ആദത്തെയും, ഹവ്വയെയും സൃഷ്ടിച്ച് ഏദൻ തോട്ടത്തിന്റെ ചുമതല ഏല്പിച്ച ദൈവം നിരന്തരമായി അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഒരു ദിവസം ഏദൻതോട്ടത്തിൽ എത്തിയ ദൈവം അവരെ കാണാകയാൽ അവന്റെ പേരു വിളിച്ച് എവിടെയാണ് നീ എന്നു ചോദിക്കുന്നു. എന്നാൽ ചോദിച്ച ചോദ്യത്തിന് ഉചിതമായ മറുപടി നൽകാതെ മറ്റൊരു മറുപടിയാണല്ലോ ആദം നൽകുന്നത്. താൻ നഗ്നനായതു കൊണ്ട് ഭയം ഒളിച്ചിരിക്കുകയാണ് എന്നാണ് അവൻ മറുപടി നൽകിയത്. അനുസരണക്കേടു കാണിച്ചിട്ടുപോലും ദൈവം അവരെ ശകാരിക്കുന്നില്ല. സൃഷ്ടിയുടെ ആരംഭം മുതൽ ദൈവം തന്റെ മക്കളെ തേടിയുള്ള അന്വേഷണം തുടർന്നു കൊണ്ടേയിരുന്നു. ആദത്തിനും ഹവ്വയ്ക്കും ജനിച്ച മക്കളായിരുന്നല്ലോ കായേനും ഹാബേലും. തന്റെ സഹോദരനെ കൊന്ന കായേനെയും ദൈവം പിന്തുടർന്നു. ഇതേ ചോദ്യം കായേനോടും ചോദിക്കുന്നു. നിന്റെ സഹോദരൻ എവിടെയെന്ന്. ആദം ചെയ്ത തെറ്റ് അവന്റെ സന്താനങ്ങളിലും വീണ്ടും ആവർത്തിക്കപ്പെടുന്നു. ദൈവം തന്റെ അന്വേഷണം തുടർന്നു കൊണ്ടേയിരുന്നു. അബ്രാഹാമിന്റെ ദാസിയായ ഹാഗാറിനെ, സാറായുടെ നിർബന്ധം മൂലം വീട്ടിൽനിന്നും പുറത്താക്കുന്നതായി ഉല്പത്തി പുസ്തകത്തിൽ പറയുന്നുണ്ടല്ലോ. കർത്താവ് തന്റെ ദൂതനെ മരുഭൂമിയിലേക്ക് അയച്ച് അവളെ പിന്തുടർന്നു. ദൂതൻ ചോദിക്കുന്നു “ഹാഗാറെ നീ എവിടെ നിന്നും വരുന്നു? എവിടേയ്ക്കാണ് പോകുന്നത്? അവൾ കണ്ടുമുട്ടിയ ദൈവത്തെ എൽറോയി എന്ന് വിളിക്കുന്നതായി കാണാം. തന്നെ കാണുന്നവനായ ദൈവത്തെ ഇവിടെവെച്ച് ഞാനും കണ്ടു എന്ന് അവൾ മറുപടി നൽകുന്നു.
ഇങ്ങനെ ബൈബിളിലുടനീളം മനുഷ്യന്റെ പുറകെ അവനെ തേടി നടക്കുന്നവനും, വേട്ടപ്പട്ടിയെപ്പോലെ അവനെ പിന്തുടരുകയാണ് സ്നേഹനിധിയായ ദൈവം. പുതിയ നിയമത്തിലേക്ക് വരുമ്പോൾ, മനുഷ്യവതാരം ചെയ്ത ദൈവപുത്രന്റെയും ലക്ഷ്യം അവനെ തേടിയുള്ളതായിരുന്നുവല്ലോ എന്ന് വ്യക്തമാണ്. യേശു തന്റെ ഉപമകളിലൂടെയെല്ലാം അവതരിപ്പിക്കുന്നത് ഇതു തന്നെയാണല്ലോ. ധൂർത്ത പുത്രന്റെയും, നാണയം നഷ്ടപ്പെട്ട സ്ത്രീയുടേയും, നഷ്ടപ്പെട്ട ആടിനെ തേടിപ്പോയ ഇടയനിലൂടെയെല്ലാം ഇത് തന്നെയാണല്ലോ നമ്മുടെ മുമ്പിൽ വരച്ചു കാട്ടുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് “ആദം നീ എവിടെയാകുന്നു?” എന്ന തലക്കെട്ടുള്ള ഒരു പുസ്തകത്തെക്കുറിച്ച് കേൾക്കാനിടയായി. ബന്യൂമാന്യനായ കേരളാമുഖ്യമന്ത്രി വി. ഡി. സതീശൻ രചിച്ച പുസ്തകമായിരുന്നു അത്. അദ്ദേഹം നടത്തിയ ഏതാനും പ്രസംഗങ്ങളുടെ ഒരു സമാഹാരമാണല്ലോ ഈ പുസ്തകം. മൂല്യബോധമുള്ള, സത്യവിശ്വാസിയും, സമർത്ഥനുമായ നിയമസഭാ സാമാജികനായിരുന്നല്ലോ അദ്ദേഹം. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പടിപടിയായി വളർന്ന അദ്ദേഹം എം. ജി. സർവ്വകലാശാലയുടെ വിദ്യാർത്ഥി യൂണിയൻ പ്രസ്ഥാനത്തിന്റെ തലപ്പത്ത് എത്തിയ വ്യക്തി. കൃത്യമായ നിലപാടുകളുള്ള ഒരു നേതാവാണെന്നുള്ളതാണ് ഒരു പരിധിവരെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാകുന്നത് എന്ന് കാണുന്നതിൽ തെറ്റില്ല. ബൈബിളിൽ പറയുന്ന കാര്യങ്ങൾ അതിന്റെ യഥാർത്ഥ അർത്ഥത്തിലും, ചൈതന്യത്തിലും മനസ്സിലാക്കിയ ഒരു വ്യക്തിയായിട്ട് അദ്ദേഹത്തെ കാണാം. ബൈബിളിലെ പഴയ നിയമവും, പുതിയ നിയമവും ആഴമായി മനസ്സിലാക്കിയ അക്രൈസ്തവനായ അദ്ദേഹം, ക്രിസ്ത്യാനികളായ നമ്മുടെ മുമ്പിൽ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു എന്ന് തോന്നുന്നു. യൂട്യൂബിലൂടെ അദ്ദേഹത്തിന്റെ സുവിശേഷ പ്രസംഗങ്ങൾ കേൾക്കാനിടയാകുകയും അങ്ങനെ ഈ പുസ്തകം വായിക്കാൻ ജിജ്ഞാസ ജനിക്കുകയും, അതു വായിക്കാനിടയായി.
വി.മത്തായിയുടെ സുവിശേഷം 17/11 മുതലുള്ള വാക്യങ്ങളിലൂടെ, പത്തു കുഷ്ഠരോഗികളെ യേശു സുഖപ്പെടുത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. സൗഖ്യം പ്രാപിച്ച പത്തു പേരിൽ വിജാതീയനായ ഒരാൾ മാത്രം മടങ്ങിവന്ന് യേശുവിനോട് നന്ദി പറയുന്നതായും, മഹത്വപ്പെടുത്തുന്നതും കാണുന്നു. ബഹുമാനപ്പെട്ട വി.ഡി. സതീശനെക്കുറിച്ച് ചിന്തിക്കുമ്പോൾ സൗഖ്യം പ്രാപിച്ച് മടങ്ങിവന്ന വിജാതീയനായ മനുഷ്യൻ മേൽപ്പറഞ്ഞ വി.ഡി. സതീശൻ തന്നെയല്ലേ എന്ന് തോന്നിപ്പോകുന്നു. യേശുവിനെ കണ്ടുമുട്ടിയ അദ്ദേഹം, യേശുവിനെ പ്രഘോഷിപ്പിക്കുന്നവനും സാക്ഷ്യം നൽകുന്നവനുമായി മാറി. രാജാവായ സോളമൻ (ശലോമോൻ) രാജാവായപ്പോൾ തന്റെ ജനത്തെ നയിക്കാനുള്ള ജ്ഞാനം നൽകണമേയെന്ന് പ്രാർത്ഥിച്ചപ്പോൾ, അതോടൊപ്പം ഭൗതികമായ അനുഗ്രഹങ്ങൾ കൂടി ദൈവം നൽകുന്നതായി കാണാം. വി.ഡി. സതീശനും ടീമിനും ദൈവഹിതമനുസരിച്ചുള്ള തീരുമാനങ്ങൾ കൈക്കൊണ്ട്, കേരളത്തെ നയിക്കാനുള്ള കൃപ ലഭിക്കുന്നതിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
ഒരു ചോദ്യം കൂടി ബാക്കി നിൽക്കുന്നു. ദൈവത്തിൽനിന്നു അനേകം അനുഗ്രഹങ്ങൾ സ്വീകരിച്ച നാമൊക്കെ യേശുവിനെ പ്രഘോഷിക്കുന്നവരും, സാക്ഷ്യം നൽകുന്നവരുമായി മാറിയിട്ടുണ്ടോ? യരൂശലേമിലേക്കുള്ള രാജകീയ പ്രവേശന സമയത്ത് ദൈവജനം, യേശു ചെയ്ത അത്ഭുത പ്രവൃത്തികളെ ഓർത്ത് ഉച്ചത്തിൽ സ്തുതിക്കുകയും, അവിടുത്തെ മഹത്വപ്പെടുത്തുകയും ചെയ്തപ്പോൾ ഫരിസേയർ (പരിശന്മാർ) ജനത്തെ ശാസിക്കുവാനായി യേശുവിനോട് ആവശ്യപ്പെടുന്നതായി കാണാം. “ഇവർ മൗനം ഭജിച്ചാൽ ഈ കല്ലുകൾ ആർത്തു വിളിക്കുമെന്ന്” യേശു അതിന് മറുപടി നൽകുന്നു. എ.ഡി. 345 ൽ സുവിശേഷ പ്രഘോഷണത്തിനും, സാക്ഷ്യത്തിനുമായി കേരളത്തിലെത്തിയ നമ്മോടൊക്കെ ഈ ചോദ്യം യേശു ആവർത്തിക്കാൻ സാധ്യതയുണ്ട്. “നീ എവിടെയാകുന്നു?” എന്ന ചോദ്യം. സൗഖ്യപ്പെട്ട പത്തുപേരിലെ, ഒൻപതുപേരുടെ ഗണത്തിൽ പെടാതിരിക്കുവാനായി നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അപ്രകാരം മാമ്മോദീസാ സ്വീകരിച്ച നാമൊക്കെ ഈ കടമകൾ നിർവഹിക്കുന്നില്ലെങ്കിൽ വിജാതീയരെ ദൈവം ഉപയോഗിക്കുമെന്നതിൽ സംശയമില്ലല്ലോ. അതല്ലേ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്? യേശുവിനെ പ്രഘോഷിക്കുന്നവരായി, സാക്ഷ്യം നൽകുന്നവരായി തീരുവാൻ നമുക്ക് പ്രാർത്ഥിക്കാം.