വിശ്വാസജീവിത പടികിൽ ഞാൻ
സീയോൻ നഗരിയിൽ പോകുന്നു ഞാൻ
വിശ്വാസ നായകനേശുപ്പൂവേ നോക്കി
വിശ്രമ ദേശത്തു പോകുന്നു ഞാൻ.
വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവുമാകുന്നു. (എബ്രാ. 11-1). കർത്താവ് മലയിൽനിന്ന് ഇറങ്ങി വന്നപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ച് നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കുവാൻ കഴിയും എന്ന വിശ്വാസപൂർണ്ണമായ അവന്റെ അപേക്ഷ കേട്ട് എനിക്ക് മനസ്സുണ്ട്, നീ ശുദ്ധനാകുക എന്ന് പറഞ്ഞു അവനെ തൊട്ടു. ഉടനെ തന്നെ അവന്റെ കുഷ്ഠം മാറി അവൻ ശുദ്ധനായി. (മത്താ. 8:1-5). ശതാധിപന്റെ ബാല്യക്കാരൻ കഠിനമായ അസുഖം ബാധിച്ച് കിടന്നപ്പോൾ ശതാധിപന്റെ അപേക്ഷ പ്രകാരം കർത്താവ് അവനോട് ഞാൻ നിന്റെ വീട്ടിൽ വന്ന് അവനെ സൗഖ്യമാക്കും എന്ന് പറഞ്ഞപ്പോൾ നീ എന്റെ പുരയ്ക്കകത്തു വരാനുള്ള യോഗ്യത എനിക്കില്ല. നീ ഒരു വാക്കു മാത്രം കൽപ്പിച്ചാൽ മതി, എന്റെ ബാല്യക്കാരൻ സൗഖ്യം പ്രാപിക്കും എന്ന് ശതാധിപൻ പറഞ്ഞത് കേട്ടിട്ട് കർത്താവ് അതിശയിച്ച് ഇസ്രായേലിൽ കൂടി ഞാൻ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്ന് തന്റെ ശിഷ്യന്മാരോട് പറഞ്ഞു. എന്നിട്ട് ശതാധിപനോട് നീ പോക, നിന്റെ വിശ്വാസം പോലെ, നിനക്ക് ഭവിക്കട്ടെ എന്ന് പറഞ്ഞു. ആ നാഴികയിൽ തന്നെ ശതാധിപന്റെ ബാല്യക്കാരൻ സൗഖ്യം പ്രാപിച്ചു. (മത്താ. 8:1-13). മത്താ.9:1-8 വരെയുള്ള ഭാഗത്തു പക്ഷവാതക്കാരനെ കൊണ്ട് വന്നവരുടെ വിശ്വാസം കണ്ടിട്ട് കർത്താവ് പക്ഷവാത രോഗിയെ സൗഖ്യമാക്കുന്നു. കാനാനായ സ്ത്രീയുടെ വിശ്വാസപൂർണ്ണമായ അപേക്ഷയിൽ സന്തോഷിച്ചു അവളുടെ ഭൂതഗ്രസ്തയായ മകളെ സുഖപ്പെടുത്തുന്നു. (മത്താ. 15:21-25). രക്തസ്രാവക്കാരി സ്ത്രീ അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്ന് വിശ്വസിച്ചുകൊണ്ട് പുരുഷാരത്തിൽ കൂടി പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു. ആ ക്ഷണത്തിൽ തന്നെ അവൾ സൗഖ്യം പ്രാപിച്ചു (മർക്കോ. 5:21-28). വിശ്വാസത്താൽ ഹാബേൽ ദൈവത്തിന് കായേന്റേതിനേക്കാൾ ഉത്തമമായ യാഗം കഴിച്ചു. അതിനാൽ അവൻ നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു. ദൈവം അവന്റെ വഴിപാടിന് സാക്ഷ്യം കൽപ്പിച്ചു. മരിച്ച ശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരുന്നു (എബ്രാ.11:4). വിശ്വാസത്താൽ ഹാനോക്ക് മരണത്തെക്കാണാതെയായി (ഉല്പ.5:24, എബ്രാ.11:5). വിശ്വാസത്താൽ നോഹ കർത്താവ് കൽപ്പിച്ചതനുസരിച്ചു പെട്ടകം തീർത്തു. തന്നോട് കൽപ്പിച്ചതൊക്കെയും അങ്ങനെ തന്നെ ചെയ്തു. (ഉല്പ. 6:22, എബ്രാ.11:7). അതിനാൽ വെള്ളപ്പൊക്കത്തിൽ നിന്ന് നോഹയും അവന്റെ കുടുംബവും രക്ഷപ്പെട്ടു. വിശ്വാസത്താൽ അബ്രാഹാം തനിക്ക് അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്ക് യാത്രയാവാൻ വിളിച്ചപ്പോൾ എവിടേക്ക് പോകുന്നു എന്നറിയാതെ തന്നെ യാത്ര പുറപ്പെട്ടു. എബ്രാ.11:8-10-ൽ അബ്രാഹാമും സാറയും വാഗ്ദത്തത്തിൽ വിശ്വസിച്ചുകൊണ്ട് അവർക്ക് ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽപ്പുറത്തെ എണ്ണാനാകാത്ത മണൽത്തരികൾപോലെയും സന്തതി ജനിച്ചു. വിശ്വാസത്താൽ മോശ ഇസ്രായേൽ ജനത്തെ കരയിൽ കൂടി എന്നപോലെ ചെങ്കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്ത് കൂടി നടത്തി (പുറ.14:22, എബ്രാ.11:29). വിശ്വാസത്താൽ അവർ ഏഴുദിവസം ചുറ്റിയപ്പോൾ യെരീഹോമതിൽ ഇടിഞ്ഞു വീണു. എബ്രാ.11:30) വിശ്വാസത്താൽ രാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടതിനാൽ അവിശ്വാസികളോടുകൂടി നശിക്കാതെ രക്ഷപ്പെട്ടു (എബ്രാ.11:31). പഴയനിയമ വിശുദ്ധന്മാരായ വിശ്വാസികളുടെ ഒരു നീണ്ടനിര തന്നെ എബ്രാ. 11-ാം അദ്ധ്യായത്തിൽ നമുക്ക് കാണാം. മോശ ഇസ്രായേൽ ജനത്തെ മരുഭൂമിയിൽകൂടി നടത്തിക്കൊണ്ട് വരുമ്പോൾ വിഷസർപ്പത്തിന്റെ കടിയേറ്റു അനേകർ മരിച്ചുകൊണ്ടിരുന്നു. അപ്പോൾ മോശ ദൈവം കൽപ്പിച്ചതനുസരിച്ചു പിച്ചള സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ നാട്ടി നിർത്തി സർപ്പത്തിന്റെ കടിയേറ്റവർ വിശ്വാസത്തോടെ പിച്ചള സർപ്പത്തെ നോക്കിയപ്പോൾ രക്ഷപ്രാപിച്ചു. (സംഖ്യ.21:8-9, യോഹ.3:14). വിശ്വാസമുണ്ടെങ്കിൽ മാത്രമേ അനുസരണമുണ്ടാകുകയുള്ളു. തന്റെ ഏകജാതനായ പുത്രനെ ബലി അർപ്പിക്കുവാൻ കർത്താവ് അബ്രാഹാമിനോട് ആവശ്യപ്പെട്ടപ്പോൾ ഒരു മടിയും കൂടാതെ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് കർത്താവിന്റെ കൽപ്പന അനുസരിക്കുകയും തന്റെ മകനെ ബലി അർപ്പിക്കുവാൻ തയ്യാറാകുകയും ചെയ്തു. എന്നാൽ കർത്താവ് അവനെ അബ്രാഹാമിന് തിരികെ കൊടുത്തു.
രാജഭൃത്യന്റെ മരിക്കാറായ മകനെ അവന്റെ അപേക്ഷ പ്രകാരം സൗഖ്യമാക്കി. അതോടുകൂടി രാജഭൃത്യനും കുടുംബവും കർത്താവിൽ വിശ്വസിച്ചു. യേശു ഗലീലയിൽ വന്നപ്പോൾ ഇത് രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു. (യോഹ. 4:46-54). കർത്താവിൽ വിശ്വസിച്ചു നാം എന്ത് ചെയ്താലും അത് സഫലമാകും. എബ്രായ ലേഖനത്തിൽ ഏഴു തരത്തിലുള്ള വിശ്വാസം നമുക്ക് കാണുവാൻ കഴിയും.