Knanaya Deepam

loading

പുതുവർഷത്തിന്റെ അക്ഷരമുറ്റത്തേക്ക്: പ്രതിഭകളും പ്രതിബദ്ധതയുമുള്ള ഒരു തലമുറ വളരട്ടെ

വേനലവധിയുടെ ആഹ്ലാദ ദിനങ്ങൾക്ക് വിരാമമിട്ട് പുത്തൻ പ്രതീക്ഷകളോടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വീണ്ടും വിദ്യാലയങ്ങളിലേക്ക് ചുവടുവെക്കുകയാണ് . അറിവിന്റെയും സൗഹൃദത്തിന്റെയും പുതിയൊരു അദ്ധ്യയന വർഷത്തിന് തുടക്കമാകുമ്പോൾ എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥിനീ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു . പഠനത്തിലൂടെ നിങ്ങളുടെ ഭാവി ഏറ്റവും മനോഹരമാക്കുവാൻ സർവ്വശക്തനായ ദൈവം തമ്പുരാൻ നിങ്ങളെ ഏവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ .

വിദ്യാഭ്യാസം എന്നത് കേവലം പുസ്തകവിജ്ഞാനം നേടലോ പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങലോ മാത്രമല്ല; അത് വ്യക്തിത്വ രൂപീകരണത്തിന്റെ കൂടി പ്രക്രിയയാണ് . മാറുന്ന ലോകത്ത് അറിവിനൊപ്പം നന്മയും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു തലമുറയായി വളരാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കേണ്ടതുണ്ട് .

പ്രത്യേകിച്ച്, ക്‌നാനായ സമുദായത്തിലെ പ്രിയപ്പെട്ട കുട്ടികളോട് എനിക്ക് പങ്കുവെക്കാനുള്ളത് വലിയൊരു സ്വപ്നമാണ് . നമ്മുടെ സമുദായത്തിലെ കുട്ടികൾ തങ്ങളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തി ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കണം . അതോടൊപ്പം തന്നെ, രാജ്യം ഭരിക്കുന്ന സിവിൽ സർവീസിന്റെ ഉന്നത പദവികളിലേക്കും, നാടിന്റെ ദിശ നിർണ്ണയിക്കുന്ന രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലേക്കും സമുദായത്തിലെ പുതിയ തലമുറ സധൈര്യം കടന്നുവരേണ്ടതുണ്ട് . ഭരണനേതൃത്വത്തിലും സാമൂഹിക സേവനരംഗത്തും സജീവ സാന്നിധ്യമായി മാറാൻ നമ്മുടെ കുട്ടികൾ ഇന്നുതൊട്ടേ സ്വയം സജ്ജരാകണം .

ജാതി-മത ചിന്തകൾക്കതീതമായി സ്നേഹത്തിലും സാഹോദര്യത്തിലും ഒന്നിച്ച് വളരാൻ ഈ വിദ്യാലയകാലം എല്ലാവർക്കും പ്രചോദനമാകട്ടെ . കുട്ടികളെ സ്നേഹത്തോടെയും കരുതലോടെയും വഴിനടത്തുന്ന മാതാപിതാക്കൾക്കും അധ്യാപകർക്കും ഈ പുതിയ അധ്യയനവർഷം ഏറെ അനുഗ്രഹീതമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു .

അഭിമാന നിമിഷം: നമ്മുടെ ഓതറ നസ്രേത്ത് ഫാർമസി കോളേജിന് ഉജ്ജ്ജല വിജയം!

നമ്മുടെ സമുദായത്തിന്റെ കീഴിലുള്ള നസ്രേത്ത് ഫാർമസി കോളേജിന് അഭിമാനകരമായ നേട്ടം . കേരള ആരോഗ്യ സർവ്വകലാശാല പ്രസിദ്ധീകരിച്ച 2026-ലെ പരീക്ഷാ ഫലങ്ങളിൽ, ബി.ഫാം (B.Pharm) ഫൈനൽ ബാച്ച് വിദ്യാർത്ഥികൾ 100% വിജയം കരസ്ഥമാക്കിയെന്ന സന്തോഷവാർത്ത ഏവരേയും അറിയിക്കുന്നു . ബി.ഫാമിന് പുറമേ, Pharm D, എം.ഫാം (M.Pharm) കോഴ്സുകളിലും കോളേജ് 100% വിജയം നിലനിർത്തിയിട്ടുണ്ട് . കൂടാതെ, സംസ്ഥാന തലത്തിൽ നടന്ന ഫാർമസി കോളേജ് കലാമത്സരങ്ങളിൽ നമ്മുടെ കോളേജ് നാലാം സ്ഥാനം കരസ്ഥമാക്കി കലാരംഗത്തും മികവ് തെളിയിച്ചു .

ഈ ഉജ്ജ്ജല വിജയത്തിനായി കഠിനപ്രയത്നം ചെയ്ത പ്രിയ വിദ്യാർത്ഥികളെയും, അവർക്ക് മാർഗ്ഗനിർദ്ദേശം നൽകിയ പ്രിൻസിപ്പാൾ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു . ഒപ്പം കോളേജിന്റെ ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മാനേജർ സെക്രട്ടറി, ഗവേണിംഗ് ബോഡി അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തെയും സ്മരിക്കുന്നു . വരും വർഷങ്ങളിലും നമ്മുടെ സ്ഥാപനത്തിന് ഇതിലും മികച്ച വളർച്ചയും വിജയങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു . നമ്മുടെ സമുദായത്തിലെ കുട്ടികൾക്ക് ഫാർമസി കോളേജിൽ എല്ലാ രീതിയിലും വലിയ പരിഗണന ലഭിക്കും . കുട്ടികളെ കോളേജിൽ ചേർക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ മാനേജ്മെന്റുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു .

ക്ലീമീസ് സ്കൂൾ

ക്നാനായ സമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങൾ ചാർത്തിക്കൊണ്ട്, ഈ അധ്യയന വർഷത്തെ പത്താം ക്ലാസ്, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉജ്ജ്ജല വിജയം കൈവരിച്ച നമ്മുടെ പ്രിയപ്പെട്ട ക്ലീമീസ് സ്കൂളിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ! കഠിനാധ്വാനത്തിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായി ഈ ഉന്നത വിജയം സമ്മാനിച്ച നമ്മുടെ പ്രിയപ്പെട്ട വിദ്യാർത്ഥികളെ ഓർത്ത് സമുദായം ഏറെ അഭിമാനിക്കുന്നു .

ഈ വലിയ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാലയത്തിന്റെ ചാലകശക്തികളായ ബഹുമാനപ്പെട്ട പ്രിൻസിപ്പാളിനും, ത്യാഗമനസ്കരായ അധ്യാപകർക്കും, സ്തുത്യർഹമായ സേവനം കാഴ്ചവെച്ച മറ്റ് ജീവനക്കാർക്കും, വിദ്യാലയത്തിന് കരുത്തറ്റ നേതൃത്വം നൽകുന്ന ബഹുമാനപ്പെട്ട മാനേജർക്കും, ദീർഘവീക്ഷണത്തോടെ വഴികാട്ടുന്ന ഗവേണിംഗ് ബോഡി അംഗങ്ങൾക്കും, പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന രക്ഷകർത്താക്കൾക്കും മാനേജ്മെന്റെിന്റെയും സമുദായത്തിന്റെയും പേരിൽ സ്നേഹാദരങ്ങൾ നിറഞ്ഞ അഭിനന്ദനങ്ങളും കൃതജ്ഞതയും രേഖപ്പെടുത്തുന്നു .

നമ്മുടെ ഈ അക്കാദമിക് മികവ് വരുംവർഷങ്ങളിലും കൂടുതൽ കരുത്തോടെ തുടരുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . വിജയത്തിന്റെ ഈ ദീപ്തിയിൽ പങ്കുചേരുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഒരിക്കൽക്കൂടി മംഗളങ്ങൾ നേരുന്നു! ക്ലീമീസ് സ്കൂളിന്റെ മാനേജരായിരിക്കുന്ന റവ. ഫാ. എം.സി. സ്കറിയാ മതുരംകോട്ട് അവധിയിൽ പ്രവേശിക്കുന്നതിനാൽ, റവ. ഫാ. ബിബിൻ ആൻഡ്രൂസ് കുന്നുപുറം ക്ലീമീസ് സ്കൂൾ മാനേജരായി ചുമതലയേറ്റു .

നൂറ്റാണ്ടുകളുടെ വിശ്വാസ പാരമ്പര്യവും തനിമയും കാത്തുസൂക്ഷിക്കുന്ന ക്നാനായ സമുദായത്തിന്റെ ആത്മീയ ചൈതന്യവും ഐക്യവും വിളംബരം ചെയ്തുകൊണ്ട്, 1681-ാമത് സുറിയാനി ക്നാനായ സംഗമവും ക്നാനായ കോൺഗ്രസ് വാർഷിക സമ്മേളനവും നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിൽ പ്രൗഢഗംഭീരമായി നടന്നു . ആചാരപരമായ തനിമയും ആഘോഷപ്പൊലിമയും ഒത്തുചേർന്നു മൂന്നു ദിവസത്തെ ഈ സംഗമം സമുദായ ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറി .

സംഗമത്തിന് തുടക്കം കുറിച്ചുകൊണ്ട് നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിൽ ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് പതാക ഉയർത്തി . സമുദായത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെയും വൈദികരുടെയും സാന്നിധ്യത്തിൽ നടന്ന കൊടിയേറ്റ് ചടങ്ങ് ആത്മീയ ഉണർവേകുന്നതായിരുന്നു .

  • ഒന്നാം ദിവസം: വി. കുർബ്ബാനയ്ക്കും കലാമത്സരങ്ങൾക്കും ശേഷം യുവജന സംഗമം, ചരിത്ര സെമിനാർ എന്നിവയും സംഘടിപ്പിച്ചു . ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനം ആന്റോ ആന്റണി എം.പി. ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . വിശ്വാസപാരമ്പര്യങ്ങളിൽ അടിയുറച്ചുനിന്ന് ജീവിതവിജയത്തിലേക്ക് മുന്നേറുന്ന സമൂഹമാണ് ക്നാനായ സമുദായമെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു .

  • സാംസ്കാരിക സമ്മേളനം: തലമുറകളിലൂടെ കൈമാറുന്ന അനുഗൃഹീത പാരമ്പര്യവും മൂല്യവുമാണ് ക്നാനായ സമുദായത്തിന്റെ കരുത്തെന്ന് അധ്യക്ഷപ്രസംഗം നടത്തിയ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് ഓർമ്മിപ്പിച്ചു . സാംസ്കാരിക സമ്മേളനത്തിന്റെ മുഖ്യ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ. അനൂപ് ജേക്കബ് നിർവ്വഹിച്ചു . ചടങ്ങിൽ ഡോ. തോമസ് സാമുവേൽ അനുഗ്രഹപ്രഭാഷണം നടത്തി .

സമുദായത്തിന്റെ അഭിമാനകരമായ ഭവന നിർമ്മാണ പദ്ധതിയായ 'സേവേറിയോസ് ഹൗസിങ്ങ് പ്രോജക്ട്' സമുദായ സെക്രട്ടറി റ്റി.ഒ. ഏബ്രഹാം തോട്ടത്തിൽ സമ്മേളനത്തിൽ അവതരിപ്പിച്ചു . ക്നാനായ കോൺഗ്രസ് പ്രസിഡന്റ് ഫാ. മാത്യു ഉതുപ്പാൻ ചെറുകരേത്ത്, ജനറൽ സെക്രട്ടറി റോയി ചാക്കോ പുത്തൻപുരയ്ക്കൽ, ട്രസ്റ്റി റ്റി.സി. തോമസ് തോപ്പിൽ, ലിനു ചെറിയാൻ വരാത്ര (വൈസ് പ്രസിഡന്റ്), അനു കുര്യൻ പാടകശ്ശേരി, വലിയ പള്ളി വികാരി ഫാ. ബിബിൻ ആൻഡ്രൂസ് കുന്നുപുറത്ത്, ലിൻസോ ഏലിയാസ് ഇളവംകുളം തുടങ്ങിയവർ പ്രസംഗിച്ചു .

ആവേശകരമായ സമാപനം

മൂന്നാം ദിവസം ഭക്തിനിർഭരമായ വിശുദ്ധ കുർബ്ബാനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത് . കുട്ടികളുടെ ആവേശകരമായ കലാമത്സരങ്ങളും വാണിജ്യ-വസ്ത്ര പ്രദർശനങ്ങളും ഫുഡ് സ്റ്റാളുകളും സംഗമത്തിന് ജനകീയ മുഖം നൽകി .

വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് അധ്യക്ഷത വഹിച്ചു . ബഹുമാനപ്പെട്ട സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . ആചാരപരമായും ആഘോഷപരമായും വ്യക്തിത്വം നിലനിർത്തി മുന്നോട്ടുപോകുന്ന സമൂഹമാണ് ക്നാനായ സമുദായമെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു .

ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സാമൂഹിക സാംസ്കാരിക ജീവിതത്തിലും ക്നാനായ സമുദായം നൽകിയ പങ്കിനെ ആർക്കും നിഷേധിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി . ദൈവാലയങ്ങളിൽ പകൽവീട് പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു .

ചാണ്ടി ഉമ്മൻ എം.എ.എൽ., ഡോ. സാമുവൽ മാർ തിയോഫിലോസ് മെത്രാപ്പോലീത്ത, ഫാ. ഡോ. എബ്രഹാം ചാക്കോ, ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, ക്നാനായ സമുദായ സെക്രട്ടറി റ്റി.ഒ. ഏബ്രഹാം തോട്ടത്തിൽ, ക്നാനായ കോൺഗ്രസ് ജനറൽ സെക്രട്ടറി റോയി പുത്തൻപുരയ്ക്കൽ, മഞ്ചു ഏബ്രഹാം വലിയപറമ്പിൽ, ലിൻസോ ഏലിയാസ് ഇളവംകുളം (ജനറൽ കൺവീനർ), ലിനു ചെറിയാൻ വരാത്ര, സജി താന്നിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു . ചടങ്ങിൽ വനിതാ പൈലറ്റ് കാളിശ്ശേരിൽ മേഴ്സി തോമസിനെ ആദരിച്ചു .

ക്നാനായ സുറിയാനി സമുദായ സംഗമം നടക്കുന്നതിന് വഴിയൊരുക്കിത്തന്ന നീലംപേരൂർ സെന്റ് ജോർജ് ദൈവാലയത്തിലെ ഇടവകജനങ്ങളെയും കമ്മിറ്റി അംഗങ്ങളെയും വികാരിയെയും അഭിനന്ദിക്കുന്നു . ക്നാനായ സമുദായത്തിന്റെ ചരിത്രത്തിലും പാരമ്പര്യത്തിലും വരുംതലമുറകൾക്ക് വലിയ ആവേശവും ആത്മവിശ്വാസവും പകർന്നുനൽകിക്കൊണ്ടാണ് 1681-ാമത് സുറിയാനി ക്നാനായ സംഗമത്തിന് നീലംപേരൂരിൽ തിരശ്ശീല വീണത് .

 "മത്സരമല്ല, വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്ന് മനസ്സിലാക്കണം. ദൈവഭക്തിയും നല്ല സ്വഭാവവും കഠിനാദ്ധ്വാനവും ചേർന്നാൽ ഓരോ കുട്ടിക്കും സമൂഹത്തിന് പ്രകാശമാകാൻ കഴിയും."


പ്രിയപ്പെട്ടവരെ, “സന്തോഷത്തോടെ കൊടുക്കുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത്." (2 കൊരി. 9:7) നമ്മുടെ സമുദായത്തിലെ ഭവനരഹിതരായ പ്രിയപ്പെട്ടവർക്കായി 'സേവേറിയോസ് ഹൗസിങ്ങ് പ്രോജക്ടിന്റെ' ഭാഗമായി നടപ്പിലാക്കുന്ന 'ഏഴില്ലം പദ്ധതി'യെ അകമഴിഞ്ഞ് പിന്തുണച്ച എല്ലാവരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു . ക്നാനായ സമുദായത്തെ നെഞ്ചേറ്റുന്ന വാട്സാപ്പ് കൂട്ടായ്മയിലെയും അതിന് പുറത്തുള്ളവരുമായ നിരവധി സമുദായസ്നേഹികൾ ഈ മഹത്തായ ലക്ഷ്യത്തിനായി കൈകോർത്തു കഴിഞ്ഞു . 500 രൂപ മുതൽ 10,000, 20,000, 30,000 രൂപ വരെ ഈ പദ്ധതിക്കായി സംഭാവന ചെയ്ത ധാരാളം വ്യക്തികളുണ്ട് . ഇവരുടെ വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ് .

ഈ കാരുണ്യപ്രവർത്തിയിൽ പങ്കാളിയായി ഒരു ലക്ഷം രൂപ നൽകിയ സജി ഫിലിപ്പ് കളരിത്തറ ചിക്കാഗോയ്ക്കും, 2,64,082 രൂപ നൽകി വലിയ മാതൃക കാണിച്ച NAMKC വുമൺസ് ഫോറം പ്രവർത്തകർക്കും വാക്കുകൾക്ക് അതീതമായ നന്ദിയും കൃതജ്ഞതയും ഹൃദയത്തിന്റെ ഭാഷയിൽ രേഖപ്പെടുത്തുന്നു . കേവലം ഒരാഴ്ചക്കുള്ളിൽ 150 പേർ കൈകോർത്തപ്പോൾ 10 ലക്ഷത്തിലധികം രൂപ സമാഹരിക്കാൻ കഴിഞ്ഞു എന്നത് ചെറിയൊരു കാര്യമല്ല . നമ്മുടെ ഈ ഭവനപദ്ധതിയിൽ വാട്സാപ്പ് കൂട്ടായ്മയുടെ പേര് എന്നെന്നേക്കുമായി ആലേഖനം ചെയ്യപ്പെടുന്നതായിരിക്കും .

ഈ നന്മ നിറഞ്ഞ സംരംഭത്തിന് തുടക്കം കുറിക്കുകയും, ഏവരേയും ഒരുമിപ്പിച്ചു നിർത്തി ഇതിന് മുൻകൈ എടുക്കുകയും ചെയ്ത ജോയി ചിറ്റേടത്ത്, ലിജോമോൻ ഇളവംകുളം, സജി ചിക്കാഗോ, റിറ്റു കാലായിൽ ഉൾപ്പെടെയുള്ള എല്ലാ പ്രിയപ്പെട്ടവരുടെയും പ്രയത്നങ്ങൾക്ക് ദൈവം തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കുമെന്നതിൽ യാതൊരു സംശയവുമില്ല . ധാരാളം ആളുകൾ മുൻപോട്ടു വരുന്നതിനാൽ അടുത്ത ഒരു ഭവനത്തിന് വേണ്ടിയും ഇതിന്റെ സംഘാടകർ പ്രവർത്തനം തുടങ്ങി എന്നാണ് അറിയുവാൻ കഴിഞ്ഞത് . എല്ലാവരുടെയും സഹകരണവും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു .

ഒരു സന്തോഷവാർത്ത കൂടി അറിയിക്കട്ടെ . അമേരിക്കയിലെ ഫിലാഡൽഫിയ സെന്റ് മേരീസ് ദൈവാലയം ഒരു ഭവനം സ്പോൺസർ ചെയ്യാമെന്ന് വികാരി റെന്നി ഏബ്രഹാം അച്ചൻ അറിയിക്കുകയുണ്ടായി . അതുപോലെ അമേരിക്കയിലെ ഹൂസ്റ്റൺ (Houston) സെന്റ് ജെയിംസ് ദൈവാലയം 'സേവേറിയോസ് ഹൗസിങ്ങ് പ്രോജക്റ്റിൽ' ഒരു ഭവനം വാഗ്ദാനം ചെയ്തിരുന്നു . അതിനുപുറമേ, ഇപ്പോൾ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരാൾ കൂടി അതേ ദൈവാലയത്തിൽ നിന്ന് ഒരു ഭവനംകൂടി സ്പോൺസർ ചെയ്യാൻ മുന്നോട്ടു വന്നിട്ടുണ്ട് എന്ന വിവരം ഹൂസ്റ്റൺ പള്ളി വികാരി ബഹു. പ്രസാദ് കോവൂർ അച്ചൻ വിളിച്ചറിയിച്ചിരിക്കുന്നു .

ഹൂസ്റ്റൺ (Houston) സെന്റ് ജെയിംസ് ദൈവാലയത്തോടും, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ മാന്യവ്യക്തിയോടും നേരത്തെ ഒരു ഭവനം നിർമ്മിച്ച് നൽകുന്നതിന് സ്പോൺസർ ചെയ്ത ശ്രീ. ബാബു പട്ടുകാല ബഹറലിനോടും മാന്നാർ മാലിയിൽ (നിലവിൽ കാനഡ) താമസിക്കുന്ന ബഹുമാന്യനായ ശ്രീ. എം.എം. ചെറിയാനോടും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും സമുദായത്തിനു വേണ്ടി അറിയിക്കുന്നു . ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ .

“ദരിദ്രനോട് കരുണ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു. അവൻ ചെയ്ത നന്മയ്ക്ക് അവൻ പ്രതിഫലം നൽകും." (സദ്യ. 19:17) ഈ സൽപ്രവർത്തിയിൽ പങ്കാളികളായ എല്ലാവർക്കും ഒരിക്കൽക്കൂടി എന്റെയും സമുദായത്തിന്റെയും പേരിലുള്ള ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു .

വേനലവധിക്കു ശേഷം കേരള ഹൈക്കോടതി വീണ്ടും തുറന്നതോടെ, സമുദായ മെത്രാപ്പോലീത്തായ്ക്കെതിരെയുള്ള കേസിന്റെ വാദം ഹൈക്കോടതിയിൽ പുനരാരംഭിച്ചു .

കല്പന സംബന്ധിച്ച അറിയിപ്പ്

“റാന്നി വെച്ചൂച്ചിറ സ്വദേശി ടെസ്റ്റൺ തോമസ് കടപ്പനങ്ങാട്ടിന് സമുദായ മെത്രാപ്പോലീത്തായുടെയോ, വൈദിക കൗൺസിലിന്റെയോ സമുദായ ആസ്ഥാനമായ മോർ അപ്രേം സെമിനാരിയുടെയോ അനുമതിയില്ലാതെ ക്നാനായ സമുദായ ഭരണഘടനയ്ക്ക് വിരുദ്ധമായി സഹായ മെത്രാച്ചന്മാർ ശെമ്മാശുപട്ടം കൊടുത്തതിന് എതിരായി ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്ത 2026 മെയ് 16 ന് സമുദായത്തിലെ എല്ലാ ദൈവാലയങ്ങൾക്കും No.61/26 ആയി കല്പന ഇറക്കുകയുണ്ടായി . കല്പനയിൽ പറയുന്നത് സമുദായത്തിന്റെ ഭരണഘടനയും അച്ചടക്കവും ലംഘിക്കുന്ന പ്രവണതകൾക്കെതിരെ ശക്തമായ നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നു .

2026 മെയ് 15 ന് സമുദായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള വള്ളംകുളം ബെഹ്റിൻ ചാപ്പലിൽ വെച്ച് സമുദായ മെത്രാപ്പോലീത്തായുടെ അനുവാദമോ ശുപാർശയോ ഇല്ലാതെ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജിലെ രണ്ടാം വർഷ ബി.ഡി. വിദ്യാർത്ഥിയും വെച്ചൂച്ചിറ സെന്റ് മേരീസ് ക്നാനായ പള്ളി ഇടവകാംഗവുമായ ശ്രീ. ടെസ്റ്റൻ തോമസിന് മോർ ഗ്രീഗോറിയോസ് കുറിയാക്കോസ് തിരുമേനി ശെമ്മാശുപട്ടം നൽകിയ നടപടിയെ സമുദായ മെത്രാപ്പാലീത്തായുടെ കല്പനയിൽ പൂർണ്ണമായി തള്ളിപ്പറയുന്നു . ഈ പ്രവർത്തി ക്നാനായ സമുദായ ഭരണഘടനയുടെ 92 ബി വകുപ്പിന്റെ നഗ്നമായ ലംഘനമാണെന്നും, സമുദായ അസ്സോസിയേഷൻ തീരുമാനങ്ങളെ പരസ്യമായി തള്ളിപ്പറയുന്നതാണെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാണിക്കുന്നു . നേരത്തെ ബാംഗ്ലൂർ യു.റ്റി.സി.യിൽ പഠനത്തിനായി സ്കോളർഷിപ്പ് അടക്കമുള്ള ക്രമീകരണങ്ങൾ സമുദായം ചെയ്തുകൊടുത്തിരുന്നിട്ടും, അധികാരികളെ തെറ്റിദ്ധരിപ്പിച്ച് പട്ടം സ്വീകരിക്കാൻ നടത്തിയ മുൻശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ കോളേജ് അധികൃതരെ ബോധ്യപ്പെടുത്തി തിരുത്തിച്ചിരുന്ന കാര്യവും കല്പനയിൽ ഓർമ്മിപ്പിക്കുന്നുണ്ട് .

സമുദായ മെത്രാപ്പോലീത്തായുടെ അറിവോ സമ്മതമോ ഇല്ലാതെ തികഞ്ഞ അനുസരണക്കേടോടെ നടത്തിയ ഈ ശുശ്രൂഷയെ തുടർന്ന്, 2026 മെയ് 15 ന് കൂടിയ ക്നാനായ വൈദിക കൗൺസിലിന്റെ ശുപാർശ പ്രകാരം കർശനമായ അച്ചടക്ക നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത് . ക്നാനായ സമുദായത്തിലെ പള്ളികളിലെ ആരാധനകളിലോ മറ്റ് ആത്മീയ ശുശ്രൂഷകളിലോ ശ്രീ. ടെസ്റ്റൻ തോമസിനെ ഒരു ശെമ്മാശനായി യാതൊരു കാരണവശാലും സഹകരിപ്പിക്കുവാൻ പാടില്ലെന്ന് കല്പനയിലൂടെ കർശനമായി അറിയിച്ചു .

ബന്ധപ്പെട്ട വികാരിമാരും ഇടവക നിർവ്വാഹക സമിതി അംഗങ്ങളും സമുദായ ഭരണസമിതി ഭാരവാഹികളും ക്നാനായ സമുദായാംഗങ്ങളും ഈ നിർദ്ദേശം കൃത്യമായി ശ്രദ്ധിക്കണമെന്നും, സമുദായത്തിന്റെ ഐക്യത്തെയും നിയമങ്ങളെയും വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകൾ ഇനി മേലിൽ ഒട്ടും അനുവദിക്കുകയില്ലെന്നും മെത്രാപ്പോലീത്ത ചിങ്ങവനം മോർ അപ്രേം സെമിനാരിയിൽ നിന്നും പുറപ്പെടുവിച്ച കല്പനയിൽ വ്യക്തമാക്കുന്നു .

ഭാവിയിൽ ഭരണഘടന ലംഘിക്കുന്ന എല്ലാവർക്കും ഇതൊരു മുന്നറിയിപ്പ് ആയിരിക്കും എന്ന് കരുതുന്നു . നമ്മൾ എല്ലാവരും ഒത്തൊരുമയോടുകൂടി പ്രവർത്തിച്ചാൽ നമ്മുടെ സമുദായം വലിയ അഭിവൃദ്ധിയിലേക്ക് കുതിക്കും എന്നുള്ളതിന് യാതൊരുവിധ സംശയവുമില്ല . സമുദായത്തിന്റെ ഉന്നതിക്കായി എല്ലാവരുടെയും പൂർണ്ണമായ സഹകരണവും പങ്കാളിത്തവും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു.”