“ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളെയും വെല്ലുവിളികളെയും ഫലപ്രദമായി നേരിടാനും, കാര്യക്ഷമമായി മുന്നോട്ട് പോകാനും നമ്മെ പ്രാപ്തരാക്കുന്ന കഴിവുകളെയാണ് ‘ലൈഫ് സ്കിൽ’ (Life skill) ജീവിത നൈപുണ്യം എന്ന് വിളിക്കുന്നത്.
ആധുനിക ജീവിതത്തിൽ മനുഷ്യൻ അവനിലേക്ക് കൂടുതൽ ചുരുങ്ങുമ്പോൾ പുതിയ തലമുറയിൽ ജീവിത നൈപുണ്യങ്ങൾ ഗണ്യമായി കുറയുന്നു. അറിവ് മാത്രം കൊണ്ട് ജീവിക്കാൻ കഴിയില്ല. പ്രവർത്തനത്തിലൂടെ ലഭിക്കുന്ന അനുഭവങ്ങളിലൂടെയുള്ള പഠനം പുതുതലമുറയ്ക്ക് കുറയുന്നു.
ഉണ്ണപാന രംഗത്ത്, തൊഴിൽ മേഖലയിൽ, വിവാഹ ബന്ധത്തിൽ, സാമൂഹിക ജീവിതത്തിൽ ഒക്കെ പുതുതലമുറ കിതയ്ക്കുന്നത് കാണാതെ പോകരുത്. കുടുംബബന്ധങ്ങൾ ശിഥിലമാകുന്നത്തിൽ നൈപുണ്യങ്ങളുടെ കുറവ് പ്രധാന കാരണമാണ്. നല്ല സൗഹൃദങ്ങൾ സാമൂഹിക പ്രതിഫലനങ്ങൾ പൊതുവെ മനുഷ്യനിൽ കുറയുന്നു. നാടിന്റെ പ്രശ്നങ്ങളോട് ഫലവത്തായി പ്രതികരിക്കാനോ ആവശ്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കാനോ മിക്കവർക്കും കഴിയുന്നില്ല.
എ.പി.ജെ. അബ്ദുൾ കലാം പറഞ്ഞതുപോലെ നമുക്ക് മുന്നിൽ രണ്ട് വഴികൾ ഉണ്ട്. ഒന്നുകിൽ നമ്മുടെ പ്രശ്നങ്ങളിൽ നിന്ന് ഓടി മാറാം (fly) അല്ലെങ്കിൽ നമ്മുടെ മുമ്പിലുള്ള പ്രശ്നങ്ങളെ ധീരമായി നേരിടാം (fight) എന്ന് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മിക്കവരും മടിക്കുന്ന കാരണം പ്രധാനമായും നൈപുണ്യങ്ങളുടെ കുറവുതന്നെ! ‘ട്രോബിലർ’ കോഴിപോലെ കുട്ടികൾ വളർന്നുവന്നാൽ അവർ ജീവിതത്തിൽ പരാജയപ്പെടും!
ഈ കാലത്ത് നമ്മളെ മികവുറ്റവരാക്കാൻ സഹായിക്കുന്ന നൈപുണ്യങ്ങളെ ഇവിടെയൊന്ന് പരിചയപ്പെടുത്താം. കഴിവതും മുഖത്തൊരു ചിരിയും സന്തോഷഭാവവും നിലനിർത്താൻ ശ്രമിക്കാം. ‘പ്ലീസ്’, ‘താങ്ക് യു’ വും സന്തോഷങ്ങളിൽ ഉപയോഗിക്കാൻ പിശുക്ക് കാട്ടേണ്ട.
മനുഷ്യരുടെ മുഖത്തുനോക്കി eye contact നിലനിർത്തി സംസാരിക്കാം. ഹസ്തദാനം ചെയ്യുമ്പോൾ ശക്തമായി നൽകാൻ ശ്രമിക്കാം.
ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കാൻ, കൂടെയുള്ളവർക്കു കൂടി പങ്കുവയ്ക്കാൻ, തുണി കഴുകാൻ, തുണി തേയ്ക്കാൻ എത്രപേർക്ക് അറിയാം?
പണം വിവേകത്തോടെ കൈകാര്യം ചെയ്യാൻ ബുദ്ധിയായി നിക്ഷേപിക്കാൻ പഠിക്കേണ്ടതുണ്ട്. Money saved is equal to money produced.
വാക്ക് പാലിക്കാൻ കഴിയണം. സ്വന്തം പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ശീലിക്കണം. തെറ്റുപറ്റിയാൽ സമ്മതിക്കണം. തെറ്റിൽനിന്ന് പഠിക്കാൻ ശ്രമിക്കണം.
സാഹചര്യങ്ങൾക്ക് അനുസരിച്ച് വസ്ത്രധാരണം... വളരെ പ്രധാനം. എല്ലാവരെയും ബഹുമാനിക്കാൻ കരുതാൻ കരുണയോടെ ഇടപെടാൻ ശീലിക്കണം.
മികച്ച ആശയവിനിമയം വളർത്താം. സംസാരിക്കാൻ മാത്രമല്ല, താല്പര്യത്തോടെ ക്ഷമയോടെ കേൾക്കാനും പഠിക്കണം.
സമയബന്ധിതമായി ഏറ്റെടുക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ, ചോദ്യങ്ങൾ ചോദിക്കേണ്ടിടത്ത് ചോദിക്കാൻ... ആവശ്യമുള്ളിടത്ത് നോ പറയാൻ ശീലിക്കണം.
മറ്റുള്ളവരെക്കുറിച്ച് മോശം പറയുന്നവരിൽ നിന്ന് അകലം പാലിക്കണം.
എല്ലാ തൊഴിലിനും അതിന്റേതായ മഹത്വം ഉണ്ടെന്ന് തിരിച്ചറിയുക. അധ്വാനിച്ച് ജീവിക്കുക. ദുരഭിമാനം വെടിയുക.
ഒരു ടയർ മാറ്റാൻ, ഒരു അപേക്ഷ തയ്യാറാക്കാൻ, നാലു പേരുടെ മുമ്പിൽ എഴുന്നേറ്റുനിന്ന് രണ്ട് വാക്ക് പറയാൻ, ശീലിക്കണം.
തോൽവിയിൽ തളരാതിരിക്കാനും വിജയത്തിൽ മതിമറന്ന് പോകാതിരിക്കാനും കഴിയണം.
വ്യക്തി ജീവിതത്തിലും ജീവിക്കുന്ന ചുറ്റുപാടിലും വൃത്തി പുലർത്തണം.
ശരികൾക്ക്, ബോധ്യങ്ങൾക്ക്, സത്യത്തിന്, നീതിക്കുവേണ്ടി നിലനിൽക്കാൻ ധൈര്യം കാട്ടുന്നവർ സമൂഹത്തിൽ കൂടുതൽ ബഹുമാനിക്കപ്പെടും.
മറ്റുള്ളവരുടെ സമയം മാനിക്കുക. വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്താതിരിക്കുക.
അത്യാവശ്യ ജോലികൾ ഒക്കെ സ്വന്തമായി ചെയ്യാൻ ശീലിക്കുക. ചെറിയ കാര്യങ്ങൾക്കൊക്കെ മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുക.