നിങ്ങൾക്ക് ഈ പ്രപഞ്ചത്തിലെ ഏതൊന്നിനെക്കുറിച്ചും സംശയിക്കാം. ഉദാഹരണം ഈ ഭൂമി ഉരുണ്ടതാണോ, പരന്നതാണോ? അങ്ങനെ എന്തും. ഒരു വിഷയത്തെക്കുറിച്ച് അപൂർണ്ണമായ വിവരങ്ങൾ മാത്രമേ അറിയുന്നുള്ളൂ എങ്കിൽ അറിയാത്ത ഭാഗത്തിന്റെ വ്യക്തതയ്ക്കായി മനസ്സ് ആഗ്രഹിക്കും. അവ്യക്തമായ സാഹചര്യം ആ വിഷയത്തെക്കുറിച്ചുള്ള സംശയം ഉളവാക്കും. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ശാസ്ത്രം ഉത്തരം നൽകിയെന്നു വരികില്ല. അത്തരത്തിൽ നിങ്ങൾക്ക് നിങ്ങളുടെ ആത്മാവിനെക്കുറിച്ചും സംശയിക്കാം. ആത്മാവ് ഉണ്ടോയെന്ന് ചോദിച്ചാൽ ശാസ്ത്രത്തിൽ തെളിയിക്കാൻ സാധിക്കുകയില്ല. എന്നാൽ നിങ്ങൾക്ക്, നിങ്ങളുടെ ബോധത്തെക്കുറിച്ച് സംശയിക്കുവാൻ സാധിക്കുകയില്ല. കാരണം; നിങ്ങൾ സംശയിക്കുന്നത് നിങ്ങളുടെ ബോധത്തിലാണ്. ബോധം സ്വയം വെളിപ്പെടുന്നതുമാരും ആണ്. ആയതിനാൽ ആ ബോധത്തെ സംശയിക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ല. എല്ലാ മനുഷ്യനിലും ബോധം ഉണ്ട്. മനുഷ്യന്റെ മനസ്സ് പ്രവർത്തിക്കുന്നത് ബോധത്തിന്റെ അടിസ്ഥാനത്തിലാണ്.
മനുഷ്യന്റെ മനസ്സും, ബോധവും ശരീരവും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഏതൊരു വിഷയവും/ചിന്തയും വരുന്നത് മനസ്സിൽ ആണ്. മനസ്സിൽ വരുന്ന ചിന്ത/വിഷയം, ബുദ്ധി ഇന്ദ്രിയങ്ങളിൽക്കൂടി പ്രവൃത്തിയിൽ വരുത്തുന്നു. അപ്പോൾ ആത്മാവ് ഉണ്ടോയെന്ന സംശയവും വന്നിരിക്കുന്നത് മനസ്സിൽ ആണ്, അങ്ങനെ എങ്കിൽ മനസ്സിന്റെ നിലനിൽപ്പിനെ സംശയിക്കുവാൻ സാധിക്കുകയില്ല. ആ മനസ്സിന്റെ നിലനിൽപ്പിനു കാരണമായതുതന്നെ ആത്മാവ്. ശരീരത്തിനും മനസ്സിനും അതീതമായ, ജനനമോ മരണമോ ഇല്ലാത്ത ശാശ്വതമായ ജീവചൈതന്യമാണ് ആത്മാവ്. ബൈബിളിൽ അടിസ്ഥാനമാക്കി ദൈവം ആത്മാവാകുന്നു. മനുഷ്യനിലെ ആത്മാവ് എന്നത് ദൈവം അവനിലേക്ക് നൽകിയ ജീവശ്വാസമാണ്. ഈ പ്രപഞ്ചത്തിലെ സകല ബോധത്തിനും ഈ തത്വമാണ് ആധാരം ആയിട്ടുള്ളത്. പ്രപഞ്ചവും അതിലുള്ള സകലത്തിന്റെയും രൂപകല്പന ദൈവത്തിന്റേതാണ്. ആദിമ മനുഷ്യൻ ആദാമിന് ദൈവം നൽകിയ ശരീരത്തിന് നാശമുള്ള സ്വഭാവം ആയിരുന്നു. എന്നാൽ ആദാമിന്റെ ശരീരത്തിന്റെ നിലനിൽപ്പിനു കാരണമാകുന്നത് ദൈവം നൽകുന്ന ശ്വാസം ആണ്. ദൈവം നൽകിയ ശ്വാസം; ദൈവത്തിന്റെ ചൈതന്യം ആദാമിന്റെ ആത്മാവായി. ഈ ബോധത്തിന്റെ തത്വം പ്രപഞ്ചത്തിന്റെ സാർവ്വത്രികം ആകുമ്പോൾ, ഈ പ്രപഞ്ചവും അതിൽ സകലതും നിലനിൽക്കുന്നത് ദൈവീക വ്യവസ്ഥയിൽ ആകുന്നു. അങ്ങനെ ഈ പ്രപഞ്ചത്തെയും അതിൽ സകലത്തെയും സൃഷ്ടിക്കുകയും, পরিപാലിക്കുകയും, നിലനിർത്തുകയും, സകല ധാർമ്മികതയുടെയും ഉത്തരവാദിയുമായവൻ ദൈവം. ആത്മാവിന് ഭൗതികമായ ആകൃതിയോ നിറമോ ഇല്ലാത്ത അരൂപിയായ സ്വഭാവം ആണ്. കണ്ണുകൊണ്ട് കാണാനും തൊട്ടറിയാനും കഴിയുന്ന ഭൗതിക വസ്തുക്കൾക്ക് അപ്പുറമുള്ള അസ്തിത്വം ആണ് ആത്മാവ്. (അതിഭൗതികമായ തത്വങ്ങളുടെ ശാസ്ത്രമാണ് Metaphysics) മനസ്സ് പ്രപഞ്ചത്തെ മനസ്സിലാക്കുന്നത് ഭൗതിക വസ്തു ആയിട്ടാണ്. ഭൗതിക വസ്തുവായ സകലത്തിനും രൂപം, ആകൃതി, വലിപ്പം, നിറം, ഗന്ധം തുടങ്ങിയ സവിശേഷതകൾ ഉണ്ട്. നിറവും രൂപവും ഇല്ലാത്ത വായുവിനെ അനുഭവത്തിൽക്കൂടി അറിയുന്നു. ഊർജ്ജത്തെ ശാസ്ത്രത്തിൽ/ അനുഭവത്തിൽ അറിയുന്നു. മനുഷ്യന്റെ മനസ്സും ബുദ്ധിയും ആഴത്തിൽ പരസ്പരം ബന്ധത്തിൽ ആണ്. മനസ്സ് വികാരങ്ങൾ, വിചാരങ്ങൾ, ആഗ്രഹങ്ങൾ, ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ എന്നിവയുടെ കേന്ദ്രം ആണ്. Experiences സ്വീകരിക്കുന്നത് മനസ്സിൽ ആണ്. മനസ്സിന് ചഞ്ചലതയും, ദുർബ്ബലതയും, മാറ്റവും ഉണ്ടാകും. മനസ്സിൽ വരുന്നത് ആത്മീയ ബോധത്തിന്റെ ശോധനയിൽ ശുദ്ധീകരിക്കപ്പെട്ട്, ബുദ്ധി ഇന്ദ്രിയങ്ങളിൽക്കൂടി പ്രവൃത്തിയിൽ വരുത്തുമ്പോൾ; പ്രവൃത്തി ധാർമ്മിക ശുദ്ധി ഉള്ളതായി മാറുന്നു.
ആത്മീയത, ഭൗതികതയിൽനിന്നും വ്യത്യസ്തമായ സത്യം ആണ്. ആത്മീയത വ്യക്തിപരമാണ്. സ്വന്തം മനസ്സിനെക്കുറിച്ചുള്ള തിരിച്ചറിവ് നൽകുന്നു. ആത്മീയത മനസ്സിന് പ്രകൃതിയോടും, ചുറ്റുപാടുളളതിനോടും, സമൂഹത്തോടും സ്നേഹവും, ഐക്യവും, കാരുണ്യവും പുലർത്തുവാൻ ഉപദേശിക്കുന്നു. മാത്രമല്ല ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നതിന് മനസ്സിനെ ഉപദേശിക്കുന്നു. “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.” മതം എന്നത് ആചാരങ്ങളുടെയും, വിശ്വാസങ്ങളുടെയും, നിയമങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ആത്മീയത എന്നത് സ്വന്തം ആന്തരിക ഉണർവ്വിനും സത്യം കണ്ടെത്തുന്നതിന് പ്രാധാന്യം നൽകുന്ന വ്യക്തിപരമായ അനുഭവം ആണ്.
ഏതെങ്കിലും വിഷയത്തിൽ ജ്ഞാനം ഇല്ല എന്നു പറഞ്ഞാൽ ആ വിഷയം ഇല്ലാത്തത് എന്നല്ല ആ വിഷയത്തെക്കുറിച്ച് അജ്ഞാനി ആകുന്നു എന്നാണ്. ആത്മാവിനെ അറിയില്ല എന്നു പറഞ്ഞാൽ ആത്മാവ് ഇല്ലാത്തതാണ് എന്നല്ല, ആത്മാവിനെക്കുറിച്ചുള്ള അറിവില്ല എന്നാണ്. ആത്മാവിനെക്കുറിച്ചുള്ള അറിവ് അതിന്റെ പൂർണ്ണതയായ ദൈവത്തെക്കുറിച്ചുള്ള അറിവിലേക്ക് നയിക്കുന്നു. “എന്റെ എന്നെക്കുറിച്ചുള്ള അന്വേഷണം ദൈവത്തെക്കുറിച്ചുള്ള അറിവിലേക്ക് നയിക്കുന്നു. എങ്കിൽ, എന്റെ ദൈവത്തെക്കുറിച്ചുള്ള അന്വേഷണം എന്നെക്കുറിച്ചുള്ള അറിവിലേക്ക് നയിക്കുന്നു.” ഏതൊന്നിനെ അറിയുന്നതിൽക്കൂടി എല്ലാം അറിയുന്നുവോ ആ അറിവ് ആണ് ദൈവത്തെക്കുറിച്ചുള്ള അറിവ്.