ലോകം അന്ധകാര ആഴിയിലേക്ക് നിപതിക്കുമ്പോൾ, സ്വാർത്ഥത കൊണ്ട് അധഃപതിച്ച മനുഷ്യർ പെരുകുമ്പോൾ, ഒറ്റപ്പെടലിന്റെ നീരൊഴുക്കിലേക്ക് ഒരാൾ പെട്ടുപോകുമ്പോൾ, ഭാവിയെക്കുറിച്ചുള്ള ആകുലതകൾ മനസ്സിനെ ഗ്രസിക്കുമ്പോൾ ആത്മബലത്തിന് വേണ്ടി നമ്മൾ എന്തു ചെയ്യും? പ്രാർത്ഥന ഒരു അതിജീവനമാർഗ്ഗം തന്നെയാണത്.
ഉത്ഥിതനായ ക്രിസ്തു 33 വർഷത്തെ ഇഹലോക ജീവിതാവാസത്തിനുശേഷം സ്വർഗ്ഗത്തിലേക്ക് മടങ്ങിയപ്പോൾ മൂന്നു വർഷം അവന്റെ നിഴലുപോലെ നടന്ന ശിഷ്യന്മാർ ഭൂമിയിൽ തനിച്ചാകുന്നുണ്ട്. ഒറ്റയ്ക്കിനി എല്ലാ പ്രതിസന്ധികളെയും പരീക്ഷകളെയും പ്രലോഭനങ്ങളെയും നേരിടാൻ ആത്മബലത്തിനും അതിജീവനത്തിനും വേണ്ടി അവർ ഒറ്റ കാര്യമേ ചെയ്തുള്ളൂ: ‘ദൈവത്തെ സ്തുതിച്ചുകൊണ്ട് സദാസമയവും ദൈവാലയത്തിൽ കഴിഞ്ഞുകൂടി’ (ലൂക്ക. 24:53). ലൂക്കോസിന്റെ സുവിശേഷത്തിലെ അവസാന അധ്യായത്തിലെ ഒടുവിലത്തെ വചനമാണിത്. മാനവരാശിയോട് പങ്കുവെയ്ക്കാനുള്ള ഏറ്റവും ഉൽകൃഷ്ടവും അന്തിമവുമായ സുവിശേഷ കൽപ്പന ‘നിരന്തരം ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്നവരാകുക’ എന്നുതന്നെയാണ്. മുന്നോട്ടുള്ള യാത്ര ദുർഘടം പിടിച്ചതും വ്യക്തതയില്ലാത്തതുമാകുമ്പോൾ പ്രാർത്ഥനയുടെ nuറുങ്ങു വഴിവെട്ടങ്ങൾ അനിവാര്യം തന്നെയാണ്.
അപ്പോസ്തോല പ്രവൃത്തികൾ പന്ത്രണ്ടാം അധ്യായം എടുത്തു വായിക്കുക. അത്ഭുതത്തെക്കാൾ അഭികാമ്യമായൊന്ന് നമ്മവിടെ ദർശിക്കുന്നു. സഭ ആത്മാർത്ഥമായി പ്രാർത്ഥിക്കുമ്പോൾ എന്ത് സംഭവിക്കും എന്നതിന്റെ ഉത്തമ തെളിവാണത്. സഭയ്ക്കെതിരെ പീഡനം ഉയർന്നു വന്നിരുന്ന കാലമായിരുന്നു അത്. ഹേരോദേസ് അഗ്രിപ്പാ രാജാവ് വിശ്വാസികളെ നിഷ്കരുണം പീഡിപ്പിക്കുവാൻ ആരംഭിച്ചു. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാളിനിരയാക്കി. അപ്പോസ്തലന്മാരിൽ ഒരാൾ വീണുപോയപ്പോൾ സഭയ്ക്ക് നഷ്ടത്തിന്റെ വേദനയുണ്ടായി. ഇത് യഹൂദർക്ക് പ്രസാദകരമായി തോന്നിയതിനാൽ ഹേരോദേസ് പത്രോസിനെയും പിടികൂടി തടവിലാക്കി.
ആദ്യകാല വിശ്വാസികൾക്ക് രാഷ്ട്രീയ സ്വാധീനമോ, സമ്പത്തോ, സംഘബലമോ, ഭൗതിക പരിരക്ഷയോ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും അവർ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചത് മറ്റൊരു മാർഗ്ഗത്തിലൂടെയാണ്. പ്രാർത്ഥനയുടെ കരുത്തുകൊണ്ട് അന്യമതസ്ഥർ പത്രോസിന് വേണ്ടി ഒന്നുചേർന്ന് ദൈവസന്നിധിയിൽ പ്രാർത്ഥിക്കുക മാത്രമേ ചെയ്തുള്ളൂ. എവിടെയോ തനിക്ക് വേണ്ടി പ്രാർത്ഥനയിൽ കൂടിയിരിക്കുന്നവരുണ്ടെന്ന തിരിച്ചറിവിന്റെ കരുത്തിൽ അയാൾ തടവറയെ ഉൾക്കൊള്ളുന്നുണ്ട്.
ഭാരമുള്ള ചങ്ങലകളാൽ ബന്ധനത്തിനായി കിടക്കുമ്പോഴും, നാലു ഭടന്മാർ വീതമുള്ള നാലു സംഘങ്ങൾ ചുറ്റും കാവലിരിക്കുമ്പോഴും, കനത്ത കമ്പികളുള്ള തടവറയുടെ ഉള്ളിൽ രണ്ട് ഭടന്മാരുടെ നടുവിൽ അയാൾ ശാന്തമായി ഉറങ്ങിയെന്ന്. ആ വിശ്വാസം എന്നെ അത്ഭുതപ്പെടുത്തുന്നു. മരണസാധ്യതയുള്ള ഒരു മനുഷ്യൻ സമാധാനത്തോടെ ഉറങ്ങിയെന്ന്. ആരോക്കെയോ ദൂരെ തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ ഉണ്ടെന്നുള്ള സാന്ത്വനത്തിലും, തന്റെ ജീവിതം ദൈവകരങ്ങളിൽ ഭദ്രമാണെന്ന വിശ്വാസത്തിന്റെ കരുത്തിലുമാണുണ്ടവൻ സ്വസ്ഥമായി ഉറങ്ങുന്നത്.
ഓർക്കണം, ഹേരോദേസ് അവനെ വധിക്കുവാൻവേണ്ടി മാത്രമാണ് തടവറയിൽ പാർപ്പിച്ചത്. മാനുഷികമായി പറഞ്ഞാൽ അവന്റെ മരണം മുദ്രവെച്ച് ഉറപ്പിച്ചതായിരുന്നു. എന്നിട്ടും ആദിമസഭ അവനെ മോചിപ്പിക്കുവാൻ ഒരു പ്രതിഷേധം സംഘടിപ്പിച്ചില്ല. ആയുധം കയ്യിലെടുത്തില്ല. അധികാരിയുമായി വിലപേശിയില്ല. പ്രാർത്ഥിക്കുക മാത്രം ചെയ്തു. മരണശിക്ഷയുടെ പരസ്യവിചാരണയ്ക്ക് ഏൽപ്പിക്കപ്പെടേണ്ടതിന്റെ തലേരാത്രിയിൽ പത്രോസിനെ മോചിപ്പിക്കുവാൻ അത് മതിയായിരുന്നു. പെട്ടെന്ന് ഒരു വെളിച്ചം തടവറയിൽ നിറഞ്ഞു. കർത്താവിന്റെ ഒരു ദൂതൻ പ്രത്യക്ഷപ്പെട്ടു. പത്രോസിന്റെ കൈകളിൽ നിന്ന് ചങ്ങലകൾ താഴെ വീണു. ദൂതൻ അവനെ എല്ലാ തടസ്സങ്ങളും കടന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ കാവൽക്കാർ അറിഞ്ഞില്ല. പിന്നെ, വിശ്വാസികൾ പ്രാർത്ഥനയിൽ ഒത്തുകൂടിയ വീട്ടിലേക്കാണ് അവൻ പോയത്.
ചുരുക്കത്തിൽ ലോകം ക്രിസ്തു സന്ദേശത്തെ കടന്നാക്രമിച്ചിട്ടും, വിശ്വാസ സാക്ഷ്യത്തെ പീഡനങ്ങളാൽ ഞെരിക്കുവാൻ ശ്രമിച്ചിട്ടും പ്രാർത്ഥന കൊണ്ട് വിജയം വരിച്ച കഥയാണ് സഭയുടെ ചരിത്രം. അത്തരമൊരു ദുർഘടമായ സാഹചര്യമാണ് ഇപ്പോൾ വീണ്ടും വന്നുചേർന്നിരിക്കുന്നത്. പത്രോസിന്റെ ജീവിതത്തിൽ സംഭവിച്ചതുപോലൊരു രാത്രി എല്ലാവർക്കും വന്നുചേരാൻ ഇടയുള്ള ദുർവിധിയാണ്. നവയുഗസങ്കീർണമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകുകയാണ്. നിരാശയും വിശ്വാസക്കുറവും, കൽപ്പന ലംഘനങ്ങളും, വിലാപീയതയും അരങ്ങു വാഴുകയാണ്. അനീതിയും അക്രമങ്ങളും കുറ്റപ്പെടുത്തലുകളും നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. സുവിശേഷത്തെ ഇല്ലായ്മ ചെയ്യുവാൻ ഉതകുന്ന തടവറകൾ എല്ലാടത്തും ഉണ്ട്.
എങ്കിലും നിരാശരാകേണ്ടതില്ല. ചങ്ങലകൾ തകർക്കപ്പെട്ടേനോ... വാതിലുകൾ തുറക്കപ്പെട്ടേനോ... എവിടെയോ ആരോ നമുക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു എന്നുമാത്രം. വിശ്വാസികളുടെ ശക്തി ഒരിക്കലും അവരുടെ കഴിവിവും സാമർത്ഥ്യത്തിലും അല്ല നയിക്കപ്പെടേണ്ടത്. മറിച്ച്, ദൈവത്തിലുള്ള ആശ്രയ ബോധത്തിലും പ്രാർത്ഥനയുടെ നിറവിലുമാണ്. ചിലരുടെ പ്രാർത്ഥന തീക്ഷ്ണമായതുകൊണ്ടാണ് ഇന്നും സഭ കാലത്തിന്റെ കുതന്ത്രങ്ങളെ അതിജീവിച്ച് വളർന്നു പന്തലിക്കുന്നത്.
ഒരു പക്ഷേ, പ്രാർത്ഥിക്കുന്ന സഭ ലോകത്തിന്റെ ദൃഷ്ടിയിൽ ദുർബലമായി തോന്നിയേക്കാം. എന്നാൽ വാസ്തവത്തിലത് ദൈവത്തിന്റെ ഇടപെടലുകളാൽ കരുത്താർജ്ജിക്കുകയാണ്. ആകയാൽ പ്രാർത്ഥനയുടെ കരുത്ത് തിരിച്ചറിയുക എന്നതുതന്നെയാണ് നമ്മുടേയും അതിജീവനമാർഗ്ഗം..