വേഗം വരുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പ്രിയ ദീപം വായനക്കാർക്ക് സ്നേഹവന്ദനം.
കർത്താവിൽ പ്രിയരെ,
2026 പുതിയ വർഷത്തിന്റെ ആറുമാസങ്ങൾ പിന്നിടുവാൻ സ്വർഗ്ഗത്തിലെ ദൈവം, നമ്മുടെ പ്രാണപ്രിയൻ നമ്മെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തു. പ്രതികൂലങ്ങളും, പ്രശ്നങ്ങളും, രോഗങ്ങളും വന്നുവെങ്കിലും അവയെ തരണം ചെയ്തു മുൻപോട്ടു പോകുവാനും ജീവനുള്ളവരുടെ ദേശത്ത് ജീവിതന്മകൾ അനുഭവിക്കുവാനും കർത്താവിനെ സ്തുതിച്ചു ജീവിക്കുവാനും നമുക്ക് ദൈവം കൃപ ചെയ്തിരിക്കുന്നു. ദൈവം നമുക്ക് നൽകിയിരിക്കുന്ന ഒരു വലിയ പ്രത്യാശയുടെ വചനം ചിന്തിക്കാം (പുറ.33:14):
"എന്റെ സാന്നിധ്യം നിന്നോടുകൂടെ പോരും. ഞാൻ നിനക്ക് സ്വസ്ഥത നൽകും" എന്ന് അരുളിച്ചെയ്തു.
ഭയശങ്കകളും അനിശ്ചിതത്വങ്ങളും അസ്വസ്ഥതകളും നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത്. നമ്മുടെ ബുദ്ധിയും സാമർത്ഥ്യവും ധൈര്യവും കൊണ്ട് അത് തരണം ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുന്നവരുണ്ട്. സാധാരണ സംഗതികൾക്ക് അത് മതിയാകും. എന്നാൽ അസാധാരണവും അപ്രതീക്ഷിതവുമായ സാഹചര്യങ്ങളിൽ പ്രകൃതിക്കതീതമായ അസാധാരണമായ സഹായം അത്യാവശ്യമാണ്. അത് അറിയുന്ന ദൈവമാണ് തന്റെ സാന്നിധ്യവും സ്വസ്ഥതയും നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
പേടിച്ചും ദുഃഖിച്ചും നിരാശപ്പെട്ടും ഉത്കണ്ഠയോടെ ജീവിക്കുന്നതിനു പകരമായി ദൈവീക ബന്ധത്തിൽ ധൈര്യത്തോടും പ്രത്യാശയോടും ജീവിക്കാനുള്ള വചനങ്ങൾ ബൈബിളിൽ ഉണ്ട്. "ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെ ഉണ്ട്" (യെശ.43:5). ദൈവത്തിന്റെ സാന്നിധ്യം കൂടെയുണ്ടായിരുന്നതിനാൽ മോശ ഫറവോന്റെ അടുക്കൽ പോയിട്ടും പരാജയപ്പെട്ടില്ല. അവിടെ മോശയുടെ പ്രവൃത്തികൾ അല്ല ദൈവത്തിന്റെ അത്ഭുത പ്രവൃത്തികളാണ് വെളിപ്പെട്ടത്. നമ്മോടുകൂടെയുള്ള ദൈവസാന്നിധ്യം ഇമ്മാനുവേൽ രോഗശാന്തി നൽകുന്നതാണ്. രോഗം വരാതെ പ്രതിരോധ ശക്തികൊണ്ട് നമ്മെ കാത്തു സൂക്ഷിക്കുന്നവനാണ് കർത്താവ്.
യേശുക്രിസ്തു ഒരു വിൽപ്പത്രം തയ്യാറാക്കിയിട്ടാണ് ഇഹലോകവാസം വെടിഞ്ഞതെന്ന് സുപ്രസിദ്ധ വേദവ്യാഖ്യാതാവായ മാത്യു ഹെൻട്രി രേഖപ്പെടുത്തിയിട്ടുണ്ട്. ആ വിൽപ്പത്രത്തിൽ ക്രിസ്തു തന്റെ ആത്മാവിനെ പിതാവിന്നും, ശരീരത്തെ അരിമത്യയിലെ യോസേഫിന്നും, വസ്ത്രങ്ങൾ തന്നെ ക്രൂശിച്ച പടയാളികൾക്കും, മാതാവിന്റെ ചുമതല യോഹന്നാനും നൽകി. തന്നെ അനുഗമിക്കുവാൻ എല്ലാം വിട്ടൊഴിഞ്ഞ ശിഷ്യഗണങ്ങൾക്കുവേണ്ടി നീക്കിവെച്ചത് ഏറ്റവും മെച്ചമേറിയതാണ്. അത് പൊന്നോ വെള്ളിയോ അല്ല, പിന്നെയോ ക്രിസ്തുവിന്റെ സമാധാനം ആയിരുന്നു. "എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തന്നേച്ചു പോകുന്നു" (യോഹ. 14:27).
ദിവ്യസമാധാനം
യേശുക്രിസ്തു മനുഷ്യവർഗ്ഗത്തിനു നൽകിയ അതിമഹത്തായ സമ്മാനമാണ് ദിവ്യസമാധാനം. അതിനു വിശുദ്ധവേദത്തിൽ കൊടുത്തിരിക്കുന്ന പേര് സകല ബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം എന്നാണ്. ബുദ്ധിയുടെ അളവുകോൽകൊണ്ട് അളക്കുവാൻ കഴിയാത്തതും മാനുഷിക ജ്ഞാനത്താൽ ഗ്രഹിക്കാൻ സാധിക്കാത്തതുമാണ് ദൈവം തരുന്ന സമാധാനം. പരിതസ്ഥിതികൾ പ്രതികൂലമാകുമ്പോഴും ചുറ്റുപാടുകൾ വിപരീതമായിത്തീരുമ്പോഴും ചഞ്ചലപ്പെടാതിരിക്കാൻ പ്രാപ്തനാക്കുന്നതാണ് ദൈവസമാധാനം. ഏതു പ്രതിസന്ധിഘട്ടത്തിലും ദൈവത്തിൽ आश്രയിച്ച് ഉറച്ചിരിക്കുന്നതിനുള്ള ശക്തിയാണത് ദൈവസമാധാനം എന്നു പറയുന്നത്. ബാഹ്യസ്ഥിതികളുടെ സമ്മർദ്ദത്താൽ അലഞ്ഞുപോകാതിരിക്കുക ആന്തരിക ബലമാണ് ദൈവസമാധാനത്തിന്റെ ലക്ഷണം.
ഇത്തരത്തിലുള്ള സമാധാനം എവിടെനിന്നു ലഭിക്കും? ഇത് നമുക്ക് ലഭിക്കുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. മനുഷ്യരിൽ നിന്നോ മനുഷ്യസംഘടനകളിൽ നിന്നോ ഇത് ലഭിക്കുന്നതല്ല. യേശുക്രിസ്തുവിനെ അറിയുക എന്നതാണ് സമാധാനം ലഭിക്കാനുള്ള പ്രഥമ മാർഗ്ഗം. വിശുദ്ധ പൗലോസ് പ്രസ്താവിക്കുന്നത് അവൻ നമ്മുടെ സമാധാനം. അവൻ ഇരുപക്ഷത്തേയും ഒന്നാക്കി ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത തന്റെ ജ ജഡത്താൽ നീക്കി വേർപാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തേയും തന്നിൽ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽ വെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തേയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പാനും തന്നെ (എഫേ. 2:14-16). അതുകൊണ്ട് സമാധാനത്തിന്റെ ഉറവിടമായ ക്രിസ്തുവിനെ നാം യഥാർത്ഥമായി അറിയുന്തോറും നമ്മിൽ ശാശ്വതമായ സമാധാനം ഉണ്ടാകുമെന്നതിന് സംശയമില്ല. ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവമാണ് നമ്മുടെ സമാധാനദായകൻ.
ക്രിസ്തുവിന്റെ മണവാട്ടിയും ശരീരവുമാകുന്ന സഭയിൽ സമാധാനം നിലനിർത്തുകയെന്നത് സഭകളുടെ മൗലികമായ അവകാശമായതിനാൽ സഭയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സഭാ നേതൃത്വത്തിനും വലിയ ഉത്തരവാദിത്വമുണ്ട്. വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഇന്ന് പരിഹരിക്കപ്പെടുന്നു. തെക്കേ അമേരിക്കയിലെ രണ്ട് അയൽരാജ്യങ്ങളായ ചിലിയും അർജന്റീനയും തമ്മിൽ അതിർത്തിയെ ചൊല്ലി ദീർഘവർഷങ്ങൾ യുദ്ധം നടന്നു. ഒടുവിൽ 1904 ൽ സമാധാന ഉടമ്പടിയിൽ അവർ ഒപ്പുവെച്ചു. ആ ഉടമ്പടിയുടെ ഉറപ്പിനായി രണ്ട് രാജ്യങ്ങളുടെയും അതിർത്തിയിലുള്ള ആൻഡീസ് പർവ്വതത്തിന്റെ നെറുകയിൽ ഒരു കൈ ഉയർത്തിപ്പിടിച്ചും മറ്റേ കൈയ്യിൽ കുരിശും വഹിച്ചുകൊണ്ടുമുള്ള യേശുക്രിസ്തുവിന്റെ ഭീമാകാരമായ പ്രതിമ അവിടെ സ്ഥാപിച്ച് അതിന്റെ ചുവട്ടിൽ എഴുതി:
ഈ പർവ്വത നിരകൾ തൽസ്ഥാനത്തുനിന്ന് നീങ്ങിപ്പോകുന്നുവെങ്കിലല്ലാതെ വീണ്ടെടുപ്പുകാരനായ യേശുക്രിസ്തുവിന്റെ പാദത്തിൽ വെച്ച് ചെയ്ത ഉടമ്പടി ലംഘിക്കുകയില്ല.
ഇതിനുശേഷം ഇരു രാജ്യങ്ങൾക്കുമുണ്ടായ അഭിവൃദ്ധി അത്ഭുതാവഹമായിരുന്നു. കർത്താവുള്ളിടത്ത് സമാധാനമുണ്ട്. സമാധാനമുള്ളിടത്ത് അനുഗ്രഹവും അഭിവൃദ്ധിയുമുണ്ട്.