവനങ്ങളുടെ പണി പൂർത്തിയാകുകയും, മൂന്ന് ഭവനങ്ങളുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. ഇവ കൂടി പൂർത്തിയാകുമ്പോൾ ആകെ 5 ഭവനങ്ങങ്ങൾ സജ്ജമാകും. ഈ കാരുണ്യ പ്രवृत्तिക്കുവേണ്ടി നമ്മെ സഹായിച്ച സ്പോൺസർമാർ ശ്രീ ബാബു പട്ടുകാലായയും കുടുംബവും (ബഹ്റൈൻ), സെന്റ് മേരീസ് ക്നാനായ പള്ളി ഹാർട്ട്ഫോർഡ് (അмериക്ക), ശ്രീ. മർക്കോസ് ചെറിയാൻ, മാനാർ മാലിയീൽ (കാനഡ) ക്നാനായ അസ്സോസിയേഷൻ വാട്സാപ്പ് കൂട്ടായ്മ, സെന്റ് മേരീസ് ക്നാനായ ദൈവാലയം ഫിലഡൽഫിയ (അമേരിക്ക), ഇതുകൂടാതെ അമേരിക്കയിലെ ഹൂസ്റ്റൺ സെന്റ് ജെയിംസ് ക്നാനായ ദൈവാലയം ഒരു ഭവനവും, ഹൂസ്റ്റൺ സെന്റ് ജെയിംസ് ക്നാനായ ദൈവാലയത്തിലെ പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഒരു മാന്യ വ്യക്തി മറ്റൊരു ഭവനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുന്നതാണ്. ഈ പ്രോജക്റ്റുമായി സഹകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന ആളുകൾ ഉൾപ്പെടെ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും സ്നേഹവും ഈ അവസരത്തിൽ അറിയിക്കുന്നു.
വൈദിക സെമിനാരി പ്രവേശന വിലക്കും മറ്റ് വാർത്തകളും
സമുദായ വലിയ മെത്രാപ്പോലീത്ത സേവേറിയോസ് തിരുമേനിയുടെ പൂർണ്ണമായ അറിവോടെയും അംഗീകാരത്തോടും കൂടി എം.എസ്.ഓ.റ്റി. (MSOT) സെമിനാരിയിൽ വൈദിക പഠനത്തിനായി ചെല്ലുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുന്ന തരത്തിലുള്ള ഒരു സമീപനമാണ് യാക്കോബായ സഭയുടെ സെമിനാരി അധികൃതരുടെ ഭാഗത്തുനിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സഹായ മെത്രാന്റെ ശുപാർശ കത്തുമായി എത്തുന്നവർക്ക് മാത്രമേ പ്രവേശനം നൽകുകയുള്ളൂ എന്ന നിലപാടിലാണ് അവരിപ്പോൾ. സമുദായത്തിന്റെ വലിയ മെത്രാപ്പോലീത്തായെ ആത്മാർത്ഥമായി സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ക്നാനായക്കാരൻ യാക്കോബായ സഭയുടെ ഈ ഏകപക്ഷീയമായ നടപടിയോട് ആഭിമുഖ്യം പുലർത്താൻ സാധിക്കില്ല. ഇത് സമുദായത്തോടുള്ള വ്യക്തമായ അവഗണനയാണ്.
ക്നാനായ കമ്മിറ്റി അംഗം രാജു ചരിവുപറമ്പിൽ (വളപ്പൂരാക്കൽ) കർത്തൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. സഹോദരതുല്യം ഞങ്ങൾ സ്നേഹിച്ചിരുന്ന, ക്നാനായ കമ്മിറ്റിയിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ ഈ വേർപാട് സമുദായത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിലുള്ള അതീവ ദുഃഖവും വേദനയും അറിയിക്കുന്നു. വേർപാടിൽ തളർന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ദൈവന്തമ്പുരാൻ ആശ്വാസം നൽകട്ടെ എന്നും, അദ്ദേഹത്തിന്റെ ആത്മാവിനെ ദൈവം തന്റെ തിരുക്കരങ്ങളിൽ ചേർത്തുപിടിച്ച് നിത്യശാന്തി നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു.
അമേരിക്കയിൽ ക്നാനായ സമുദായത്തിന്റെ ഔദ്യോഗിക അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വിഘടിത ദൈവാലയങ്ങളിലെ ശുശ്രൂഷകളിൽ പങ്കുചേരുന്ന സമുദായാംഗങ്ങൾ, എത്രയും വേഗം തങ്ങളുടെ മാതൃ ഇടവകകളിൽ (ക്നാനായ സമുദായ ദൈവാലയങ്ങളിൽ) മെമ്പർഷിപ്പ് എടുക്കേണ്ടതാണെന്ന് ക്നാനായ അസ്സോസിയേഷന്റെ തീരുമാനം ഇതിനാൽ അറിയിക്കുന്നു. ഇപ്രകാരം തിരികെ വരാൻ താല്പര്യപ്പെടാത്തവർക്കെതിരെ, അടുത്തതായി കൂടുന്ന ക്നാനായ അസ്സോസിയേഷനിൽ ഭരണഘടനാപരമായ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന കാര്യം അത്യധികം ഖേദത്തോടെ സമുദായാംഗങ്ങളെ ഓർമ്മിപ്പിക്കുന്നു.
എന്ന്,