Knanaya Deepam

loading

ഉണ്ണികളേ ഒരു കഥ പറയാം.....

വി.പൗലോസ് ശ്ലീഹാ എഫേസ്യർക്ക് എഴുതിയ ലേഖനത്തിൽ ആറാം അധ്യായത്തിൽ 1 മുതൽ 4 വരെയുള്ള വാക്യങ്ങളെ അടിസ്ഥാനപ്പെടുത്തിയ ചിന്ത.

വ്യക്തിസ്വാതന്ത്ര്യത്തിനു വളരെയേറെ സ്ഥാനം നൽകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മളിന്നു ജീവിക്കുന്നത്. “എന്റെ സ്വാതന്ത്ര്യം’ എന്നതാണ് ഇന്നത്തെ സമൂഹത്തിന്റെ മുദ്രാവാക്യം. നമ്മുടെ കടമകളെക്കാളുപരി അവകാശങ്ങളെക്കുറിച്ച് നമ്മിലോരോരുത്തരും ബോധവാന്മാരാണ്. വ്യക്തികൾ കൂടുതൽ സ്വാർത്ഥമതികളായിക്കൊണ്ടിരിക്കുന്നതിനാൽ, അവവനിലേക്ക് ചുരുങ്ങുന്നതിനാൽ കുടുംബബന്ധങ്ങൾ ഇന്ന് ശിഥിലമായിക്കൊണ്ടിരിക്കുന്നു. സഹോദരന്മാർ തമ്മിൽ അകലുന്നു. കൂട്ടുകുടുംബങ്ങളുടെ സ്ഥാനത്ത് ഇന്ന് അധികവും അണുകുടുംബങ്ങളാണ്. വിവാഹമോചനങ്ങൾ വർദ്ധിച്ചുവരുന്നു. മാതാപിതാക്കൾക്കു പ്രായമാകുമ്പോൾ മക്കൾ അവരെ വൃദ്ധസദനങ്ങളിലാക്കുന്നു.

പണ്ട് വേനലവധിക്കാലത്ത് സ്കൂൾകുട്ടികൾ മുത്തശ്ശിമാരുടെ അടുത്തു പോകും. അമ്മമാരെക്കാളും കുറച്ചുകൂടി ക്ഷമ കാണും അമ്മൂമ്മമാർക്ക്. കുട്ടികളുടെ തെറ്റുകൾ ക്ഷമയോടെ പറഞ്ഞു തിരുത്താനും സ്നേഹരസായനങ്ങൾ ചൊരിയാനും അമ്മൂമ്മമാർക്ക് പ്രത്യേക കഴിവുണ്ട്. പേരക്കുട്ടികളെ മടിയിലിരുത്തി സ്നേഹപൂർവ്വം കഥകൾ പറഞ്ഞുകൊടുക്കുന്ന മുത്തശ്ശിമാർ ഇന്ന് ഓർമ്മയിൽ മാത്രമാണ്. അതിൽ നിന്ന് ലഭിച്ചിരുന്ന സ്നേഹവും സുരക്ഷിതത്വവും ധർമ്മബോധവും ഇന്നത്തെ കുഞ്ഞുങ്ങൾക്ക് നഷ്ടമാവുകയാണ്.

ഇന്ന് ലോകത്തു കാണുന്ന മിക്കവരുടെയും സ്നേഹം ഒരു പ്രകടനം മാത്രമാണ്. നമ്മുടെയുള്ളിൽ സ്നേഹമില്ലെങ്കിൽ മറ്റുള്ളവരെ വെറും ഉപയോഗവസ്തുക്കളായിക്കാണും. ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയാനുള്ള വസ്തുക്കൾ. സ്നേഹമുണ്ടെങ്കിൽ മാത്രമേ നമുക്ക് വ്യക്തിയെ വ്യക്തിയായി കാണാനും സ്നേഹബന്ധങ്ങൾ വളർത്താനും കഴിയൂ. സ്നേഹമാണ് മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനമെന്ന് കുട്ടികൾ മറക്കരുത്.

വ്യക്തികൾ അവനവനിലേക്ക് ചുരുങ്ങുകയും സ്വന്തം സ്വാതന്ത്ര്യത്തിനു കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുമ്പോൾ ബന്ധങ്ങൾ ഒരു തടസ്സമായും ബന്ധനമായും തോന്നാം. മാതാപിതാക്കളുടെയും മുതിർന്നവരുടെയും ശിക്ഷണവും നിയന്ത്രണവുമൊക്കെ തങ്ങളുടെ സ്വാതന്ത്ര്യത്തിനായുള്ള വിലങ്ങായി കുട്ടികൾക്കു തോന്നാം. എന്നാൽ, അത്തരം നിയന്ത്രണങ്ങളും ബന്ധങ്ങളുമാണ് യഥാർത്ഥത്തിൽ ജീവിതത്തിനു ഭദ്രത പകരുന്നത്. ജീവിതം കൂടുതൽ ഉയരങ്ങളിലേക്ക് പോകാനും ജീവിതക്ലേശങ്ങൾ കുറയ്ക്കാനും ബന്ധങ്ങൾ വളരെ സഹായിക്കുന്നു.

ഒരു സംഭവം ഓർമ്മ വരികയാണ്. ഒരു ക്രിസ്മസ് ദിവസം ഒരാൾ മകനുമൊത്ത് കടൽത്തീരത്ത് ചെന്നു. അവിടെ ധാരാളം പേർ പട്ടം പറത്തുന്നുണ്ടായിരുന്നു. പല വർണ്ണത്തിലും വലിപ്പത്തിലുമുള്ള പട്ടങ്ങൾ കൊണ്ട് ആകാശം നിറഞ്ഞിരുന്നു. ഇതുകണ്ടു തനിക്കും പട്ടം പറത്തണമെന്നു കുട്ടി അച്ഛനോട് ആഗ്രഹം പറഞ്ഞു. അച്ഛൻ അടുത്തുള്ള ഒരു കടയിൽ നിന്നു പട്ടവും നൂലും വാങ്ങി മകനു നൽകി. മകൻ പട്ടം പറത്തിത്തുടങ്ങി. കുറച്ചു സമയത്തിനകം അവന്റെ പട്ടം ആകാശത്തിന്റെ ഉയരങ്ങളിലെത്തി. മകൻ പറഞ്ഞു: “അപ്പാ ഇവിടെ നല്ല കാറ്റുണ്ട്, നൂലു കെട്ടിയിട്ടുള്ളതുകൊണ്ടാണ് പട്ടം കൂടുതൽ ഉയരാത്തതെന്ന് എനിക്ക് തോന്നുന്നു. നൂൽ പൊട്ടിച്ചു കളഞ്ഞാൽ പട്ടം സ്വതന്ത്രമാകും, കൂടുതൽ ഉയരത്തിൽ പറക്കും. ഈ നൂൽ പൊട്ടിക്കാം”. അവൻ നൂൽ പൊട്ടിച്ചു. ഉടനെ പട്ടം കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അതുകണ്ട് മകൻ വളരെ സന്തോഷമായി. പക്ഷേ പെട്ടെന്ന് പട്ടം താഴേക്ക് വീഴാൻ തുടങ്ങി. അത് കുറച്ചകലെയുള്ള ഒരു കെട്ടിടത്തിന്റെ ടെറസ്സിൽ ചെന്നു വീണു. ഇതു കണ്ടു മകൻ അത്ഭുതമായി. അവൻ അച്ഛനോട് ചോദിച്ചു: “അച്ഛാ, നൂൽ മുറിച്ചാൽ പട്ടത്തിനു സ്വതന്ത്രമായി ഉയരത്തിൽ പറക്കാൻ കഴിയുമെന്നാണ് ഞാൻ കരുതിയത്. അത് താഴെ വീണത് എന്തുകൊണ്ടാണ്?”.

അച്ഛൻ പറഞ്ഞു, “മോനേ, വാസ്തവത്തിൽ പട്ടം ഉയരത്തിൽ പോകുന്നതിനു നൂൽ ഒരു തടസ്സമായിരുന്നില്ല. മാത്രമല്ല കാറ്റിന്റെ ശക്തി കുറയുമ്പോൾ പോലും പട്ടം ഉയരത്തിൽ തന്നെ നിൽക്കാൻ നൂൽ സഹായിക്കുകയാണ് ചെയ്തത്. കാറ്റ് ശക്തമാകുമ്പോൾ നൂലിന്റെ സഹായത്തോടെ പട്ടത്തെ ശരിയായ ദിശയിലേക്ക് നയിക്കാനും നിനക്കു കഴിഞ്ഞു. എന്നാൽ നൂൽ മുറിച്ചപ്പോൾ നൂലിലൂടെ പട്ടത്തിനു നൽകിയിരുന്ന സഹായം ഇല്ലാതെയായി. പട്ടത്തിന് ഉയരത്തിൽ തുടരാൻ കഴിഞ്ഞില്ല. അതു താഴെ വീണു”.

ഇതുപോലെ നമ്മൾ ജീവിതത്തിന്റെ ഉയരങ്ങളിലെത്തുമ്പോൾ ബന്ധങ്ങൾ നമ്മെ തളച്ചിടുന്ന ചങ്ങലകളാണെന്നു നമുക്കും തോന്നാം. കുടുംബബന്ധങ്ങളും സുഹൃദ്ബന്ധങ്ങളും നമ്മുടെ വളർച്ചയെ മുരടിപ്പിക്കുന്നുവെന്നും അവയിൽ നിന്നും മുക്തരായാൽ നമുക്ക് സ്വാതന്ത്ര്യത്തോടെ ഉയരങ്ങളിലേക്ക് പറക്കാനാകുമെന്നും നാം ചിന്തിച്ചേക്കാം. അതു ശരിയല്ല, നമ്മുടെ കുടുംബാംഗങ്ങളും മറ്റു പ്രിയപ്പെട്ടവരും നൽകുന്ന പിന്തുണയും പ്രോത്സാഹനവുമില്ലെങ്കിൽ നമ്മുടെ ജീവിതത്തിലെ പല പ്രതിസന്ധികളെയും നമുക്ക് അതിജീവിക്കാൻ കഴിയില്ല. ബന്ധങ്ങളാണ് ജീവിതത്തിൽ കൂടുതൽ ഉയരങ്ങളിലെത്താനും വീഴ്ചകൾ വരാതിരിക്കാനും നമ്മെ സഹായിക്കുന്നത്. എന്നാലിതു നമ്മൾ മിക്കപ്പോഴും തിരിച്ചറിയാറില്ല. അതിനാൽ നല്ല ബന്ധങ്ങളെ നമ്മൾ ഒരിക്കലും ഉപേക്ഷിക്കരുത്.

മനുഷ്യബന്ധങ്ങൾ ലിഫ്റ്റു പോലെയാണ്. അവയ്ക്ക് നമ്മളെ മുകളിലേക്കും താഴേക്കും കൊണ്ടുപോകാൻ സാധിക്കും. നമ്മുടെ നന്മ ആഗ്രഹിക്കുന്നവരും നമ്മെ സ്നേഹിക്കുന്നവരുമായുള്ള ബന്ധം നമ്മെ ഉയരങ്ങളിലെത്തിക്കാൻ സഹായിക്കുന്നു. അതിലൂടെ നമ്മുടെ ജീവിതത്തിൽ ശാന്തിയും സന്തോഷവും ശുഭപ്രതീക്ഷയും നിറയും. എന്നാൽ തെറ്റായ ബന്ധങ്ങളും കൂട്ടുകെട്ടുകളും തിന്മയിലേക്ക് നയിക്കും. അവ കുട്ടികളെ അപകടത്തിൽ ചാടിക്കും. അത്തരം ബന്ധങ്ങൾ കൊണ്ടുചെന്നെത്തിക്കുന്നത് നിരാശയുടെയും ദുഃഖത്തിന്റെയും ഇരുണ്ട ലോകത്തിലേക്കായിരിക്കും. അതിനാൽ പുതിയ ബന്ധങ്ങൾ ആരംഭിക്കുമ്പോഴും വളർത്തുമ്പോഴും നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല പുതിയ ബന്ധങ്ങളെ സൃഷ്ടിക്കുകയും ഉള്ളവയെ ശക്തിപ്പെടുത്തുകയും വേണം. അത് ജീവിതത്തിന് പകരുന്ന സുരക്ഷയും ശാന്തിയും വാക്കുകൾക്കപ്പുറമാണ്.

മറ്റ് മാസങ്ങളിലെ ലേഖനങ്ങൾ