Knanaya Deepam

loading

ഫലപൂർണ്ണമായ വൃക്ഷം

ഉല്പത്തി 49:22 /യോസേഫ് ഫലപൂർണ്ണമായ വൃക്ഷം. നീരുറവിനരികെ നിൽക്കുന്ന ഫലസമൃദ്ധമായ വൃക്ഷംതന്നെ. അതിന്റെ ശാഖകൾ, മതിലിന്മേൽ പടരുന്ന ഒരു ചെടി വളരണമെങ്കിൽ വെയിൽ അഥവാ വെളിച്ചവും വെള്ളവും ലഭിച്ചാൽ മാത്രമേ വളർന്നു ഫലം പുറപ്പെടുവിക്കാൻ സാധിക്കൂ എന്ന് നമ്മൾ പഠിച്ചിട്ടുണ്ട്. ഇവിടെ യോസേഫിന്റെ ജീവിതത്തിൽ വെയിൽ അവന്റെ കഷ്ടത, ജീവിതത്തിലെ പല പ്രയാസങ്ങൾ, സങ്കടങ്ങൾ, ഒറ്റപ്പെടലുകൾ ഒക്കെ ആണ്. മറ്റുള്ളവർ നോക്കുമ്പോൾ ഒന്നിനും ഒരു കുറവില്ലായിരുന്നു. അപ്പൻ, 10 സഹോദരന്മാർ, സമ്പത്ത് എല്ലാം അവന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഒന്നിനും ഒരു കുറവുമില്ലായിരുന്നു. പക്ഷെ പലപ്പോഴും പരിഹാസങ്ങളും ഒറ്റപ്പെടലുകളും അവനെ വേട്ടയാടി. അവന്റെ கண்ணുനീർ വെള്ളമായി മാറി. വെയിലും വെള്ളവും ലഭിച്ചപ്പോൾ അവൻ ഒരു വൃക്ഷമായി മാറി. അത് ഫലം പുറപ്പെടുവിച്ചു.

അവന്റെ കണ്ണുനീർ ഫലപ്രദമായ ഒരു വൃക്ഷമാക്കി അവനെ മാറ്റി. ആ ഫലങ്ങൾ ഗലാത്യർ: 5:22 ആത്മാവിന്റെ ഫലമോ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം ഈ ഒൻപത് ഫലങ്ങളും അവന്റെ ജീവിതം പരിശോധിക്കുമ്പോൾ നമുക്ക് കാണുവാൻ സാധിക്കും.

പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ എപ്പോഴാണ് നമ്മളിൽ കാണുന്നത്. സങ്കീർത്തനങ്ങൾ 1:3 നീർച്ചാലുകൾക്കരികെ നട്ടതും യഥാകാലം ഫലം നൽകുന്നതുമായ വൃക്ഷം പോലെയാണവൻ. അവൻ സഫലമാകും.

യിരെമ്യാവ് 17:7-8 യഹോവയിൽ ആശ്രയിക്കുകയും യഹോവതന്നെ അവനെ ആശ്രയമാക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. അയാൾ വെള്ളത്തിനരികെ നട്ടിരിക്കുന്നതും അതിനരികത്തു വേരൂന്നിയിരിക്കുന്നതുമായ വൃക്ഷം പോലെയാകും. ഉഷ്ണം വരുമ്പോൾ അതു പേടിക്കുകയില്ല അതിന്റെ ഇല എപ്പോഴും പച്ചയായിരിക്കും. വരൾച്ചയുള്ള വത്സരത്തിലും അത് വാട്ടം തട്ടാതെ ഫലം കായ്ച്ചുകൊണ്ടിരിക്കും.

ഉല്പത്തി 40 നും 50 നുമിടയിൽ യോസേഫ് പലതവണ കരഞ്ഞു മനുഷ്യനെ കാണിക്കാതെ ദൈവമുമ്പാകെ കരഞ്ഞു. ദൈവം അവനെ ചേർത്തുപിടിച്ചു. യോസേഫ് കർത്താവിന്റെ നിഴലായി ആണ് കാണുന്നത്. സ്വപ്നക്കാരന്റെ സങ്കടവഴിയിൽ കൂടെയുണ്ടായിരുന്നവൻ നമ്മോടുകൂടെയിരിക്കും. മേലങ്കി നഷ്ടമായവർക്ക് പട്ടുവസ്ത്രം ലഭിക്കും. പ്രിയരേ, നമുക്കും നമ്മുടെ ദൈവത്തിനായി കാത്തിരിക്കാം. നമ്മുടെ സഹോദരങ്ങളെ, പ്രിയപ്പെട്ടവരെ കരുതാം നമ്മെ സ്നേഹിക്കുന്നവനും ദൈവം നമ്മെ സഹായിക്കട്ടെ. നമ്മൾക്കും പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകാം. നമ്മൾ മറ്റുള്ളവർക്ക് ഒരു അനുഗ്രഹം ആകാം.

മറ്റ് മാസങ്ങളിലെ ലേഖനങ്ങൾ