ഉല്പത്തിപുസ്തകം പതിനൊന്നാം അദ്ധ്യായത്തിലാണ് ആകാശത്തോളം എത്തുന്ന ഗോപുരനിർമ്മാണത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് . ആധുനികതലമുറയിലും ഭാഷ കലങ്ങുകയാണെന്ന സൂചനയാണ് ജെൻസി നൽകുന്നത് . കോങ്കോച്ച് ജനതാ പാർട്ടിയുടെ വരവും യുവാക്കൾക്കിടയിൽ ലഭിച്ച അമ്പരപ്പിക്കുന്ന സ്വീകാര്യതയും ഇന്ത്യൻ പൊതുമണ്ഡലത്തിൽ ജെൻസി സംവാദങ്ങളെ ശക്തമാക്കിയിരിക്കുന്നതിനാൽ ഭാഷാ പ്രയോഗങ്ങളിൽ സംഭവിച്ചിരിക്കുന്ന പരിണാമങ്ങളെക്കുറിച്ച് രാഷ്ട്രീയത്തെയും സാംസ്കാരിക വേദികളെയും നയിക്കുന്നവർ യഥാവിധി അറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . ഭാഷയുടെ അടിസ്ഥാന ധർമ്മം ആശയവിനിമയമാണ് . എന്നാൽ, ഡിജിറ്റൽ യുഗത്തിൽ ജെൻസി ഭാഷ നവതലമുറയ്ക്ക് സവിശേഷമായ സാമൂഹ്യ സ്വത്വം പ്രദർശിപ്പിക്കാനുള്ള രഹസ്യകോഡായി മാറിയിരിക്കുന്നു . ഭാഷ ഒരു നിശ്ചലമായ വ്യവസ്ഥയല്ല . അത് കാലാനുസൃതമായി നിരന്തരം മാറുകയാണ് . ഹെർമൻ ഗുണ്ടർട്ടിന്റെയോ ശ്രീകണ്ഠേശ്വരത്തിന്റെയോ നിഘണ്ടുവിലെ അർത്ഥങ്ങൾക്കപ്പുറം മലയാളവാക്കുകളുടെ അർത്ഥവ്യാപ്തിയിൽ അടിമുടി മാറ്റം സംഭവിച്ചുകഴിഞ്ഞു . ശബ്ദതാരാവലി പ്രകാരം ‘തൂക്കുക’ എന്ന വാക്കിന്, ത്രാസിൽ വച്ച് കനം അറിയുക, തൂക്കിലിടുക, അടിച്ചുവാരുക, ഉയർത്തിയെടുക്കുക എന്നീ അർത്ഥങ്ങളാണുള്ളത് . എന്നാൽ 2026-ൽ പുറത്തിറങ്ങിയ ജനപ്രിയ ചിത്രമായ വാഴ -2 ൽ 'തൂക്കി ചുവന്ന കരങ്ങളോടെ' എന്ന ഗാനവരി ഈ പദത്തിന് പുതിയൊരു അർത്ഥം നൽകി . ചുവന്ന ചോര പുരണ്ട കൈയ്യോടെ തന്നെ കുറ്റവാളിയെ പിടികൂടി എന്നർത്ഥം . 'യുഡിഎഫ് തൂക്കി' എന്ന് നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ നാം പലയിടത്തും കണ്ടു . മലയാളഭാഷയുടെ അർത്ഥങ്ങളിലോ, ലിപിയിലോ മാറ്റം വരുത്താനുള്ള അധികാരം പരമ്പരാഗതമായി ഭാഷാപണ്ഡിതരുടെയും സാഹിത്യ സ്ഥാപനങ്ങളുടെയും കരങ്ങളിലായിരുന്നു . എന്നാൽ ഇന്ന് റീലുകളിലൂടെയും സിനിമാഗാനങ്ങളിലൂടെയും സോഷ്യൽ മീഡിയാ പോസ്റ്റുകളിലൂടെയും സാധാരണക്കാർ തന്നെ പുതിയ അർത്ഥങ്ങൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു . 'അടിപൊളി' എന്ന ധ്വനിയിൽ 'പൂക്കി മുഖ്യമന്ത്രി' എന്ന അഭിസംബോധന ഈ പ്രക്രിയയുടെ ഉദാഹരണങ്ങളാണ് .
ജെൻസിയുടെ പദാവലിയിലെ Slay, Ghost, Flex, Based, Cooked തുടങ്ങിയ വാക്കുകൾ വ്യത്യസ്തമായ സാന്ദർഭിക അർത്ഥങ്ങൾ വഹിക്കുന്നു . സ്ലേ എന്ന വാക്കിന് നിഘണ്ടുവിലെ അർത്ഥം ക്രൂരമായി കൊല്ലുക, നശിപ്പിക്കുക എന്നൊക്കെയാണ് . എന്നാൽ ജെൻസി അർത്ഥം തകർത്തു പൊളിച്ചടുക്കി, അല്ലെങ്കിൽ ഗംഭീരമായി ചെയ്തു എന്നാണ് . ഗോസ്റ്റ് എന്ന വാക്കിന് നിഘണ്ടുവിലെ അർത്ഥം ഭൂതം, പ്രേതം എന്നാണ് . ഒരു വിധത്തിലുള്ള മുന്നറിയിപ്പും നൽകാതെ ഒരാളുമായുള്ള എല്ലാ ആശയവിനിമയങ്ങളും പെട്ടെന്ന് അവസാനിപ്പിക്കുക (പ്രത്യേകിച്ച് പ്രണയബന്ധങ്ങളിൽ) എന്നതാണ് ജെൻസി ഭാഷയിൽ അർത്ഥം . ഉദാഹരണത്തിന് 'അവൾ എന്നെ ഗോസ്റ്റ് ചെയ്തു' . ഫ്ലെക്സ് എന്ന വാക്കിന് പേശികൾ എന്നത്രേ! എന്നാൽ ജെൻസികൾ നൽകിയ അർത്ഥം വേറൊന്നാണ് . സ്വന്തം സമ്പത്തോ പദവിയോ നേട്ടങ്ങളോ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി അഹങ്കാരത്തോടെ പ്രദർശിപ്പിക്കുക . ഉദാഹരണത്തിന് പുതിയ വണ്ടി വാങ്ങി അവൻ വല്ലാതെ ഫ്ലെക്സ് ചെയ്യുന്നുണ്ട് . ബെയ്സ്ഡ് എന്ന പദത്തിന് നിഘണ്ടുവിലെ അർത്ഥം, ഒന്നിനെ അടിസ്ഥാനമാക്കിയുള്ളത് എന്നാണ് . മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന് ഭയപ്പെടാതെ, സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുക അല്ലെങ്കിൽ നിർഭയം സത്യം വിളിച്ചു പറയുക എന്നതാണ് ജെൻസി അർത്ഥം . കുക്ക്ഡ് എന്ന വാക്കിന് പാകം ചെയ്യുക എന്നർത്ഥം . ജെൻസി അർത്ഥം ഇതിൽ നിന്നും വേറിട്ടു നിൽക്കുന്നു . പൂർണ്ണമായും പരാജയപ്പെട്ട അല്ലെങ്കിൽ വലിയൊരു പ്രതിസന്ധിയിൽ 'ഞാനാകെ പെട്ടുപോയി' അല്ലെങ്കിൽ 'എന്റെ കാര്യം കട്ടപ്പുകയായി' എന്നർത്ഥം . ശാരീരിക ഉപദ്രവങ്ങൾ പോലുള്ള ഹിംസാത്മക സംഭവങ്ങളെക്കുറിച്ച് വാർത്തകൾ പങ്കുവയ്ക്കുമ്പോൾ kill അല്ലെങ്കിൽ Murder എന്ന വാക്ക് എഴുതുന്നതിനു പകരം മഴുവിന്റെയോ കത്തിയുടെയോ ഇമോജികൾ ഉപയോഗിക്കുന്നു . മുൻതലമുറ ഉച്ചത്തിലുള്ള ചിരിയെ സൂചിപ്പിക്കാൻ എസ്.എം.എസ്. കളിലും മറ്റും LOL (Laugh Out Loud) എന്നാണ് എഴുതിയിരുന്നത് . ഇന്ന് അതിനു പകരം ഒരു തലയോട്ടിയുടെ ഇമോജിയിടുകയാണ് ജെൻസി . I am dead എന്ന അർത്ഥത്തിലുള്ള ഈ ഇമോജി പ്രയോഗം യഥാർത്ഥ മരണത്തെ സൂചിപ്പിക്കുന്നതല്ല, ഞാൻ ചിരിച്ചു മരിച്ചു എന്ന അർത്ഥത്തിലാണ് ജെൻസി പ്രയോഗിക്കുന്നത് .
നാം കണ്ടിരുന്ന - ശീലിച്ചിരുന്ന ഔദ്യോഗിക ഭാഷയുടെ പ്രയോഗത്തെ തകർക്കുന്ന ജനപ്രിയ ഭാഷയുടെ ആഘോഷങ്ങളിൽ മുങ്ങിക്കുളിച്ചു ജീവിക്കുന്ന ആധുനിക തലമുറയോട്, അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുവാൻ ക്രൈസ്തവസഭയെ നയിക്കുന്നവർക്ക് സാദ്ധ്യമാകണം . അല്ലെങ്കിൽ രാജാവും പുരോഹിതനും പണ്ഡിതനും സാധാരണക്കാരനും തമ്മിലുള്ള അതിരുകൾ ഡിജിറ്റൽ യുഗത്തിലെ ജെൻസി കാർണിവലിൽ മങ്ങിപ്പോകും .