2026 ഏപ്രിൽ മാസത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്; ഈ മാസത്തിന്റെ തുടക്കത്തിൽ തന്നെ വലിയ വെള്ളിയും ഈസ്റ്ററും ഭക്തിപൂർവ്വം നാം ആചരിച്ചു. തുടർന്ന് നാൽപതാം ദിവസത്തിൽ യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം സഭ ആചരിക്കുന്നു. സ്വർഗ്ഗാരോഹണം ക്രിസ്തീയ വിശ്വാസത്തിലെ അതിഗൗരവമേറിയ രഹസ്യങ്ങളിലൊന്നാണ്, കാരണം ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രൻ മനുഷ്യരക്ഷ യാഥാർത്ഥ്യമാക്കിയതിനു ശേഷം പിതാവിന്റെ മഹത്വത്തിലേക്ക് ഉയരുന്നു എന്നതാണ് ഇതിന്റെ കേന്ദ്രസന്ദേശം. "ദൈവം മനുഷ്യനായത് മനുഷ്യൻ ദൈവീകതയിൽ പങ്കാളിയാകേണ്ടതിനായിട്ടാണ്" എന്ന സഭാപിതാവായ വി. അത്താനാസ്യോസിന്റെ വാക്കുകൾ ഈ രഹസ്യത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. അതിനാൽ, സ്വർഗ്ഗാരോഹണം ക്രിസ്തു ഭൂമിയെ വിട്ടുപോയ ഒരു സംഭവം മാത്രമല്ല; മനുഷ്യസ്വഭാവം ദൈവസന്നിധിയിലേക്ക് ഉയർത്തപ്പെട്ട മഹത്തായ സത്യത്തിന്റെ പ്രഖ്യാപനമാണ്. പാപത്തെയും മരണത്തെയും ജയിച്ച് പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്ന ക്രിസ്തുവിലൂടെ മനുഷ്യർക്കായി ഒരു പുതിയ വഴി തുറക്കപ്പെടുകയും ദൈവത്തോടുള്ള ബന്ധം ജീവിക്കുന്ന അനുഭവമായി മാറുകയും ചെയ്യുന്നു. സ്വർഗ്ഗാരോഹണം നമ്മെ പഠിപ്പിക്കുന്നത് ഭൂമിയിലെ ജീവിതം ദൈവത്തിലേക്കുള്ള ഒരു തീർത്ഥാടനമാണെന്നും ക്രിസ്തുവിന്റെ സാക്ഷികളായി ലോകത്തിൽ ജീവിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നുമാണ്; നിങ്ങൾ എന്റെ സാക്ഷികളാകും" എന്ന യേശുവിന്റെ വാക്കുകൾ ഈ സന്ദേശത്തെ കൂടുതൽ ശക്തമാക്കുന്നു. അതുകൊണ്ട് സ്വർഗ്ഗാരോഹണം ഒരു വിടവാങ്ങൽ മാത്രമല്ല, മറിച്ച് ദൈവീക സാന്നിധ്യത്തിന്റെ പുതിയ രൂപമാണ്; ക്രിസ്തു നമ്മെ വിട്ടുപോയിട്ടില്ല. എല്ലായിടത്തും എല്ലാ സമയത്തും നമ്മോടൊപ്പം ഇരിക്കാൻ അവൻ ഉയർന്നിരിക്കുകയാണ്, ഈ വിശ്വാസം നമ്മെ ശക്തിപ്പെടുത്തുകയും പ്രത്യാശയിലേക്ക് നയിക്കുകയും ചെയ്യുന്നു.
സ്വർഗ്ഗാരോഹണത്തിനുശേഷം പെന്തിക്കോസ്തിവരെയുള്ള പത്തു ദിവസങ്ങൾ സഭ "കാത്തിരിപ്പിന്റെ ദിനങ്ങൾ" ആയി ആചരിക്കുന്നു; ഈ ദിനങ്ങൾ പ്രത്യാശയുടെയും പ്രാർത്ഥനയുടെയും ആത്മീയ ഒരുക്കത്തിന്റെയും വിശുദ്ധ കാലമാണ്. ക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്ത് പിതാവിന്റെ മഹത്വത്തിൽ ഇരിക്കുമ്പോൾ, ശിഷ്യന്മാർ ഭൂമിയിൽ ദൈവവാഗ്ദാനത്തിന്റെ നിറവേറലിനായി കാത്തിരിക്കുന്നു. എന്നാൽ ഈ കാത്തിരിപ്പ് ഭയത്തിന്റേയോ അനിശ്ചിതത്വത്തിന്റേയോ അല്ല. "പരിശുദ്ധാത്മാവിനെ നിങ്ങൾ സ്വീകരിക്കും" എന്ന യേശുവിന്റെ ഉറച്ച വാഗ്ദാനത്തിൽ നിറഞ്ഞ പ്രതീക്ഷയോടെ കാത്തിരിപ്പാണ് ഇത്. അപ്പസ്തോലന്മാർ ഒരുമിച്ചു കൂടി, നിരന്തര പ്രാർത്ഥനയിൽ നിലനിൽക്കുകയും ദൈവത്തിന്റെ പദ്ധതിയിൽ അചഞ്ചലമായ വിശ്വാസത്തോടെ കാത്തിരിക്കുകയും ചെയ്തു. വിശുദ്ധ ദൈവമാതാവിന്റെ സാന്നിധ്യം ഈ കാത്തിരിപ്പിന് കൂടുതൽ ആത്മീയ ആഴം നൽകുന്നു, കാരണം ദൈവത്തിന്റെ വാഗ്ദാനങ്ങളെ ഹൃദയത്തിൽ സൂക്ഷിച്ച് നിശ്ശബ്ദമായി കാത്തിരിക്കാൻ മാതാവ് നമ്മെ പഠിപ്പിക്കുന്നു. ഈ പത്തു ദിവസങ്ങൾ ആത്മപരിശോധനയ്ക്കും മാനസാന്തരത്തിനും പ്രാർത്ഥനയുടെ ആഴങ്ങളിലേക്കുള്ള യാത്രക്കുമായി നമുക്ക് നൽകിയിരിക്കുന്ന അവസരമാണ്; നമ്മെ രൂപാന്തരപ്പെടുത്തുന്നതും, ആത്മാവിനെ ദൈവത്തിനായി ശുദ്ധീകരിക്കുന്ന ഒരു ആത്മീയയാത്രയായി മാറണം. അതിനാൽ, ഈ വിശുദ്ധകാലത്തിൽ നാം നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ച്, പ്രാർത്ഥനയിൽ ഉറച്ചുനിന്ന്, ദൈവകൃപയ്ക്കായി തുറന്നവരായി ജീവിക്കാൻ ശ്രമിക്കണം.
ഏപ്രിൽ, മെയ് മാസങ്ങളിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മ സഭ ഭക്തിപൂർവ്വം ആചരിക്കുന്നു; സഭയിൽ ഏറെ ആദരിക്കപ്പെടുന്ന രക്തസാക്ഷികളിൽ പ്രമുഖനാണ് അദ്ദേഹം. റോമൻ സൈനികനായിരുന്നെങ്കിലും, തന്റെ ജീവിതത്തിൽ ക്രിസ്തുവിന് അദ്ദേഹം മുൻതൂക്കം നൽകി. ക്രിസ്തുവിനോടുള്ള അചഞ്ചലമായ സ്നേഹവും സമർപ്പണവും അധികാരത്തിന്റെയും പീഡനത്തിന്റെയും മുൻപിൽ പോലും തളരാത്തതുമാണ് അദ്ദേഹത്തെ മഹാനാക്കുന്നത്. ക്രിസ്തുവിനെ നിഷേധിക്കാൻ സമ്മർദ്ദം വന്നപ്പോൾ, ഭയമില്ലാതെ തന്റെ വിശ്വാസം പ്രഖ്യാപിച്ച് അദ്ദേഹം ആത്മീയയുദ്ധത്തിലെ വിജയിയായി സഭയിൽ വാഴ്ത്തപ്പെടുന്നു. "ഡ്രാഗൺ" കഥ ദുഷ്ടതയ്ക്കെതിരായ ആത്മീയ പോരാട്ടത്തിന്റെ പ്രതീകമായി നമ്മെ ഓർമ്മിപ്പിക്കുമ്പോൾ, വിശുദ്ധരുടെ ജീവിതം ആത്മീയ സത്യങ്ങളുടെ ദൃശ്യഭാഷ്യമാണെന്ന പിതാക്കന്മാരുടെ ഉപദേശം ഇതിലൂടെ വ്യക്തമാണ്. അതു