വേഗം വരുന്ന നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ പ്രിയ ദീപം വായനക്കാർക്ക് സ്നേഹവന്ദനം.
കർത്താവിൽ പ്രിയരെ,
മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക വ്യവസ്ഥിതികളുടെ മദ്ധ്യത്തിൽ മാറ്റമില്ലാത്ത സുവിശേഷം. (ക്രിസ്തീയ സന്ദേശം), സങ്കീർണ്ണങ്ങളായ മാനുഷിക പ്രശ്നങ്ങളുടെ പരിഹാരമാർഗ്ഗമായി വ്യക്തികൾക്കും സമൂഹങ്ങൾക്കും അനുഭവിച്ചറിയുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക എന്നതാണ് ക്നാനായ ദീപത്തിന്റെ ലക്ഷ്യം. ഇന്നത്തെ ഏറ്റവും വലിയ ആവശ്യവും ചുമതലയും മനുഷ്യപ്രശ്നങ്ങൾക്കും പാപങ്ങൾക്കും പരിഹാരമായ സുവിശേഷം ലോകത്തിന് കാണിച്ചു കൊടുക്കുകയും, അതോടൊപ്പം നാം തന്നെ അവ പ്രായോഗികമാക്കുകയും ചെയ്യണം. ദുഃഖവും, ദുരിതവും, നെടുവീർപ്പും, കണ്ണുനീരും ഇല്ലാത്ത സുഖസുന്ദരമായ നാളത്തെ ലോകം കെട്ടിപ്പടുക്കുവാൻ ക്രിസ്തുവിന്റെ സ്നേഹക്കൊടിയുടെ പിന്നിൽ ത്യാഗങ്ങളും കഷ്ടങ്ങളും സഹിച്ച് മുന്നേറുന്ന ക്രിസ്തീയ സ്നേഹ സേനയുടെ ശബ്ദം നമ്മുടെ കർണ്ണപുടങ്ങളിൽ പ്രതിദ്ധ്വനിക്കുകയും ആ പ്രതിദ്ധ്വനി നമ്മുടെ കർത്തവ്യങ്ങൾ നമ്മെ അനുസ്മരിപ്പിക്കുകയും തൽഫലമായി നാം പ്രബുദ്ധരും കർമ്മനിരതരുമായിത്തീരണം.
വിദ്യാഭ്യാസം- സ്കൂളുകളും കോളേജുകളും വീണ്ടും തുറന്ന് ജൂണിൽ പുതിയ വിദ്യാലയ വർഷം ആരംഭിക്കുന്നു. ലക്ഷക്കണക്കിനു കുട്ടികൾ വിദ്യാഭ്യാസത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നു. അറിവു തേടി ഇറങ്ങിത്തിരിച്ചിരിക്കുന്ന കേരളത്തിലെ കോടിക്കണക്കിനു വരുന്ന വിദ്യാർത്ഥികൾക്ക് എന്താണ് ലഭിക്കുക. വിജ്ഞാനം പകരുക എന്നതാണ് എക്കാലത്തും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. പക്ഷേ ഇന്നത്തെ വിദ്യാഭ്യാസ രംഗം വീക്ഷിച്ചാൽ ഏതെങ്കിലും ഒരു ജോലി ലഭിക്കുവാനുള്ള ഒരു ഉപാധി എന്നതിൽ കവിഞ്ഞ് മറ്റൊന്നും ആരും ചിന്തിക്കുന്നുണ്ടെന്നു തോന്നുന്നില്ല. ജീവിതം ആസ്വദിക്കാനുള്ളതാണെന്നും അതിന് സമ്പത്തുണ്ടാക്കാനുള്ള ഒരു മാർഗ്ഗം മാത്രമാണ് വിദ്യാഭ്യാസം എന്നും മറ്റുമാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. അതനുസരിച്ചാണ് അവർ ഇളം തലമുറയെ നയിക്കുന്നതും; ഈ നിലയ്ക്ക് മാറ്റം വന്നേ മതിയാവൂ. അല്ലെന്നു വരികിൽ നമുക്ക് ഒരു ശോഭനമായ ഭാവി പ്രതീക്ഷിക്കാവതുമല്ല. ധാർമ്മിക മൂല്യങ്ങളുടെ ഊടും പാവുമില്ലാത്തൊരു വിദ്യാഭ്യാസം അഭിവൃദ്ധിയിലേക്കല്ല പ്രത്യുത അപകടത്തിലേക്കാണ് ചെന്നെത്തുക. ഉത്തമജീവിതം നയിക്കുന്നതിന് ഒരുക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഇന്നത്തെ ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണ്. കണക്കും ഭാഷയും ശാസ്ത്രവും പഠിപ്പിക്കുന്നതിനോടൊപ്പം സത്യാസന്ധത, നിസ്വാർത്ഥത, കൂട്ടായ്മാരാധിത്യം, സഹാനുഭൂതി, ദൈവവിശ്വാസം എന്നിവ കൂടി വിദ്യാർത്ഥികളിൽ ഉളവാക്കുവാൻ ബോധപൂർവ്വമായ ഒരു പരിശ്രമവും അധ്യാപകരിൽനിന്നും മാതാപിതാക്കളിൽനിന്നും പ്രതീക്ഷിക്കുകയാണ്.
ലോകം ഇതുവരെയും ദർശിച്ചിട്ടില്ലാത്ത ഏറ്റവും കൊടിയ ഒരു കാലത്തു നാം എത്തിച്ചേർന്നിരിക്കുകയാണ്. രാഷ്ട്രീയ ഗതിയും മതത്തിന്റെ പോക്കും വഷളായിരിക്കുകയാണ്. മദ്ധ്യപൂർവ്വ ദേശത്ത് ഇസ്രായേലും അറബിരാഷ്ട്രങ്ങളും തമ്മിലുള്ള യുദ്ധം വർദ്ധിച്ചു വരുന്നു. അമേരിക്കയും മറ്റു രാഷ്ട്രങ്ങളും പിൻതുണയുമായി നീങ്ങിക്കൊണ്ടിരിക്കുന്നു. വിശുദ്ധ വേദപുസ്തകത്തിലെ പ്രവചനങ്ങൾ അക്ഷരം പ്രതി നടന്നു കൊണ്ടിരിക്കുന്നു. ശലോമോൻ പണിത ദൈവാലയ സ്ഥലത്ത് ദൈവാലയം പണിയാനുള്ള സാഹചര്യങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ (ലൂക്കോ.18:9). ഈ ചോദ്യം ഇന്ന് നടന്നുകൊണ്ടിരിക്കുന്നു.
"ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല." എന്നും മറ്റൊരുത്തനിലും രക്ഷയില്ല. നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ യേശു അല്ലാതെ വേറൊരു നാമവും ഇല്ല" എന്ന് തീർത്തു പറഞ്ഞിരിക്കേണ്ട ക്രിസ്തീയ നേതാക്കൾ സർവ്വമത സംഘടനയെ താങ്ങി ഉയർത്തുന്നത് എത്രയോ അപമാനമാണ്, എന്തൊരു അധഃപതനമാണ്. മെത്രാപ്പോലീത്തന്മാരും വൈദികരും വിവിധമത ആരാധനകളിൽ പങ്കെടുക്കുകയും അവരുടെ പൂജാവസ്തുക്കൾ ഭക്ഷിക്കുകയും ചെയ്യുന്നത് എത്രയോ ലജ്ജാകരമാണ്. ഇത് ദയനീയമായ കാഴ്ചയാണ്. ലവ ദോക്യാ സഭയുടെ സ്വഭാവത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ 100% നിറവേറിക്കഴിഞ്ഞിരിക്കുകയാണ്. പള്ളികളിലും കൂട്ടായ്മകളിലും വഴക്കുകളും കേസുകളും ഇടവകയോഗങ്ങൾ കൂടുമ്പോൾ അടിയും വെട്ടും ബഹളങ്ങളും തന്നെ. സമാധാനത്തിന്റെ ആരാധന അർപ്പിച്ച് ലോകത്തിന്റെ മുൻപിൽ യേശുക്രിസ്തുവിന്റെ സ്നേഹം പകർന്നു കൊടുക്കേണ്ട സത്യാവിശ്വാസികൾ എന്ന നാമത്തിൽ അറിയപ്പെടുന്ന ഓർത്തഡോക്സ് സഭകളിലും ക്നാനായ സമുദായത്തിലും ഇന്ന് നടക്കുന്നത് എത്രയോ മ്ലേഛകരമായ കാര്യങ്ങളാണ്. ഒരു പള്ളിയിൽ മത്സരിച്ച് കുർബ്ബാനകൾ നടത്തുന്നു. മരിച്ച ശവങ്ങളോടുപോലും മാന്യത പുലർത്താത്ത സമൂഹം. പണത്തിനുവേണ്ടി മാത്രം ജീവിക്കുന്ന ഒരു സമൂഹമായി മോശമായി താണുപോയിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. കക്ഷിവിഴക്കുകൾ, സൗന്ദര്യപ്പിണക്കങ്ങൾ, അധികാരമോഹങ്ങൾ ഇവ വർദ്ധിച്ചുവരുന്നു. യാമപ്രാർത്ഥനകൾ മുടങ്ങാതെ നടത്തുന്ന വൈദികരും മെത്രാന്മാരും വളരെ വിരളമാണ്. ആഡംബര പ്രിയവും ദ്രവ്യാഗ്രഹവും വർദ്ധിച്ചിരിക്കുന്ന ഈ സാഹചര്യം നമ്മെ വിളിച്ചറിയിക്കുന്നത്, അന്തിക്രിസ്തുവിന്റെ ആധിപത്യത്തിലേക്ക് വരുന്നതിനുമുമ്പ് മണവാട്ടി സഭ എടുത്തു കൊള്ളപ്പെടും എന്നുള്ളത് ജീവിക്കുന്ന വിശ്വാസികൾക്ക് ആശ്വാസമാണ്. നമ്മുടെ മണവാളനായ ക്രിസ്തു സഭയെ ഏറ്റെടുത്തു കൊള്ളുവാൻ വേഗം വരും. സ്തോത്രം.
അവന്റെ വരവിന്റെ കാഹളധ്വനി കേൾക്കുമ്പോൾ വിശ്വാസികളായ നാം രൂപാന്തരം പ്രാപിച്ച് കർത്താവിനെ എതിരേല്പാൻ തക്കവണ്ണം നമുക്ക് ഒരുങ്ങാം. ഒരു സഭാനേതാവും അനുകരിക്കാൻ യോഗ്യനല്ലാത്തതിനാൽ നമ്മുടെ മണവാളനായ യേശുവിനെ മാത്രം നമുക്ക് അനുകരിക്കാം. ആയതിന്നുവേണ്ടി പ്രാർത്ഥിക്കാം ദൈവം അനുഗ്രഹിക്കട്ടെ.
പ്രിയ റോയി അച്ചൻ