നാം ജീവിക്കുന്ന ഈ കാലഘട്ടം വളരെ പ്രത്യേകതകൾ നിറഞ്ഞതാണല്ലോ. സുഖലോലുപതയും, മദ്യാസക്തിയും, ജീവിതവ്യഗ്രതയും ഒക്കെ മനുഷ്യഹൃദയങ്ങളെ കീഴടക്കിയിരിക്കുന്നു. അത്യാഗ്രഹം നിമിത്തം മനുഷ്യർ സ്വാർത്ഥരായി മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നതിനുപകരം ധനത്തിൽ ആശ്രയിക്കുന്നു. സ്ഥാനമാനങ്ങൾക്ക് ആഗ്രഹിക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്നു. ഈ ലോകജീവിതം ശാശ്വതമാണെന്ന് ആരോ അവനെപ്പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. മരണമെന്ന സത്യത്തെക്കുറിച്ചും അത് എപ്പോൾ വേണമെങ്കിലും കടന്നുവരാമെന്ന് അവരുടെ ചിന്തയിൽ കടന്നുവരുന്നില്ല.
ലൂക്കോസിന്റെ സുവിശേഷം 12-ാം അദ്ധ്യായത്തിൽ വിവരിക്കുന്ന ദോഷനായ ധനികൻ ചിന്തിച്ചതുപോലെ ധാരാളം പേർ അതേ ചിന്തയോടുകൂടി ജീവിക്കുന്നു. ആ ധനികനോടായി ദൈവം ഇപ്രകാരമാണ് പറയുന്നത്. "ദോഷാ, ഈ രാത്രിയിൽ നിന്റെ ആത്മാവിനെ നിന്നിൽനിന്ന് ആവശ്യപ്പെടും. അപ്പോൾ നീ ഒരുക്കി വെച്ചിരിക്കുന്നത് ആരുടേതാകും". ജീവിതയാത്രയിൽ നമ്മുടെ ശരീരത്തെപ്പറ്റി മാത്രം ചിന്തിക്കാതെ, ആത്മാവിന്റെ അവസ്ഥയെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കണമെന്നാണ് ഇതിലൂടെ ദൈവം നമ്മെ ഓർമ്മിപ്പിക്കുന്നത്. ജീവിതയാത്രയുടെ അന്ത്യം മരണത്തിൽ അവസാനിക്കുന്നു എന്ന് എല്ലാവർക്കുമറിയാമല്ലോ. മരണസമയത്തുള്ള നമ്മുടെ ആത്മാവിന്റെ അവസ്ഥ വളരെയധികം പ്രധാനപ്പെട്ടതാണ്. മരണം എപ്പോഴാണ് കടന്നുവരുന്നതെന്ന് നമുക്ക് അറിയാത്തതിനാൽ ആത്മാവ് എപ്പോഴും അതിന് ഒരുക്കപ്പെട്ട അവസ്ഥയിലായിരിക്കേണ്ടിയിരിക്കുന്നു. അതായത് ജീവിതയാത്രയിൽ ഓരോനിമിഷവും നമ്മുടെ ആത്മാവ് വിശുദ്ധിയിലായിരിക്കണമെന്ന് ചുരുക്കം. ജീവിതയാത്രയിൽ എപ്പോഴും അമരത്വത്തെക്കുറിച്ചുള്ള ഒരു ചിന്തയുടെ, തീപ്പൊരി നമ്മുടെ ഹൃദയത്തിൽ ഉണ്ടായിരിക്കേണ്ടിയിരിക്കുന്നു.
ഈ ലോകത്തിലേക്ക് പിറന്നു വീഴുന്ന ഓരോ മനുഷ്യസൃഷ്ടിക്കും ദൈവം ഒരു ദൂതും ഉദ്ദേശിക്കുന്നുണ്ട്. ഈ ദൂത് ഓരോ വ്യക്തിക്കും പൂർത്തീകരിക്കുവാൻവേണ്ടി ദൈവം പ്രത്യേക പദ്ധതികൾ അവർക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്. ജീവിതയാത്രയിലൂടെ നാം കടന്നു പോകുമ്പോൾ നമ്മെ ഏല്പിച്ച ദൂത് പൂർത്തീകരിക്കേണ്ടതായിട്ടുണ്ട്. ഈ യാത്രയിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ വിശുദ്ധീകരണം ആണ് ദൈവം ലക്ഷ്യമിടുന്നത്. ഇതിലൂടെ അവസാനം നമ്മുടെ നിത്യതയാണ് ദൈവം ഉദ്ദേശിക്കുന്നത്. ജീവിതയാത്രയിൽ സഹനങ്ങൾ നമ്മുടെ വിശുദ്ധീകരണത്തിനുള്ള അവസരങ്ങളായി ദൈവം മാറ്റുന്നു.
അതിലൂടെ നമുക്ക് ധാരാളം ദൈവകൃപകളും ലഭ്യമാകുന്നു. ഈ ലോകത്തിൽ നാം ജീവിച്ചുകൊണ്ട് ലോകത്തിന് നേത്രത്വമായി മാറുവാൻ ആണ് ദൈവം ആഗ്രഹിക്കുന്നത്. "നിങ്ങൾ ഈ ലോകത്തിന് അനുരൂപരാകരുത്" എന്ന വചനത്തിലൂടെ ഇതാണ് ദൈവം ഉദ്ദേശിക്കുന്നത് ഇതിലൂടെ എന്തുകൊണ്ട് നമ്മുടെ ജീവിതത്തിൽ സഹനങ്ങൾ ദൈവം അനുവദിക്കുന്നതെന്ന് വ്യക്തമാകുമല്ലോ.
നമ്മെപ്പോലെ തന്നെ ഒരു മനുഷ്യസൃഷ്ടിയായിരുന്നല്ലോ ദൈവമാതാവായ കന്യകമറിയം. അമ്മ നമ്മെപ്പോലെ ലോകത്തിൽ ജീവിച്ചുകൊണ്ട്, ലോകത്തിന്റേതായി മാറി. ഇതുവഴി അമ്മ നമുക്ക് ഒരു മാതൃക കാണിച്ചു തരികയായിരുന്നു. ഹ്രസ്വമായ ഈ ജീവിതയാത്രയുടെ അന്ത്യത്തിൽ നാം ശാരീരിക മരണത്തിലേക്ക് കടക്കുന്നു. നിത്യതയിലേക്കുള്ള വാതിലാണ് മരണം. ഈ മരണത്തിനുശേഷം നാം ലക്ഷ്യമാക്കുന്നത് നിത്യസ്വർഗ്ഗമാണോ, നിത്യനരകമാണോ? ജീവിതയാത്രയിൽ നിത്യസ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുവാനുള്ള നിക്ഷേപങ്ങൾ എന്റെ കൈവശമുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പൗരത്വം സ്വർഗ്ഗത്തിലാണ് എന്നല്ലേ ദൈവവചനം പറയുന്നത്. യേശു തന്റെ കുരിശുമരണവഴി നമ്മെ വീണ്ടെടുത്തിരിക്കുന്നു. ഈ സൗജന്യരക്ഷ നാം ഇരുകരങ്ങളും നീട്ടി സ്വീകരിക്കുവാൻ തയ്യാറാണെങ്കിൽ മാത്രമേ നമുക്ക് അതു ലഭിക്കുകയുള്ളൂ. ഈ രക്ഷ ദൈവത്തിന്റെ ദാനമാണ്. ഇതു നമ്മുടെ ശ്രമത്താൽ നാം നേടുന്നതല്ല ഒപ്പം തന്നെ രക്ഷ വ്യക്തിപരവുമാണ്. വിശ്വാസം വഴി കൃപയാലാലണല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നാണല്ലോ വി. പൗലോസ് പറയുന്നത്. പാപം വിട്ടൊഴിഞ്ഞ് മാനസാന്തരത്തിലേക്ക് കടന്നുവരുവാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്. അതായത് പാപവഴികളിലൂടെയുള്ള നമ്മുടെ യാത്രയിൽ ഒരു യു ടേൺ (U-Turn) എടുക്കേണ്ടിയിരിക്കുന്നു. ഇതാണ് മനഃപരിവർത്തനം അല്ലെങ്കിൽ മാനസാന്തരം കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് പാപവഴികളോടുള്ള സ്ഥിരമായുള്ള ഒരു വിടപറച്ചിൽ. ധൂർത്തുപുത്രന്റെ ഉപമയിലൂടെ പിതാവ് കണ്ണിലെണ്ണയൊഴിച്ച് തന്റെ പ്രിയപുത്രന്റെ മടങ്ങിവരവിനായും മാനസാന്തരത്തിനായും കാത്തിരിക്കുന്നു അതുപോലെ നമ്മെയും ദൈവം കാത്തിരിക്കുന്നു. ഒരു പാപിയുടെ മാനസാന്തരത്തിൽ സ്വർഗ്ഗം മുഴുവൻ ആനന്ദിക്കുന്നു എന്നാണല്ലോ ദൈവവചനം വെളിപ്പെടുത്തുന്നത്. നമ്മെ സൃഷ്ടിക്കുകയും, പരിപാലിക്കുകയും, രക്ഷിക്കുകയും ചെയ്ത ദൈവത്തെ നാം പ്രസാദിപ്പിക്കേണ്ടതല്ലേ?" കണ്ടാലും, എത്രമാത്രം സ്നേഹമാണ് ദൈവം നമ്മോട് കാണിച്ചത്, നാം ദൈവമക്കളെന്ന് വിളിക്കപ്പെടുന്നു. നാം അങ്ങനെയല്ലാത്തവരും". പാപത്തിൽ തുടരുമ്പോൾ നാം ദൈവമക്കളെന്ന സ്ഥാനം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. യേശു തന്റെ കുരിശുമരണവും, ഉത്ഥാനവുംവഴി നേടിത്തന്ന ഈ പദവി എത്രയധികം വിലമതിക്കാനാവാത്തതാണ്. താല്ക്കാലികമായ ഈ ലോക ജീവിതത്തിന് ഇത്രയധികം പ്രാധാന്യം കൊടുക്കേണ്ടതില്ലല്ലോ.
ജീവിത യാത്രയെന്നത് ഒരു ഓട്ടക്കാരന്റെ ഓട്ടംപോലെയാണ്. തിരിഞ്ഞുനോക്കാതെ, ഇടംവലം നോക്കാതെ ലക്ഷ്യത്തിൽമാത്രം ദൃഷ്ടി ഉറപ്പിച്ചുകൊണ്ടുള്ള ഓട്ടം. നിത്യജീവന്റെ പാതയിലൂടെയുള്ള ഒരു ഓട്ടം. തിരിഞ്ഞു നോക്കുകയോ, നോട്ടം തെറ്റുകയോ ചെയ്താൽ ലക്ഷ്യത്തിലെ ത്താൻ ബുദ്ധിമുട്ടായിരിക്കും. യേശു കടലിനുമുകളിലൂടെ നടന്നപ്പോൾ പ്രിയ ശിഷ്യനായ പത്രോസിന് അതുപോലെ നടക്കുവാൻ ആഗ്രഹം തോന്നി. യേശുവിൽ മാത്രം ദൃഷ്ടി ഉറപ്പിച്ചുകൊണ്ട് അദ്ദേഹം നടന്നു. ഇടയ്ക്ക് ദൃഷ്ടി യേശുവിൽനിന്നും മാറി ചുറ്റുമുള്ള കടലിലേക്കും തിരമാലകളിലേക്കുമായപ്പോൾ, ഭയപ്പെടുകയും കടലിൽ വീഴുകയും ചെയ്തു. എങ്കിലും ദൃഷ്ടി വീണ്ടും യേശുവിലേക്ക് തിരിക്കുവാൻ അദ്ദേഹത്തിന് കൃപ ലഭിച്ചു. അതിനാൽ വീണ്ടും വീഴാതെ കടലിനുമീതെ നടക്കുവാൻ സാധിച്ചു. എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചുകൊണ്ട്, മുന്നിലുള്ളവയെ ലക്ഷ്യമാക്കി ഞാൻ ഓടുന്നു എന്ന് വി. പൗലോസ് പറയുന്നു. അങ്ങനെയയാണെങ്കിൽ നിത്യതയുടെ തീരത്ത് നമുക്ക് എത്തിച്ചേരാം. അവിടെ സ്വർഗ്ഗപിതാവും ഏക രക്ഷകനുമായ യേശുവും പരിശുദ്ധാത്മാവും, പരിശുദ്ധ അമ്മയും, വിശുദ്ധരും മാലാഖമാരുമുണ്ട്. എല്ലാവരും അവിടെ എത്തിച്ചേരുവാൻ അർഹരാകട്ടെ എന്ന് പ്രാർത്ഥിക്കാം. നാമെല്ലാം സ്വർഗ്ഗപിതാവിന്റെ മക്കളാണല്ലോ. ആ അപ്പന്റെ മക്കളെല്ലാം സ്വർഗ്ഗത്തിൽ ഒന്നി ച്ചു കൂടുവാനായി ഭാഗ്യം ലഭിക്കട്ടെ. യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന.