നമ്മുടെ ജീവിതമാകുന്ന കടലിൽ അപ്രതീക്ഷിതമായി പ്രതിസന്ധികളുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടാം; തളർത്തിക്കളയുന്ന പരീക്ഷണങ്ങളുടെ കാറ്റുകൾ വീശിയടിക്കാം. എന്നാൽ ഭയപ്പെടാതെ വിശ്വാസത്തോടെ മുന്നേറാൻ ദൈവവചനം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. മർക്കോ. 4:39-ൽ നാം വായിക്കുന്നു: “അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: അനങ്ങാതിരിക്കുക എന്നു പറഞ്ഞു; കാറ്റ് അമർന്നു, വലിയ ശാന്തത ഉണ്ടായി.” ചിലപ്പോൾ യോനായെപ്പോലെ ദൈവകല്പനയെ ধിക്കരിച്ച് നാം അവനിൽനിന്ന് അകന്നുപോകുമ്പോൾ ജീവിതത്തിൽ അശാന്തിയുടെ കാറ്റുകൾ വീശിയടിച്ചേക്കാം. അത്തരം സാഹചര്യങ്ങളിൽ ആത്മാർത്ഥമായ മാനസാന്തരം നമ്മെ വീണ്ടും ദൈവസന്നിധിയിലേക്ക് നയിക്കുകയും ഹൃദയത്തിൽ വലിയ ശാന്തത പകരുകയും ചെയ്യും.
എന്നാൽ എല്ലാ കൊടുങ്കാറ്റുകളും നമ്മുടെ തെറ്റുകളുടെ ഫലമല്ല. ഇയ്യോബിനെപ്പോലെ നീതിമാനായി ജീവിക്കുന്നവർക്ക് ദൈവം തന്റെ മഹത്വത്തിനായി ചില പരീക്ഷണങ്ങൾ അനുവദിച്ചേക്കാം. സമ്പത്തും ആരോഗ്യവും നഷ്ടപ്പെട്ടപ്പോഴും ഇയ്യോബ് തന്റെ വിശ്വാസം കൈവിട്ടില്ല. “എന്റെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നു” എന്ന അവന്റെ ഉറച്ച പ്രത്യാശ, ഏതു പ്രതിസന്ധിയിലും ദൈവമക്കൾക്ക് പ്രചോദനമാണ്. പരീക്ഷണങ്ങൾ നമ്മെ തകർക്കാനില്ല, മറിച്ച് കൂടുതൽ വിശുദ്ധരാക്കാനും ദൈവത്തോടു അടുപ്പിക്കാനുമാണ്.
ശത്രുക്കളുടെ ഭീഷണിയിൽ തകർന്നുപോയ ഏലിയാ പ്രവാചകൻ മരുഭൂമിയിലെ ചൂളച്ചെടിയുടെ തണലിൽ ഇരുന്ന് മരണം ആഗ്രഹിച്ചു. എന്നാൽ ദൈവം അവനെ കൈവിട്ടില്ല. ഹോറേബ് പർവ്വതത്തിലേക്ക് നയിച്ച് പുതുക്കി. അവിടെ ശക്തമായ കാറ്റും ഭൂകമ്പവും തീയും ഉണ്ടായെങ്കിലും അവയിലൊന്നിലും യഹോവ ഉണ്ടായിരുന്നില്ല. “തീയുടെ ശേഷം സാവധാനത്തിൽ ഒരു മൃദുസ്വരം ഉണ്ടായി” (1രാജാ. 19:12). ഇന്നും നമ്മുടെ ഏകാന്തതകളിലും നിരാശകളിലും ആ മൃദുസ്വരം കേൾക്കാം. “ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെ ഉണ്ട്.”
ജീവിതമാകുന്ന പടകിൽ തിരമാലകൾ ആഞ്ഞടിക്കുമ്പോൾ നമ്മുടെ ദൃഷ്ടി എവിടെയാണെന്നത് നിർണ്ണായകമാണ്. പത്രോസ് യേശുവിന്റെ കല്പന പ്രകാരം വെള്ളത്തിന്മേൽ നടന്നതെങ്കിലും, കാറ്റിനെയും തിരമാലകളെയും നോക്കിയപ്പോൾ ഭയപ്പെട്ടു മുങ്ങിത്തുടങ്ങി. എന്നാൽ കർത്താവിനെ വിളിച്ചപ്പോൾ യേശു കൈ നീട്ടി അവനെ രക്ഷിച്ചു. അതുപോലെ, അപ്പസ്തോലനായ പൗലോസ് യാത്ര ചെയ്ത കപ്പൽ ഭീകര കൊടുങ്കാറ്റിൽ അകപ്പെട്ടപ്പോഴും ദൈവവാഗ്ദാനത്തിൽ ആശ്രയിച്ച് ധൈര്യത്തോടെ നിന്നു. “ഭയപ്പെടരുത്; നീ കൈസരുടെ മുൻപിൽ നിൽക്കേണ്ടതാകുന്നു” (അപ്പൊ.പ്ര. 27:24). എന്ന ദൈവവചനം അവന് പ്രത്യാശ നൽകി. സാഹചര്യങ്ങളെയല്ല, സർവ്വാധികാരിയായ ദൈവത്തെയാണ് നാം നോക്കേണ്ടത്.
നമ്മുടെ മുൻപിലുള്ള കഷ്ടതകൾ എത്ര വലുതായി തോന്നിയാലും അവ താല്ക്കാലികമാണ്. 2. കോരി. 4:17-18 നമ്മെ ഓർമ്മിപ്പിക്കുന്നു. “നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്ക് കിട്ടുവാൻ ഹേതുവാകുന്നു.” അതിനാൽ കാണുന്ന പ്രതികൂല സാഹചര്യങ്ങളിലേക്ക് അല്ല, കാണാത്ത നിത്യമായ മഹത്വത്തിലേക്കാണ് നമ്മുടെ കണ്ണുകൾ ഉയരേണ്ടത്.
കൊടുങ്കാറ്റിനെ ശാസിച്ച് ശാന്തമാക്കാൻ അധികാരമുള്ള യേശുക്രിസ്തു ഇന്നും നമ്മുടെ ജീവിത പടകിലുണ്ട്. അവന്റെ സാന്നിദ്ധ്യത്തിൽ ഭയത്തിന് സ്ഥാനമില്ല; അവനിൽ വിശ്വസിക്കുന്നവർ ഒരിക്കലും നിരാശരാകുകയില്ല. കൊടുങ്കാറ്റ് എത്ര ശക്തമായാലും, കാറ്റിനെയും കടലിനെയും നിയന്ത്രിക്കുന്ന കർത്താവ് നമ്മോടുകൂടെയുണ്ടെങ്കിൽ നമ്മുടെ ജീവിതം സുരക്ഷിതമാണ്.